ശത്രുക്കളുടെ മരണവാര്‍ത്തയില്‍ സന്തോഷിക്കല്‍
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2020 December 01, 1442 Rabi Al-Akhar 16
അവലംബം: islamqa
ചോദ്യം: എഴുത്തിലൂടെയും വാക്കുകളിലൂടെയും ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത കാണിക്കുന്ന ഇസ്‌ലാമിന്‍റെ ശത്രുക്കളുടെ മരണത്തിന്‍റെ പേരിലോ അവർക്ക് ബാധിക്കുന്ന പ്രയാസത്തിന്‍റെ പേരിലോ സന്തോഷിക്കാമോ?. "നിങ്ങളുടെ മരണപ്പെട്ടുപോയവരുടെ നന്മകൾ നിങ്ങൾ പറയുക" എന്ന ഹദീസ് സഹീഹ് ആണോ?
ഉത്തരം: ചോദ്യത്തിൽ വന്ന ഹദീസ് ദുർബലമാണ്.
"നിങ്ങളുടെ മരണപ്പെട്ടവരുടെ നന്മകൾ നിങ്ങൾ പറയുക. അവരുടെ തിന്മകൾ പറയാതിരിക്കുക". ഇമാം തുർമുദി പറയുന്നു:
"ഇമാം ബുഖാരി പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഇതിന്‍റെ പരമ്പരയിലുള്ള ഇംറാനുബ്നു അനസുൽ മക്കി എന്ന വ്യക്തി ഹദീസ് വിഷയത്തിൽ അസ്വീകാര്യനാണ്".
ഈ വിഷയത്തിനൽ സ്വഹീഹായി വന്നിട്ടുള്ള ഹദീസ് ഇപ്രകാരമാണ്;
ആഇശ رضي الله عنها യിൽ നിവേദനം; അവർ പറയുന്നു: നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിരിക്കുന്നു: "മരിച്ചവരെ നിങ്ങൾ ചീത്ത പറയരുത്. കാരണം അവർ ചെയ്ത പ്രവർത്തനത്തിലേക്ക് അവർ പോയിക്കഴിഞ്ഞു." (ബുഖാരി: 1329).
ഇസ്‌ലാമിന്‍റെ ശത്രുക്കളുടെയും ശക്തമായ ബിദഅത്തിന്‍റെ ആളുകളുടെയും തിന്മകൾ പ്രത്യക്ഷമാക്കി കൊണ്ടിരിക്കുന്ന ആളുകളുടെയും നാശത്തിൽ സന്തോഷിക്കൽ മതത്തിൽ അനുവദിക്കപ്പെട്ട കാര്യമാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യലതാദികൾക്കും അല്ലാഹുവിന്‍റെ ഭാഗത്തു നിന്നുള്ള ഒരു അനുഗ്രഹമാണ് ഇത്തരം ആളുകളുടെ നാശം. എന്നു മാത്രമല്ല, ഇത്തരം ആളുകൾക്ക് നാശം സംഭവിക്കുന്നതും അവർ ജയിലിലടക്കപ്പെടുന്നതും അവർ രോഗികളാകുന്നതും സന്തോഷിക്കാൻ കാരണമാകുന്ന മേഖലകളാണ് എന്നതാണ് അഹ്‌ലുസ്സുന്നയുടെ വീക്ഷണം.
അതിനുള്ള തെളിവുകൾ താഴെ പറയുന്നവയാണ്;
(1) അല്ലാഹു പറയുന്നു:
(സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.).
ഈ വചനത്തിൽ ഇസ്‌ലാമിന്‍റെ ശത്രുക്കളുടെ നാശത്തെക്കുറിച്ച് അല്ലാഹു എടുത്തു പറയുന്നത് മുസ്‌ലീംകൾ നന്ദി എന്നോണവും സ്മരണ എന്നോണവും അത് ഓർക്കാൻ വേണ്ടിയാണ്.
(2) ഹദീസിൽ ഇപ്രകാരം കാണാം:
"അനസുബ്നു മാലിക് رَضِيَ اللَّهُ വിൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ഒരു ജനാസയുടെ അടുക്കലൂടെ അവർ നടന്നുപോയി. അപ്പോൾ അവർ അതിനെ കുറിച്ച് പുകഴ്ത്തി പറഞ്ഞു. ഇതു കണ്ടപ്പോൾ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: "നിർബന്ധമായിരിക്കുന്നു". മറ്റൊരു ജനാസയുടെ അടുക്കൽ കൂടെ നടന്നു പോയപ്പോൾ അവർ അതിനെ കുറിച്ച് മോശമായി പറഞ്ഞു. അപ്പോഴും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: "നിർബന്ധമായിരിക്കുന്നു". ഉമറുബ്നുൽഖത്വാബ് رَضِيَ اللَّهُ ചോദിച്ചു; "എന്തു നിർബന്ധമായി" എന്നാണ് (പ്രവാചകരെ നിങ്ങൾ പറയുന്നത്?). അപ്പോൾ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: "നിങ്ങൾ പുകഴ്ത്തി പറഞ്ഞ വ്യക്തിക്ക് സ്വർഗ്ഗം നിർബന്ധമായിരിക്കുന്നു. നിങ്ങൾ ഇകഴ്ത്തി പറഞ്ഞ വ്യക്തിക്ക് നരകം നിർബന്ധമായിരിക്കുന്നു. ഭൂമിയിലെ അല്ലാഹുവിന്റെ സാക്ഷികളാണ് നിങ്ങൾ".(ബുഖാരി:1301. മുസ്‌ലിം: 949).
ബദറുദ്ദീനുൽ ഐനി رَحِمَهُ ٱللَّٰهُ പറയുന്നു:
"മരിച്ചവരുടെ തിന്മകൾ എങ്ങനെ പറയൽ അനുവദനീയമാകും? സൈദുബ്നു അർഖം رضي الله عنه വിൽ നിന്നും നിവേദനം ചെയ്യുന്ന സ്വഹീഹായ ഹദീസിൽ മയ്യിത്തിനെ ചീത്തപറയൽ നിരോധിച്ചു കൊണ്ടും നല്ലതല്ലാതെ അവരെ കുറിച്ച് പറയരുത് എന്നും വന്നിട്ടില്ലേ?. എന്ന് വല്ലവരും ചോദിക്കുകയാണെങ്കിൽ മറുപടിയായി എനിക്ക് പറയാനുള്ളത് ഇതാണ്: മരിച്ചവരെ കുറിച്ച് മോശമായത് പറയരുത് എന്ന് പറഞ്ഞത് അവിശ്വാസികളും സത്യനിഷേധികളും തിന്മകളെയും ബിദ്അത്തുകളെയും പരസ്യപ്പെടുത്തുന്നവരുമല്ലാത്ത ആളുകളെ കുറിച്ചാണ്. എന്നാൽ ഇത്തരം ആളുകളുടെ വഴിയെ തൊട്ട് ജനങ്ങളെ ജാഗരൂകരാക്കുവാനും അവരെ പിന്തുടരുന്നതിൽ നിന്നും ജനങ്ങളെ തടയുന്നതിനും വേണ്ടി അവരുടെ തിന്മകൾ പറയുന്നത് നിരോധിക്കപ്പെട്ടതിൽ പെടുകയില്ല." (ഉംദതുൽഖാരി: 8/195).
(3) മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം;
"അബൂ ഖതാദ رضي الله عنه വിൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ അടുക്കലൂടെ ഒരു ജനാസ കൊണ്ടുപോകപ്പെട്ടപ്പോൾ ഇപ്രകാരം പറഞ്ഞു. "ആശ്വാസം നൽകിയവനായി ആശ്വാസം ലഭിച്ചവനായി". ഇത് കേട്ടപ്പോൾ സഹാബികൾ ചോദിച്ചു; എന്താണ് പ്രവാചകരെ ആശ്വാസം നൽകലും ആശ്വാസം ലഭിക്കലും?. അപ്പോൾ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: "സത്യവിശ്വാസിയായ അടിമക്ക് ദുൻയാവിന്‍റെ പ്രയാസങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുന്നു. ദുഷ്കർമ്മം ചെയ്ത അടിമയിൽ നിന്ന് മറ്റുള്ള അടിമകൾക്കും രാജ്യങ്ങൾക്കും മരങ്ങൾക്കും മൃഗങ്ങൾക്കും ആശ്വാസം ലഭിക്കുന്നു." (ബുഖാരി: 6147. മുസ്‌ലിം: 950).
"ഈ ഹദീസിന് ഇമാം നസാഈ അധ്യായം കൊടുത്തതു തന്നെ
"സത്യ നിഷേധികളിൽ നിന്നും ആശ്വാസം ലഭിക്കൽ" എന്നാണ്.
ഇമാം നവവി رَحِمَهُ ٱللَّٰهُ പറയുന്നു:
"മരണപ്പെട്ടവർ രണ്ടു തരമാണ്.
(1) ആശ്വാസം നേടിയവൻ.
(2) ആശ്വാസം നൽകിയവൻ.
نصب الدنيا കൊണ്ട് ഉദ്ദേശിക്കുന്നത് ദുനിയാവിന്‍റെ ക്ഷീണങ്ങളാണ്. ചീത്ത വ്യക്തികളിൽ നിന്നും അടിമകൾക്ക് ആശ്വാസം ലഭിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്: ജനങ്ങളെ തൊട്ട് അവന്‍റെ ദ്രോഹങ്ങൾ നീങ്ങി പോകലാണ്. അവന്‍റെ ദ്രോഹങ്ങൾ പല നിലക്കാണ് ഉണ്ടായിരുന്നത്. ജനങ്ങളോട് അവൻ കാണിച്ചിരുന്ന അക്രമങ്ങൾ, അവൻ ചെയ്യുന്ന തിന്മകളും ആ തിന്മകളെ എതിർത്തതിന്‍റെ പേരിൽ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും. ചിലപ്പോൾ അവന്‍റെ ദ്രോഹങ്ങൾ തന്നെ ജനങ്ങൾക്ക് നേരിടേണ്ടി വരുന്നു. ജനങ്ങൾ നിശ്ശബ്ദത പാലിച്ചാലും അവർ കുറ്റക്കാരായിത്തീരുകയാണ്. മൃഗങ്ങൾക്ക് (ചീത്ത ആളുകൾ നിന്ന്) ആശ്വാസം ലഭിക്കുക എന്ന് പറഞ്ഞാലും ഇതു തന്നെയാണ് അർത്ഥം. മൃഗങ്ങളെ ദ്രോഹിക്കുകയും അവയെ അടിക്കുകയും വഹിക്കാൻ കഴിയാത്ത ഭാരങ്ങൾ വഹിപ്പിക്കുകയും ചില സന്ദർഭങ്ങളിൽ ഭക്ഷണം കൊടുക്കാതിരിക്കുകയും തുടങ്ങിയ പലതും ചെയ്തിരുന്നു. രാജ്യത്തിനും മരങ്ങൾക്കും ആശ്വാസം ലഭിക്കുക എന്ന് പറഞ്ഞാൽ; ഇവൻ ചെയ്ത തിന്മകൾ കാരണത്താൽ ആകാശത്തു നിന്നുള്ള മഴ നിന്നു പോകലാണ്. ഇമാം ദാവദിയാണ് ഈ അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഇമാം ബാജി പറയുന്നു: വെള്ളം കുടിക്കാനും മറ്റും സമ്മതിക്കാതെ അവരുടെ അവകാശങ്ങൾ അവൻ തടഞ്ഞ് വെച്ചിരുന്നു". (ഇതിൽ നിന്നെല്ലാം ചീത്ത മനുഷ്യന്‍റെ മരണത്തോടു കൂടി ഇവക്ക് ആശ്വാസം ലഭിക്കുകയാണ്) (ശറഹുന്നവവി: 7/20,21).
(4) ഖവാരിജുകളുമായി അലി رضي الله عنه യുദ്ധം ചെയ്തപ്പോൾ "മുഖദ്ദജ്" എന്ന വ്യക്തി ഖവാരിജുകളുടെ കൂട്ടത്തിൽ നിന്നും കൊല്ലപ്പെട്ടപ്പോൾ അലി رضي الله عنه ശുക്റിന്‍റെ സുജൂദ് ചെയ്തിട്ടുണ്ട്.
ശൈഖുൽഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"അമീറുൽ മുഅ്മിനീൻ അലിയ്യുബ്നു അബീത്വാലിബ്(റളിയല്ലാഹു അന്‍ഹു) ഖവാരിജുകളുമായി യുദ്ധം ചെയ്തു. അവരുമായി യുദ്ധം ചെയ്യേണ്ടതിന്‍റെ കാര്യങ്ങൾ ഉൾക്കൊള്ളുന്ന പ്രവാചക സുന്നത്തുകൾ അദ്ദേഹം സൂചിപ്പിച്ചു. അവരെ കൊലപ്പെടുത്തിയതിൽ അലി(റളിയല്ലാഹു അന്‍ഹു) സന്തോഷിച്ചു. അവരുടെ നേതാവ് ദുസ്സുദയ്യ കൊല്ലപ്പെട്ടതിന്‍റെ പേരിൽ ശുക്‌റിന്‍റെ സുജൂദ് പോലും അലി رضي الله عنه ചെയ്തിട്ടുണ്ട്.
എന്നാൽ ജമൽ യുദ്ധത്തിലും സ്വിഫ്ഫീൻ യുദ്ധത്തിലും അവസ്ഥകൾ അങ്ങനെയായിരുന്നില്ല. ആ യുദ്ധങ്ങളുടെ പേരിൽ അലി رضي الله عنه സന്തോഷിച്ചിട്ടില്ല. മറിച്ച് സംഭവിച്ചു പോയതിൽ വേദനയും ദുഃഖവുമാണ് അദ്ദേഹത്തിനുണ്ടായത്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ സുന്നത്തിനെ കുറിച്ച് അവിടെ പറഞ്ഞിട്ടില്ല. മറിച്ച് തന്‍റേതായ ഗവേഷണമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്". (മജ്മൂഈൽഫതാവാ: 20/395).
(5) വഴി പിഴച്ച ബിദ്അത്തിന്‍റെ ആളായ ഇബ്നു അബീ ദുആദിന് തളർച്ച ബാധിച്ചപ്പോൾ അഹ്ലുസ്സുന്നയുടെ ആളുകൾ അന്ന് സന്തോഷിച്ചിട്ടുണ്ട്. ഇബ്നു ശുറാഅതുൽ ബസ്വരി ഒരു കവിത തന്നെ രചിച്ചിട്ടുണ്ട്.
"അല്ലയോ ഇബ്നു ദുആദ്, നിങ്ങളുടെ വളർച്ചയുടെ നക്ഷത്രങ്ങൾ അസ്തമിച്ചിരിക്കുന്നു. നിങ്ങളുടെ എല്ലാ ശക്തികളിലും ശകുനം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ പതനത്തിൽ മരണാനന്തര ജീവിത വിശ്വാസമുള്ള എല്ലാവരും സന്തോഷിക്കുകയാണ്.
തിളങ്ങുന്ന ചില ഭാവനകളല്ലാത്ത മറ്റൊന്നും നിങ്ങളുടേതായി ഇനി ബാക്കിയില്ല. നിങ്ങളാകട്ടെ തലയിണയാൽ ഒരുക്കപ്പെട്ട വിരിപ്പിലാണുള്ളത്.."(ഖത്വീബുൽ ബഗ്ദാദിയുടെ ബഗ്ദാദിന്‍റെ ചരിത്രം എന്ന ഗ്രന്ഥത്തിൽ നിന്ന്).
(6) ഖല്ലാൽ رَحِمَهُ ٱللَّٰهُ പറയുന്നു:
"അബു അബ്ദില്ലയോട് رَحِمَهُ ٱللَّٰهُ ഇപ്രകാരം ചോദിക്കപ്പെട്ടു.- അതായത് ഇമാം അഹ്‍മദ് ബ്നു ഹമ്പൽ رَحِمَهُ ٱللَّٰهُ യോട്- ഇബ്നു അബി ദുആദിന്‍റെ അനുയായികൾക്ക് ബാധിക്കുന്ന പ്രയാസങ്ങളുടെ പേരിൽ ഒരാൾ സന്തോഷിച്ചാൽ അതിൽ കുറ്റമുണ്ടോ? ഇമാം അഹ്‍മദുബ്നു ഹമ്പൽ رَحِمَهُ ٱللَّٰهُ പറഞ്ഞു: ഇതിന്‍റെ പേരിൽ ആരാണ് സന്തോഷിക്കാത്തത്?".
(7) ഹിജ്റ 568ൽ മരിച്ച ആളുകളെ കുറിച്ച് ഇബ്നു കസീർ رَحِمَهُ ٱللَّٰهُ പറയുന്നു:
"ഹസനുബ്നു സ്വാഫീ ഇബ്നു ബസ്ദൻ അത്തുർക്കി (അതിൽ ഒരാളാണ്). ബഗ്ദാദിലെ വലിയ അമീറുമാരിൽ പെട്ട ഒരാളായിരുന്നു അയാൾ. പക്ഷേ അയാൾ റാഫിളിയും (ശിയാ വിഭാഗത്തിലെ കടുത്ത ചിന്താഗതിക്കാർ) മോശമായ വ്യക്തിയും റാഫിളകൾക്കു (ശിയാക്കൾക്കു) വേണ്ടി ശക്തമായ വർഗീയതയും കാണിച്ചിരുന്ന ആളായിരുന്നു. ഇയാളുടെ സംരക്ഷണത്തിലും അഭയത്തിലുമായിരുന്നു റാഫിളകൾ ഉണ്ടായിരുന്നത്. ഈ വർഷം (ഹി: 568) ദുൽഹജ്ജ് മാസത്തിൽ അല്ലാഹു വിശ്വാസികൾക്ക് അയാളിൽ നിന്നും ആശ്വാസം നൽകി. അയാളുടെ വീട്ടിൽ തന്നെ മറവ് ചെയ്യപ്പെട്ടു. ശേഷം 'ഖുറൈശ്' മഖ്ബറയിലേക്ക് അയാൾ നീക്കം ചെയ്യപ്പെട്ടു(മാറ്റപ്പെട്ടു). സർവ്വ സ്തുതികളും അള്ളാഹുവിനാണ്. ഇയാൾ മരിച്ച സന്ദർഭത്തിൽ അഹ്‍ലുസുന്നക്ക് വലിയ സന്തോഷമാണ് ഉണ്ടായത്. അല്ലാഹുവിന് അവർ നന്ദി പ്രകടിപ്പിച്ചു. അല്ലാഹുവിനെ സ്തുതിക്കാത്ത ഒരാളെയും കാണാൻ സാധിക്കുമായിരുന്നില്ല". (അൽബിദായത്തു വന്നിഹായ: 12/338).
(8) ഇബ്നുന്നഖീബ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉബൈദുള്ളാഹിബ്നു അബ്ദുല്ലാഹിബ്നുൽഹുസൈൻ അബുൽ ഖാസിം അൽഹഫ്ഫാഫിനെ കുറിച്ച് ഖതീബുൽ ബഗ്ദാദി പറയുന്നു:
"ഇദ്ദേഹത്തിൽ നിന്നും ഞാൻ(ചരിത്രങ്ങൾ) എഴുതിയിട്ടുണ്ട്. സ്വീകാര്യനായ വ്യക്തിയായിരുന്നു അദ്ദേഹം. സുന്നത്തിന്‍റെ വിഷയത്തിൽ കർക്കശ നിലപാട്കാരനായിരുന്നു. റാഫിളകളുടെ നേതാവായ ഇബ്നുൽമുഅല്ലിം മരണപ്പെട്ടപ്പോൾ അദ്ദേഹം ആശംസ നേരുന്നുതിനായി ഇരുന്നു എന്ന് എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. അദ്ദേഹം ഇപ്രകാരം പറഞ്ഞു: ഇബ്നുൽമുഅല്ലിമിന്‍റെ മരണത്തിനു സാക്ഷിയാകാൻ സാധിച്ചതിന് ശേഷം ഞാൻ എപ്പോൾ മരിച്ചാലും എനിക്ക് വിരോധമില്ല". (താരീഖു ബഗ്ദാദ്: 10/382).
ഇസ്‌ലാമിന്‍റെ ശത്രുക്കളായവരുടെയും ഇസ്‌ലാമിനെതിരെ കുതന്ത്രങ്ങൾ പ്രയോഗിക്കുന്നവരുടെയും നിരീശ്വരവാദികളുടെയും ശക്തമായ ബിദ്അത്തിന്‍റെ വക്താക്കളുടെയും തിന്മകളുടെയും ഫസാദിന്‍റെയും ആളുകളുടെയും നാശത്തിൽ സന്തോഷിക്കൽ അനുവദനീയമാണെന്ന് മുകളിൽ സൂചിപ്പിച്ചവയും അതല്ലാത്തവയും അറിയിക്കുന്നു. മരണം മാത്രമല്ല രോഗം, ബന്ധനം, നാടുകടത്തപ്പെടൽ, നിന്ദ്യത തുടങ്ങി അവർക്ക് ബാധിക്കുന്ന വിപത്തുകളിൽ അഹ്‌ലുസ്സുന്ന സന്തോഷിക്കുന്നു.