ഭൂമിയുടെ ഗോളാകൃതി
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 April 08, 17 Ramadan, 1444 AH AH
അവലംബം: islamqa
ചോദ്യം: ഭൂമി ഗോളാകൃതിയാണെന്ന വിഷയത്തിൽ ഏകാഭിപ്രായം ഉണ്ടോ?. അങ്ങിനെയാണെങ്കിൽ ഖുർആനിൽ നിന്നും ഹദീസിൽ നിന്നുമുള്ള തെളിവുകൾ ഏതാണ്?
ഉത്തരം: ഭൂമി ഗോളാകൃതിയാണെന്ന വിഷയത്തിൽ ഒട്ടനവധി പണ്ഠിതൻമാർ ഏകാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അബുൽഹുസൈൻ ഇബ്നുൽമുനാദിയിൽ നിന്നും ഇബ്നുതൈമിയ്യ (റഹിമഹുല്ലാഹ്) ഇപ്രകാരം രേഖപ്പെടുത്തുന്നു:
"കര മുതൽ കടൽ വരെ ഭൂമിയുടെ ഓരോ ചലനങ്ങളും ഗോള രൂപത്തിലാണെന്നതിൽ പണ്ഠിതൻമാർക്കിടയിൽ അഭിപ്രായാന്തരമില്ല. സൂര്യന്‍റേയും ചന്ദ്രന്‍റേയും നക്ഷത്രങ്ങളുടെയും ഉദയവും അസ്തമനവും ലോകത്തുളള എല്ലാവർക്കും ഒരേ സമയത്ത് അനുഭവപ്പെടുന്നില്ല എന്നുളളതു തന്നെ ഇതിനു വ്യക്തമായ തെളിവാണ്. പടിഞ്ഞാറു ഭാഗത്തുളളവർ കാണുന്നതിന് മുൻപ് കിഴക്കു ഭാഗത്തുളളവർ കാണുന്നു." (മജ്മൂഉൽഫതാവാ: 25/195)
ഇബ്നു തൈമിയ്യയോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ആകാശഭൂമികളുടെ രൂപത്തെക്കുറിച്ച് രണ്ട് വ്യക്തികൾക്കിടയിൽ തർക്കമുണ്ടായി. രണ്ടും ഗോളാകൃതി ആണ് എന്നുള്ളതാണ് തർക്കം. ഒരു വ്യക്തി പറഞ്ഞു രണ്ടും ഗോളാകൃതിയാണ്. എന്നാൽ രണ്ടാമത്തെ വ്യക്തി അത് അംഗീകരിച്ചില്ല. അദ്ദേഹം പറഞ്ഞു: ഇതിന് യാതൊരു അടിസ്ഥാനവുമില്ല. അപ്പോൾ ഏതാണ് ശരി?. ഇബ്നു തൈമിയ്യ (റഹിമഹുല്ലാഹ്) ഇപ്രകാരം മറുപടി പറഞ്ഞു:
മുസ്‌ലിം പണ്ഡിതന്മാരുടെ അടുക്കൽ ആകാശം ഗോളാകൃതിയാണ്. ഒട്ടനവധി മുസ്‌ലീം പണ്ഡിതന്മാരുടെ ഇജ്മാഅ് ഈ വിഷയത്തിലുണ്ട് എന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഇമാം അഹ്മദുബ്നു ഹമ്പലിന്‍റെ അനുയായികളിൽ പെട്ട പ്രഗൽഭ പണ്ഡിതനായ അബുൽ ഹുസൈൻ അഹ്‍മദുബ്നു ജഅ്‌ഫർ ഇതിനൊരു ഉദാഹരണമാണ്. നാനൂറോളം ഗ്രന്ഥങ്ങൾ എഴുതിയ പണ്ഡിതനാണ് ഇദ്ദേഹം. അതുപോലെ തന്നെ ഇമാം അബൂ മുഹമ്മദ് ഇബ്നു ഹസം (റഹിമഹുല്ലാഹ്), അബുൽ ഫറജ് ഇബ്നു ജൗസി(റഹിമഹുല്ലാഹ്) തുടങ്ങിയവരും ഈ ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്. സ്വഹാബികളിൽ നിന്നും താബിഉകളിൾ നിന്നുമുള്ള അറിയപ്പെട്ട സനദുകളോടു കൂടിയാണ് പണ്ഡിതന്മാർ ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അല്ലാഹുവിന്‍റെ ഗ്രന്ഥത്തിൽ നിന്നും പ്രവാചകന്‍റെ(സ്വ) ഹദീസുകളിൽ നിന്നുമാണ് അവർ അവലബം കണ്ടിട്ടുള്ളത്. ഒട്ടനവധി തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് ഈ വിഷയം അവർ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ഗോള ശാസ്ത്രപരമായ തെളിവുകളും അതിനോടൊപ്പം അവർ ഉദ്ധരിക്കുന്നുണ്ട്. മുസ്‌ലിം പണ്ഡിതന്മാരിൽ നിന്ന് ഈ യാഥാർത്ഥ്യത്തെ നിഷേധിക്കുന്ന ഒരാളെയും ഞാൻ അറിയില്ല. ഗോള ശാസ്ത്രജ്ഞൻമാരുമായി സംവാദം ഉണ്ടായപ്പോൾ അവരോടുള്ള തർക്കത്തിൽ ചില ആളുകൾ അതിനെ നിഷേധിച്ചു എന്നുള്ളതല്ലാതെ ഭൂരിപക്ഷം പണ്ഡിതന്മാരും അതിനെ അംഗീകരിക്കുന്നവരാണ്. നാലു കോണുള്ളതും ആറു കോണുള്ളതുമൊക്കെ ആകാം എന്നാണ് അവർ വാദിച്ചത്. എന്നാൽ ഗോളാകൃതിയാണ് എന്നതിനെ അവർ നിഷേധിച്ചിട്ടില്ല. അത് അല്ലാത്തതും ആകാം എന്ന് മാത്രമേ അവർ പറഞ്ഞിട്ടുള്ളൂ. ജാഹിലുകളിൽ നിന്ന് അറിവ് നേടിയവരല്ലാതെ അത് ഗോളാകൃതി അല്ല എന്ന് പറയുകയില്ല. (മജ്മൂഉൽഫതാവാ: 6/586)
ഇബ്നു ഹസം പറയുന്നു:
ഭൂമി ഉരുണ്ടതാണ് എന്ന ആശയത്തെ എതിർക്കുന്ന ആളുകളുടെ വാദങ്ങളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അവർ ഇപ്രകാരം പറയുന്നു: ഭൂമിക്ക് ഗോളാകൃതിയാണ് എന്നുള്ളത് പ്രമാണ ബന്ധിതം എന്നത് ശരി തന്നെ. എന്നാൽ പൊതുജനങ്ങൾ ഇതിൽ നിന്നും വ്യത്യസ്തമായിക്കൊണ്ടാണ് പറയുന്നത്. അവരോട് നമുക്ക് പറയുവാനുള്ള മറുപടി ഇപ്രകാരമാണ്. അല്ലാഹുവിന്‍റെ തൗഫീഖ് കൊണ്ട് നാം പറയട്ടെ;
"അറിവുകൊണ്ട് ഇമാം എന്ന പേരിന് അർഹമായ ഒരു മുസ്‌ലിം ഇമാമും ഭൂമി ഗോളാകൃതി ആണ് എന്ന ആശയത്തെ എതിർത്തിട്ടില്ല. ഒരു വാക്കു പോലും അതിനെ നിഷേധിച്ചു കൊണ്ട് അവർ പറഞ്ഞിട്ടുമില്ല. ഗോളാകൃതിയാണ് എന്നുള്ള ആശയമാണ് ഖുർആനിലും ഹദീസുകളിലും വന്നിട്ടുള്ളത്... ശേഷം അവർ പ്രമാണങ്ങൾ ഉദ്ധരിക്കുകയാണ്." (الفصل في الملل والأهواء والنحل 2/78).
ഭൂമിയുടെ ഗോളാകൃതിയെ അറിയിക്കുന്ന ഒരു വചനം നമുക്ക് ഇപ്രകാരം മനസ്സിലാക്കാം
"ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും." (സുമര്‍ 5)
ഭൂമി ഉരുണ്ടതാണ് എന്നതിന് ഇബ്നു ഹസം ഈ ആയത്ത് തെളിവായി ഉദ്ധരിച്ചിട്ടുണ്ട്.
ശൈഖ് ഇബ്നു ഉസൈമീൻ(റഹിമഹുല്ലാഹ്) പറയുന്നു:
"ഭൂമി ഗോളാകൃതിയാണ്. ഖുർആനും യാഥാർഥ്യങ്ങളും പണ്ഡിതന്മാരുടെ വചനങ്ങളും ഇതിനു തെളിവാണ്. അല്ലാഹു പറയുന്നു: "രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു." ഒരു വസ്തുവിനെ ഉരുണ്ട രൂപത്തിൽ ആക്കുന്നതിനാണ് തക്‌വീർ എന്നു പറയുന്നത്. തലപ്പാവിന്‍റെ മുകൾ ഭാഗം പോലെ. (വട്ടത്തിലുള്ള തലപ്പാവിലെ മുകൾ ഭാഗത്തിന് കൗറ് എന്നാണ് പറയുക)
രാവും പകലും ഒന്നിനുപിറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു എന്നുള്ളത് അറിയപ്പെട്ട കാര്യമാണ്. ഭൂമി ഗോളാകൃതി ആയതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കാരണം ഒരു വസ്തുവിനെ മറ്റൊരു വസ്തു കൊണ്ട് ചുറ്റിയാൽ, അതായത് ഭൂമിയാണ് ചുറ്റപ്പെട്ട വസ്തു എങ്കിൽ ആ നിലക്ക് ചുറ്റിപ്പൊതിയാൻ സാധിക്കണമെങ്കിൽ ആ പൊതിയപ്പെടുന്ന ഭൂമി ഗോളാകൃതിയിലുള്ളതായിരിക്കണം. യാഥാർത്ഥ്യങ്ങളും വസ്തുതകളും ഭൂമി ഉരുണ്ടതാണ് എന്നതിനെ അറിയിക്കുന്നു. ജിദ്ദയിൽ നിന്നും ഒരു വ്യക്തി പടിഞ്ഞാറു ഭാഗത്തേക്ക് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ നേർരേഖയിലൂടെയാണ് അവൻ സഞ്ചരിക്കുന്നത് എങ്കിൽ കിഴക്കുഭാഗത്ത് കൂടെയാണ് അവൻ ജിദ്ദയിലേക്ക് പുറപ്പെടുന്നത്. അഭിപ്രായവ്യത്യാസം ഇല്ലാത്ത ഒരു വിഷയമാണ് ഇത്.
ഭൂമിയുടെ ഗോളാകൃതിയെ പണ്ഡിതന്മാരും അംഗീകരിച്ചു പോന്നിട്ടുണ്ട്. സൂര്യാസ്തമയ സമയത്ത് കിഴക്കു ഭാഗത്തുള്ള ഒരു വ്യക്തി മരണപ്പെട്ടു എന്ന് വെക്കുക. സൂര്യാസ്തമയ സമയത്ത് തന്നെ പടിഞ്ഞാറു ഭാഗത്തുള്ള ഒരു വ്യക്തിയും മരണപ്പെടുന്നു. ഇവർക്കിടയിൽ ഒരുപാട് ദൂരം ഉണ്ട്. എന്നാൽ സൂര്യാസ്തമയ സമയത്ത് പടിഞ്ഞാറുഭാഗത്ത് മരണപ്പെട്ട വ്യക്തിക്ക് സൂര്യാസ്തമയ സമയത്ത് കിഴക്കു ഭാഗത്ത് മരണപ്പെട്ട വ്യക്തിയുടെ അനന്തര സ്വത്ത് ലഭിക്കും. പടിഞ്ഞാറ് ഭാഗത്ത് മരണപ്പെട്ട വ്യക്തി അനന്തരാവകാശി ആണ് എങ്കിൽ. ഈ ഒരു വസ്തുതയും ഭൂമി ഉരുണ്ടതാണ് എന്നതിനെ അറിയിക്കുന്നു. കാരണം ഭൂമി പരന്നതാണ് എങ്കിൽ സൂര്യാസ്തമയം എല്ലാ സ്ഥലത്തും ഒരേ സമയത്തായിരിക്കും. ആർക്കും എതിർക്കാൻ കഴിയാത്തതും സംശയിക്കാത്തതുമായ യാഥാർത്ഥ്യമാണ് ഇത്.
ഭൂമിയെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക.
"ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്. (ഗാശിയ: 17-20)
ഭൂമിയുടെ വലുപ്പം വളരെ വലുതാണ്. സമീപത്ത് നിന്ന് നോക്കിയാൽ അതിന്റെ ഗോളാകൃതി മനസ്സിലാവുകയില്ല. നമ്മുടെ നോട്ടത്തിൽ അത് പരന്നു കിടക്കുന്ന ലോകമാണ്. ശാന്തമായ ജീവിതത്തിന് അതിൽ യാതൊരു പ്രയാസവുമില്ല. എന്നാൽ ഭൂമി ഗോളാകൃതി ആണ് എന്നതിന് ഇത് എതിരുമല്ല. കാരണം ഭൂമിയുടെ വലിപ്പം വളരെ വലുതാണ്. അറ്റങ്ങൾ തുല്യം ആയിട്ടുള്ള ഗോളാകൃതി അല്ല ഭൂമിക്ക് എന്നും മറിച്ച് മുട്ടയുടെ രൂപത്തിലാണ് എന്നും ചിലർ പറയുന്നു. (ഫതാവാ നൂറുൻ അലദ്ദർബ്)
ഭൂമിക്ക് ഗോളാകൃതി ആണ് ഉള്ളത് എന്ന് ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാം. എന്നാൽ അത് മുട്ട പോലെയാണ് എന്ന് പറഞ്ഞതിന് ഇത് എതിരല്ല. ഭൂമി പരന്നതാണ് എന്ന ചില ക്രൈസ്തവ സഭകളുടെ ആശയം പൊള്ളത്തരമാണ്. ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്ന പണ്ഡിതന്മാരെ ഇവർ ശപിച്ചു പറയുക പോലും ചെയ്തിട്ടുണ്ട്. (അൽ അലമാനിയ്യതു: നശ്അതുഹാ വ തതവ്വുറുഹാ: 1/130) എന്ന പുസ്തകം പരിശോധിക്കുക.
അല്ലാഹുവാണ് നന്നായി അറിയുന്നവൻ.