നമസ്കരിക്കുന്ന വ്യക്തിയുടെ മുന്നിലൂടെ സ്ത്രീ നടന്നു പോയാൽ അത് നമസ്കാരത്തെ മുറിക്കുമെന്ന ഹദീഥിന്‍റെ വിവരണം
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2021 May 28, 1442 Shawwal 16
അവലംബം: islamqa
ചോദ്യം: ഇസ്‌ലാം സ്ത്രീകളെ നായയോട് സാദൃശ്യപ്പെടുത്തുവാനുള്ള കാരണത്തെക്കുറിച്ച് ഒരു ക്രിസ്തീയനായ വ്യക്തി മുസ്‌ലിം സഹോദരിയോട് ചോദിച്ചു. നമസ്കരിക്കുന്ന വ്യക്തിയുടെ മുന്നിലൂടെ ഒരു സ്ത്രീ നടന്നു പോയാൽ അത് നമസ്കാരത്തെ മുറിക്കുമെന്ന സ്വഹീഹു മുസ്‌ലിമിലുള്ള ഹദീസും തെളിവായി ഉദ്ധരിച്ചു. ഈ ഹദീസിനെ ചുറ്റിപ്പറ്റിയുള്ള സംശയ ദുരീകരണം ആഗ്രഹിക്കുന്നു. മുസ്‌ലിം സഹോദരിമാർക്ക് വായിക്കാവുന്ന രൂപത്തിൽ വിശദമായി ഇതിന്‍റെ ഉത്തരം പ്രതീക്ഷിക്കുന്നു.
ഉത്തരം:
സംശയമുന്നയിച്ച വ്യക്തിക്ക് ചില അടിസ്ഥാന കാര്യങ്ങൾ ഉണർത്തി കൊടുക്കുന്നതിലൂടെ ഇതിന്‍റെ ഉത്തരം നമുക്ക് നൽകാൻ സാധിക്കും. ഈ അടിസ്ഥാന കാര്യങ്ങൾ ആദ്യം മനസ്സിലാക്കൽ അനിവാര്യമാണ്.
ഈ ലോകത്ത് നിലവിലുള്ള ഏതൊരു കാര്യങ്ങൾക്കിടയിലും പസ്‌പര സാദൃശ്യം ഉണ്ട്, ചിലപ്പോളത് പൊതുവായ അർത്ഥത്തിലെങ്കിലും കാണുവാൻ സാധിക്കും. ഉദാഹരണമായി, നിർജീവ വസ്തുക്കളോട് നമുക്ക് മനുഷ്യനെ സാദൃശ്യപ്പെടുത്തി പറയാം. കാരണം മനുഷ്യനും സൃഷ്ടിയാണ് നിർജീവ വസ്തുക്കളും സൃഷ്ടിയാണ്(مخلوق). രണ്ടിനും ഭൂമിയിൽ അസ്തിത്വമുണ്ട് (موجود).
ഈ അർത്ഥത്തിൽ മനുഷ്യനും നിർജ്ജീവ വസ്തുക്കൾക്കുമിടയിൽ പരസ്പര സാദൃശ്യമുണ്ട്. മനുഷ്യന് ജീവജാലങ്ങളോട് പലകാര്യങ്ങളിലും സാദൃശ്യമുണ്ട്. മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം ജീവനുള്ളതാണ്. ഭക്ഷിക്കുകയും കുടിക്കുകയും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഇതിലൊക്കെ സാദൃശ്യമുണ്ട്. എന്നാൽ മനുഷ്യൻ സംസാരിക്കുന്ന ജീവിയാണ്. അത് അവന്‍റെ സവിശേഷതയാണ്.
അതു പോലെ മനുഷ്യനും സസ്യങ്ങൾക്കുമിടയിൽ ഒരുപാട് വിഷയങ്ങളിൽ സാദൃശ്യമുണ്ട്. രണ്ടും ജീവനുള്ളവയാണ്. രണ്ടും ഭക്ഷണം ആവശ്യമുള്ളവയാണ്. ശെയ്ഖുൽ ഇസ്‌ലാം ഇബ്നു തെയ്മിയ്യ رَحِمَهُ ٱللَّٰهُ പറയുന്നു:
"അസ്ഥിത്വത്തിൽ ഉള്ള രണ്ടു വസ്തുക്കൾക്കിടയിൽ പരസ്പരം സാദൃശ്യം ഉണ്ടാകും. ചിലപ്പോൾ ആ സാദൃശ്യം വളരെ വിദൂരത്തുള്ളതായിരിക്കും."
ഈ രൂപത്തിലുള്ള പരസ്പര സാദൃശ്യം അതിന്‍റെ ഒരു ന്യൂനതയായോ ആക്ഷേപകരമായോ ചിന്തകന്മാരും പണ്ഡിതന്മാരും പറഞ്ഞതായി നാം കേട്ടിട്ടില്ല. ഈ സാദൃശ്യങ്ങൾ ചിലപ്പോൾ നല്ലതായിരിക്കാം. ചിലപ്പോളത് സൃഷ്ടിപരമായിരിക്കാം. ഇകഴ്ത്തി പറയാനോ പുകഴ്ത്തി പറയാനോ അതിലൊന്നും ഉണ്ടായിരിക്കുകയില്ല.
പരസ്പര സാദൃശ്യപ്പെടുത്തലിൽ നാലു കാര്യങ്ങളാണ് അടങ്ങിയിട്ടുള്ളത്.
• مشبه (സാദൃശ്യപ്പെടുത്തപ്പെട്ടത്)
• مشبه به (ഏതിനോടാണോ സാദൃശ്യപ്പെടുത്തിയത് അത്)
• وجه الشبه (പരസ്പരം സാദൃശ്യപ്പെടുത്തുവാനുള്ള കാരണം)
• أداة التشبيه (സാദൃശ്യപ്പെടുത്താൻ ഉപയോഗിച്ച രീതി/ഉപകരണം)
[ഉദാഹരണമായി, ധൈര്യത്തിന്‍റെ വിഷയത്തിൽ മുഹമ്മദ് സിംഹത്തെ പോലെ ആകുന്നു. ഈ ഉദാഹരണത്തിൽ മുഹമ്മദ് مشبهഉം സിംഹം مشبه به യും ധൈര്യം وجه الشبه ഉം 'പോലെ' എന്നത് أداة التشبيه ഉം ആകുന്നു.] ഇങ്ങനെ സാദൃശ്യപ്പെടുത്തുന്ന ഒരു ഉദാഹരണം പറയുമ്പോൾ അതിലെ مشبه به മാത്രം നോക്കിയാൽ പോരാ. എന്തുകൊണ്ട് സാദൃശ്യം ഉണ്ടായി എന്നുള്ള وجه الشبه കൂടി പരിശോധിക്കേണ്ടതുണ്ട്.
സ്വഹാബികളിൽ ചിലർ തങ്ങളുടെ പ്രവർത്തനങ്ങളെ തന്നെ മൃഗങ്ങളുടെ പ്രവർത്തനങ്ങളോട് സാദൃശ്യപ്പെടുത്തി പറഞ്ഞിട്ടുണ്ട്. ഒരു ഹദീസിൽ (ബുഖാരി: 347 മുസ്‌ലിം: 368) ഇപ്രകാരം കാണുവാൻ സാധിക്കും:
"അമ്മാറുബ്നു യാസിർ(رضي الله عنه) പറയുന്നു: അല്ലാഹുവിന്‍റെ പ്രവാചകൻ(ﷺ) ഒരു ആവശ്യത്തിനു വേണ്ടി എന്നെ പറഞ്ഞയച്ചു. (യാത്രാവേളയിൽ) ഞാൻ ജനാബത്തുകാരനായി. (കുളിക്കാൻ) വെള്ളം കിട്ടിയില്ല. അപ്പോൾ മൃഗങ്ങൾ നിലത്ത് കിടന്നുരുളുന്ന പോലെ ഞാൻ ഉരുണ്ടു". [കുളിക്ക് പകരം തയമ്മും ചെയ്യുമ്പോൾ ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം സ്വയം മനസ്സിലാക്കിയതായിരുന്നു].
ഈ ഹദീസിൽ നിന്നും ഞാൻ എല്ലാ നിലക്കും മൃഗത്തെ പോലെയാണ് എന്ന് അദ്ദേഹം സാദൃശ്യപ്പെടുത്തി പറഞ്ഞതായി ഒരാളും മനസ്സിലാക്കുകയില്ല. മോശമായ ഒരു സാദൃശ്യപ്പെടുത്തലാണത്. -അങ്ങിനെ ആകാതിരിക്കട്ടെ- അറബി ഭാഷ അങ്ങിനെ ഒരു ആശയം അവിടെ നൽകുന്നുമില്ല.
അതു കൊണ്ടു തന്നെ തരം താഴ്ന്ന ഇത്തരം സംശയങ്ങൾ ഉന്നയിക്കുന്നതിനു മുമ്പ് ഖുർആനിന്‍റെയും സുന്നത്തിന്‍റെയും ഭാഷയായ അറബി ഭാഷ മനസ്സിലാക്കൽ നിർബന്ധമായ ഒരു കാര്യമാണ്. അറബി ഭാഷയുടെ ശൈലിയെ കുറിച്ചറിയാത്തവരാണ് ഇത്തരം ആളുകൾ എന്നുള്ളതാണ് ഇതെല്ലാം അറിയിക്കുന്നത്.
(ഹദീസിൽ പരാമർശിച്ചത് പോലെ) നായയോട് സാദൃശ്യപ്പെടുത്തിയതിലൂടെ സ്ത്രീ വർഗ്ഗത്തെ മുഴുവൻ അടച്ച് ആക്ഷേപിച്ചു എന്നും അവരെ മോശമാക്കി എന്നും പറയുന്നതിന് മുമ്പ് എന്തു കാര്യത്തിലാണ് ഈ സാദൃശ്യപ്പെടുത്തൽ എന്നുതുകൂടി പരിശോധിക്കേണ്ടതുണ്ട്.
ചോദ്യകർത്താവിന്‍റെ സംശയത്തിന് കാരണമായ ഹദീസ് നമ്മൾ ആദ്യം മനസ്സിലാക്കുക.
"അബൂഹുറൈറ(رضي الله عنه)യിൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: അല്ലാഹുവിന്‍റെ പ്രവാചകൻ(ﷺ) പറഞ്ഞിട്ടുണ്ട്. നായ കഴുത സ്ത്രീ എന്നിവ നമസ്കാരത്തെ മുറിക്കും. അതിൽ നിന്നും രക്ഷ ലഭിക്കാൻ ഒട്ടക കട്ടിൽ പോലുള്ള എന്തെങ്കിലും (നമസ്കരിക്കുന്നവരുടെ മുമ്പിൽ) വെക്കണം". (മുസ്‌ലിം: 511).
നായയിലും കഴുതയിലുമുള്ള എല്ലാ മോശമായ സ്വഭാവങ്ങളും സ്ത്രീകളിലുമുണ്ട് എന്നുള്ള സാദൃശ്യപ്പെടുത്തലല്ല ഇവിടെ ഉള്ളതെന്ന് ഈ ഹദീസ് വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുളളൂ. സ്ത്രീകൾക്ക് ഈ ജീവികളുടെ സ്ഥാനവും പദവിയുമാണുള്ളതെന്ന ആശയം ഈ ഹദീസ് അറിയിക്കുന്നേ ഇല്ല. അല്ലാഹുവിൽ അഭയം!
വളരെ മോശമായി ചിന്തിക്കുന്നവരും ബുദ്ധിശൂന്യരുമായ ആളുകള്‍ മാത്രമേ അപ്രകാരം പറയുകയുള്ളൂ. ഈ ഹദീസ് കേട്ടപ്പോൾ ആയിശ(رضي الله عنها)യും പറയുകയുണ്ടായി.
"നിങ്ങൾ ഞങ്ങളെ നായകളോടും കഴുതകളോടും ഉപമപ്പെടുത്തിയല്ലോ." ആഇശ(رضي الله عنها) ഇത് പറയുമ്പോഴും എല്ലാ നിലക്കും അവരെ നായകളും കഴുതകളുമായി സാദൃശ്യപ്പെടുത്തിപ്പറഞ്ഞു എന്ന് ആ മഹതിയും ഉദ്ദേശിച്ചിട്ടില്ല.
ഒരു നിശ്ചിതമായ പ്രവർത്തനത്തിൽ മാത്രമാണ് ഇവിടെ സാദൃശ്യപ്പെടുത്തൽ(وجه الشبه)[ സാദൃശ്യപ്പെടുത്താനുള്ള കാരണം] ഉള്ളത്. അത് നമസ്കാരവുമായി ബന്ധപ്പെട്ട കാര്യമാണ്. അതായത് നമസ്കരിക്കുന്ന വ്യക്തിയുടെ ഭയഭക്തിയും അല്ലാഹുവുമായുള്ള ബന്ധവും പ്രസ്തുത പ്രവര്‍ത്തനം ഇല്ലാതാക്കുന്നു എന്ന കാരണം.
എന്നാൽ ആഇശ(رضي الله عنها)യാകട്ടെ നമസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെ ഒരു സ്ത്രീ നടന്നു പോയാൽ ആ വ്യക്തിയുടെ അല്ലാഹുവിനോടുള്ള ഭയഭക്തിയെ തടയുമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല. അതേ സ്ഥാനത്ത് ആഇശc(رضي الله عنها) സ്വീകരിച്ച ഈ നയത്തോട് പല സ്വഹാബികളും എതിരുമാണ്. അതു കൊണ്ടു തന്നെ അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. നമസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെ നടന്നു പോകുന്നതും നമസ്കരിക്കുന്ന വ്യക്തിയുടെ ഭയഭക്തിയിൽ സ്വാധീനം ഉണ്ടാക്കുന്നതും, -അത് ആരുമാകട്ടെ- പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും മറ്റു ജീവികളാണെങ്കിലും ശരി, അത് പാടില്ലാത്തതാണ്. കാരണം, നബി صلى الله عليه وسلم പറയുന്നു:
"നമസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെ നടന്നു പോകുന്ന ആളുകൾക്കുള്ള ദോഷം എന്താണെന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ മുമ്പിലൂടെ നടന്ന പോകുന്നതിനേക്കാൾ ഉത്തമം നാല്പതുകൾ അവിടെത്തന്നെ നിൽക്കലായായിരുന്നു. അബുന്നള്ർ رَحِمَهُ ٱللَّٰهُ പറയുന്നു: ഈ ഹദീസിൽ നാല്പതുകൾ എന്നു പറഞ്ഞിടത്ത് 40 വർഷം എന്നാണോ 40 മാസം എന്നാണോ 40 ദിവസം എന്നാണോ എന്നെനിക്കറിയില്ല". (ബുഖാരി 510)
മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:
"ആളുകൾക്കും തനിക്കും ഇടയിൽ ഒരു മറ വെച്ചുകൊണ്ട് അബൂസഈദുൽ ഖുദ്‌രി(رضي الله عنه) വെള്ളിയാഴ്ച ദിവസം നമസ്കരിക്കുകയായിരുന്നു. ബനൂ അബീ മുഈത്വിൽപെട്ട ഒരു യുവാവ് അദ്ദേഹത്തിന്‍റെ മുമ്പിലൂടെ നടന്നു പോകാൻ ഉദ്ദേശിച്ചു. അപ്പോൾ അബൂസഈദ്(رضي الله عنه) അദ്ദേഹത്തിന്‍റെ നെഞ്ചത്ത് കൈ വെച്ച് തടഞ്ഞു. അബൂ സഈദ്(رضي الله عنه)വിന്‍റെ മമ്പിലൂടെയല്ലാതെ നടന്നുപോകാൻ മറ്റൊരു വഴിയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹം വീണ്ടും നടന്നു പോകാൻ ശ്രമിച്ചപ്പോൾ അബൂസഈദ്(رضي الله عنه) ആദ്യത്തെക്കാൾ ശക്തിയിൽ തടഞ്ഞു. അബൂസഈദ്(رضي الله عنه)വിൽ നിന്ന് ചില പ്രയാസങ്ങൾ അദ്ദേഹത്തിനുണ്ടായി. അദ്ദേഹം ഈ പരാതി മർവാനിനോട് (അമവിയ്യ ഭരണ കാലഘട്ടത്തിലെ ഖലീഫയോട്) പറഞ്ഞു. അദ്ദേഹത്തിന്‍റെ പിന്നാലെ അബൂസഈദ്(رضي الله عنه)വും മർവാനിന്‍റെ അടുക്കലേക്ക് ചെന്നു. മർവാൻ ചോദിച്ചു; താങ്കൾക്കും താങ്കളുടെ സഹോദരപുത്രനും ഇടയിൽ എന്ത് സംഭവിച്ചു? അപ്പോൾ അദ്ദേഹം പറഞ്ഞു: നബി صلى الله عليه وسلم ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്; നിങ്ങൾ നമസ്കരിക്കാൻ നിന്നാൽ നിങ്ങൾക്കും ജനങ്ങൾക്കും ഇടയിൽ മറ സ്വീകരിക്കുക. മുമ്പിലൂടെ ആരെങ്കിലും നടന്നു പോകുമ്പോൾ അവരെ തടയുക. അവൻ വിസമ്മതം കാണിച്ചാൽ അവനുമായി പൊരുതുക. കാരണം, അവൻ പിശാചാണ്".
ഇമാം നവവി رَحِمَهُ ٱللَّٰهُ പറയുന്നു:
"അവൻ പിശാചാണ് എന്ന് നബി صلى الله عليه وسلم പറഞ്ഞതിനെ സംബന്ധിച്ച് ഖാളീ ഇയാള് رَحِمَهُ ٱللَّٰهُ പറയുന്നു: നമസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെ നടന്നു പോകുവാനും പിറകോട്ട് മാറാതിരിക്കുവാനും അവരെ പ്രേരിപ്പിച്ചത് പിശാചാണ്. അവൻ ചെയ്തത് പിശാചിന്‍റെ പ്രവർത്തനമാണ് എന്ന അഭിപ്രായവുമുണ്ട്. കാരണം നന്മയിൽ നിന്നും സുന്നത്തുകളെ സ്വീകരിക്കുന്നതിൽ നിന്നും പിശാച് വളരെ അകലെയാണ്. ഓരോ വ്യക്തിയുടെയും കൂടെയുള്ള 'ഖരീൻ' (എല്ലാ വ്യക്തികളുടെയും കൂടെ ഒരു ജിന്നിന്‍റെ സാമീപ്യമുണ്ട്. അതാണ് ഇവിടെ ഖരീൻകൊണ്ട് ഉദ്ദേശിക്കുന്നത്) ആണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അഭിപ്രായമുണ്ട്. കാരണം മറ്റൊരു ഹദീസിൽ ( فَإِنَّ مَعَهُ الْقَرِينُ ) അവന്‍റെ കൂടെ ഖരീൻ ഉണ്ട് എന്നാണ് വന്നിട്ടുള്ളത്". (ശറഹു മുസ്‌ലിം: 4/167).
നമസ്കരിക്കുന്നവരുടെ മുമ്പിലൂടെ നടന്നു പോകുന്നവർക്കെല്ലാം ഇത് ബാധകമാണെന്ന് ഈ ഹദീസിൽ നിന്നും വ്യക്തമായി. അബൂ സഈദ് (رضي الله عنه)ന്‍റെ ഹദീസിൽ സ്ത്രീകളുമായി യാതൊരു ബന്ധവുമില്ല. സ്ത്രീയാകട്ടെ പുരുഷനാകട്ടെ നമസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിലൂടെ നടക്കൽ എല്ലാവർക്കും നിഷിദ്ധമായതുകൊണ്ടും നമസ്കരിക്കുന്ന വ്യക്തിയിൽ സ്വാധീനം ഉണ്ടാക്കുന്നു എന്നതു കൊണ്ടും പണ്ഡിതന്മാർ ഇപ്രകാരം പറയുന്നു: നമസ്കാരം മുറിക്കുക എന്നതു കൊണ്ടുള്ള ഉദ്ദേശ്യം അവർ മുമ്പിലൂടെ നടന്നു പോകുന്നതുകൊണ്ട് നമസ്കാരം ബാത്വിലാകുകയും അതു വീണ്ടും മടക്കി നിർവഹിക്കകയും വേണം എന്നുള്ളതല്ല. മറിച്ച് നടന്നു പോകുന്ന വ്യക്തിയിലേക്ക് തീരിയുന്നതുകൊണ്ടും ശ്രദ്ധ അങ്ങോട്ടു മുഴുകുന്നതുകൊണ്ടും നമസ്കാരത്തിന്‍റെ പൂർണ്ണത സാധ്യമല്ലാതെ വരികയും ഭയഭക്തിയിലുള്ള കുറവും സംഭവിക്കുകയും ചെയ്യും എന്നാണ്.
ഇമാം ഖുർതുബി رَحِمَهُ ٱللَّٰهُ പറയുന്നു:
"അത് എന്തുകൊണ്ടെന്നുവെച്ചാൽ സ്ത്രീകൾ ഫിത്നക്ക് കാരണമാണ്. കഴുതകൾ കരയും. നായ ഭയപ്പെടുത്തും. അപ്പോൾ അത്തരം കാര്യങ്ങളിലും ചിന്തകളിലും മുഴുകുമ്പോൾ നമസ്കാരം മുറിയുകയും ഫസാദാവുകയും ചെയ്യും. നമസ്കാരം മുറിയുന്നതിലേക്ക് കാരണമായ വിഷയങ്ങളാണ് ഇവയെല്ലാം എന്നതു കൊണ്ടാണ് നമസ്കാരത്തെ മുറിച്ചുകളയുന്നതെന്ന അർത്ഥത്തിൽ ഹദീസിൽ വന്നത്."
ഈ ഹദീസിനെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങൾ നൽകിയതിനു ശേഷം ഇബ്നു റജബുൽഹമ്പലി رَحِمَهُ ٱللَّٰهُ പറയുന്നു:
"വ്യാഖ്യാനങ്ങളിൽ ഏറ്റവും അനുയോജ്യമായ വ്യാഖ്യാനം ഇപ്രകാരം പറയലാണ്: നമസ്കരിക്കുന്ന വ്യക്തി അല്ലാഹുവുമായുള്ള സ്വകാര്യ സംഭാഷണത്തിൽ മുഴുകുമ്പോൾ അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത സമയവും അവനുമായി തനിച്ചു നിൽക്കുന്ന സന്ദർഭവുമാണത്.
അല്ലാഹുവുമായി പ്രത്യേകം തനിച്ചാവുകയും അടുക്കുകയും ചെയ്യുന്ന ഇത്തരം സന്ദർഭങ്ങളിൽ പിശാചിന്‍റെ പ്രവേശനത്തെ സൂക്ഷിക്കുവാനുള്ള കല്പന അല്ലാഹു നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് നമസ്കരിക്കുന്ന വ്യക്തിയുടെ മുമ്പിൽ മറ വെക്കുവാനുള്ള നിർദ്ദേശം പ്രവാചകന്‍ صلى الله عليه وسلم നൽകിയത്. പിശാചിന്‍റെ പ്രവേശനത്തെ ഇല്ലാതെയാക്കാൻ വേണ്ടിയാണത്.
ഈ അവസരം ഉപയോഗപ്പെടുത്തി പിശാച് പ്രവേശിക്കുകയും അല്ലാഹുവുമായുള്ള ബന്ധത്തെയും സാമീപ്യത്തെയും തടയാൻ ശ്രമിക്കുകയും ചെയ്യും. പിശാച് ആട്ടി അകറ്റപ്പെട്ടവനാണ്. ദൈവിക സമക്ഷത്തിൽ നിന്നും വിദൂരമാക്കപ്പെട്ടവനാണ്. അല്ലാഹുവിലേക്ക് അടുക്കുകയും തനിച്ചായി നിൽക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ തകരാർ ഉണ്ടാക്കാൻ പിശാച് കടന്നു വരുമ്പോൾ അല്ലാഹുവുമായുള്ള ബന്ധവും സമീപ്യവും ശക്തിപ്പെടുത്താൻ അവനെ അകറ്റൽ നിർബന്ധമാണ്.
ഈ ഒരു അർത്ഥത്തിലാണ് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ഹദീസിൽ പറഞ്ഞത്.
(ഒന്ന്) സ്ത്രീ. (പുരുഷന്മാരെ കെട്ടിയിടുന്ന) പിശാചിന്‍റെ കയറുകളാണ് സ്ത്രീകൾ. സ്ത്രീകൾ പുറത്തിറങ്ങിയാൽ പിശാച് അവരെ അലങ്കാരമാക്കി പ്രകടിപ്പിക്കും. സ്വർഗ്ഗത്തിൽ നിന്നും ആദമിനെ അകറ്റുവാൻ പിശാച് മാധ്യമമായി സ്വീകരിച്ചതും സ്ത്രീയെ തന്നെയായിരുന്നു.
(രണ്ട്) കറുത്ത നായ പിശാചാണ് എന്ന് ഹദീസുകളിൽ കാണുവാൻ സാധിക്കും.
(മൂന്ന്) കഴുതയുടെ കാര്യവും അങ്ങനെ തന്നെ. അതു കൊണ്ടാണ് കഴുതയുടെ ശബ്ദം കേട്ടാൽ അല്ലാഹുവോട് ശരണം തേടാൻ നബി صلى الله عليه وسلم കൽപിച്ചത്. കാരണം അത് പിശാചിനെ കണ്ടിട്ടുണ്ട്.
ഇക്കാരണങ്ങൾ പരിഗണിച്ചാണ് നമസ്കരിക്കുന്നവനോട് മറയിലേക്ക് അടുത്തു നിൽക്കുവാൻ നബി صلى الله عليه وسلم കൽപ്പിച്ചത്. ശൈത്വാൻ അവന്‍റെ നമസ്കാരത്തെ മുറിച്ചു കളയുമോ എന്നുള്ള ഭയമാണത്. ഇതിന്‍റെ അർത്ഥം നമസ്കാരം ബാത്വിലാകുമെന്നോ നമസ്കാരത്തെ വീണ്ടും മടക്കണമെന്നോ അല്ല. -അല്ലാഹുവാണ് നന്നായി അറിയുന്നവൻ- മറിച്ച് അവന്‍റെ നമസ്കാരത്തിലത് ന്യൂനത വരുത്തുമെന്നാണ്. ഉമർ(رضي الله عنه) ഇബ്നു മസ്ഊദ് (رضي الله عنه) തുടങ്ങിയ സ്വഹാബികൾ ഈ ആശയമാണ് പറഞ്ഞിട്ടുള്ളത്. മുമ്പ് നാമത് സൂചിപ്പിച്ചിട്ടുണ്ട്.
നമസ്കരിക്കുന്നവരുടെ മുൻപിലൂടെ നടന്നു പോകുന്ന വ്യക്തിയെ തടയുവാനും വേണ്ടിവന്നാൽ പോരുനടത്തുവാനും നബി صلى الله عليه وسلم കൽപ്പിച്ചിട്ടുണ്ട്. നിശ്ചയമായും അവൻ പിശാചാകുന്നു എന്നാണ് നബി صلى الله عليه وسلم പറഞ്ഞത്. അവന്‍റെ കൂടെ ഖരീനുണ്ട് എന്ന് മറ്റൊരു റിപ്പോർട്ടിലും വന്നിട്ടുണ്ട്. എന്നാൽ ഇത്തരം വസ്തുക്കളിലൂടെ ഉണ്ടാകാവുന്ന നമസ്കാരത്തിലെ ന്യൂനതയെക്കാൾ കൂടുതലാണ് പിശാചിലൂടെ ഉണ്ടാകുന്ന ന്യൂനത. അതാണ് ഇവിടെ നമസ്കാരം മുറിയുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അതല്ലാതെ നമസ്കാരം ബാത്വിലാകുമെന്നോ അതു വീണ്ടും മടക്കി നിർവഹിക്കണമെന്നോ അല്ല.
പ്രമാണങ്ങളിൽ വന്ന വിഷയങ്ങളിൽ ആശയക്കുഴപ്പത്തിനു സാധ്യതയുള്ളതും വ്യത്യസ്ത ആശയങ്ങൾക്ക് സാധ്യതയുള്ളതുമായ കാര്യങ്ങളുടെ ഒരുഭാഗം മാത്രം എടുക്കുകയും എന്നിട്ടതുപയോഗിച്ചുകൊണ്ട് സമ്പൂർണവും പരിപാവനവുമായ ഇസ്‌ലാമിന്‍റെ മതനിയമങ്ങളെയും സംസ്കാരങ്ങളെയും കുത്തി പറയുവാൻ വേണ്ടി ഉപയോഗിക്കുകയും ചെയ്യുക എന്നുള്ളത് യഥാർത്ഥ ഒരു അന്വേഷകന് യോജിച്ച കാര്യമല്ല. അദ്ദേഹം ഏതു മതത്തിന്‍റെയോ പ്രസ്ഥാനത്തിന്‍റെയോ വക്താവാകട്ടെ.
ഇത്തരം വിഷയങ്ങളുടെ പരിപൂർണത അറിയിക്കുന്ന നിരവധി അധ്യാപനങ്ങള്‍ മറ്റൊരു മതമോ പ്രസ്ഥാനമോ സ്ത്രീകൾക്ക് നൽകിയിട്ടില്ല. ഏറെ ആദരവും ബഹുമാനവും ഇസ്‌ലാം സ്ത്രീകൾക്ക് നൽകിയ വസ്തുതകളെ അന്ധത നടിച്ച് മനപ്പൂർവ്വം മറച്ചു വെക്കുകയാണ് എന്നിട്ടും ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇത് ഒരിക്കലും നീതിയല്ല.
ആഇശ(رضي الله عنه) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം;
"സ്ത്രീകൾ പുരുഷന്മാരുടെ ഇണകളാണ്".
ഇമാം ഖത്വാബി رَحِمَهُ ٱللَّٰهُ പറയുന്നു:
"ഇതുകൊണ്ട് ഉദ്ദേശം, സൃഷ്ടിപ്പിലും പ്രകൃതിയിലും സ്ത്രീകൾ പുരുഷന്മാരെ പോലെയാണ് എന്നാണ്. പുരുഷന്മാരെ പിളർത്തി സ്ത്രീകളെ ഉണ്ടാക്കിയത് പോലെയാണ്. (شق എന്ന അറബി പദത്തിന്‍റെ അർത്ഥം പിളർത്തി എന്നാണ്) പുല്ലിംഗം ഉപയോഗിച്ചു കൊണ്ട് അല്ലാഹുവിന്‍റെ ഭാഗത്തു നിന്നും ഒരു അഭിസംഭോധന വന്നാൽ അത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ളതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം അറിയിക്കുന്ന കാര്യമാണ് എന്ന് ഉണർത്തുന്ന തെളിവുകൾ ഉണ്ടാകുമ്പോൾ ഒഴികെ."
പുരുഷന്മാർക്ക് നിർബന്ധമാകുന്ന കാര്യങ്ങൾ സ്ത്രീകൾക്കും നിർബന്ധമാണെന്നും സ്ത്രീകൾക്ക് നിർബന്ധമാകുന്ന കാര്യങ്ങൾ പുരുഷനും നിർബന്ധമാണെന്നും പുരുഷന് അനുവദനീയമായ കാര്യങ്ങൾ സ്ത്രീകൾക്കും അനുവദനീയമാണെന്നും പ്രമാണത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ രണ്ടു പേരിലും വേർതിരിവ് കാണിക്കാൻ പാടില്ലെന്നും ഈ ഹദീസിൽ നിന്ന് പണ്ഡിതന്മാർ തെളിവ് എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് പുരുഷനോട് അഭിസംബോധന ചെയ്ത പോലെ തന്നെ സ്ത്രീകളോടും ഖുർആൻ അഭിസംബോധന ചെയ്യുന്നത്. അത്തരത്തിലുള്ള വിഷയങ്ങൾ ഒട്ടനവധിയാണ്.
ഉദാഹരണമായി:
"ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും".(നഹ്‌ല്: 97)
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:
"(അല്ലാഹുവിന്) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു." (അഹ്സാബ്: 35)
അല്ലാഹു അഅ്‍ലം