മുഹമ്മദ് നബി ﷺ യുടെ മരണദിവസം ആഘോഷമാക്കുന്നവര്‍
അന്‍വര്‍ അബൂബക്കര്‍
Last Update 3 September 2025, 11 Rabiʻ I, 1447 AH
ചോദ്യം: മുഹമ്മദ് നബി ﷺ വഫാതായ മാസവും തിയ്യതിയും ഏതാണ്?
ഉത്തരം: റബീഉല്‍ അവ്വല്‍ 12
അന്ത്യപ്രവാചകനായ മുഹമ്മദ് നബി(ﷺ) വഫാതായ ദിവസമാണ് റബീഉല്‍ അവ്വല്‍ മാസം, 12-ാം തീയ്യതി. മനുഷ്യരാശിക്കു വഴികാട്ടിയും കരുണയും ആയിരുന്നതിനു ശേഷമാണ് അവിടുന്ന് ഈ ദിവസം ലോകത്തുനിന്ന് വിടവാങ്ങിയത്. ലോകത്തെല്ലാം പ്രകാശിപ്പിച്ച മഹത്തായ പ്രവാചകജീവിതത്തിന്റെ തിരശ്ശീല വീണ ദിവസമാണ് ആ ദിവസമെന്നര്‍ത്ഥം. അതിനാല്‍ ഈ ദിവസത്തെ സ്മരിക്കുന്ന ഓരോ മുസ്ലിമിന്റെയും മനസ്സില്‍ പ്രവാചകന്റെ വിയോഗത്തിന്റെ വേദന വീണ്ടും പതിയും; അതുവഴി ഹൃദയം ദുഃഖത്താല്‍ നിറയും. പ്രവാചകന്റെ വേര്‍പാടിലുളള ആഴമുള്ള വേദനയും, അവരെ കാണാന്‍ കഴിയാത്തതിന്റെ സങ്കടവും, അദ്ദേഹത്തിന്റെ ദൗത്യം തുടരേണ്ടതിന്റെ മഹത്തായ ഉത്തരവാദിത്തവും എല്ലാം ഒരുമിച്ച് ഓര്‍മ്മിപ്പിക്കുന്ന ദിനമാണത്. സമസ്‍തയുടെ പള്ളികളില്‍ പാരായണം ചെയ്യാറുളള ഖുത്വുബാത്തുന്നബാതിയ്യയില്‍ റബീഉല്‍ അവ്വല്‍ മാസത്തിലെ രണ്ടാമത്തെ ഖുത്തുബയില്‍ ഇക്കാര്യം പറയുന്നുണ്ട്. ആ ഭാഗത്തിന്റെ പരിഭാഷ ഇങ്ങനെയാണ്: “മരണം നിര്‍ണ്ണയിക്കപ്പെട്ടതാണ്. അതില്‍നിന്നും മോചനമില്ല. പദവിയും ഭംഗിയും മരണത്തെ തടയുവാന്‍ പര്യാപ്തമായിരുന്നുവെങ്കില്‍ പ്രവാചകന്‍ രക്ഷപ്പെടുമായിരുന്നു. ഇതുപോലുളള ഒരു മാസത്തിലാണ് അവിടന്ന് വഫാത്തായത്. അതാ മലക്കുകള്‍ വന്നു. ആത്മാവിനെ പിടിക്കുവാന്‍ തുടങ്ങി. അതിന്റെ കാഠിന്യത്താല്‍ പ്രവാചകന്‍(സ) പിടയുകയായിരുന്നു. നെറ്റിത്തടം വിയര്‍ത്തൊലിച്ചു. തന്റെ വിടവാങ്ങല്‍ അവിടന്ന് പ്രഖ്യാപിച്ചു. ഉടനെ പുത്രി ചോദിച്ചു: “പിതാവെ അവിടത്തെ പ്രയാസം എത്ര ഗൌരവമാണ്?” തന്നിലേക്ക് മകളെ അണച്ചു കൂട്ടി അവിടുന്നു പറഞ്ഞു: “ഈ ദിവസത്തിന് ശേഷം നിന്റെ പിതാവിന്ന് വിഷമമില്ല. അല്ലാഹു എന്നെ നിര്‍ഭയനാക്കിയിട്ടുണ്ട്.” അപ്പോള്‍ പേരക്കിടാങ്ങള്‍ - ഹസന്‍, ഹുസൈന്‍(റ) - വിലപിക്കുകയായിരുന്നു: “വലിയുപ്പാ......”
പ്രവാചകന്റെ വിയോഗത്തില്‍ ആരാണ് ദുഃഖിക്കാതിരിക്കുക? എങ്ങനെയാണ് ഉറക്കെ കരയാതിരിക്കുക? ഏതു ക്ഷമയാണ് നീങ്ങിപ്പോവാതിരിക്കുക?” (ഖുത്വുബാത്തുന്നബാതിയ്യ പേജ് 44,45 – തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ചത്)
മുഹമ്മദ് നബി(ﷺ)യുട ജീവിതത്തിലെ ഏറ്റവും വലിയ സംഭവങ്ങളിള്‍ ഒന്നാണ് അവിടുന്ന് ഈ ലോകത്തുനിന്നു വിടവാങ്ങിയ ദിവസം. ഖുത്വുബാത്തുന്നബാതിയ്യയില്‍ പറയുന്നതുപോലെ, മരണത്തിന്റെ കഠിനതയില്‍ അവിടുന്ന് പ്രയാസപ്പെട്ടു, നെറ്റിത്തടം വിയര്‍ത്തൊഴുകി, പുത്രിക്ക് ആശ്വാസവാക്കുകള്‍ പറഞ്ഞുകൊടുത്തു, പേരക്കിടാങ്ങളുടെ വിലാപം കേട്ടു; ഇതെല്ലാം പ്രവാചകന്റെ വിയോഗത്തിന്റെ ഭാരവും യാഥാര്‍ത്ഥ്യവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍, ഒരു മുസ്ലിം പ്രവാചകന്റെ ജന്മദിനാഘോഷങ്ങളില്‍ മുഴുകുകയല്ല ചെയ്യേണ്ടത്, മറിച്ച് പ്രവാചകന്റെ വിടവാങ്ങലിന്റെ ദുഃഖം ഓര്‍ത്തു കണ്ണുനിറയുകയും, തന്റെ ജീവിതം പ്രവാചകന്‍(ﷺ) പഠിപ്പിച്ച സന്ദേശപ്രകാരം തിരുത്തുകയും ചെയ്യേണ്ടതാണ്. പ്രവാചകന്‍(ﷺ) തന്നെ തന്റെ ജനനത്തേക്കാളും അന്ത്യനിമിഷങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിപ്പറഞ്ഞിരിക്കുമ്പോള്‍, ഇന്ന് ചിലര്‍ ജന്മദിനാഘോഷങ്ങളിലൂടെ സന്തോഷത്തിന്റെയും അലങ്കാരത്തിന്റെയും വര്‍ണ്ണങ്ങള്‍ സ്വീകരിച്ച്, വഫാത്തിന്റെ യാഥാര്‍ത്ഥ്യവും പ്രവാചകന്റെ ഉപദേശങ്ങളും മറക്കുന്നതാണ് വലിയ തെറ്റ്. പ്രവാചകന്റെ മഹത്വം മതത്തിലില്ലാത്ത ആഘോഷങ്ങളിലൂടെയും അനാചാരങ്ങളിലൂടെയും സംരക്ഷിക്കപ്പെടുന്നതല്ല; മറിച്ച് അവിടുന്ന് പഠിപ്പിച്ച ഖുര്‍ആന്‍-സുന്നത്ത് പാലിക്കുന്നതിലൂടെയും, അവിടുന്ന് നല്‍കിയ ദൗത്യം ജീവിതത്തില്‍ നടപ്പാക്കുകയും ചെയ്യുന്നതിലൂടെയുമാണ് അത് സംരക്ഷിക്കപ്പെടുന്നത്. അതിനാല്‍, റബീഉല്‍ അവ്വല്‍ മാസത്തില്‍ ഒരു യഥാര്‍ത്ഥ വിശ്വാസി ആഘോഷമല്ല, മറ്റിതര മാസങ്ങളിലെന്നപോലെ പ്രവാചകന്റെ സന്ദേശം പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമമാണ് നടത്തേണ്ടത്.
ഒരു കാര്യം കൂടി ഉണര്‍ത്തട്ടെ: ഖുത്വുബാത്തുന്നബാതിയ്യയില്‍ റബീഉല്‍ അവ്വല്‍ മാസത്തിലെ ഒരു ആഴ്ചയിലും പ്രവാചകന്‍(ﷺ)യുടെ ജന്മദിനവുമായി ബന്ധപ്പെട്ട സന്ദേശം പറയുന്നില്ല. ഹിജ്റ 335-ല്‍ ഈജിപ്തില്‍ ജനിച്ച ഇബ്നു നുബാത എഴുതിയ ഖുത്വുബുകളുടെ സമാഹാരമാണിത്. കേരളത്തിലെ സമസ്തയുടെ പള്ളികളില്‍ ഖുത്വുബയുടെ പേരില്‍ ഇന്നും പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥവുമാണ് ഇത്. അതില്‍ റബീഉല്‍ അവ്വല്‍ മാസത്തിലെ ഒന്നാം ആഴ്ചയിലെ ജുമുഅ ഖുത്ബയുടെ വിഷയം നബി(ﷺ)യുടെ വഫാത്തും, രണ്ടാം ആഴ്ചയില്‍ നബി(ﷺ)യുടെ വഫാത്തിന്റെ തുടര്‍ച്ചയും, മൂന്നാം ആഴ്ചയില്‍ കാലത്തിന്റെ കളിയും, നാലാം ആഴ്ചയില്‍ കാലത്തിന്റെ കളിയും ഖിയാമത്തിന്റെ ഓര്‍മ്മപ്പെടുത്തലും, അഞ്ചാം ആഴ്ചയില്‍ മരണം-പരലോകവുമായി ബന്ധപ്പെട്ട സന്ദേശവുമാണ് പ്രസംഗമായി സമാഹരിച്ചിട്ടുളളത്. എവിടെയും പ്രവാചകന്റെ ജന്മദിനാഘോഷം വിഷയമാകുന്നില്ല. ഇതെല്ലാം വ്യക്തമായി കാണിക്കുന്ന സത്യമാണ്: ആദ്യകാലങ്ങളില്‍ ഇന്നത്തേതുപോലുള്ള ‘മൗലിദ് വിശ്വാസം’ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല; മറിച്ച് അവര്‍ പ്രവാചകന്റെ വഫാത്തും, മരണത്തിന്റെ ഓര്‍മ്മയും, അന്ത്യനാളിന്റെ തയ്യാറെടുപ്പും തന്നെയായിരുന്നു മുസ്ലിം സമൂഹത്തിനെ ഓര്‍മ്മിപ്പിച്ചിരുന്നത്.
