പ്രിയപ്പെട്ടവരേ... ശിര്‍ക്ക് അരുതേ...!!!
തയ്യാറാക്കിയത്: അന്‍വര്‍ അബൂബക്കര്‍
Last Update 27 September 2019
ഒരു ദിവസം 17 തവണ നമ്മടെ നിര്‍ബന്ധ നമസ്കാരത്തിലൂടെ നാം പ്രഖ്യാപിക്കുന്നു:
(അല്ലാഹുവേ) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു. (ഫാത്വിഹ 5)
1947 മുതല്‍ കോഴിക്കോട് വലിയ ഖാസിയായി സേവനമുനുഷ്ഠിച്ച, സമസ്ഥയുടെ അറിയപ്പെട്ട പണ്ഡിതനായ സയ്യിദ് അഹമ്മദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടേതാണ് മേല്‍പരിഭാഷ. അദ്ദേഹം തന്നെ ഈ ആയത്ത് ഇങ്ങനെ വിശദീകരിച്ചു: “നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും മറ്റും ചെയ്യുന്നത് ഏകനായ അല്ലാഹുവാണ്. ഈ കാര്യങ്ങളിലൊന്നും മറ്റാര്‍ക്കും യാതൊരു പങ്കുമില്ല. അതിനാല്‍ അല്ലാഹുവിനെ മാത്രമേ നാം ആരാധിക്കാന്‍ പാടുളളു. അവനോട് മാത്രമേ പ്രാര്‍ത്ഥിക്കാനും പാടുളളൂ. സഹായം തേടുകയെന്നതുകൊണ്ട് പ്രാര്‍ത്ഥനയാണ് ഉദ്ദേശം. പ്രാര്‍ത്ഥനയാകട്ടെ ഇബാദത്തിന്‍റെ - ആരാധനയുടെ ഒരു ഭാഗമാണ് താനും.” (അല്‍ബയാന്‍ ഫീ മആനില്‍ ഖുര്‍ആന്‍)
സമസ്തയിലെ പണ്ഡിതന്‍മാര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശാഹ് വലിയുല്ലാഹിദഹ്ലവി(റഹി) മക്കാ മുശ്രിക്കുകളില്‍ നിലനിന്നിരുന്ന ശിര്‍ക്കന്‍ പ്രവണതകളെ കുറിച്ച് എഴുതി:
“അവര്‍ രോഗശമനത്തിന് വേണ്ടിയും ദാരിദ്ര്യത്തില്‍നിന്നും സമ്പന്നതക്ക് വേണ്ടിയുമുളള ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ അല്ലാഹു അല്ലാത്തവരോട് സഹായം ചോദിച്ചിരുന്നു എന്നതും അതില്‍പെട്ടതാണ്. അവര്‍ക്ക് നേര്‍ച്ചകള്‍ അര്‍പ്പിക്കുകയും, ഈ നേര്‍ച്ചകള്‍ മുഖേന അവരുടെ ഉദ്ദേശ്യങ്ങള്‍ വിജയിക്കുമെന്നും അവര്‍ കണക്കുക്കൂട്ടി. ബര്‍ക്കത്ത് ആഗ്രഹിച്ചുകൊണ്ട് അവരുടെ നാമങ്ങള്‍ ഉരുവിടുകയും ചെയ്തിരുന്നു. അങ്ങനെ അല്ലാഹു നമസ്കാരത്തില്‍ ഇപ്രകാരം പറയുവാന്‍വേണ്ടി നിര്‍ബന്ധമാക്കി.
(അല്ലാഹുവേ) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.” (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/120)
മേല്‍വിവരിച്ച കാര്യങ്ങളില്‍ മനുഷ്യന്‍ തന്‍റെ ആവശ്യപൂര്‍ത്തീകരണത്തിന് സഹായം ചോദിക്കേണ്ടത് അല്ലാഹുവിനോട് മാത്രമായിരിക്കണമെന്നത് വ്യക്തം. എന്നിട്ടും മരിച്ചുമണ്‍മറഞ്ഞുപോയവരോട് ഈ വക കാര്യങ്ങളെല്ലാം ചോദിക്കുന്നവരുണ്ട്. അതെങ്ങനെ ന്യായീകരിക്കാന്‍ സാധിക്കും?
മക്കാമുശ്രിക്കുകളില്‍ നിലനിന്നിരുന്ന ഇത്തരം ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ ആരിലെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് എങ്കില്‍ അതുപേക്ഷിക്കുക, അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുക. അല്ലാഹു അനുഗ്രഹക്കട്ടെ, ആമീന്‍.