എന്താണ് ഹഖ് ജാഹ് ബർക്കത്ത് കൊണ്ടുളള തവസ്സുല്‍?
ജമാല്‍ ആറ്റിങ്ങല്‍
Last Update 2023 September 25 21,10 Rabiʻ I, 1445 AH
മരിച്ചു പോയ മഹാൻമാരുടെ ഹഖ്, ജാഹ്, ബർകത്ത് കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ സഹായകരമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നത് കാണാം. ഉദാഹരണത്തിന്, മമ്പുറം തങ്ങളുടെ ഹഖ് ജാഹ് ബർക്കത്ത് കൊണ്ട്, അല്ലങ്കിൽ മുഹയിദ്ധീൻ ഷൈഖിന്റെ ഹഖ് ജാഹ് ബർക്കത്ത് കൊണ്ടു അല്ലാഹുവേ എന്റെ കുട്ടിയുടെ അസുഖം മാറ്റണമേ…. എന്ന് പ്രാർത്ഥിക്കുക. ഇതിന്റെ ഇസ്ലാമിക വിധിയെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഒന്നാമതായി, ഈ ദുആ അല്ലാഹുവിനോടായത് കൊണ്ട് തന്നെ ഇവിടെ ശിർക്ക് വരുന്നില്ല പക്ഷെ ഇത്തരത്തിൽ പ്രവാചകൻമാരുടെയോ സ്വാലിഹുകളുടെയോ ഹഖ് ജാഹ് ബര്‍കത്ത് കൊണ്ടുളള ഇടതേട്ട പ്രാർത്ഥന ഇസ്ലാം പഠിപ്പിച്ചിട്ടില്ല. ആയതിനാല്‍തന്നെ ഇത് വിരോധിക്കപ്പെട്ട തവസ്സുലിന്റെ ഗണത്തിൽ ഉള്‍പ്പെടുന്ന ബിദ്അത്തായ പ്രാർത്ഥനയാണ്.
ഹഖ്
ഹഖ് എന്നാൽ ‘അവകാശം’ എന്നാണർത്ഥം. ഓരോ അടിമകളുടെ കാര്യത്തിലും അല്ലാഹു ഏറ്റെടുത്തിട്ടുള്ള ‘ഹഖ്’ ഉണ്ട്. ഓരോരുത്തരും ചെയ്ത നല്ല കര്‍മ്മങ്ങള്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുമെന്നും അവയൊന്നും വൃഥാ പാഴാക്കിക്കളയുകയില്ലെന്നുമുള്ളത് അല്ലാഹു ഏറ്റെടുത്തിട്ടുള്ള ഹഖാണ്.
അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. (ഖുർആൻ: 3/195)
ഇതല്ലാതെ മറ്റൊരാൾക്ക് ഉപകാരം കിട്ടുന്ന തരത്തിലുള്ള ഒരു ഹഖ് ഏതെങ്കിലും സൃഷ്ടിക്ക് അല്ലാഹുവിന്റെ മേൽ ഉണ്ടെന്നുളളതിനെ കുറിച്ച് ഇസ്ലാം പഠിപ്പിച്ചിട്ടില്ല. ഒരാളുടെ ‘ഹഖ്’ കൊണ്ട് പ്രാർത്ഥിക്കുന്നുവെന്ന് പറയുമ്പോൾ ആ വ്യക്തിക്ക് അല്ലാഹുവിന്റെയടുക്കൽ ഈ തരത്തിൽ എന്തൊക്കെയോ അവകാശങ്ങളുണ്ടെന്നാണ് വരുന്നത്. അതുകൊണ്ടുതന്നെ ‘ഹഖ്’ കൊണ്ടുള്ള ഇടതേട്ടം പാടില്ലാത്തതാണ്.
ഇമാം അബു ഹനീഫ رحمه الله പറയുന്നു: ഇന്ന വ്യക്തിയുടെ ഹക്ക് കൊണ്ടോ, നബിമാരുടെയും റസൂലുകളുടെയും ഹക്ക് കൊണ്ടോ ഞാൻ ചോദിക്കുന്നു എന്നോ, ബൈത്തുൽ ഹറാമിന്റെയൊ, മഷ്അറുൽ ഹറാമിന്റെയൊ ഹക്ക് കൊണ്ട് ഞാൻ ചോദിക്കുന്നു എന്നോ ഒരാൾ പ്രാർത്ഥിക്കുന്നത് വെറുക്കപെട്ടിരിക്കുന്നു. (ശറഹുൽ അഖീദതഹാവിയ്യ: 234)
ഇമാം അല്‍കാസാനി رحمه الله പറയുന്നു: ഒരാൾ തന്റെ പ്രർത്ഥനയിൽ നിന്റെ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹഖിനെ മുൻ നിർത്തി ഞാൻ നിന്നോട് ചോദിക്കുന്നു, ഇന്ന വ്യക്തിയുടെ ഹഖിനെ മുൻ നിർത്തി ഞാൻ ചോദിക്കുന്നു’ എന്നിങ്ങനെ പറയൽ കറാഹത്താണ്. കാരണം അല്ലാഹുവിന്റെ മേൽ ആർക്കും യാതൊരു ഹഖും ഇല്ല. (ബദാഇഉ സ്സ്വനാഇഅ്)
അല്ലാഹുവിന്റെ ഉത്തമ സൃഷ്ടിയായ റസൂൽ (സല്ലല്ലാഹു അലൈഹിവസല്ലം) പോലും അത്തരത്തിൽ ഒരു അവകാശം അല്ലാഹുവിന്റെ അടുക്കൽ ഉണ്ടെന്ന് അവകാശപ്പെട്ടതായി പ്രമാണങ്ങൾ പഠിപ്പിക്കുന്നില്ല. മറിച്ച് തന്റെ സ്വന്തം മകളോട് റസൂൽ (സല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞത് ഫാത്തിമാ, ഈ ഉപ്പാടെ സ്വത്തിൽ നിന്ന് വല്ലതും വേണമെങ്കിൽ നീ ചോദിച്ചോ. പക്ഷെ നരകത്തിൽ നിന്ന് നീ സ്വയം തന്നെ നിന്നെ കാത്തുകൊള്ളണം, അല്ലാഹുവിന്റെ അടുത്ത് നിന്ന് നിനക്ക് വല്ലതും നേടിത്തരാൻ എനിക്കാവില്ല എന്നായിരുന്നു.
നാളെ പരലോകത്ത് അല്ലാഹുവിന്റെ അനുമതി ലഭിച്ചാൽ മാത്രം അല്ലാഹു തിരഞ്ഞെടുക്കുന്ന ആളുകൾക്ക് വേണ്ടി ശുപാർശ ചെയ്യാൻ റസൂലിന് അനുവാദമുണ്ട്. അല്ലാഹുവിന്റെ ഏറ്റവും അടുത്ത റസൂലിന്റെ അവസ്ഥ ഇതാണെങ്കിൽ ഔലിയ ആണെന്ന് നമ്മൾ കരുതുന്ന ഒരാൾ അതും അയാൾ മരിച്ചതിനു ശേഷം അയാൾക്ക് അല്ലാഹുവിലുള്ള അവകാശം കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന് പറയുന്നത് അല്ലാഹുവിനു തട്ടികളയാൻ പറ്റാത്ത ഒരു അവകാശം ഈ മരിച്ചുപോയ വ്യക്തിക്ക് അല്ലാഹുവിന്റെ മേൽ ഉണ്ടെന്ന് വിശ്വസിക്കലാണ്. അതാകട്ടെ പ്രമാണ വിരുദ്ധവും വിഡ്ഢിത്തരവുമാണ്.
ജാഹ്
ജാഹ് എന്നാൽ ‘സ്ഥാനം’ എന്നാണർത്ഥം. ഒരാളുടെ ‘ജാഹ്’ കൊണ്ട് പ്രാർത്ഥിക്കുന്നുവെന്ന് പറയുമ്പോൾ ആ വ്യക്തിക്ക് അല്ലാഹുവിന്റെ അടുത്ത് എന്തൊക്കെയോ സ്ഥാനങ്ങളുണ്ടെന്നാണ് വരുന്നത്. അല്ലാഹുവിന്റെ അടുക്കൽ പ്രവാചകൻമാർക്കും സ്വാലിഹുകൾക്കുമൊക്കെ സ്ഥാനമുണ്ടെന്നത് ശരിയാണ്. എന്നാൽ അയാളുടെ പ്രസ്തുത ‘സ്ഥാനം’ കൊണ്ട് മറ്റൊരാൾക്ക് ഉപകാരം കിട്ടുമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല. മാത്രമല്ല ഒരാൾ അയാളുടെ തഖ്വ കൊണ്ടും ഇമാൻ കൊണ്ടും സൽകർമങ്ങൾ കൊണ്ടും അല്ലാഹുവിന്റെ അടുക്കൽ വല്ല സ്ഥാനവും നേടി എന്നിരിക്കട്ടെ, അയാളുടെ ആ സ്ഥാനം കൊണ്ട് എന്റെ ഈ കാര്യം ശരിയാക്കി തരണേ എന്ന് അല്ലാഹുവിനോട് ചോദിക്കുന്നത് എന്ത് മാത്രം ബുദ്ധി ശൂന്യതയാണ്. അല്ലാഹുവിന്റെ അടുക്കൽ ഒരാൾക്കു സ്ഥാനമുണ്ടെന്ന് നമ്മൾ ഉറപ്പിക്കണമെങ്കിൽ അല്ലാഹുവോ റസൂലോ അപ്രകാരം പറഞ്ഞു തരണം. എന്നിരിക്കെ അല്ലാഹുവിന്റെ അടുക്കൽ എന്തെങ്കിലും സ്ഥാനമുണ്ടോ ഇല്ലേ എന്ന് നമുക്ക് അറിയാത്ത ഒരാളുടെ ജാഹ് കൊണ്ടാണ് ഒരു വ്യക്തി ചോദിക്കുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ!
ചുരുക്കത്തിൽ ആരുടേയും ജാഹ് കൊണ്ടുള്ള ഒരു പ്രാർത്ഥന അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല, സ്വഹാബാക്കളിൽ നിന്ന് ഒരു മാതൃകയും ഈ വിഷയത്തിലില്ല.
ബറകത്ത്
ബറകത്ത് എന്നാൽ ‘നൻമയിലെ വർദ്ധനവ്’ എന്നാണർത്ഥം. ചില സ്ഥലങ്ങള്‍ക്ക് അല്ലാഹു ‘ബറകത്ത്’ നല്‍കിയിട്ടുണ്ട്. മക്കയും മദീനയും, മസ്ജിദുല്‍ അഖ്സയും പരിസരവും ഉദാരഹണം. ചില സമയങ്ങള്‍ക്കും അല്ലാഹു ബറകത്ത് നല്‍കിയിട്ടുണ്ട്. ചില ഭക്ഷണങ്ങള്‍ക്ക് അല്ലാഹു ബറകത്ത് നല്‍കിയിട്ടുണ്ട്. സംസം വെള്ളത്തിനു മറ്റു വെള്ളത്തേക്കാൾ ബറകത്തുണ്ട്, ആടിന് മറ്റു മൃഗങ്ങളെക്കാൾ ബറകത്തുണ്ട്.
ചില വ്യക്തികള്‍ക്ക് അല്ലാഹു ബറകത്ത് നല്‍കിയിട്ടുണ്ട്. ഈസാ നബി عليه السلام പറയുന്നതായി വിശുദ്ധ ഖു൪ആന്‍ ഉദ്ധരിക്കുന്നത് കാണുക.
ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന് എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന് പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന് ബറകത്തുള്ളവനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്കുവാനും അവന് എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:19/30-31)
എന്നാൽ ഒരാളുടെയോ ഒരു സ്ഥലത്തിന്റെയോ ഒക്കെ ‘ബറകത്തിൽ നിന്ന് മറ്റൊരാൾക്ക് ചോർത്തി എടുക്കാൻ പറ്റുമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല.
ഉദാഹരണത്തിന്: ഒരേ തെരുവിലുളള രണ്ടു പേരായ മുഹമ്മദും അഹമ്മദും ഒരേ പോലെയുള്ള കച്ചവടം ചെയ്യുന്നു. അതിൽ മുഹമ്മദിന്റെ കച്ചവടം അഭിവൃദ്ധിപ്പെടുന്നു അഹമ്മദിന്റെ കച്ചവടമാകട്ടെ നഷ്ടത്തിലുമാകുന്നു ഇവിടെ മുഹമ്മദിന്റെ കച്ചവടത്തിൽ അല്ലാഹു ബറക്കത്ത് നൽകി, അപ്പോൾ നഷ്ടത്തിലായ അഹമ്മദ് അല്ലാഹുവിനോട് ചോദിക്കുന്നു, അല്ലാഹുവേ നീ മുഹമ്മദിന്റെ കച്ചവടത്തിൽ കൊടുത്ത ബറകത്ത് കൊണ്ട് എനിക്ക് നല്കണമേ. ഇപ്രകാരം അഹ്മദ് ദുആ ചെയ്താൽ എങ്ങിനെയിരിക്കും?! അതൊരിക്കലും ശരിയല്ല എന്ന് നമുക്ക് മനസ്സിലാകും. എന്നാൽ മുഹമ്മദിനു ബറക്കത്ത് നൽകിയ അല്ലാഹുവേ എനിക്കും നീ ബറക്കത്ത് നല്കണമേ എന്ന് ദുആ ചെയ്യാവുന്നതുമാണ്.
ഇതുപോലെ ഒരാളുടെ നാസര്‍ എന്ന പേരുളള അയൽവാസിക്ക് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കുറെ കുട്ടികൾ ഉണ്ട്. ഇയാൾക്കാണെങ്കിൽ കുട്ടികളില്ല. അയാൾ, അല്ലാഹുവേ അയൽവാസി നാസറിന്റെ ബറക്കത്ത് കൊണ്ട് എനിക്ക് കുട്ടിയെ നല്കണമേ എന്ന് ദുആ ചെയ്താല്‍ എന്തായിരിക്കും സ്ഥിതി?! എന്നാൽ നാസറിന് ബറക്കത്ത് നൽകിയത് പോലെ അല്ലാഹുവേ എനിക്കും നീ ബറക്കത്ത് നല്കി കുട്ടികളെ കനിഞ്ഞു നല്കേണമേ എന്ന് ദുആ ചെയ്യാവുന്നതാണ്.
അപ്രകാരമാണ്, മഹാന്മാർക്ക് നീ കൊടുത്ത ബർക്കത്ത് കൊണ്ട് എനിക്ക് നല്കണമേ എന്ന് പറയുന്നത്. അതാകട്ടെ അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടില്ല, സ്വാഹാബികളിൽ നിന്ന് നമുക്ക് മാതൃകയുമില്ല. മാത്രമല്ല അല്ലാഹുവിന്റെ റസൂലിന് ബർക്കത്ത് ലഭിക്കാൻ നമ്മളോട് പ്രാർത്ഥിക്കാനാണ് അല്ലാഹു കല്പിച്ചിട്ടുളളത്. അതാണ് ഇബ്രാഹിമിയ്യ സ്വലാത്തിൽ നമ്മൾ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുന്നത്. ഇബ്രാഹിം (അലൈഹിസ്സലാം) നബിക്കും കുടുംബത്തിനും ബറക്കത്ത് നൽകിയത് പോലെ മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) നബിക്കും കുടുമ്പത്തിനും നീ ബറക്കത്ത് നല്കണമേ….
മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അല്ലെങ്കിൽ ഇന്ന വലിയിന്റെ ഹഖ് കൊണ്ട്, ജാഹ് കൊണ്ട്, ബറകത്ത് കൊണ്ട്, ചോദിക്കുന്നവരുടെ ഹഖ് കൊണ്ട്, വിശ്വാസികളുടെ ഹഖ് കൊണ്ട് അല്ലാഹുവിനോട് ചോദിക്കുക എന്നിവയെല്ലാം മതം അനുവദിക്കാത്ത തവസ്സുലാണ്. മഹാന്മാരുടെ ഹഖ്, ജാഹ്, ബർകത്തുകൾ കൊണ്ടുള്ള തവസ്സുലിന് വിശുദ്ധ ഖു൪ആനിന്റെയോ സ്വഹീഹായ ഹദീസുകളുടെയോ പിന്‍ബലമില്ല. ആ മഹാൻമാർപോലും അല്ലാഹുവിലേക്ക് ആവശ്യക്കാരാണെന്നതാണ് സത്യം.
അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു. (ഖു൪ആന്‍:17/57)
ഇത് പറയുമ്പോൾ ഇസ്ലാമിൽ ‘തവസ്സുല്‍’ ഇല്ല എന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇസ്ലാം അനുവദിച്ച തവസ്സുലുണ്ട്, ഇസ്ലാം വിരോധിച്ച തവസ്സുലുമുണ്ട്. മഹാന്മാരുടെ ഹഖ്, ജാഹ്, ബർകത്തുകൾ കൊണ്ടുള്ള തവസ്സുൽ ഇസ്ലാം വിരോധിച്ച തവസ്സുലിൽ പെട്ടതാണ്.