മുസ്ലിം ലീഗില്‍ ചേരല്‍ ഫര്‍ളും വാജിബും; കളള പ്രചാരണത്തിനൊരു ‘പൊന്‍’തൂവൽ
തയ്യാറാക്കിയത്: നാസ്വിഹ് അബ്ദുല്‍ബാരി
Last Update 10 October 2018
അല്‍മുര്‍ശിദിലെ കെ.എം.മൌലവിയുടെ അറബിമലയാളത്തിലുളള ലേഖനം ദുരുദ്ദേശ്യത്തോടെ വിവര്‍ത്തനം ചെയ്ത് പ്രചരിപ്പിച്ചത് സലഫി ലേഖനങ്ങളുടെ ക്വെട്ടേഷന്‍ എന്നും തെറ്റായി ഉദ്ധരിക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരില്‍ പ്രധാനി സാക്ഷാല്‍ ശൈഖ് മുഹമ്മദ് കാരക്കുന്നായിരുന്നു. കാരക്കുന്നില്‍നിന്നും അല്‍മുര്‍ശിദിലെ ക്വെട്ടേഷന്‍ അതേപടി ക്വോട്ട് ചെയ്താണ് ഇന്ന് പല ജമാഅത്തിന്‍റെ ‘ക്വെട്ടേഷന്‍ സംഘവും’ ഓണ്‍ലൈനില്‍ അട്ടഹസിക്കുന്നത്. പാര്‍ട്ടിക്കൂറ് പ്രകടിപ്പിക്കാനുളള ഇവരുടെ തരംതാണ പൈശാചിക വിനോദകുറിപ്പുകള്‍ തത്കാലം നമുക്കവഗണിക്കാമെങ്കിലും കെ.എം.മൌലവിയുടെ പ്രസ്തുത അല്‍മുര്‍ശിദ് ലേഖനം ഇനിയൊരു സുഹൃത്തും സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിയെടുക്കാതിരിക്കുവാനും ജമാഅത്തിന്‍റെ ഗ്രന്ഥകശാപ്പ് രാഷ്ട്രീയത്തിന് വിധേയമാക്കാതിരിക്കാനും വേണ്ടി പ്രസാധകക്കുറിപ്പുകള്‍ എന്ന ശീര്‍ഷകത്തിലുളള ആ ലേഖനത്തിലുളള കാര്യങ്ങള്‍ ചുവടെ ഉദ്ധരിക്കുന്നു.
അല്‍മുര്‍ശിദ് ലേഖനം: “സഹോദരങ്ങളെ, നിങ്ങളെല്ലാവരും ഇന്ന് ഇന്‍ഡ്യയിലും ലോകത്ത് മറ്റ് ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രധാന സംഭവങ്ങള്‍ നല്ലവണ്ണം അറിയുക. നിങ്ങളുടെ ഫര്‍ളുകള്‍ എന്തൊക്കെയെന്ന് നല്ലവണ്ണം ഓര്‍മവെച്ച് പ്രവര്‍ത്തിക്കുക.
സഹോദരങ്ങളെ, ഹിജ്റ 1356ാമത് കൊല്ലം ഇതാ നമ്മെ വിട്ടുപിരിയുന്നു. 1357ാമത് ഹിജ്രി കൊല്ലം ഇതാ ആരംഭിച്ചിരിക്കുന്നു. ഈ ലക്കത്തില്‍ ചേര്‍ത്തിട്ടുളള പുതുവത്സരം എന്ന ലേഖനത്തിലേക്ക് ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിച്ചുകൊള്ളുന്നു. സഹോദരങ്ങളെ, ഇന്ന് എവിടെയും മനുഷ്യരുടെ ശ്രദ്ധയെ ആകര്‍ഷിച്ചിരിക്കുന്ന ഏക പ്രശ്നം സാന്പത്തിക, മുതലാളി തൊഴിലാളി വര്‍ഗ്ഗ, ജന്മി കുടിയാന്‍ വാദം, കാര്‍ഷിക തൊഴിലാളി പ്രശ്നം എന്നീ പേരുകളാല്‍ അറിയപ്പെടുന്ന ധനസന്പാദനം സംബന്ധിച്ചുളള കുഴപ്പമാണെന്ന് നിങ്ങളെല്ലാവരും സമ്മതിക്കുകല്ലോ.
ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രധാനികളായറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റു, സുബാഷ് ചന്ദ്രബോസ് മുതലായ മാന്യന്‍മാരെപോലെ പല നേതാക്കന്മാരും ഈ കുഴപ്പത്തിന് പരിഹാരം കാണുന്നത് സോഷ്യലിസം എന്ന് പേര് പറയുന്ന സമസൃഷ്ടി വാദമാകുന്നു. എന്ന് വെച്ചാല്‍ സ്വകാര്യ ഉടമസ്ഥാവകാശം, സാന്പതികമായ വ്യത്യാസം, ധനവാന്‍, ദരിദ്രന്‍ എന്ന ഭേതം പാടേ നശിപ്പിക്കണം. എല്ലാവരും സ്വരാജ്യഭാരതത്തിലെ ജോലിക്കാരായിരിക്കണം. ഇന്ത്യയുടെ സ്വരാജ് എന്നതിനെ നേതാക്കന്മാര്‍ വിശദീകരിക്കുന്ന അര്‍ത്ഥത്തിലും അത് ഉള്‍പ്പെട്ടിരിക്കുന്നു. ഈ നില ഇന്ത്യയില്‍ വരുത്തുവാനാണ് ഇന്ന് അവര്‍ പരിശ്രമിക്കുന്നത്.
ഈ വാസ്തവം... കോണ്‍ഗ്രസ്സില്‍ വെച്ച് മിസ്റ്റര്‍ സുഭാഷ് ചന്ദ്രബോസ് ചെയ്ത അദ്ധ്യക്ഷപ്രസംഗത്തില്‍നിന്ന് വെളിപ്പെടുന്നതുമാണ്. ഇതിനാല്‍ കോണ്‍ഗ്രസിലെ ഈ നായകന്മാര്‍ ഇന്ത്യാരാജ്യത്തെ ഭയാനകരമായ ആപത്തിലേക്ക് തളളുകയാണെന്ന് ബുദ്ധിയുളളവര്‍ക്ക് മനസ്സിലാക്കുവാന്‍ വലിയ പ്രയാസമില്ല. പക്ഷേ, മഹാന്മാരായ നായകന്മാര്‍ വഴിപിഴക്കുന്പോള്‍ വളരെ ബുദ്ധിമാന്മാര്‍ തന്നെയും അവരെ പിന്തുടര്‍ന്ന് പോകുക ലോകത്ത് സാധാരണമായ ഒരു പതിവാണ്. ആ പ്രകൃതിനിയമം അനുസരിച്ച് ഇന്നിതാ ജവഹര്‍ലാല്‍ജിയുടെ സോഷ്യലിസത്തെ തുടരുവാന്‍ യുവാക്കന്മാരുടെ കൂട്ടം മുന്നോട്ട് ഗമിച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ ഉദ്യമം വിജയം പ്രാപിക്കുന്ന പക്ഷം -അതിന് ഇടവരാതിരിക്കട്ടെ- ഇന്ത്യയുടെ ഭരണം സോഷ്യലിസ്റ്റ് പാര്‍ട്ടി കരസ്ഥമാക്കും. അതിന് വിരോധികളായി ഹിന്ദുക്കളില്‍നിന്ന് ഒരു വലിയ ശക്തി ഉല്‍ഭവിക്കുകയും ചെയ്യും. അതിന്‍റെ ഫലം ഇന്ത്യാരാജ്യം ദീര്‍ഘമായ അന്തഛിത്രത്തില്‍ അകപ്പെട്ട് നരകിക്കുക എന്നതായി വന്നേക്കും. ഇന്ന് സ്പെയിനില്‍നിന്ന് എന്തൊരു വ്യസനകരമായ വാര്‍ത്തയാണോ കേള്‍ക്കുന്നത് അതേവിധമുളള ആപല്‍ക്കരമായ ഒരു ദുരവസ്ഥ ഇന്ത്യയിലും ബാധിക്കും. ഈ ദുര്‍ഗ്ഗതിയിലേക്കാണ് ഇന്ന് ഇന്ത്യാരാജ്യത്തെ കോണ്‍ഗ്രസ്സിലെ ഈ നായകന്മാര്‍ കൊണ്ടുപോകുന്നത്.
സഹോദരരെ, സത്യവിശ്വാസികളെ, മുസ്ലിം യുവാക്കളെ, ഈ ദുരവസ്ഥ ഇന്ത്യയില്‍ വരാതെ സൂക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഇന്ന് നിങ്ങള്‍ക്ക് അതിന് സൌകര്യമുളള ഒരു മാര്‍ഗ്ഗം ഇതാ തുറന്നിട്ടിരിക്കുന്നു. നിങ്ങളില്‍ ഓരോരുത്തരും മുസ്ലിം ലീഗിന്‍റെ പ്രചാരകന്മാരാകുക. നിങ്ങളുടെ പ്രായം തികഞ്ഞ എല്ലാ മുസ്ലിം സഹോദരന്മാരെയും സഹോദരിമാരെയും അതില്‍ മെന്പര്‍മാരാക്കി ചേര്‍ക്കുക. മുസ്ലിം സമുദായത്തില്‍ ദീനിയും ദുന്യവിയുമായ പ്രാഥമിക വിദ്യാഭ്യാസം പ്രചരിപ്പിച്ച് മുസ്ലിം സമുദായം ദീനിന്‍റെ കല്‍പനകള്‍ അനുസരിക്കുവാന്‍, പ്രവര്‍ത്തിയിലും മുസ്ലിംകളാകുവാന്‍ വേണ്ടി നിങ്ങള്‍ ശ്രദ്ധവെച്ച് അവര്‍ക്ക് ബോധം നല്‍കുക. അഞ്ചുസമയത്തെ നമസ്കാരവും, ജുമുഅ പെരുന്നാള്‍ മുതലായ ഇമാമും ജമാഅത്തുമായുളള എല്ലാ നമസ്കാരങ്ങളും, ഖുതുബകളും അവയുടെ ഫലം അനുഭവപ്പെടത്തക്കവിധം എല്ലാ മഹല്ലത്തുകളിലും നടപ്പിലാക്കുവാന്‍ യത്നിക്കുക. അതിനാല്‍ നാം എല്ലാവിധ ദുര്‍നടത്തങ്ങളെയും വിട്ട്, സന്മാര്‍ഗ്ഗബോധവും നീതിബോധവും ഉളളവരായി ഭവിക്കും. നമ്മില്‍ ധര്‍മ്മനിഷ്ടയും സഹനശീലവും ശക്തിപ്പെടും”. (കെ.എം.മൌലവിയുടെ അല്‍മുര്‍ശിദ് ലേഖനം)
എന്താണിതില്‍നിന്നും മനസ്സിലാകുന്നത്? വിവേചനബുദ്ധി ജമാഅത്തെ ഇസ്ലാമിയുടെ ചിന്താധാരകള്‍ക്ക് മുന്നില്‍ അടിയറവെച്ചിട്ടില്ലാത്ത വല്ലവരും ഇത് വായിക്കുന്നുണ്ടെങ്കില്‍ അവര്‍ ചിന്തിക്കുക. അന്ധമായ മുജാഹിദ് വിരോധത്തിന്‍റെയും അഹന്തയുടെയും മഞ്ഞക്കണ്ണടകള്‍ ഒന്ന് ഊരിവെച്ച് സദ്ബുദ്ധിയോടെ ഇതൊന്ന് മനസ്സിരുത്തി വായിക്കുക. അപ്പോള്‍ മനസ്സിലാക്കും നിങ്ങളുടെ നേതാക്കന്‍മാരുടെ ക്രൂരമായ കൈക്രിയകളുടെ ആഴം എത്ര വലുതാണെന്ന്. കെ.എം മൌലവിയുടെ അല്‍മുര്‍ശിദ് ലേഖത്തിന്‍റെ ശീര്‍ഷകം “പ്രസാധകക്കുറിപ്പുകള്‍” എന്നതാണ്. ഈ ഒരു പിന്‍കുറിക്ക് കീഴെയാണ് അദ്ദേഹം കേരള മുസ്ലിംകളോട് ചില പൊതുവായ കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. മുസ്ലിംകളോട് തങ്ങളുടെ ഫര്‍ളുകള്‍ ഓര്‍മവെച്ച പ്രവര്‍ത്തിക്കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് പ്രസ്തുത ലേഖനത്തിന്‍റെ ആദ്യ പാരഗ്രാഫില്‍ അദ്ദേഹം ചെയ്തത്. അല്ലാതെ, അതിനുശേഷം താഴെ പറഞ്ഞ കാര്യങ്ങളെല്ലാം മുസ്ലിംകളുടെ ഫര്‍ളുകള്‍ എന്ന് വിവരിക്കുകയായിരുന്നില്ല അദ്ദേഹം. ശേഷം അദ്ദേഹം മുസ്ലിംകളോട് ചില പൊതുവായ കാര്യങ്ങളാണ് പറയുന്നത്, അതാകട്ടെ പുതിയൊരു പാരഗ്രാഫിലുമാണ്താനും. അതിലദ്ദേഹം പലകാര്യങ്ങളും മുസ്ലിംങ്ങളെ ഉണര്‍ത്തുന്നതിനിടയില്‍ സ്വാതന്ത്രാനന്തരം ഇന്ത്യയില്‍ സംജാതമാകാന്‍ പോകുന്ന പുതിയ രാഷ്ട്രീയ സ്ഥിതിഗതികളെയും വിശകലനം ചെയ്യുന്നു. നെഹ്രുവിന്‍റെ ചില നയങ്ങളില്‍ അദ്ദേഹത്തിന്‍റെ ഉത്ഖണ്ഡ അദ്ദേഹം അവിടെ രേഖപ്പെടുത്തുന്നു. ആ രാഷ്ട്രീയ ദുരവസ്ഥ നാട്ടില്‍ വരാതെ സൂക്ഷിക്കേണ്ടത് മുസ്ലിംങ്ങളുടെ കടമയാണെന്നാണദ്ദേഹം അതില്‍ പറയുന്നത്. ഈ കടമ നിറവേറ്റാനുളള ഒരു മാര്‍ഗം എന്ന നിലക്ക് (ഏക മാര്ഗം എന്നല്ല, ഒരു മാര്‍ഗം എന്നാണദ്ദേഹം പറഞ്ഞത്. അതിനര്‍ത്ഥം വേറെയും മാര്‍ഗങ്ങളുണ്ടാകും എന്നുതന്നെയാണ്) കോണ്‍ഗ്രസ്സിന് ഒരു രാഷ്ട്രീയ ബദലായി മാത്രമാണദ്ദേഹം മുസ്ലിംങ്ങളോട് മുസ്ലിം ലീഗില്‍ ചേരാന്‍ പറയുന്നത്. അല്ലാതെ ജമാഅത്തെ ഇസ്ലാമി കള്ളപ്രചാരണം നടത്തുന്നത് പോലെ മുസ്ലിംങ്ങള്‍ക്ക് ഫര്‍ളും വാജിബുമാക്കികൊണ്ടല്ല, അങ്ങനെ ഒരു സൂചനപോലും അതിലില്ല.
മുസ്ലിം ലീഗില്‍ ചേരല്‍ ഓരോ മുസ്ലിമിനും ഫര്‍ളും വാജിബുമാണ് എന്ന് കെ.എം മൌലവി അല്‍മുര്‍ശിദില്‍ എഴുതിയിട്ടുണ്ട് എന്നായിരുന്നല്ലോ കള്ളപ്രചാരണത്തിന്‍റെ ഉസ്താദായ കാരക്കുന്നിന്‍റെ ദുരാരോപണം. എവിടെയാണ് അങ്ങനെ ഒരു വരി കെ.എം മൌലവി(റഹി)യുടെ ലേഖനത്തിലുളളത്? കാരക്കുന്ന് തൊടുത്തുവിട്ട ഈ കള്ളപ്രചാരണത്തിന് മുജാഹിദുകള്‍ പല വേദികളിലായി മറുപടിപറഞ്ഞിട്ടുളളതാണ്. ചീഞ്ഞുനാറി ഒടുക്കം കാരക്കുന്നിന് പിന്‍വാങ്ങേണ്ടി വന്നപ്പോള്‍ ദാ വരുന്നു ചില ശിഷ്യന്‍മാര്‍ അടുത്തത്. ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളം എന്ന് പഴമക്കാര്‍ പറഞ്ഞത് ഇതിലും ബാധകമായോ റബ്ബേ!!!