ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും വ്യത്യസ്ഥമായ എന്തു സേവനങ്ങളാണ് മുജാഹിദ് പ്രസ്ഥാനം ചെയ്തത്?

തയ്യാറാക്കിയത്: അന്‍വര്‍ അബൂബക്കര്‍

Last Update 10 October 2018

ചോദ്യം: മുസ്ലിം കൈരളിയുടെ സാമൂഹിക പരിവര്‍ത്തനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. ഈ കാര്യം ചര്‍ച്ചയാകുന്പോഴെല്ലാം പലപ്പോഴും മൌദൂദി അനുയായികള്‍ ചോദിക്കാറുണ്ട്; ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് വ്യത്യസ്ഥമായ എന്തു സേവനങ്ങളാണ് മുജാഹിദ് പ്രസ്ഥാനം കേരളത്തില്‍ ചെയ്തത്. ഈ ചോദ്യത്തിന് എന്ത് മറുപടിയാണുളളത്?

ഉത്തരം: ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മഹനീയ ആദര്‍ശം ഊര്‍ജ്ജസ്വമായി കാത്തുസൂക്ഷിച്ചുകൊണ്ടാണ് മുസ്ലിം കൈരളിയുടെ സാമൂഹിക പരിവര്‍ത്തനത്തിന് മുജാഹിദ് പ്രസ്ഥാനം നേതൃത്വം നല്‍കിയത്. ശിര്‍ക്ക് ബിദ്അത്തുകളോട് ഒരിക്കലും രാജിയാകാതെ സമുദായത്തെ ഒന്നടങ്കം പരിഗണിച്ചുകൊണ്ടുളള പ്രചോദനദായകമായ പ്രവര്‍ത്തനങ്ങളാണ് മുജാഹിദുകള്‍ ചരിത്രത്തില്‍ നിര്‍വ്വഹിച്ചത്. സമുദായത്തിന് അഭിമാനിക്കാനുളള ഒരു സ്ഥിതിവിശേഷമാണതുകൊണ്ട് ഉണ്ടായിത്തീര്‍ന്നതെന്ന് നിസ്സംശയം പറയാം.

ഒരു കാലത്ത് ജമാഅത്തിന്‍റെ യൂനിഫോറത്തിനകത്തുണ്ടായിരുന്ന പിന്നീട് പ്രസ്ഥാനത്തിന്‍റെ വെളിയിലേക്ക് പുറംതള്ളപ്പെട്ട ഒ. അബ്ദുല്ലാ സാഹിബ് ചേന്ദമംഗല്ലൂരിലെ പ്രാസ്ഥാനിക ചലനങ്ങളുടെ ചൂടും ചൂരുമെല്ലാം അയവിറക്കികൊണ്ട് എഴുതിക്കുറിച്ച ഒരു താളില്‍ ഇങ്ങനെ കാണാം: “(ചേന്ദമംഗല്ലൂരിലെ) അയല്‍ പ്രദേശങ്ങളായ കൊടിയത്തൂര്‍, മുന്നൂര്‍, മുക്കം, കാരശ്ശേരി മുതലായ ഗ്രാമങ്ങള്‍ അന്ധവിശ്വാസത്തിന്‍റെ കരിന്പടം പുതച്ചുറങ്ങിയപ്പോള്‍ അത്തരം സകല വിശ്വാസങ്ങളെയും തൂത്തെറിഞ്ഞ് ചേന്ദമംഗല്ലൂരിനെ പരിഷ്കാരത്തിന്‍റെ പുത്തന്‍പാതയിലൂടെ കൈപിടിച്ചു നടത്തിയത് മുജാഹിദ് പ്രസ്ഥാനമാണ്. മുജാഹിദ് പ്രസ്ഥാനത്തിന്‍റെ സജീവ സാന്നിധ്യമുണ്ടായിരുന്നില്ലെങ്കില്‍ അയല്‍ഗ്രാമങ്ങളെപ്പോലെ, രോഗം ബാധിച്ചാല്‍ തങ്ങന്‍മാരെയും സിദ്ധന്‍മാരെയും സമീപിച്ച് നൂലും വെള്ളവും മന്ത്രിച്ചും പ്രസവവേദന വന്നാല്‍ പിഞ്ഞാണം എഴുതിക്കുടിച്ചും ഈ ഗ്രാമം ഘനാന്ധകാരത്തില്‍ കഴിയേണ്ടിവരുമായിരുന്നു. 1940കളുടെ ആദ്യത്തില്‍തന്നെ സകലവിധ അന്ധവിശ്വാസങ്ങളും വലിച്ചെറിഞ്ഞ് ചുറ്റുപാടുകള്‍ക്കു പേടിസ്വപ്നമാവുമാറ് നവോത്ഥാനത്തിന്‍റെ വിപ്ലവപതാകയുമായി രംഗത്തിറങ്ങാന്‍ ഞങ്ങളുടെ ഗ്രാമത്തെ അണിയിച്ചൊരുക്കിയത് മുജാഹിദ് പ്രസ്ഥാനമാണ്. അവര്‍ കാടു വെട്ടിത്തെളിച്ച് ഉഴുതു ശരിപ്പെടുത്തിയതില്‍ വിളയിറക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്.” (ഒ. അബ്ദുല്ലാ, ശത്രുക്കളല്ല സ്നേഹിതന്‍മാര്‍, പേജ് 38)

ജമാഅത്തെ ഇസ്ലാമിക്ക് അന്യവും മുജാഹിദ് പ്രസ്ഥാനത്തിന്‍റെ സവിശേഷതയുമായ ‘നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക’ എന്ന സ്തുത്യര്‍ഹമായ കര്‍മ്മത്തിന്‍റെ പ്രയോക്താക്കള്‍ ആരെന്ന് മേല്‍കുറിച്ചിട്ട വരികള്‍ അറിയിക്കുന്നുണ്ട്. മുജാഹിദുകള്‍ ഉഴുതു ശരിപ്പെടുത്തിയ മണ്ണില്‍ വിളയാണോ കളയാണോ ജമാഅത്തിറക്കിയതെന്ന വിഷയം വിവച്ഛേദിക്കപ്പെടേണ്ടതുണ്ട്. മുജാഹിദുകളുടെ തൌഹീദ് മുറിയന്‍ തൌഹീദെന്നാക്ഷേപിക്കുന്ന നവാഗത വിദൂഷകന്‍മാര്‍ക്ക് വേണ്ടി പ്രസ്തുത അപഗ്രഥനം മറ്റൊരവസരത്തിലേക്ക് തത്കാലം മാറ്റിവെക്കുന്നു.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല മുജാഹിദുകളുടെ സംഭാവനകള്‍. മുസ്ലിം കൈരളിയുടെ ബഹുമുഖ വളര്‍ച്ചയില്‍ മുഖ്യമായ സാരഥ്യം നിര്‍വ്വഹിക്കാനും സമൂദായത്തിന്‍റെ ഉന്നമനത്തിന് വേണ്ടി സര്‍വ്വതും ആത്മസമര്‍പ്പണം ചെയ്തുകൊണ്ട് സാമാന്യജനത്തിനടക്കം കൃത്യമായ ദിശാബോധം നല്‍കാനും ഈ നവോത്ഥാന പ്രസ്ഥാനത്തിനും അതിന്‍റെ വക്താക്കള്‍ക്കും സാധിച്ചിട്ടുണ്ട്. അതിനെകുറിച്ചുളള ഒരു സംക്ഷിപ്തം നിലവില്‍ ജമാഅത്തിനകത്തുളളവര്‍തന്നെ തുടര്‍ന്ന് പറയട്ടെ: “കേരളമുസ്ലിം നവോത്ഥാനത്തില്‍ ഇസ്ലാഹീ സംഘടനകള്‍ വഹിച്ച പങ്ക് വിവരണമാശ്യമില്ലാത്തവിധം സുവിദിതമാണ്. 1922ല്‍ കൊടുങ്ങല്ലൂരില്‍ കേരള മുസ്ലിം ഐക്യസംഘം രൂപംകൊണ്ടതോടെയാണ് കേരളത്തില്‍ ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്. കൊടിയ അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുസ്ലിം സമുദായത്തെ അടക്കി ഭരിച്ചിരുന്ന കാലമായിരുന്നു അത്. സയ്യിദ് സനാഉല്ലാ മക്തി തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനവും ശൈഖ് ഹമദാനിയുടെ ഇല്‍ഫതുല്‍ ഇസ്ലാം പാകപ്പെടുത്തിയ സാമൂഹിക പരിസരവും കെ.എം മൌലവി, ഇ.കെ മൌലവി, എന്‍.വി അബ്ദുസ്സലാം മൌലവി, എം.സി.സി. അബ്ദുര്‍റഹ്മാന്‍, എ. അലവി മൌലവി, ശൈഖ് മുഹമ്മദ് മൌലവി, എ.കെ അബ്ദുല്‍ലത്വീഫ് മൌലവി, പി.സൈദ് മൌലവി, ഡോ.ഉസ്മാന്‍, കെ.എന്‍ ഇബ്രാഹിം മൌലവി, പി.കെ മൂസ മൌലവി, കെ.പി മുഹമ്മദ് ഇബ്നു അഹ്മദ് തുടങ്ങിയ പണ്ഡിതന്‍മാരുടെ സംഘാടന കഴിവുമാണ് ഇസ്ലാഹീ സംരഭങ്ങളുടെ രംഗപ്രവേശത്തിനും വളര്‍ച്ചക്കും വഴിയൊരുക്കിയത്. 1924ല്‍ ആലുവയില്‍ ചേര്‍ന്ന കേരള മുസ്ലിം ഐക്യസംഘത്തിന്‍റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍, കേരള ജംഇയ്യതുല്‍ ഉലമ രൂപം കൊണ്ടതോടെ ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതത്വവും കരുത്തും കൈവന്നു. ഇതിന്‍റെ തുടര്‍ച്ചയായി 1950ല്‍ കേരള നദ് വതുല്‍ മുജാഹിദീന്‍ പിറവിയെടുത്തതോടെ പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാര്‍ക്കും പങ്കാളിത്തം ലഭിച്ചു. തുടര്‍ന്നുണ്ടായ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കുമെല്ലാം പ്രത്യേകം വേദികള്‍ രൂപം കൊണ്ടു. അങ്ങനെ കേരളത്തില്‍ പടര്‍ന്നു പന്തലിക്കാനും സമുദായത്തിലെ സജീവസാന്നിധ്യമാകാനും മുജാഹിദ് സംഘടനകള്‍ക്കു സാധിച്ചു. മഹത്തായ സംഭാവനകള്‍: കേരള മുസ്ലിം മുന്നേറ്റത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കാന്‍ നദ് വതുല്‍ മുജാഹിദിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. അത്യന്തം അപകടകരമായ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും സമുദായത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ മോചിപ്പിക്കാന്‍ ഇസ്ലാഹി സംഘടനകള്‍ക്കു കഴിഞ്ഞു. മുസ്ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയിലും സാമൂഹികപുരോഗതിയിലും നിര്‍ണായക പങ്കുവഹിച്ചു. ഭൌതിക വിദ്യാഭ്യാസത്തോട് മുഖം തിരിച്ചു നിന്നിരുന്ന മുസ്ലിം സമൂഹത്തിന്‍റെ മനോഗതം മാറ്റുന്നതിലും സ്ത്രീകള്‍ അക്ഷരം പഠിക്കുന്നതില്‍ നിലനിന്നിരുന്ന വിലക്കുകള്‍ നീക്കുന്നതിലും മുജാഹിദ് സംഘടന സാരമായ സ്വാധീനം ചെലുത്തി. അശാസ്ത്രീയമായ പാഠ്യരീതികള്‍ പിന്തുടര്‍ന്നിരുന്ന ഓത്തുപള്ളികള്‍ക്കും പള്ളിദര്‍സുകള്‍ക്കും പകരം മദ്റസകളും അറബി കോളേജുകളും സ്ഥാപിക്കുന്നതിലും വളര്‍ത്തികൊണ്ടു വരുന്നതിലും ഇസ്ലാഹീ പ്രവര്‍ത്തകര്‍ പങ്കുവഹിച്ചു. സമുദായത്തിന്‍റെ ശ്രദ്ധ വിശുദ്ധഖുര്‍ആന്‍റെയും പ്രവാചകചര്യയുടെയും പഠനത്തിലേക്കു തിരിച്ചു വിടുന്നതിലും ചെറുതല്ലാത്ത സംഭാവനകളര്‍പ്പിച്ചു. മുസ്ലിം കേരളത്തിന്‍റെ ബഹുമുഖമായ വളര്‍ച്ചയില്‍ അഭിമാനാര്‍ഹമായ നേട്ടം തന്നെയാണിതെല്ലാം.” (ശൈഖ് മുഹമ്മദ് കാരക്കുന്ന്, പ്രബോധനം 2008 ഫെബ്രുവരി 9)

ഇന്‍ഡ്യന്‍ സ്വാതന്ത്ര സമരം മുതല്‍ നാളിതുവരെയുളള സമയങ്ങളില്‍ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും പുരോഗമനത്തിന് വേണ്ടി നിലകൊള്ളാന്‍ കേരളത്തിലെ സലഫികള്‍ക്ക് സാധിച്ചത് ഇസ്ലാമിക ശിക്ഷണങ്ങളുടെ പ്രായോഗികതയെ അറിയിക്കുന്നതാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന്‍റെ മുന്പും ശേഷവും ജമാഅത്ത് അതിന്‍റെ പ്രവര്‍ത്തന മേഖലയിലുണ്ടായിരുന്ന കാലയളവിലാണ് മുജാഹിദുകള്‍ മേല്‍പറഞ്ഞ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ സാമുഹ്യ ഭദ്രതക്ക് ഭീഷണിയായികൊണ്ടും സമുദായത്തിന്‍റെ പുരോഗതിക്ക് തടസ്സം നിന്നുകൊണ്ടും തൊള്ളയിലൊതുങ്ങാത്ത മുദ്രാവാക്യങ്ങളുമായി ‘ത്വാഗൂത്തിനെ’തിരെ മുഷ്ഠിചുരുട്ടി ഇറങ്ങാനുളള ട്രെയിനിങ്ങ് പിരിഡിലായിരുന്നു അന്നേരം ഈ ‘രാഷ്ട്രീയ’ പ്രവര്‍ത്തകര്‍. കേരളത്തിന്‍റെയോ സമുദായത്തിന്‍റെയോ സ്വന്തം പ്രസ്ഥാനത്തിന്‍റെയോ പോലും ഗതകാലചരിത്രമറിയാത്തവരാണ് ഇന്നത്തെ പല ജമാഅത്ത് ‘ഓണ്‍ലൈന്‍ തൊഴിലാളികള്‍’. അവരില്‍നിന്നാണ് അവിവേകവും ലജ്ജാവഹവുമായ പൊളിവചനങ്ങള്‍ കൂടുതലായും മുജാഹിദുകള്‍ക്ക് നേരെ പ്രസരിച്ചുകൊണ്ടിരിക്കുന്നത്. മക്തി തങ്ങളുടെ ഈ വാക്കുകള്‍ എന്തുമാത്രം ശരി, “ജ്‌ഞാനമില്ലെങ്കില്‍ മാനമില്ല, മാനമില്ലെങ്കില്‍ നാണമില്ല.”

0
0
0
s2sdefault

ജമാഅത്തെ ഇസ്‌ലാമി : മറ്റു ലേഖനങ്ങൾ