ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ വോട്ട് ആര്‍ക്ക്?
തയ്യാറാക്കിയത്: സിറാജുല്‍ ഇസ്ലാം ബാലുശ്ശേരി
Last Update 10 October 2018
ചോദ്യം: ജമാഅത്തെ ഇസ്ലാമി ആദ്യമായി വോട്ട് ചെയ്തത് ആര്‍ എസ് എസ് ഉള്‍കൊളളുന്ന ജനതാ പാര്‍ട്ടി സഖ്യത്തിനായിരുന്നു എന്ന കാര്യം മുജാഹിദുകള്‍ പ്രചരിപ്പിക്കുന്ന കളവാണെന്നും അതിന് രേഖയില്ലെന്നും ചില ജമാഅത്ത് അനുയായികള്‍ ഇപ്പോള്‍ വാദിക്കുന്നു. ഇതിന്‍റെ വസ്തുതയെന്ത് ?
ഉത്തരം: സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യമാക്കാനുമുളള ജമാഅത്തെ ഇസ്ലാമിയുടെ പാടവം വിശ്രുതമാണ്. അതില്‍പെട്ട ഒന്നാണ് അവരുടെ കന്നി വോട്ട് ആര്‍.എസ്.എസിന്‍റെ ഭാഗമായ ജനതാ പാര്‍ട്ടിക്ക് നല്‍കിയതും, തുടര്‍ന്ന് അവരെ മാലയിട്ട് സ്വീകരിച്ചതും ചരിത്രരേഖകളില്‍ നിന്നും ചുരണ്ടിക്കളയാനുളള സമകാലിക വ്യഗ്രത. 1975 ജൂണ്‍ 25ന് ഇന്ത്യാരാജ്യത്ത് നടപ്പാക്കപ്പെട്ട അടിയന്തരാവസ്ഥയും അതിനുശേഷം നടന്ന ഇലക്ഷനില്‍ ഇന്ദിരാഗാന്ധി സര്‍ക്കാറിനെ താഴെയിറക്കാനായി ആര്‍.എസ്.എസ് ഉള്‍പ്പടെയുളള വ്യത്യസ്ഥ കക്ഷികള്‍ ജനതാ പാര്‍ട്ടിക്ക് കീഴില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചതും ചരിത്രമറിയുന്ന ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. രാജ്യത്തിന്‍റെ മതേതരത്വത്തിന് വലിയ ഭീഷണിയായി വര്‍ത്തിച്ച ആര്‍.എസ്.എസുമായി കൂട്ടുകൂടാന്‍ അന്ന് ജമാഅത്തെ ഇസ്ലാമിക്ക് യാതൊരു മടിയുമുണ്ടയില്ല.
ഈ കാര്യം ജമാഅത്തിന്‍റെ ജിഹ്വയായ പ്രബോധനം തന്നെ രേഖീകരിച്ചിട്ടുളളതാണ്. രാജ്യത്ത് ജമാത്തിന്‍റെ തിരഞ്ഞെടുപ്പ് “പരിണാമം” വിവരിക്കവെ ഇവര്‍ എഴുതി: “ബാഹ്യമായ എല്ലാ കണക്കുകൂട്ടലുകളും തനിക്കനുകൂലമാണെന്നു കണ്ട ശ്രീമതി ഇന്ദിരാഗനാന്ധി 1977ല്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി, അവര്‍ക്കെതിരെ അണിനിരന്നു. അടിയന്തരാവസ്ഥ എടുത്തുകളയാനും കേന്ദ്ര സര്‍ക്കാരിന് അമിതാധികാരങ്ങള്‍ ഉറപ്പുവരുത്തുന്ന 42ാം ഭരണഘടനാ ഭേദഗതി റദ്ദാക്കാനും സംഘടനകളുടെ പേരിലുളള നിരോധം നീക്കാനുമായിരിക്കും തങ്ങള്‍ സര്‍വഥാ പ്രാധാന്യം കല്‍പിക്കുകയെന്ന് അവര്‍ ജനങ്ങള്‍ക്കുറപ്പു നല്‍കി. ജമാഅത്ത് നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നുവെങ്കിലും, നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. പ്രവര്‍ത്തന സ്വാതന്ത്ര്യം വീണ്ടെടുക്കാനും രാജ്യത്തെ ഏകാധിപത്യ പ്രവണതകളില്‍നിന്ന് രക്ഷിക്കാനും ഇലക്ഷനെ പ്രയോജനപ്പെടുത്തുന്നത് തികച്ചും ഇസ്ലാമികവും ന്യായവുമായ അവകാശമാണെന്നവര്‍ മനസ്സിലാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളിലും ജമാഅത്ത്, പ്രതിപക്ഷത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഫലം, സന്തുഷ്ടിക്കും സംതൃപ്തിക്കും വക നല്‍കുന്നതായിരുന്നു. ഇന്ദിരാ സര്‍ക്കാര്‍ തറപറ്റി. ജനതാ ഗവണ്‍മെന്‍റ് അധികാരത്തില്‍വന്നു.” (പ്രബോധനം ജ.ഇ. അമ്പതാം വാര്‍ഷിക പതിപ്പ്:ജമാഅത്തും തിരഞ്ഞെടുപ്പും)
ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ക്ക് വലിയ അപമാനം വരുത്തിവെച്ച ജമാഅത്തിന്‍റെ പ്രസ്തുത പ്രവര്‍ത്തനം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ അതില്‍നിന്നും വഴുതിപ്പോകാനുളള വൈദഗ്ദ്ധ്യം വാമൊഴിയായും വരമൊഴിയായും പ്രസ്ഥാന പ്രവര്‍ത്തകര്‍ പുറത്തെടുത്തുകൊണ്ടിരുന്നു. അതിന്‍റെ ഭാഗമായി ആര്‍.എസ്.എസുമായി ഉണ്ടാക്കിയെടുത്ത നാണംകെട്ട ബാന്ധവത്തെ ന്യായീകരിക്കാനും തിരസ്കരിക്കാനുമുളള ജമാഅത്തിന്‍റെ ദ്വന്ദ്വഭാവം പേജുകളില്‍ പ്രത്യക്ഷപ്പെട്ടു.
അതിങ്ങനെ വായിക്കാം: “അടിയന്തിരാവസ്ഥയിൽ ജമാഅത് പ്രവർത്തകർ ജയിലിൽ അടക്കപെട്ടപ്പോൾ ആര്‍.എസ്.എസ്സിന്‍റെ നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും സഹതടവുകാർ ആയി ഉണ്ടായിരുന്നു. ഇതുമൂലം പ്രസ്തുത സംഘടനയിലെ എല്ലാ തട്ടുകളിലും പെട്ട ആളുകളെ അടുത്ത് കാണുവാനും വളരെ വിശദമായി പരസ്പരം മനസ്സിലാക്കുവാനും അവസരം ലഭിച്ചു. ജയിലിൽ വച്ചും ജയിൽ മോചനത്തിന് ശേഷവും അവരുടെ പത്രങ്ങളിലൂടെ ജമാഅത്തിനെ കുറിച്ച് നല്ല അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഇത് കാരണം ആയി. ജമാത്തിനോട് വിരോധമുളള കമ്മ്യൂണിസ്റ്റുകളും സെക്യൂലറിസ്റ്റുകളും അടിയന്തിരാവസ്ഥ വരെ ഉന്നയിച്ചിരുന്ന ഒരാരോപണം ആര്‍.എസ്.എസ്സിന്‍റെ വളർച്ചക്ക് കാരണം ജമാഅത്തെ ഇസ്ലാമി ആണെന്നായിരുന്നു. അടിയന്തിരാവസ്ഥക്ക് ശേഷം ആര്‍.എസ്.എസുകാർ ജമാഅത്തിനെ കുറിച്ച് നല്ല അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയത് ഇവരുടെ ആരോപണങ്ങളുടെ ദൗർബല്യം തുറന്നു കാട്ടി. അപ്പോൾ അവർ പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നു. ജമാഅത്തും ആര്‍.എസ്.എസും രഹസ്യ ധാരണയിൽ ഏർപ്പെട്ടിരിക്കുകയാണെന്നായിരുന്നു ഒരു പ്രചാരണം. ജംഷെദ്‌പൂർ കലാപം ജമാഅത്തിന്‍റെയും ആര്‍.എസ്.എസ്സിന്‍റെയും ഒരു കൂട്ടുസംരംഭമാണെന്ന് വരെ ആരോപിക്കപ്പെട്ടു. ഈ ആരോപണം ചില മുസ്ലിം സംഘടനകളും പിന്നീട് ഏറ്റുപിടിക്കുകയുണ്ടായി എന്നുള്ളത് ഏറെ ഖേദകരം ആണ്. എന്നാൽ പരസ്പരം അടുത്ത് മനസ്സിലാക്കി ശത്രുതയുടെ അന്തരീക്ഷം മാറ്റിയെടുക്കുകയും രാജ്യനിവാസികളുടെ പൊതുക്ഷേമത്തിന് സഹകരണം തേടുകയുമായിരുന്നു ജമാഅത് ആര്‍.എസ്.എസുമായി ചില തലങ്ങളിൽ പുലർത്തിയ ബന്ധത്തിന്റെ സാരാംശം എന്നതായിരുന്നു വാസ്തവം. ജമാഅത്ത് അമീറും മറ്റു നേതാക്കളും ഇക്കാര്യം പലതവണ വ്യക്തമാക്കുകയുണ്ടായി.”* *(പ്രബോധനം ജ.ഇ. അമ്പതാം വാര്‍ഷിക പതിപ്പ്, ജമാഅത്തെ ഇസ്ലാമി എഴുപത്-എണ്‍പതുകളില്‍)
ജമാഅത്തിന്‍റെ കേന്ദ്ര സംസ്ഥാന നേതാക്കളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജയിലിടലക്കപ്പെട്ടപ്പോള്‍ ഉടലെടുത്ത ആര്‍.എസ്.എസുമായുളള സഹകരണം ചില തലങ്ങളില്‍ പുലര്‍ത്തിപ്പോന്നതിനെയാണ് കഴിഞ്ഞകാലത്തും അടുത്തുമായി മുജാഹിദുകളടക്കമുളള സമുദായ സ്നേഹികളും മറ്റു ഇതര മതേതരവാദികളും വിമര്‍ശിച്ചുപോന്നത്. ഇന്‍ഡ്യന്‍ മുസ്ലിംകള്‍ക്കാകമാനം അപമാനംവരുത്തിയ അറിയപ്പെട്ട ജമാഅത്തിന്‍റെ ഇത്തരം അശുദ്ധകൂട്ടുകെട്ടുകള്‍ കണ്ണടച്ച് ഇപ്പോള്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നത് പ്രസ്തുത നാണക്കേടിന്‍റെ ആഴമാണ് അറിയിക്കുന്നത്. കള്ളന് ചൂട്ടുപിടിച്ചു കൊടുക്കുന്ന പാരമ്പര്യം ഏതായാലും മുസ്ലീംകള്‍ക്ക് അനുഗുണമല്ല.