ചുണ്ടങ്ങാ കൊടുത്ത് വഴുതനങ്ങ വാങ്ങുന്നവര്‍
തയ്യാറാക്കിയത്: അന്‍വര്‍ അബൂബക്കര്‍
Last Update 05 September 2017
വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍റെ കീഴില്‍ നടത്തിയ “ഒരേ ഒരിന്ത്യ ഒരൊറ്റ ജനത” യെന്ന പ്രമേയത്തെ ആസ്പദമാക്കിയുളള കാമ്പയിൻ മതേതരത്വ മൂല്യത്തെ ഹനിക്കാനിറങ്ങിപ്പുറപ്പെട്ടവര്‍ക്ക് വലിയ നടുക്കം സൃഷ്ടിച്ചിരുന്നു. മതത്തെ വർഗീയ വിദ്വേശവത്കരിക്കുന്നവരെ തുറന്ന് കാണിക്കുന്ന കാന്പയില്‍ ലഘുലേഖകള്‍ വര്‍ഗീയവാദികളില്‍ ഏറെ അനിഷ്ടം വരുത്തിയതിന്‍റെ അടയാളമാണ് സംഘപരിവാര്‍ ശക്തികളുടെ ഫാസിസ്റ്റ് രൂപം പറവൂര്‍ വടക്കേക്കരയില്‍ കാണാനിടയായത്. നിയമപാലകരുടെയും ഭരണകൂടത്തിന്‍റെയും പിന്തുണയും ഒത്താശയും ഫാസിസ്റ്റ് ശക്തികള്‍ക്ക് ലഭിക്കുന്നു എന്നത് ജന്മദേശത്തോട് സ്നേഹവും കൂറും പ്രകടിപ്പിക്കുന്ന മുസ്ലിം സമുദായത്തില്‍ ആകുലതകള്‍ ജനിപ്പിക്കുന്നുണ്ട്. ഈ അവസരത്തില്‍ അസാമാന്യമായ അവധാനതയോടും ഉത്തരവാദിത്വബോധത്തോടുകൂടിയാണ് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ അതിന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്പോട്ട് പോകുന്നത്. എന്നാല്‍ സ്ഥലകാലബോധം അല്‍പംപൊലും തൊട്ടുതീണ്ടാത്ത ചില ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ചുണ്ടങ്ങാ കൊടുത്ത് വഴുതനങ്ങ വാങ്ങിക്കുന്ന സ്വഭാവമാണ് സോഷ്യല്‍മീഡിയയിലൂടെ പ്രകടിപ്പിക്കുന്നത്.
ചെറിയ കുട്ടികളുടെ കളികള്‍ക്കിടയിലുണ്ടാകുന്ന വഴക്കുകളില്‍ ചിലപ്പോള്‍ അവര്‍ പരസ്പരം ഉപദ്രവിക്കാറുണ്ട്. കുറേയൊക്കെ ഉപദ്രവമേല്‍ക്കുന്ന കുട്ടി ക്ഷമയും കാണിക്കും. ഒടുക്കം നിവര്‍ത്തിയില്ലാതെ വരുന്പോള്‍ അവന് രോഷാകുലനായി കുറച്ചു കൂടിയതരത്തിലുളള ഉപദ്രവം തിരിച്ചും കൊടുക്കും. ഇത്തരം അവസരത്തില്‍ നാം പൊതുവില്‍ പറയാറുളളതാണ് എന്തിനാ ചുണ്ടങ്ങാ കൊടുത്ത് വഴുതനങ്ങ വാങ്ങിക്കുന്നതെന്ന്. പ്രകോപനങ്ങളിലൂടെ ശുണ്ഠിയെടുപ്പിച്ച് ശല്യം വിളിച്ചുവെരുത്തുന്നവരുടെ അപരാധങ്ങള്‍ ജമാഅത്ത് നേതൃത്വത്തില്‍ വിവേകമതികളുണ്ടെങ്കില്‍ ഇനിയെങ്കിലും തടയമുമെന്ന് നമുക്കനുമാനിക്കാം.
വിശ്വാസ സംസ്കരണത്തോടൊപ്പം രാജ്യത്തോടും സമൂഹത്തോടും പുലര്‍ത്തിപോരേണ്ട വ്യക്തി വൈശിഷ്‌ടമാണ് വിസ്ഡം കാന്പയിന്‍ ലഘുകൃതിയിലെ മുഖ്യമായ പ്രതിപാദ്യം. ഏകദൈവാരാധന മുതല്‍ ദേശക്കൂറും സാമൂഹ്യബാധ്യതയും ഉയര്‍ത്തിക്കാട്ടുന്ന ഈ ലേഖനം സമൂഹത്തില്‍ നിലനില്‍ക്കുന്ന മുഖ്യമായ തിന്മകളെയും തുറന്ന് കാണിക്കുന്നതില്‍ നീതിപൂര്‍വ്വമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കാന്പയിനില്‍ ഉയര്‍ത്തിക്കാട്ടിയ പ്രമേയത്തോട് നൂറുശതമാനവും സത്യസന്ധമാകാന്‍ ആര്‍.എസ്.എസ്സ് പോലുളള മതരാഷ്ട്ര വാദികളുടെ സ്വാതന്ത്രപോരാട്ടത്തിന്റെ നിസ്സഹരകരണം മാത്രം എടുത്തുപറഞ്ഞാല്‍ പോരല്ലോ, ലാത്ത പോയി മനാത്ത വന്നു എന്ന വിഖ്യാതമായ ജമാഅത്ത് മുദ്രാവാക്യം അറിയിക്കുന്നതും അതല്ലേ. മതത്തിന്‍റെ പേരില്‍ രാഷ്ട്രത്തില്‍ ഛിദ്രതയും ഭിന്നതയും ഉണ്ടാക്കാന്‍ ശ്രമിച്ച ഉഗ്രവാദികളെ സമൂഹത്തില്‍ തുറന്ന് കാണിക്കുന്നത് ഈ കാന്പയിനിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍പെട്ടതാണ്. അത് കുറിക്ക് തന്നെ കൊള്ളുന്നു എന്നതിന്‍റെ അടയാളമാണ് ഇവരില്‍ ചിലരുടെ അസഹ്യത നിറഞ്ഞ പ്രകോപനങ്ങള്‍.
ജമാഅത്തെ ഇസ്ലാമി സമൂഹത്തിലുണ്ടാക്കിയത് തീവ്ര അപശബ്ദങ്ങളാണെന്നത് മുജാഹിദുകളുടെ മാത്രം നിരീക്ഷണമല്ല. യുക്തിബോധമുള്ള ചിന്താശേഷി നശിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും മൌദൂദി കണ്ടെത്തിയ ആദര്‍ശം വായിക്കുമ്പോള്‍ മനസ്സിലാകും മുജാഹിദുകള്‍ നാളിതുവരെ പറഞ്ഞത് വസ്തുതയാണെന്ന്. ഒരു കാലത്ത് മൌദൂദിയുടെ ആശയങ്ങള്‍ മലയാളികളില്‍ പ്രസരിപ്പിക്കാന്‍ പേന ഉന്തിയ, ജമാഅത്ത് നേതൃത്വത്തില്‍ പ്രധാനിയായിരുന്ന ഒ. അബ്ദുല്ലാഹ് സാഹിബ് മൌദൂദിയുടെ ആദര്‍ശത്തിലെ ഈ അപകടം കണ്ടെത്തിയിട്ടുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിന് ശേഷം മുസ്ലിംലോകത്തെ ഭരണമേഖലകളിലുണ്ടായ രാഷ്ട്രീയ അധഃപതനവും സമുദായത്തിന്‍റെ ദുഃസ്ഥിതിയുമെല്ലാം അദ്ദേഹം സ്വന്തം ശൈലിയില്‍ തല്ലിയും മെതച്ചും ഊതീവീര്‍പ്പിച്ചും അവതരിപ്പിച്ചുകൊണ്ട് മൌദൂദി എന്ന ‘നവോത്ഥാന’ നായകനെ വളരെ മനോഹരമായി തന്‍റെ വരികളിലൂടെ കളത്തിലിറക്കുന്നുണ്ട്. എന്നിട്ടദ്ദേഹം എഴുതി:
“ഈ അശുഭമുഹൂര്‍ത്തത്തിലാണ് മൌദൂദി ബാറ്റിംഗിനിറങ്ങുന്നത്. ഇസ്ലാമിനെ കേവലമായ ആചാരമതം എന്നതിനു പകരം വീറുറ്റ ഒരു ജീവിതവ്യവസ്ഥയും സന്പൂര്‍ണമായൊരു പ്രത്യയശാസ്ത്രവുമായി അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി അനിസ്ലാമികമായ സകലതിനെയും അദ്ദേഹം അടിച്ചുപരത്തി. ആദര്‍ശരംഗത്ത് അയവില്ലാത്ത സമീപനങ്ങളുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് ആദാനപ്രദാനങ്ങള്‍ക്ക് തയ്യാറാവാതെ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്‍റെ അകളങ്കിതമായ മൌലികതയ്ക്കു വേണ്ടി വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം വാദിച്ചു. ദേശീയ മുസ്ലിമിനെയും സാമുദായിക മുസ്ലിമിനെയും കോണ്‍ഗ്രസ് മുസ്ലിമിനെയും കമ്മ്യൂണിസ്റ്റ് മുസ്ലിമിനെയും സോഷ്യലിസ്റ്റ് മുസ്ലിമിനെയുമെല്ലാം അദ്ദേഹം വെട്ടിനിരത്തി. ആരാധനാപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളിലെന്നപോലെ സാന്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ ജിവിതത്തിന്‍റെ സകല വ്യാപാരങ്ങളിലും ഇസ്ലാമിക മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ അക്ഷരം പിഴയ്ക്കാതെ പാലിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ആവര്‍ത്തിച്ചു വിശദീകരിച്ചു........
തനിക്കുവേണ്ടി നിയമം നിര്‍മിക്കാനുളള പരമമായ അധികാരം ദൈവത്തിലല്ലെന്നും മറിച്ച് ആ അധികാരം ജനങ്ങളുടെ ഭൂരിപക്ഷത്തിനോ അല്ലെങ്കില്‍ രാജാവെന്നു വിളിക്കുന്ന ഒരാള്‍ക്കോ കുറേ ആളുകള്‍ കൂട്ടം കൂടിയിരിക്കുന്ന പാര്‍ലമെന്‍റിനോ ആണെന്ന് ഒരാള്‍ വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അയാള്‍ ദൈവത്തിന്‍റെ ഹാകിമിയ്യത്തില്‍ പങ്കുചേര്‍ക്കുകയാണ് അതുവഴി ചെയ്യുന്നത്. അത് ശിര്‍ക്കാണ്. എന്നാല്‍ ദീനും ദുനിയാവും ഒന്നിക്കലും രണ്ടാക്കലും കൊണ്ടായിരുന്നു തുടക്കമെങ്കിലും ഗൌരവപരവും അത്യന്തം ഗുരുതരവുമായൊരു ചിന്താപ്രതിസന്ധിയിലേക്ക് പ്രശ്നം സ്വയം വികസിച്ചു. മൌദൂദി വിശദീകരിക്കുന്നതുപോലെ അധികാരം ദൈവത്തിനു മാത്രം അവകാശപ്പെട്ടതാവുകയും രാജാവോ പാര്‍ലമെന്‍റോ മറ്റേതെങ്കിലും ബോഡിയോ നിയമനിര്‍മാണാധികാരം കൈയിലെടുക്കുകയും അത്തരം സര്‍ക്കാറുകളെ - താഗൂത്തിനെ- അനുസരിക്കുന്നത് ശിര്‍ക്കാവുകയും ചെയ്യുമെങ്കില്‍ ലോകത്തില്‍ ഒരൊറ്റ മുസ്ലിമും ശിര്‍ക്ക് ചെയ്യാത്തവനായി ഇല്ല എന്ന അതീവ ഗുരുതരമായ പ്രശ്നം ഉയര്‍ന്നുവരുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കാരണം, ദൈവികപ്രമാണമായ ഖുര്‍ആനും അതിന്‍റെ വിശദീകരണമായ സുന്നത്തും മുന്പില്‍ വെച്ച് ഭരണം നടത്തുന്ന നൂറ്റുക്കു നൂറും ഇസ്ലാമികം എന്നു പറയാവുന്ന ഒരു ഭരണകൂടവും അപ്രകാരം ജീവിക്കുന്ന ഒരു സമൂഹവും ഭൂമുഖത്തില്ല.
ഇന്ത്യയെപ്പോലുളള ഒരു ജനാധിപത്യവ്യവസ്ഥയിലാവട്ടെ, പാര്‍ലമെന്‍റിനാണ് പരമാധികാരം അഥവാ സോവറീനിറ്റി. നിയമനിര്‍മാണത്തിനു മുന്പില്‍ ദൈവം എന്ന സങ്കല്‍പം അതിന്‍റെ നാലയലത്തുപോലും വരുന്നില്ല. എന്നല്ല, ദൈവം നിഷിദ്ധമാക്കിയതോ ദൈവികമെന്നു വിശേഷിപ്പിക്കാവുന്നതോ ആയ സ്ഥാപനങ്ങള്‍ക്കെതിരേ നിയമനിര്‍മാണം നടത്തുന്നതിനു മുന്പില്‍ ഈ സ്ഥാപനത്തിന് ഒരു തടസ്സവുമില്ല. ഇങ്ങനെ നിലവില്‍ വരുന്ന നിയമം അനുസരിക്കുന്ന പൌരന്‍മാരൊക്കെയും അതുവഴി ശിര്‍ക്കാണ് ചെയ്യുന്നതെങ്കില്‍ അവരുടെ മുന്പില്‍ രണ്ടു മാര്‍ഗങ്ങളേയുളളൂ. ഒന്നുകില്‍ ഇത്തരം ദൈവേതര വ്യവസ്ഥിതികളുമായി കലന്പല്‍കൂടി അവയെ മറിച്ചിടുക. നിയമലംഘനം നടത്തിയും നിയമനിര്‍മാണസഭകളെയും ന്യായാസനങ്ങളെയും വെല്ലുവിളിച്ചും നടത്തുന്ന ഈ കലാപം ഭൂമുഖത്ത് എവിടെയൊക്കെ മുസ്ലിംകള്‍ അധിവസിക്കുന്നുവോ അവിടങ്ങളിലൊക്കെയും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിലാവും കലാശിക്കുക.
മുസ്ലിംകളുടെ മുന്പാകെയുളള രണ്ടാമത്തെ മാര്‍ഗം ഇത്തരം ത്വാഗൂത്തീ ഭരണകൂടങ്ങളില്‍ നിന്നു സ്വയം വിമോചിതരാവാന്‍ ദൈവത്തിന്‍റെ പരമാധികാരമനുസരിച്ചും പരികല്‍പനകളനുസരിച്ചും ജീവിക്കാന്‍ സൌകര്യപ്പെടുന്ന ഒരു ചീന്ത് ഭൂമി കണ്ടെത്തി അങ്ങോട്ട് ഹിജ്റ പോവുകയാണ്. നബിതിരുമേനിയുടെ കാലത്ത് മക്കയില്‍ വിശ്വാസികള്‍ക്കെതിരായ പീഡനം കഠിനമായപ്പോള്‍ തിരുമേനി അനുയായികളോട് അബിസീനിയ(ഹബ്ശ)യിലേക്ക് ഹിജ്റ പോവാന്‍ ആവശ്യപ്പെട്ടതായും അവര്‍ പോയതായും ചരിത്രം കുറിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ അവിടെ ആ രാജ്യത്തിന്‍റെ നിയമങ്ങളനുസരിച്ചു ജീവിക്കുകയല്ലാതെ കലാപത്തിനൊരുങ്ങിയതിനോ ഹബ്ശയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനാഗ്രഹിച്ചതിനോ തെളിവുകളില്ല. മദീനയില്‍ ഇസ്ലാമിക വ്യവസ്ഥിതി പ്രവാചകന്‍റെ നേതൃത്വത്തില്‍ സംസ്ഥാപിതമായതിനു ശേഷവും അബിസീനിയയിലേക്കു ഹിജ്റ പോയവരില്‍ ചിലര്‍ അവിടെത്തന്നെ തുടര്‍ന്നതായും ചില റിപ്പോര്‍ട്ടുകളിലുണ്ട്. ഭരണകൂടം ഇസ്ലാമികമല്ലാത്തിടത്തൊക്കെയും അധികാരവുമായി കലന്പല്‍ കൂടുന്നില്ലെങ്കില്‍ പിന്നെ ഇസ്ലാമിക രാജ്യത്തേക്ക് ഹിജ്റ പോവുകയാണ് മുസ്ലിംകളുടെ മുന്പിലുളള മാര്‍ഗം......
ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിക്കാട്ടുന്നപോലെ ഇസ്ലാമിന്‍റെ വിധിവിലക്കുകളും ആഹ്വാനനിര്‍ദേശങ്ങളും ജീവിതത്തിന്‍റെ മുഴുവന്‍ മേഖലകളെയും ഉള്‍ക്കൊളളുന്നവയാണെങ്കിലും സാധ്യതയും സൌകര്യവുമുള്ളിടത്ത് ദൈവികനിയമമനുസരിച്ചു ഭരണം നടത്തണമെന്നല്ലാതെ അതിനു സൌകര്യപ്പെടാത്തിടത്ത് ദൈവേതര വ്യവസ്ഥയെ അംഗീകരിക്കുന്നതില്‍ തെറ്റില്ല എന്നതാണ് മുജാഹിദുകളുടെ ഉറച്ച നിലപാട്. പണമുളളവന്‍ സകാത്ത് കൊടുക്കണം. എന്നാല്‍, സകാത്ത് കൊടുക്കാനായി പണമുണ്ടാക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നില്ല. പണമില്ലാത്തതിനാല്‍ സകാത്ത് കൊടുക്കാത്തതുകൊണ്ട് ഒരാളുടെയും ദീന്‍ അപൂര്‍ണമാവുന്നില്ല. അതിനാല്‍ത്തന്നെ, മൌലാനാ മൌദൂദിയുടെ സ്വന്തം ഭരണമില്ലാത്ത ദീനിന്‍റെ അവസ്ഥ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സങ്കല്‍പവീടു പോലെയാണ് എന്ന പ്രസിദ്ധമായ ഉദ്ധരണിയെ മുജാഹിദ് വിഭാഗം അതിനിശിതമായ വിമര്‍ശനത്തിനു വിധേയമാക്കുന്നു.” (ഒ. അബ്ദുല്ലാഹ്, ശത്രുക്കളല്ല സ്നേഹിതന്‍മാര്‍, പേജ്, 47, 48)
മുഹമ്മദ് നബി(സ) പഠിപ്പിച്ച ദീന്‍ പ്രായോഗികമാണ്, മൌദൂദി പഠിപ്പിച്ചത് അപ്രായോഗികവും. ഇവര്‍ക്ക് തിരിഞ്ഞോ ആവോ!