അല്‍വാഹിദ് അല്‍ക്വഹ്ഹാര്‍

അന്‍വര്‍ അബൂബക്കര്‍

Last Update 1 April 2026, 13 Shawwal, 1447 AH

ചോദ്യം: വിശുദ്ധ ക്വുര്‍ആനില്‍ ആറു സൂക്തങ്ങളില്‍ അല്ലാഹുവിന്‍റെ അല്‍ക്വഹ്ഹാര്‍ എന്ന നാമം വന്നിട്ടുണ്ട്. അല്ലാഹുവിന്റെ ഏത് നാമത്തിനു ശേഷമാണ് ഈ നാമം ഈ സൂക്തങ്ങളിലെല്ലാം വന്നിരിക്കുന്നത്?

ഉത്തരം: അല്‍വാഹിദ്

അല്ലാഹുവിന്റെ അത്യുത്തമമായ നാമങ്ങളില്‍ രണ്ടെണ്ണമാണ് അല്‍വാഹിദും അല്‍ക്വഹ്ഹാറും. ഈ രണ്ടു നാമങ്ങളും അല്ലാഹുവിന്റെ പരിപൂര്‍ണ ഏകത്വത്തെയും സമ്പൂര്‍ണ ആധിപത്യത്തെയും പ്രഖ്യാപിക്കുന്നവയാണ്. അവ വെറും നാമങ്ങള്‍ മാത്രമല്ല; മനുഷ്യന്റെ വിശ്വാസത്തെയും ഇബാദത്തിനെയും ജീവിതദര്‍ശനത്തെയും തന്നെ നിര്‍ണ്ണയിക്കുന്ന മഹത്തായ അറിവുകളാണ്. ഒരു മുസ്ലിമിന്റെ ഹൃദയത്തില്‍ തൗഹീദ് ഉറപ്പിക്കുന്നത് ഈ നാമങ്ങളുടെ അര്‍ത്ഥം ശരിയായി മനസ്സിലാക്കുന്നതിലൂടെയാണ്.

അല്‍വാഹിദ് എന്നത് ഏകനായവന്‍, ഒറ്റയായവന്‍, യാതൊരു രീതിയിലും പങ്കാളിയില്ലാത്തവന്‍ എന്ന ആശയത്തെ അറിയിക്കുന്നു. അല്ലാഹു അവന്റെ ദാത്തില്‍ ഏകനാണ്; അവനു തുല്യനായോ സമമൊത്തവനായോ ആരുമില്ല. അവന്‍ അവന്റെ സിഫാത്തുകളില്‍ ഏകനാണ്; അവന്റെ ജ്ഞാനത്തിനും കരുണയ്ക്കും ശക്തിക്കും മഹത്വത്തിനും സമമായി ഒന്നുമില്ല. അവന്‍ അവന്റെ അഫ്ആലുകളില്‍ ഏകനാണ്; സൃഷ്ടിക്കല്‍, ഉപജീവനം നല്‍കല്‍, ജീവിപ്പിക്കല്‍, മരിപ്പിക്കല്‍, പ്രാപഞ്ചികനിയന്ത്രണം, വിധിനിര്‍ണ്ണയം എന്നിങ്ങനെ ഒന്നിലും തന്നെ അവനു പങ്കാളിയായി ആരുമില്ല. അതുപോലെ തന്നെ, അവന്‍ ഉലൂഹിയ്യത്തില്‍, അഥവാ ആരാധ്യതയില്‍ ഏകനാണ്; അതിനാല്‍ ദുആ, ഭയം, പ്രത്യാശ, നേര്‍ച്ച, ബലി, സഹായംതേടല്‍, തവക്കുല്‍ തുടങ്ങിയവയെല്ലാം അവനോടു മാത്രമാകണം.

സലഫുകള്‍ പഠിപ്പിച്ച തൗഹീദ് ഈ സമഗ്രമായ അര്‍ത്ഥത്തോടെയാണ് മനസ്സിലാക്കേണ്ടത്. അല്ലാഹു ഏകദൈവമാണെന്ന് നാവുകൊണ്ട് മാത്രം സമ്മതിക്കുന്നത് മതിയാകില്ല; ആ ഏകത്വം ആരാധനയില്‍ പ്രകടമാകണം. പലരും അല്ലാഹു സ്രഷ്ടാവാണെന്ന് സമ്മതിച്ചിട്ടും, ദുആയില്‍ മറ്റുള്ളവരെ വിളിക്കുന്നു, പ്രയാസസമയത്ത് മഖ്ബറകളെയും ഔലിയാക്കളെയും അഭയം തേടുന്നു, ഇബാദത്തിന്റെ ചില അവകാശങ്ങള്‍ സൃഷ്ടികള്‍ക്ക് വകവെച്ചുകൊടുക്കുന്നു. എന്നാല്‍ ഇതൊന്നും തൗഹീദിന്റെ പൂര്‍ത്തീകരണമല്ല. കാരണം അല്‍വാഹിദ് ആയ അല്ലാഹു ആരാധനയിലും ഏകനായിരിക്കണമെന്ന് ക്വുര്‍ആന്‍ നിരന്തരം മനുഷ്യരെ പഠിപ്പിക്കുന്നു.

അല്ലാഹുവിന്റെ ഈ നാമം വിശുദ്ധ ക്വുര്‍ആനില്‍ പല സ്ഥലങ്ങളിലും വന്നിട്ടുണ്ട്. അവ വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമായി കാണാം: അല്ലാഹു തന്റെ ഏകത്വത്തെ വെറും ബൗദ്ധിക സത്യമെന്ന നിലയില്‍ മാത്രം പറയുന്നില്ല; മറിച്ച് മനുഷ്യരെ തന്റെ വഹ്ദാനിയ്യത്തിലേക്കും ശുദ്ധമായ തൗഹീദിലേക്കും വിളിക്കുന്നു. എല്ലാ പ്രവാചകന്മാരുടെയും ദഅ്‍വത്തിലെ ആദ്യവും പ്രധാനവുമായ വിഷയം ഇതായിരുന്നു: “അല്ലാഹുവിനെ മാത്രം ആരാധിക്കുക; അവനല്ലാതെ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ആരാധ്യനില്ല.” ഇതാണ് ദീന്റെ അടിസ്ഥാനം, പ്രവാചകത്വ ദൗത്യത്തിന്റെ ഹൃദയം, നബിമാരുടെ ക്ഷണത്തിന്റെ ചുരുക്കം.

ഇതോടൊപ്പം അല്‍ക്വഹ്ഹാര്‍ എന്ന നാമത്തിന്റെ അര്‍ത്ഥവും മനസ്സിലാക്കേണ്ടതുണ്ട്. അല്‍ക്വഹ്ഹാര്‍ എന്നത് എല്ലാറ്റിനുംമേല്‍ അടക്കിഭരിക്കുന്നവന്‍, എല്ലാം തന്റെ നിയന്ത്രണത്തിലാക്കുന്നവന്‍, ആരാലും പരാജയപ്പെടുത്താന്‍ കഴിയാത്ത സര്‍വാധിപന്‍ എന്നര്‍ത്ഥം അറിയിക്കുന്നു. മനുഷ്യരും രാജാക്കളും അധികാരികളും ശക്തന്മാരും ലോകചരിത്രത്തില്‍ ഒരുപാട് വന്നുപോയിട്ടുണ്ട്. ചിലര്‍ തങ്ങളെ മഹാശക്തികളായി കരുതി. എന്നാല്‍ അവരൊക്കെയും ഒരുദിവസം മരണത്തിനു കീഴടങ്ങി. രോഗത്തിനു മുമ്പിലും വാര്‍ദ്ധക്യത്തിനു മുമ്പിലും അല്ലാഹുവിന്റെ വിധിക്കുമുമ്പിലും അവര്‍ എല്ലാവരും അശക്തരായി. ഇതാണ് അല്‍ക്വഹ്ഹാറായ അല്ലാഹുവിന്റെ പ്രഭാവം. അവന്‍ അടക്കിഭരിക്കുന്നു; പക്ഷേ അവനെ ആരും ഭരിക്കുന്നില്ല. അവന്‍ വിധിക്കുന്നു; അവന്റെ വിധിക്ക് മുകളില്‍ മറ്റൊരു വിധിയില്ല. അവന്‍ അനുവദിച്ചതല്ലാതെ ഒന്നും നടക്കുകയില്ല; അവന്‍ തടഞ്ഞതൊന്നും സംഭവിക്കുകയുമില്ല.

അല്ലാഹുവിന്റെ അല്‍വാഹിദ് എന്ന നാമത്തിനു പിന്നാലെ അല്‍ക്വഹ്ഹാര്‍ എന്ന നാമം വരുന്നത് വളരെ ഗൗരവമുള്ള സൂചനയാണ്. കാരണം യഥാര്‍ത്ഥ ഏകത്വം സമ്പൂര്‍ണ ആധിപത്യവുമായി കൂടിയിരിക്കണം. സൃഷ്ടികളില്‍ ഒരാളും അത്തരമൊരു ഏകാധിപതിയല്ല. മനുഷ്യന്‍ ഒരിടത്ത് ശക്തനായാലും മറ്റൊരിടത്ത് അവന്‍ അശക്തനാകും. ഒരാളെ ഭരിക്കുന്നവന്റെ മുകളില്‍ മറ്റൊരാള്‍ ഉണ്ടാകും. ഇങ്ങനെ എല്ലാ അധികാരങ്ങളും മേലാധിപത്യങ്ങളും അവസാനമായി ചേരുന്നത് ഒരേയൊരു സര്‍വാധിപന്റെ അടുക്കലാണ്; അവന്‍ അല്ലാഹു തന്നെ. സൃഷ്ടികളില്‍ ഓരോരുത്തരും മറ്റൊരാളുടെ കീഴിലാണ്; ആ ശൃംഖല മുഴുവനും അവസാനിക്കുന്നത് ഏകനും സര്‍വാധിപനുമായ അല്ലാഹുവിലാണ്. അതിനാല്‍ യഥാര്‍ത്ഥ പരമാധികാരം അവന്നൊഴികെ മറ്റാര്‍ക്കും ഇല്ല തന്നെ.

ഇതില്‍ നിന്നാണ് ഇബാദത്തിന്റെ അവകാശം തെളിയുന്നത്. ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹു മാത്രമാണ് ആരാധനക്ക് അര്‍ഹനാകുന്നത്. അവനല്ലാതെ ആരാധിക്കപ്പെടുന്ന എല്ലാം സൃഷ്ടികളാണ്; അവ സ്വയം പോലും സംരക്ഷിക്കാന്‍ കഴിയാത്തവരാണ്. സ്വന്തമായി ലാഭമോ നഷ്ടമോ വരുത്താന്‍ കഴിയാത്തവര്‍, രോഗം നീക്കാനോ മരണം തടയാനോ കഴിവില്ലാത്തവര്‍. ഇവര്‍ എങ്ങനെയാണ് മറ്റുള്ളവരുടെ അഭയകേന്ദ്രമാകുക? ഇതാണ് ശിര്‍ക്കിന്റെ അബദ്ധം. സൃഷ്ടികളെ ആരാധിച്ചുകൊണ്ട് അതിരുവിടുന്നവര്‍ യഥാര്‍ത്ഥത്തില്‍ അവരുടെ അശക്തിയെ മറന്നുപോകുന്നു. ഒരു മനുഷ്യന്‍ മരണപ്പെടുന്നു, ഒരു ഔലിയാ ക്വബ്റില്‍ കിടക്കുന്നു, ഒരു പ്രതിമ ഒരിടത്ത് നിശ്ചലമായി നില്‍ക്കുന്നു, ഒരു വസ്തു സ്വയം പോലും നീങ്ങുന്നില്ല. അങ്ങനെയുള്ളവരെ സഹായത്തിനായി വിളിക്കുന്നത് തൗഹീദിനോടുള്ള വിരുദ്ധമാണ്. അതുകൊണ്ടാണ് യൂസുഫ് നബി(അ) ജയിലിലെ തന്റെ കൂട്ടുകാരെ അല്ലാഹുവിലേക്ക് ക്ഷണിച്ചപ്പോള്‍ അവരോട് ചോദിച്ചത്:

يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ ‎

ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ? (യൂസുഫ് 39)

ഈ ആയത്ത് തൗഹീദിന്റെ ശക്തമായ ബൗദ്ധികവും ആത്മീയവുമായ തെളിവാണ്. അനേകം രക്ഷാധികാരികളെയും ദൈവങ്ങളെയും സ്വീകരിക്കുന്ന മതം ആശയക്കുഴപ്പത്തിന്റെയും വിഭജനത്തിന്റെയും വഴിയാണ്. എന്നാല്‍ അല്ലാഹു അല്‍വാഹിദ് അല്‍ക്വഹ്ഹാര്‍ ആണെന്ന വിശ്വാസം മനുഷ്യന് ഹൃദയസമാധാനവും സ്ഥിരതയും നല്കുന്നു. കാരണം അവന്‍ അറിയുന്നു: സകല കാര്യങ്ങളും ഒരേയൊരു റബ്ബിന്റെ കൈകളിലാണ്. പ്രയാസമുണ്ടായാലും ആശ്വാസം അവനില്‍ നിന്ന് മാത്രം തേടണം. ഉപജീവനം വൈകിയാലും ആവശ്യപ്പെടേണ്ടത് അവനോട് മാത്രമാണ്. ഭയം വരുമ്പോള്‍ അഭയം അവനോടു മാത്രം ചോദിക്കണം. പ്രത്യാശ വേണമെങ്കില്‍ അത് അവനിലേക്ക് മാത്രം ഭരമേല്‍പിക്കണം. അല്ലാഹുവിന്റെ ഏകത്വം മനസ്സിലാക്കിയവന്‍ ദുആയില്‍ മറ്റൊരാളെ വിളിക്കുകയില്ല; നേര്‍ച്ച മറ്റൊരാളുടെ പേരില്‍ ചെയ്യുകയില്ല; രക്ഷയും കരുണയും ഗൈബിയായ സഹായവും സൃഷ്ടികളില്‍ നിന്ന് പ്രതീക്ഷിക്കുകയില്ല.

അല്‍വാഹിദ് എന്ന അല്ലാഹുവിന്റെ നാമത്തെ കുറിച്ചുളള അറിവ് ഹൃദയത്തെ ശിര്‍ക്കില്‍ നിന്നു ശുദ്ധമാക്കാനും, അല്‍ക്വഹ്ഹാര്‍ എന്ന നാമത്തെ കുറിച്ചുളള അറിവ് ഹൃദയത്തില്‍ ഭയഭക്തിയും തവക്കുലും വളര്‍ത്താനും സഹായിക്കുന്നതാണ്. ഇബാദത്ത് അല്ലാഹുവിന് മാത്രം, ഭയം അവനോടു മാത്രം, പ്രത്യാശ അവനിലേയ്ക്ക് മാത്രം, സമര്‍പ്പണം അവനു മാത്രം. ഇതാണ് തൗഹീദിന്റെ സാരം. ഇതാണ് എല്ലാ പ്രവാചകന്മാരുടെയും ദഅ്‍വത്ത്. ഇതാണ് മോക്ഷത്തിന്റെ വഴി.

തൗഹീദ് : മറ്റു ലേഖനങ്ങൾ