അസ്മാഉല്ലാഹ് കൊണ്ട് പേരുവെക്കുമ്പോള്‍

തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

Last Update 2023 September 29, 13 Rabiʻ I, 1445 AH

ഇമാം ഇബ്നു കഥീര്‍ (റഹിമഹുല്ലാഹ്) പറഞ്ഞു: നിശ്ചയം അല്ലാഹുവിന്‍റെ നാമങ്ങളില്‍ അവനല്ലാത്തവര്‍ക്കു പേരുവെക്കപ്പെടുന്നവയുണ്ട്. അവയില്‍ അവനല്ലാത്തവര്‍ക്കു പേരുവെക്കപ്പെടാത്തവയുമുണ്ടv. അല്ലാഹു, അര്‍റഹ്‍മാന്‍, അര്‍റസാഖ്, അല്‍ഖാലിക് തുടങ്ങിയ നാമങ്ങള്‍ പോലെ. (തഫ്സീറു ഇബ്നു കഥീര്‍ 1:126)

അല്ലാഹുവിന്‍റെ നാമങ്ങള്‍ കൊണ്ട് പടപ്പുകള്‍ക്ക് പേരു വെക്കുന്ന വിഷയത്തില്‍ അവ രണ്ടു നിലക്കാണ്.

ഒന്ന്:

അല്ലാഹുവിനെ വേര്‍തിരിച്ചറിയിക്കുന്നതും അവനു പ്രത്യേകമായുള്ളതുമായ സംജ്ഞാനാമങ്ങള്‍.

ഉദാഹരണത്തിനു, അല്ലാഹു, അര്‍റഹ്‍മാന്‍, അല്‍ഖയ്യൂം, അല്‍ബാരിഅ്, അല്‍ഖാലിക്, അര്‍റാസിഖ്. ഇത്തരം നാമങ്ങള്‍കൊണ്ട് അല്ലാഹു? അല്ലാത്തവര്‍ക്ക് പേരുവെക്കാവതല്ല.

രണ്ട്:

സാര്‍വത്രികമായ ആശയമുള്ളതും പ്രസ്തുത ആശയത്തില്‍ അതിലെ വ്യക്തികള്‍ ഏറ്റക്കുറച്ചിലിലായിരിക്കുകയും ചെയ്യുന്ന നാമങ്ങള്‍.

ഉദാഹരണത്തിനു, അല്‍അസീസ്, അല്‍മലിക്, അല്‍അലീം, അല്‍ഹലിം തുടങ്ങിയ നാമങ്ങള്‍. ഇത്തരം നാമങ്ങള്‍ കൊണ്ട് അല്ലാഹു അല്ലാത്തവര്‍ക്കും പേരു വെക്കാവുന്നതാണ്. അല്ലാഹു അവകൊണ്ട് ദാസന്മാരില്‍ ചിലര്‍ക്ക് പേരുവെച്ചത് ക്വുര്‍ആനില്‍ കാണാം.

അല്ലാഹു ഇബ്റാഹീം നബി(അലൈഹിസ്സലാം)ക്കു ഇസ്മാഈലി(അലൈഹിസ്സലാം)നെ സന്തോഷവാര്‍ത്തയറിയിച്ചപ്പോള്‍ ഇസ്മാഈലി(അലൈഹിസ്സലാം)ന്‍റെ വിശേഷണമായി വിശുദ്ധ ക്വുര്‍ആനില്‍ ഹലീം എന്നാണുള്ളത്.

)فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ (الصافات: ١٠١

മലക്കുകള്‍ ഇബ്റാഹീം നബി(അലൈഹിസ്സലാം)ക്കു ഇസ്ഹാക്വി(അലൈഹിസ്സലാം)നെ സന്തോഷ വാര്‍ത്തയറിയിച്ചപ്പോള്‍ ഇസ്ഹാക്വി(അലൈഹിസ്സലാം)ന്‍റെ വിശേഷണമായി വിശുദ്ധ ക്വുര്‍ആനില്‍ അലീം എന്നാണുള്ളത്.

) وَبَشَّرُوهُ بِغُلَامٍ عَلِيمٍ( الذاريات: ٢٨

യൂസുഫ് നബി(അലൈഹിസ്സലാം)യുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന രാജാവിനെ കുറിച്ച് അല്‍മലിക് എന്ന വിശേഷണമാണ് ക്വുര്‍ആനിലുള്ളത്.

)وَقَالَ الْمَلِكُ ائْتُونِي بِهِ (يوسف: ٥٠

യൂസുഫ് നബി(അലൈഹിസ്സലാം)യെ വിലക്കുവാങ്ങിയ ഈജിപ്തിലെ പ്രഭുവിനു അല്‍അസീസ് എന്ന വിശേഷണമാണ് ക്വുര്‍ആനിലുള്ളത്.

)قَالَتِ امْرَأَتُ الْعَزِيزِ( يوسف: ٥١

അല്ലാഹുവിന്‍റെ ഇത്തരം നാമങ്ങള്‍ കൊണ്ട് പടപ്പുകള്‍ക്കു പേരുവെക്കുന്നത് പടപ്പുകളെ അല്ലാഹുവോട് തുല്യമാക്കുക എന്നതിനെ ഒരിക്കലും അനിവാര്യമാക്കുന്നില്ല. കാരണം അവയില്‍നിന്ന് അല്ലാഹുവിലേക്കു ചേര്‍ക്കപെടുന്നത് അവനു പ്രത്യേകവും അവന്‍റെ മഹത്വത്തിനും അവന്‍റെ പൂര്‍ണതക്കും അനുയോജ്യവുമായ നിലക്കാണ്. അതില്‍ അവനു തുല്യനോ സമക്കാരനോ പങ്കാളിയോ ഇല്ല തന്നെ.

എന്നാല്‍ അവയില്‍നിന്ന് പടപ്പുകളിലേക്കു ചേര്‍ക്കപെടുന്നത് അവര്‍ക്കു ചേര്‍ന്ന പ്രത്യേകമായ അര്‍ത്ഥത്തിലും അവരുടെ കുറവുകളും പോരായ്മകളും പരിഗണിച്ചും മാത്രമാണ്.

0
0
0
s2sdefault

തൗഹീദ് : മറ്റു ലേഖനങ്ങൾ