ആരാധനയിലൂടെ സൂക്ഷ്മതയിലേക്ക്

അന്‍വര്‍ അബൂബക്കര്‍

Last Update 18 June 2025, 22 Dhuʻl-Hijjah, 1446 AH, 1446 AH

ചോദ്യം: പരിശുദ്ധ ക്വുര്‍ആന്‍ അതിന്റെ പ്രാരംഭ അധ്യായമായ സൂറഃത്തുല്‍ ഫാത്വിഹ മുതല്‍ പാരായണം ചെയ്യുമ്പോള്‍, അല്ലാഹു തന്റെ അടിമകളോട് ആദ്യമായി കല്‍പ്പനാസ്വരത്തില്‍ സംസാരിക്കുന്നത് ഏതു വിഷയവുമായി ബന്ധപ്പെട്ടാണ്?

ഉത്തരം: അല്ലാഹുവിനെ ആരാധിക്കല്‍

പരിശുദ്ധ ക്വുര്‍ആന്‍ സൂറത്തുല്‍ ഫാത്വിഹ മുതല്‍ അതിലെ ആയത്തുകള്‍ ശ്രദ്ധാപൂര്‍വം വായിക്കുമ്പോള്‍, അല്ലാഹു തന്റെ അടിമകളോട് കല്‍പനാസ്വരത്തില്‍ ആദ്യമായി ആവശ്യപ്പെടുന്ന കാര്യം ഇതാണെന്ന് കാണാം: “ഹേ, മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍; നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം.” (അല്‍ബക്വറ 21)

ഇത് എല്ലാ ജനങ്ങളോടും അഭിമുഖമായുള്ള ഒരു പൊതുസംബോധനയാണ്. സ്രഷ്ടാവായ അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്ക് വിധേയരാവുകയും, അവന്‍ നിഷിദ്ധമാക്കിയതെല്ലാം ജീവിതത്തില്‍ ഉപേക്ഷിക്കുകയും, അവന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആത്മാര്‍ഥതയോടെയുള്ള സമ്പൂര്‍ണ്ണ ആരാധനയെയാണ് ഈ ആയത്തില്‍ അല്ലാഹു തന്റെ അടിയാറുകളില്‍ നിന്നും ആവശ്യപ്പെടുന്നത്.

മനുഷ്യകുലം അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു. കാരണം, അവനാണ് നമ്മുടെ ഏക രക്ഷിതാവും സ്രഷ്ടാവും. ഒന്നുമില്ലായ്മയില്‍ നിന്ന് നമ്മെ സൃഷ്ടിച്ചത് അവനാണ്. അതുപോലെ, നമുക്ക് മുമ്പ് ജീവിച്ച എല്ലാവരെയും സൃഷ്ടിച്ചവനും അവന്‍ തന്നെയാണ്. സൃഷ്ടിക്കപ്പെട്ട നിമിഷം മുതലേ, നഗ്നനേത്രങ്ങള്‍കൊണ്ട് കാണാവുന്നതും കാണാനാകാത്തതുമായ അനേകം അനുഗ്രഹങ്ങള്‍കൊണ്ട് അവന്‍ നമ്മെ പൊതിഞ്ഞിരിക്കുന്നു. ഭൂമിയില്‍ ജീവിക്കാനും കൃഷി ചെയ്യാനും യാത്രചെയ്യാനും, അതിലൂടെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളും നേട്ടങ്ങളും നേടാനും ആവശ്യമായ സൗകര്യങ്ങള്‍ അവന്‍ നമുക്ക് ഒരുക്കിത്തന്നു. ഭൂമിക്കൊരു മേല്‍ക്കൂരപോലെ ആകാശത്തെ സൃഷ്ടിച്ചതും അവനാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അടങ്ങിയ ആ ആകാശമണ്ഡലം, നമുക്ക് അനേകം നേട്ടങ്ങള്‍ നേരിട്ടോ അല്ലെങ്കില്‍ പരോക്ഷമായോ നല്‍കുന്നുണ്ട്. അതെല്ലാം വ്യവസ്ഥപ്പെടുത്തിയതും നിയന്ത്രിക്കുന്നതും ഏകനായ അല്ലാഹു മാത്രമാണ്.

അല്ലാഹു പറഞ്ഞു: “അതായത്, ഭൂമിയെ നിങ്ങള്‍ക്ക് ഒരു വിരിപ്പും, ആകാശത്തെ ഒരു മേല്‍പുരയും ആക്കിത്തന്നിട്ടുള്ളവന്‍; ആകാശത്തു നിന്ന് അവന്‍ വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു; എന്നിട്ട് അതു മൂലം നിങ്ങള്‍ക്ക് ആഹാരത്തിനായി ഫലങ്ങളില്‍നിന്ന് പലതും അവന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിന് അറിഞ്ഞും കൊണ്ട് സമന്‍മാരെ ഉണ്ടാക്കരുത്.” (അല്‍ബക്വറ 22)

അല്ലാഹുവിന് മാത്രമായി ആരാധന അര്‍പ്പിക്കേണ്ടത് മനുഷ്യരുടെ നന്ദിപ്രേരിതമായ ഒരു കടമ മാത്രമല്ല; മറിച്ച്, അതിലൂടെ മാത്രമേ മനുഷ്യന്‍ സൂക്ഷ്മതയുള്ളവനായി മാറുവാനും, അല്ലാഹു തൃപ്തിപ്പെടുന്ന കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടുള്ള നന്മനിറഞ്ഞ ജീവിതം നയിക്കുവാനും സാധിക്കുകയുള്ളൂ. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാത്രമാണ് സന്മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കാനും, ഇഹപര ജീവിതത്തിലെ വിജയം നേടുന്നവരില്‍ ഉള്‍പ്പെടാനും സാധിക്കുക. അല്ലാഹുവിന്റെ ഒന്നാമത്തെ കല്‍പനയിലൂടെ നമുക്ക് ലഭിക്കുന്ന ഏറ്റവും പ്രധാന പാഠവും അതുതന്നെ. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും, ഉണര്‍ന്ന മനസ്സോടെയും ആത്മാര്‍ത്ഥതയോടെയും, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് വിജയം നേടിയെടുക്കാനുളള ഒരേയൊരു മാര്‍ഗം.

തൗഹീദ് : മറ്റു ലേഖനങ്ങൾ