അല്ലാഹുവിന്‍റെ നാമങ്ങളിലുള്ള ഇല്‍ഹാദ്
തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
Last Update 2023 September 05, 20 Safar, 1445 AH
അല്ലാഹുവിന്‍റെ നാമങ്ങളില്‍ ഇല്‍ഹാദ് എന്നാല്‍ അവയോടുണ്ടാകേണ്ട ശരിയായ സമീപനങ്ങളില്‍നിന്ന് ഒരാള്‍ വ്യതിചലിക്കലും വക്രത കാണിക്കലുമാണ്. അല്ലാഹുവിന്‍റെ നാമങ്ങളിലുള്ള ഇല്‍ഹാദ് നിഷിദ്ധമാണ്. കാരണം അത്തരക്കര്‍ക്ക് മുന്നറിയിപ്പെന്നോണം അല്ലാഹു പറഞ്ഞു:
“.....അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.” (വി. ക്വു. 7: 180)
അല്ലാഹുവിന്‍റെ നാമങ്ങളില്‍ കൃത്രിമം കാണിക്കലും വക്രസമീപനവും പല നിലക്കാണ്:
ഒന്ന്: അല്ലാഹുവിന്‍റെ നാമങ്ങള്‍, അവ അറിയിക്കുന്ന വിശേഷണങ്ങള്‍, തേട്ടങ്ങള്‍, വിധികള്‍ എന്നിവയില്‍നിന്ന് ഏതെങ്കിലും നിഷേധിക്കല്‍.
രണ്ട്: അല്ലാഹുവിന്‍റെ നാമങ്ങളെ സൃഷ്ടികളുടെ വിശേഷണങ്ങളോട് സദൃശ്യപ്പെടുന്ന വിശേഷണങ്ങളെ അറിയിക്കുന്നതായി അവതരിപ്പിക്കല്‍.
മൂന്ന്: അല്ലാഹു തനിക്ക് പേരു വെച്ചിട്ടില്ലാത്ത എന്തെങ്കിലുംകൊണ്ട് അവനു പേരുവെക്കുക. അവന്‍റെ പരമോന്നതിക്കും മഹത്വത്തിനും അനുയോജ്യമല്ലാത്ത പേരുകളാല്‍ അവനെ സംബോധന ചെയ്യുക.
ഇതുപോലെ പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവുമില്ലാത്ത കാര്യങ്ങളാണ് പലരും ഈ വിഷയത്തില്‍ വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്നത്.
അല്ലാഹുവിന്‍റെ നാമങ്ങളുടെ വിഷയത്തില്‍ തെറ്റായ നിലപാടുകള്‍ ഏറെ ഗൗരവമായതാണ്. കാരണം അവ മഹത്വമുടയവനും അത്യുന്നതനുമായവന്‍റെ നാമങ്ങളാണ്. അവയോട് തെറ്റായ സമീപനങ്ങള്‍ ഒരിക്കലും പാടുള്ളതല്ല. അനുവദനീയവുമല്ല.