അല്ലാഹുവിന്‍റെ നാമങ്ങളുടെ എണ്ണം
തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
Last Update 2018 Oct 08
അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. അവ നിര്‍ണിത എണ്ണത്തില്‍ ക്ലിപ്തപ്പെടുത്തപ്പെടുകയോ നിശ്ചിത പരിധിയില്‍ ഒതുക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല. അല്ലാഹു അദൃശ്യലോകത്ത് തനിക്കായി സ്വീകരിച്ച നാമങ്ങളുണ്ടെന്ന് നബിﷺ അറിയിച്ചിട്ടുണ്ട്. ഇമാം അഹ്മദ്(റഹി) നിവേദനം ചെയ്യുന്ന ഹദീഥില്‍ നബിﷺ പഠിപ്പിച്ചിരുന്ന ദുആയായി ഇപ്രകാരമുണ്ട്:
(… നീ നിന്‍റെ നഫ്സിനു പേരുവെച്ച, നിന്‍റെ സൃഷ്ടികളില്‍ ഒരാളെ പഠിപ്പിച്ച, നിന്‍റെ ഗ്രന്ഥത്തില്‍ നീ അവതരിപ്പിച്ച, നിന്‍റെയടുക്കലുള്ള അദൃശ്യജ്ഞാനത്തില്‍ നീ നിനക്കു പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുകളും മുന്‍നിര്‍ത്തി ഞാന്‍ നിന്നോടു തേടുന്നു... (മുസ്നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
ഇമാം ഇബ്നുല്‍ക്വയ്യിം(റഹി) പറഞ്ഞു: അല്ലാഹുവിന്‍റെ നാമങ്ങളെ നബിﷺ മൂന്നു വിഭാഗങ്ങളാക്കി: ഒരു വിഭാഗം കൊണ്ട് അല്ലാഹു തനിക്കു പേരുവെക്കുകയും താനുദ്ദേശിക്കുന്ന മലക്കുകള്‍ക്കും അല്ലെങ്കില്‍ അവരല്ലാത്തവര്‍ക്കും അതു വെളിപ്പെടുത്തുകയും ചെയ്തു. മറ്റൊരു വിഭാഗം തന്‍റെ കിതാബില്‍ അവന്‍ അവതരിപ്പിക്കുകയും തന്‍റെ ദാസന്മാരെ അറിയിക്കുകയും ചെയ്തു. മൂന്നാമത്തെ വിഭാഗം തന്‍റെ അദൃശ്യജ്ഞാനത്തില്‍ അവന്‍ തനിക്ക് പ്രത്യേകമാക്കിയതാണ്. അവ അവന്‍റെ പടപ്പുകളില്‍ ഒരാള്‍ക്കും അവന്‍ അറിയിച്ചു കൊടുത്തിട്ടില്ല. (അല്‍ബദാഇഉല്‍ഫവാഇദ്)
അദൃശ്യലോകത്തുള്ള പ്രസ്തുത നാമങ്ങളെ ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്തുവാനോ ഉള്‍കൊള്ളുവാനോ സാധ്യമല്ല. അവ അല്ലാഹുവിന്‍റെ മാത്രം അറിവിലുള്ളതാണ്. എന്നാല്‍ ഉപരിസൂചിത ഹദീഥിലുള്ളത്
((നിശ്ചയം, അല്ലാഹുവിനു തൊണ്ണൂറ്റി ഒമ്പതു നാമങ്ങളുണ്ട്. നൂറില്‍ ഒന്ന് ഒഴിവ്; വല്ലവനും അവയെ ഇഹ്സ്വാഅ് ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.)) എന്നാണ്. ഈ ഹദീഥ് അല്ലാഹുവിന് തൊണ്ണൂറ്റൊമ്പത് നാമങ്ങള്‍ ഉണ്ട് എന്നല്ലാതെ തൊണ്ണൂറ്റി ഒമ്പതു നാമങ്ങള്‍ മാത്രമേ ഉള്ളൂ എന്നു പ്രസ്താവിച്ചിട്ടില്ല. കാരണം അങ്ങിനെയായിരുന്നുവെങ്കില്‍ 'അല്ലാഹുവിന്‍റെ നാമങ്ങള്‍ തൊണ്ണൂറ്റൊമ്പതാകുന്നു' എന്നാണ് ഹദീഥില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ ഹദീഥ് അറിയിക്കുന്നത് 'ഇഹ്സ്വാഅ് ചെയ്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന തൊണ്ണൂറ്റൊമ്പത് നാമങ്ങള്‍ അല്ലാഹുവിനുണ്ട്' എന്നാണ്. 'വല്ലവനും അവയെ ഇഹ്സ്വാഉചെയ്താല്‍' എന്ന മൊഴി സ്വതന്ത്രമായ ഒരു വചനമല്ല. പ്രത്യുത മുന്‍ വചനത്തിനുള്ള വിശേഷണമാണ്. (കൂടുതലറിയുവാന്‍ ശെയ്ഖ് അബ്ദുര്‍റസാക്വ് അല്‍ബദ്റിന്‍റെ ഫിക്വ്ഹ് അല്‍അസ്മാഇല്‍ഹുസ്നാ പേ: 71, 72 നോക്കുക.)
ഇമാം നവവി(റഹി) പറഞ്ഞു: 'ഈ ഹദീഥില്‍ അല്ലാഹുവിന്‍റെ നാമങ്ങള്‍ക്ക് ഹസ്വ്ര്‍ ഇല്ല(തൊണ്ണൂറ്റി ഒമ്പതു നാമങ്ങള്‍ മാത്രമേ ഉള്ളൂ എന്നില്ല) എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. ഈ തൊണ്ണൂറ്റിയൊമ്പത് നാമങ്ങളല്ലാത്ത മറ്റുനാമങ്ങള്‍ അല്ലാഹുവിന്നില്ല എന്നതല്ല ഈ ഹദീഥിന്‍റെ അര്‍ത്ഥം. തൊണ്ണൂറ്റിയൊമ്പതെണ്ണത്തെ വല്ലവനും ഇഹ്സ്വാഅ് ചെയ്താല്‍ അവന്‍ സ്വര്‍ഗ ത്തില്‍ പ്രവേശിച്ചു എന്നതു മാത്രമാണ് ഹദീഥിന്‍റെ ഉദ്ദേശ്യം. അപ്പോള്‍ തൊണ്ണൂറ്റിയൊമ്പതെണ്ണത്തെ ഇഹ്സ്വാഅ് ചെയ്യുവാനു ള്ള പ്രസ്താവനയാണ് ഉദ്ദേശ്യം; നാമങ്ങളെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തലല്ല.' (ശറഹുമുസ്ലിം)