നസ്വീഹത്ത് നല്‍കുന്നവരോട് നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് ഏന്‍റേതും എന്ന് പറയാമോ?
ഫദ്‍ലുൽ ഹഖ് ഉമരി ആമയൂർ
Last Update 2023 July 21, 3 Muharram, 1445 AH
ചോദ്യം:ചില സഹോദരിമാരെ ഉപദേശിക്കുമ്പോൾ അവർ പറയും: നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം. ഇപ്രകാരം പറയൽ അനുവദനീയമാണോ? അവർക്ക് എന്ത് ഉപദേശമാണ് കൊടുക്കേണ്ടത്?.
ഉത്തരം: സർവ്വ സ്തുതിയും അല്ലാഹുവിന്.
ഇപ്രകാരം പറയൽ അനുവദനീയമല്ല. ഉപദേശം സ്വികരിക്കുന്നതിൽ നിന്നുമുള്ള അഹങ്കാരമാണിത്. എന്‍റെ കാര്യം നിങ്ങളെന്തിന് നോക്കണം എന്നാണ് ആ പറഞ്ഞതിന്‍റെ അർത്ഥം. ഇതു തെറ്റാണ്. നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) സത്യനിഷേധികളോട് പറഞ്ഞ വാക്കാണിത്. നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്ന് സത്യനിഷേധികളോട് പറയേണ്ട വാക്കാണ്. എന്നാൽ മുസ്‌ലികളുടെ എല്ലാവരുടെയും മതം ഇസ്‌ലാം തന്നെയാണ്. അല്ലാഹുവിനെ ഏകനായി അംഗീകരിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുക. നിങ്ങൾക്ക് നിങ്ങളുടെ മതം എന്ന വാക്ക് നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞത് പോലെ സത്യനിഷേധികളോടല്ലാതെ പറയാൻ പാടില്ല. ഖുറൈശികളോടും വിഗ്രഹാരാധകരോടുമാണ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അത് പറഞ്ഞത്. സൂറത്തുൽ കാഫിറൂനിന്‍റെ തുടക്കത്തിൽ അത് വ്യക്തമാണ്.
“(നബിയേ) പറയുക: 'ഹേ, സത്യനിഷേധികളേ!- 'നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല” (കാഫിറൂന്‍ 1-2)
അവർ വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അല്ലാവിനെയാണ് ആരാധിച്ചിരുന്നത്. ഒരേ മതത്തിലായിരിക്കെ നിനക്ക് നിന്‍റെ മതം എനിക്ക് എന്‍റെ മതം എന്ന് തന്‍റെ സഹോദരനോട് പറയുന്നത് ശരിയല്ല. മറിച്ച് ഉപദേശം നൽകുന്ന വ്യക്തിയോട്; جزاك الله خيرا (അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ)
الله يوفقني (അല്ലാഹു എനിക്ക് തൗഫീഖ് ചെയ്യട്ടെ)
الله يعينني (അല്ലാഹു എന്നെ സഹായിക്കട്ടെ)
ادعو الله أن الله يهديني (എന്‍റെ ഹിദായത്തിന് വേണ്ടി അല്ലാഹുവോട് പ്രാർഥിക്കണം)
എന്നൊക്കെയാണ് പറയേണ്ടത്.
ഒരാള്‍ തന്‍റെ സഹോദരനോട് സഹോദരാ ജമാഅത്ത് നമസ്കാരത്തിൽ കൃത്യനിഷ്ഠ കാണിക്കൂ, മാതാപിതാക്കൾക്ക് പുണ്യം ചെയ്യൂ, സഹോദരാ ഗീബത്തും നമീമത്തും (ഏഷണിയും പരദൂഷണവും) പറയരുത് എന്നൊക്കെ പറഞ്ഞാൽ അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ..... എന്നാണ് പറയേണ്ടത്. നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്നല്ല. അത് തെറ്റാണ്. അഹങ്കാരമാണ്. അല്ലാഹു കാത്തു രക്ഷിക്കട്ടെ.
അവലംബം: islamqa