അനുവാദം ചോദിക്കല്‍

മുഹമ്മദ് സ്വാദിക് മദീനി

Last Update 2023 May 28, 8 Dhuʻl-Qiʻdah, 1444 AH

സാമൂഹ്യ ജീവിയായ മനുഷ്യന്‍ തന്‍റെ സഹജീവികളുമായി പല തലങ്ങളിലും ബന്ധപ്പെടുന്നവനാണ്. സംസാരങ്ങളിലും ക്രയവിക്രയങ്ങളിലും ഇടപഴകളിലുമെല്ലാം പല മര്യാദകളും അവന്‍ പാലിക്കേണ്ടതുണ്ട്. ഗ്രഹസന്ദര്‍ശനം നടത്തുമ്പോള്‍ തന്‍റെ വീടാണ് എന്ന ധാരണയില്‍ അന്യവീട്ടില്‍ പെരുമാറിയാല്‍ അത് ആഭാസകരവും ആഥിതേയര്‍ക്ക് അസഹ്യതയും സൃഷ്ടിക്കന്നതുമായിരിക്കും. മനുഷ്യന്‍റെ അഭിമാനത്തിന് മഹത്തായ സ്ഥാനമാണ് ഇസ്ലാം നല്‍കുന്നത്. അതിനാല്‍ ഒരു വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ഉളള ഇസ്ലാമികമായ ശാസനകളും മര്യാദകളും മനുഷ്യര്‍ പാലിക്കേണ്ടതുണ്ട്. അവയില്‍ ചിലതാണ് ചുവടെ ചേര്‍ക്കുന്നത്.

(1) അനുവാദം ചോദിക്കുക, സലാം പറയുക

അല്ലാഹു പറയുന്നു: “ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്)” (വി:ക്വു 24:27)

അബൂമൂസല്‍ അശ്അരി(റ)വില്‍ നിന്നും ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം: മദീനയിലെ ഒരു തോട്ടത്തില്‍ നബി(സ്വ) ഇരിക്കുകയായിരുന്നു. അതിന്‍റെ കവാടത്തില്‍ പാറാവുകാരനായി അബൂമൂസല്‍ അശ്അരി(റ) നിന്നു. അപ്പോള്‍ അബൂബക്കര്‍(റ) വന്നു പ്രവാചകന്‍(സ്വ)യുടെ അടുത്ത് പ്രവേശിക്കുവാന്‍ അനുവാദം ചോദിച്ചു അദ്ദേഹം അവിടെ കാത്തുനിന്നു. അബൂമൂസല്‍ അശ്അരി(റ) പ്രവാചകന്‍റെ അടുത്ത് പോയി വിവരം പറഞ്ഞു. അദ്ദേഹത്തിന് പ്രവേശിക്കുവാന്‍ അനുവാദം നല്‍കി. പിന്നീട് ഉമര്‍(റ)വും ശേഷം ഉസ്മാന്‍(റ)വും വരികയും അവരെല്ലാം പ്രവാചകന്‍(സ്വ)യുടെ അനുവാദം ലഭിക്കുന്നതുവരെ കവാടത്തില്‍ കാത്തുനില്‍ക്കുകയും ചെയ്തു.

(2) അനുവാദം ചോദിക്കേണ്ട രൂപം

"ബനൂ ആമിര്‍ ഗോത്രത്തില്‍നിന്നും ഒരാള്‍ വന്നു അയാള്‍ റസൂല്‍(സ്വ)യോട് അനുവാദം ചോദിച്ചു, പ്രവാചകന്‍ വീട്ടിലായിരുന്നു. അദ്ദേഹം പറഞ്ഞു; ഞാന്‍ (വീട്ടില്‍) പ്രവേശിക്കട്ടെ. അപ്പോള്‍ റസൂല്‍(സ്വ) തന്‍റെ വേലക്കാരനോട് പറഞ്ഞു: അദ്ദേഹത്തിന്‍റെ അടുത്ത് പോയി അനുവാദം ചോദിക്കുന്നത് എങ്ങിനെയാണെന്ന് പഠിപ്പിക്കുക. അദ്ദേഹത്തോട് പറയുക; അസ്സലാമു അലൈക്കും. ഞാന്‍ (വീട്ടില്‍) പ്രവേശിക്കട്ടെ. റസൂല്‍(സ്വ)യില്‍ നിന്നുളള ആ സംസാരം അയാള്‍ കേട്ടു, അപ്പോള്‍ അദ്ദേഹം പറഞ്ഞു; അസ്സലാമുഅലൈക്കും, ഞാന്‍ പ്രവേശിക്കട്ടെ? അപ്പോള്‍ റസൂല്‍(സ്വ) അദ്ദേഹത്തിന് അനുമതി നല്‍കുകയും അദ്ദേഹം പ്രവേശിക്കുകയും ചെയ്തു" (അബൂദാവൂദ്).

(3) എവിടെ നില്‍ക്കണം

ഒരു വീട്ടിലേക്ക് കയറാന്‍ അനുവാദം ചോദിക്കുമ്പോള്‍ വാതിലിന്‍റെ മുമ്പില്‍ നില്‍ക്കാതെ ഏതെങ്കിലും ഭാഗത്തേക്ക് മാറിനില്‍ക്കണം. കാരണം പെട്ടെന്ന് വാതില്‍ തുറക്കുമ്പോള്‍ അപ്രതീക്ഷിതമായി വല്ല അനിഷ്ടകരമായ കാഴ്ചകള്‍ ദര്‍ശിക്കുകയും അത് അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്തേക്കാം. "നബി(സ്വ) ഒരു സമുദായത്തിന്‍റെ കവാടത്തില്‍ എത്തിയാല്‍ വാതിലിന് അഭിമുഖമായി നില്‍ക്കാതെ വലത്തോട്ടോ ഇടത്തോട്ടോ മാറിനില്‍ക്കും. എന്നിട്ട് അസ്സലാമു അലൈക്കും, അസ്സലാമു അലൈക്കും എന്ന് പറയും" (അബൂദാവൂദ്) പ്രവാചകതിരുമേനിയുടെ വാതിലിന് അഭിമുഖമായി നിന്ന് ഒരാള്‍ അനുവാദം ചോദിച്ചപ്പോള്‍ പ്രവാചകന്‍(സ്വ) അദ്ദേഹത്തോട് പറഞ്ഞു അങ്ങോട്ടോ ഇങ്ങോട്ടോ മാറിനില്‍ക്കുക. ഹറാമില്‍ ദൃഷ്ടിപതിയാതിരിക്കുവാനാണ് അനുവാദം ചോദിക്കല്‍ നിയമമാക്കപെട്ടത്." (അബൂദാവൂദ്).

(4) വാതിലില്‍ മുട്ടുക

സന്ദര്‍ശകന്‍ വീടിന്‍റെ വാതില്‍ സൗമ്യമായി മുട്ടുകയും തന്നെ പരിചയപ്പെടുത്തുകയും വേണം. ആരാണ് എന്ന ചോദ്യത്തിന് 'ഞാന്‍' 'ഞാന്‍' എന്ന് പറയല്‍ മര്യാദയില്‍ പെട്ടതല്ല. ജാബിര്‍(റ)വില്‍നിന്ന് നിവേദനം: എന്‍റെ പിതാവിന് ഉണ്ടായിരുന്ന ഒരു കടത്തി(ന്‍റെ വിഷയത്തി)ല്‍ ഞാന്‍ നബി(സ്വ)യുടെ അടുത്ത് ചെന്നു. അങ്ങിനെ ഞാന്‍ വാതിലില്‍ മുട്ടി അദ്ദേഹം ചോദിച്ചു: ആരാണത്? ഞാന്‍ പറഞ്ഞു: 'ഞാന്‍' അപ്പോള്‍ അദ്ദേഹം ചോദിച്ചു, ഞാന്‍, ഞാന്‍! അദ്ദേഹം അത് വെറുത്തതുപോലെ! (പറഞ്ഞു). (ബുഖാരി).

(5) അനുവാദം ചോദിക്കല്‍ ആവര്‍ത്തിക്കുക

വീട്ടില്‍ പ്രവേശിക്കുവാന്‍ അനുവാദം ചോദിച്ച ഉടനെ വാതില്‍ തുറന്ന് അകത്ത് പ്രവേശിക്കരുത്, വീട്ടില്‍ നിന്ന് പ്രതികരണം ഇല്ലെങ്കില്‍ മൂന്നു പ്രാവശ്യം വരെ ചോദ്യം ആവര്‍ത്തിക്കുക. മറുപടി ലഭിക്കാതിരിക്കുകയോ, അനുമതി നിഷേധിക്കുകയോ ചെയ്താല്‍ മാന്യമായും ക്ഷമയോടും കൂടി മടങ്ങിപ്പോരുക. അല്ലാഹു പറയുന്നു:

“ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നതുവരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചു പോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.” (വി: ക്വു: 24:28)

നബി(സ്വ) പറഞ്ഞു: "നിങ്ങളില്‍ ഒരാള്‍ മൂന്നു പ്രാവശ്യം പ്രവേശനാനുമതി ചോദിച്ചാല്‍ അവന് അനുമതി ലഭിച്ചില്ല എങ്കില്‍ അവന്‍ മടങ്ങിപ്പോരട്ടെ" (ബുഖാരി). ഇമാം ക്വത്വാദ പറയുന്നു: “ഒന്നാമത്തെ പ്രാവശ്യമുളള ചോദ്യത്താല്‍ ജീവനുളള ആരെങ്കിലും അവിടെ ഉണ്ടെങ്കില്‍ കേള്‍ക്കും, രണ്ടാം പ്രാവശ്യം അവര്‍ വേണ്ട കരുതല്‍ സ്വീകരിക്കും, മൂന്നാം പ്രാവശ്യം അവര്‍ ഉദ്ദേശിച്ചാല്‍ അനുമതി നല്‍കുകയോ മടക്കി അയക്കുകയോ ചെയ്യും. നിന്നെ മടക്കി അയച്ച ഒരു വീട്ടുപടിക്കല്‍ നീ കാത്തുനില്‍ക്കരുത്. കാരണം ജനങ്ങള്‍ക്ക് അവരുടെ ജോലികളും അവരുടെ ചുറ്റുപാടുകളുമുണ്ട്.”

ഒരു വീട്ടില്‍ നിന്നും മറുപടി ലഭിച്ചില്ല എങ്കില്‍ വാതില്‍ ശക്തമായി തട്ടുകയും അവിടെ കാത്തുനില്‍കുന്നതും ശരിയല്ല. മാത്രമല്ല പൈശാചിക ചിന്തയാല്‍ ആ വീട്ടുകാരനെ സംബന്ധിച്ച് സമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും അവന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതും ഭൂഷണമല്ല. ഇനിയൊരിക്കലും ആ വീടുമായി യാതൊരു ബന്ധവുമില്ല എന്ന പ്രതിജ്ഞ എടുക്കലും ശരിയല്ല. വാതില്‍ പഴുതിലൂടെയും വിടവിലൂടെയും ജനലുകള്‍ തുറന്നും എത്തിനോക്കുന്നത് പ്രവാചകന്‍(സ്വ) ശക്തമായി നിരോധിച്ചു. നബി(സ്വ) പറഞ്ഞു: ''നിന്‍റെ അനുവാദം ഇല്ലാതെ ഒരാള്‍ നിന്‍റെമേല്‍ എത്തിനോക്കുകയും നീ അവനെ ചരല്‍ കല്ല് എടുത്ത് എറിയുകയും അവന്‍റെ കണ്ണ് നഷ്ടപ്പെടുകയും ചെയ്താല്‍ നിന്‍റെമേല്‍ കുറ്റമില്ല" (ബുഖാരി) മറ്റൊരു റിപ്പോര്‍ട്ടില്‍; 'നിന്‍റെ അനുവാദമില്ലാതെ നിന്‍റെ വീട്ടിലേക്ക് എത്തിനോക്കിയാല്‍'.. എന്നാണ്.

സഹ്ല്‍ ഇബ്നു സഅദ്(റ)വില്‍നിന്ന് നിവേദനം: ഒരാള്‍ വാതിലിലൂടെ പ്രവാചകന്‍(സ്വ)യുടെ അറയിലേക്ക് എത്തി നോക്കി. പ്രവാചകന്‍റെ കയ്യില്‍ തല ചൊറിയാന്‍ ഉപയോഗിക്കുന്ന ഒരു കോല്‍ ഉണ്ടായിരുന്നു പ്രവാചകതിരുമേനി അയാളെ കണ്ടു. അപ്പോള്‍ ഇപ്രകാരം പറഞ്ഞു: 'നീ എന്നെയാണ് നോക്കുന്നത് എന്ന് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഇതു കൊണ്ട് ഞാന്‍ നിന്‍റെ കണ്ണില്‍ കുത്തുമായിരുന്നു, ഹറാമില്‍ ദൃഷ്ടി പതിയാതിരിക്കുവാനാണ് അനുവാദം ചോദിക്കല്‍ നിയമമാക്കപെട്ടത്." (ബുഖാരി).

(6) വീട്ടില്‍ ആളില്ലെങ്കില്‍

മുന്‍കൂട്ടി അനുവാദം ഇല്ലെങ്കില്‍ ആളില്ലാത്ത വീട്ടില്‍ പ്രവേശിക്കുവാന്‍ പാടില്ല. എന്നാല്‍ ആള്‍പാര്‍പ്പില്ലാത്ത പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സത്രങ്ങള്‍, അഥിതി മന്ദിരങ്ങള്‍ തുടങ്ങിയ വീടുകളാണെങ്കില്‍ അത്തരം വീട്ടില്‍ അത്യാവശ്യത്തിന് പ്രവേശിക്കാവുന്ന താണ്. അല്ലാഹു പറയുന്നു: “ആള്‍പാര്‍പ്പില്ലാത്തതും, നിങ്ങള്‍ക്ക് എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് കുറ്റമില്ല. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.” (വി: ക്വു: 24:29.)

ഒരു വീട്ടില്‍ തന്നെ താമസിക്കുന്ന സഹോദരങ്ങള്‍ മറ്റുളളവരുടെ മുറികളിലേക്ക് പ്രവേശിക്കുവാന്‍ അനുവാദം വാങ്ങേണ്ടതുണ്ട്. വിവാഹബന്ധം നിഷിദ്ധമായ വരായിരുന്നാലും ശരി. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ(അടിമകള്‍)രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാത നമസ്കാരത്തിനു മുമ്പും, ഉച്ച സമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അവര്‍ക്ക് മുമ്പുള്ളവര്‍ സമ്മതം ചോദിച്ചത് പോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ തെളിവുകള്‍ വിവരിച്ചു തരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.” (വി:ക്വു: 24:58).

സ്വന്തം ഭവനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും ചെരുപ്പ് ചലിപ്പിച്ചോ തൊണ്ടയനക്കിയോ മുന്നറിയിപ്പ് നല്‍കല്‍ ഉത്തമമാണ്, സലഫുസ്വാലിഹീങ്ങളുടെ ചര്യകള്‍ പരതിയാല്‍ അപ്രകാരം കാണാവുന്നതാണ്. അല്ലാഹു പറയുന്നു: “(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക...” (വി:ക്വു: 24:30,31).

ഈ ചര്യകള്‍ മനുഷ്യര്‍ മനസ്സറിഞ്ഞ് ഉള്‍കൊണ്ടിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കുകയും അഭിമാനം സുരക്ഷിതമാവുകയും, ഇഹപര നേട്ടങ്ങള്‍ ഏറെ കൈവരിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു.


0
0
0
s2sdefault

തർബിയ : മറ്റു ലേഖനങ്ങൾ