കൂട്ടുകെട്ടിലെ മര്യാദകൾ

മുഹമ്മദ് ശമീർ മദീനി

Last Update 2018 October 29, 1440 Safar 20

പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ടവരാണ് മനുഷ്യര്‍. എത്ര വലിയവനും ആരുടേയും സഹായമാവശ്യമില്ലാതെ ഒറ്റയാനായി കഴിയുക സാധ്യമല്ല. അടിസ്ഥാനാവശ്യങ്ങളായ ആഹാരത്തിന്‍റേയും വസ്ത്രത്തിന്‍റേയും പാര്‍പ്പിടത്തിന്‍റേയും കാര്യമെടുക്കുക. നാം കാണുകയോ അറിയുകയോ പോലും ചെയ്യാത്ത നൂറുകണക്കിനാളുകളുടെ അധ്വാനവും സഹകരണവും അതിന്‍റെ പിന്നിലുണ്ടെന്ന യാഥാര്‍ഥ്യം ആര്‍ക്കാണ് നിഷേധിക്കാനാവുക?

മനുഷ്യന്‍മാരില്‍ നിന്ന് അകന്ന് ഏകാന്തവാസം നയിക്കുന്നതിനെ ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. നബി(ﷺ)പറഞ്ഞു: "ജനങ്ങളുമായി ഇടപഴകുകയും അവരുടെ ശല്യങ്ങള്‍ സഹിക്കുകയും ചെയ്യുന്ന വിശ്വാസിക്കാണ് അങ്ങനെയല്ലാത്തവരേക്കാള്‍ മഹത്തായ പ്രതിഫലമുള്ളത്." (ഇബ്നുമാജ)

ഇണക്കവും സഹകരണവുമാണ് യഥാര്‍ഥ വിശ്വാസിയുടെ സ്വഭാവമെന്നും നബി(ﷺ)ഉണര്‍ത്തി. നബി(ﷺ)പറഞ്ഞു: "സത്യവിശ്വാസി ഇണങ്ങുന്നവനാണ്. ഇണങ്ങുകയോ ഇണക്കപ്പെടുകയോ ചെയ്യാത്തവനില്‍ നന്മയില്ല." (അഹ്മദ്)

ചങ്ങാതിയെ തേടുമ്പോള്‍ കൂട്ടുകൂടാന്‍ പ്രേരിപ്പിച്ച ഇസ്ലാം പിന്നീട് തദ്വിഷയകമായി മൗനം ദീക്ഷിച്ചിരിക്കുകയല്ല. മറിച്ച് അതുമായി ബന്ധപ്പെട്ട പല മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കൂട്ടുകെട്ടുകള്‍ക്ക് സ്വഭാവങ്ങളിലും സംസ്കാരങ്ങളിലും ശക്തമായ സ്വാധീനങ്ങളുണ്ടാക്കുവാന്‍ സാധിക്കും. ചിലപ്പോള്‍ ചില കൂട്ടുകെട്ടുകള്‍ കൊണ്ട് സ്വന്തം വ്യക്തിത്വം തന്നെ നശിച്ചേക്കും. മറ്റുചിലപ്പോള്‍ ഉത്തമമായ സ്വഭാവവും സംസ്കാരവും സ്വീകരിച്ച് അര്‍ഥവത്തായ ഒരു ജീവിതം നയിക്കാന്‍ സഹായകമായതും കൂട്ടുകെട്ടുകൊണ്ടായിരിക്കാം. അഥവാ കൂട്ടുകെട്ടിലൂടെ നന്നാവാനും ചീത്തയാകാനും സാധ്യതയുണ്ടെന്ന് സാരം.

പുകവലി, മദ്യപാനം പോലുള്ള ദുഃശ്ശീലങ്ങള്‍ പലതും കൂട്ടുകെട്ടിലൂടേയാണ് വ്യാപിക്കുന്നത്. ആദ്യമൊന്നും അത്തരം ദുഃശ്ശീലങ്ങളില്ലാതിരുന്നവര്‍ പിന്നീട് കൂട്ടുകാരില്‍ നിന്ന് അവ പകര്‍ന്നെടുത്ത് അതിന്‍റെ അടിമയായി മാറുന്ന സ്ഥിതി വിരളമല്ല. അതുകൊണ്ടു തന്നെ മറ്റുള്ളവരുമായി കൂട്ടുകൂടന്നതിനുമുമ്പ് തന്‍റെ സുഹൃദ് വലയത്തിന്‍റെ കണ്ണികളാക്കാനാഗ്രഹിക്കുന്ന ചങ്ങാതിമാരെകുറിച്ച് ഉള്‍ക്കാഴ്ചയോടെയുള്ള തെരെഞ്ഞെടുപ്പ് ആവശ്യമാണ്. നബി(ﷺ)പറഞ്ഞു. "ഒരാള്‍ തന്‍റെ സ്നേഹിതന്‍റെ മതത്തിലായിരിക്കും. അതിനാല്‍ നിങ്ങളിലോരോരുത്തരും താന്‍ കൂട്ടുകൂടുന്നവരെ കുറിച്ച് ചിന്തിച്ചു നോക്കട്ടെ" (അബൂദാവൂദ്, തിര്‍മിദി)

നന്മയില്‍ കൂട്ടുകൂടി നന്മയുടെ വക്താക്കളായ സ്നേഹിതന്മാരേയും തിന്മയുടെ മിത്രങ്ങളായ ദുര്‍മാര്‍ഗികളെയും ചരിത്രത്തില്‍ കാണാം. നബി(ﷺ)യും അവിടുത്തെ സ്വഹാബത്തും നന്മയുടെ സൗഹൃദത്തിന്‍റെ മഹനീയ ഉദാഹരണങ്ങളാണ്. ദേശ-ഭാഷ-വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി നന്മയില്‍ അവര്‍ ഏകോദര സഹോദരങ്ങളായി. നീഗ്രോ അടിമയായിരുന്ന കറുത്ത ബിലാലും ഖുറൈശിയായിരുന്ന വെളുത്ത അബൂബക്കറും പണക്കാരനായ ഉഥ്മാനും പണിക്കാരനായ ഖുബൈബും അറബിയായ ഉമറും പേര്‍ഷ്യക്കാരനായ സല്‍മാനുമൊക്കെ അവരിലുണ്ടായിരുന്നു. മറ്റെല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് ഉച്ഛനീചത്വങ്ങള്‍ക്കതീതമായി ഏകോദരസഹോദരങ്ങളായി ഒരു ആദര്‍ശത്തിന്‍റെ കീഴില്‍ അവരെല്ലാം അണിനിരന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത സൗഹൃദമാണ് സ്വഹാബത്തിനിടയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.

ഉഖ്ബത്തുബ്നു അബീ മുഈതും ഉമയ്യത്തുബ്നു ഖലഫും അബൂജഹലും ഉത്ത്ബത്തും ശൈബത്തുമൊക്കെ ആ നന്മക്കെതിരില്‍ കൂട്ടുകെട്ടുണ്ടാക്കിയ തിന്മയുടെ വക്താക്കളായിരുന്നു. ഉഖ്ബത്ത്ബ്നു അബീ മുഈതും ഉമയ്യത്ത്ബ്നു ഖലഫും ഉറ്റ ചങ്ങാതിമാരായിരുന്നു. ഉഖ്ബത്ത് നബി(ﷺ)യുമായി സംസാരിക്കുകയും സ്നേഹബന്ധം പുലര്‍ത്തിപ്പോരുകയും ചെയ്തു. അങ്ങനെ ഉഖ്ബ മതം മാറി മുഹമ്മദിന്‍റെ മതം സ്വീകരിച്ചെന്ന് ഖുറൈശികള്‍ പറയാന്‍ തുടങ്ങി. ഈ വാര്‍ത്തയറിഞ്ഞ ഉമയ്യത്ത് ഉഖ്ബയോടു പറഞ്ഞു "നീ ഇനി മുഹമ്മദിനെ കാണുമ്പോള്‍ അവന്‍റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും പിരടിക്ക് ചവിട്ടുകയും ആക്ഷേപിക്കുകയും ചെയ്യുന്നതു വരെ ഞാനും നീയും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരിക്കുകയില്ല." ഉമയ്യത്തുമായുള്ള ചങ്ങാത്തം നഷ്ടപ്പെട്ടു പോകരുതെന്ന് കരുതി ഉഖ്ബ ആ പറഞ്ഞതൊക്കെ ചെയ്തുവത്രെ! അവരെ പരാമര്‍ശിച്ചുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനിലെ ഈ വചനം അവതരിപ്പിച്ചതെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാന പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. "സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ." (43:67) (ഖുര്‍ത്വുബി 16/109). ഇതിന് സമാനമായ സംഭവം തന്നെ ഖുര്‍ആനിലെ 25:27-29 ന്‍റെ വിവരണത്തിലും പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്നത് കാണാം (ഇബ്നു കഥീര്‍ നോക്കൂക).

നീതിയും നന്മയും ഒന്നും പരിഗണിക്കാതെയുള്ള കൂട്ടുകാര്‍ക്കിടയിലുള്ള അന്ധമായ വിധേയത്വവും പിന്തുണയും ഈ ഭൗതിക ലോകത്ത് തന്നെ നിരവധി പ്രത്യാഘാതങ്ങള്‍ക്കും ഖേദത്തിനും ഇടവരുത്തുമെന്നത് ഒരു വസ്തുതയാണ്. പരലോകജീവിതത്തിലും അത്തരം കൂട്ടുകെട്ടുകള്‍ കൊടും ഖേദത്തിനും നഷ്ടത്തിനും ഇടവരുത്തുമെന്ന കാര്യം ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. അല്ലാഹു പറയുന്നു: "അക്രമം ചെയ്തവന്‍ തന്‍റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, എന്‍റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു." (25:27-29)

ആരുമായിട്ടാകണം? വര്‍ഗ-വര്‍ണ വ്യത്യാസങ്ങളോ സാമ്പത്തികമേന്മയോ തറവാടിത്തത്തിന്‍റെ മഹത്വമോ ഒന്നുമല്ല സൗഹൃദത്തിന് പരിഗണിക്കപ്പെടേണ്ടത്. മറിച്ച് ധാര്‍മികബോധവും നല്ല സംസ്കാരവുമുള്ള നന്മയിലേക്ക് നമുക്ക് പ്രചോദനം നല്‍കുന്ന സുഹൃദ് വലയത്തിനാണ് ഒരോരുത്തരും ശ്രമിക്കേണ്ടത്. നാടിനും നാട്ടുകാര്‍ക്കും നന്മ പ്രദാനം ചെയ്യാന്‍ പറ്റുന്ന നന്മയുടെ വക്താക്കളുടെ കൂട്ടായ്മയായി അത്തരം സുഹൃദ്ബന്ധങ്ങള്‍ വളരണം.

ജീവിതപങ്കാളിയായി ഇണയെ തെരഞ്ഞെടുക്കുമ്പോഴും ഈ കാര്യത്തിനായിരിക്കണം മുഖ്യപരിഗണന നല്‍കേണ്ടത് എന്നാണ് നബി(ﷺ) ഉപദേശിച്ചത്. അല്ലാഹു പറയുന്നു. "ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (49:13)

ചീത്തകൂട്ടുകെട്ടുകള്‍ ഒഴിവാക്കുവാനും നല്ലവരുമായി കൂട്ടുകൂടാനും പ്രേരിപ്പിക്കുന്ന നിരവധി നബിവചനങ്ങളും കാണാം. നബി(ﷺ) ഈ രണ്ടുതരത്തിലുള്ള കൂട്ടുകെട്ടിലൂടെ ഉണ്ടായേക്കാവുന്ന നേട്ട-കോട്ടങ്ങളെ വ്യക്തമാക്കിക്കൊണ്ട് ഒരു ഉപമയിലൂടെ കാര്യങ്ങള്‍ വിവരിക്കുന്നത് കാണുക. നബി(ﷺ) പറയുന്നു. "നല്ല കൂട്ടുകാരന്‍റേയും ചീത്തകൂട്ടുകാരന്‍റേയും ഉപമ കസ്തൂരി വാഹകന്‍റേയും ഉലയില്‍ ഊതുന്നവന്‍റേയും പോലെയാണ്. കസ്തൂരി വാഹകന്‍ ഒന്നുകില്‍ അതില്‍ നിന്നും നിനക്ക് നല്‍കിയേക്കും അല്ലെങ്കില്‍ നിനക്ക് അവനില്‍ നിന്ന് വിലകൊടുത്തു വാങ്ങാം. അതുമല്ലെങ്കില്‍ അതിന്‍റെ പരിമളം അതില്‍ നിന്നും നിനക്ക് ആസ്വദിക്കാം. എന്നാല്‍ ഉലയില്‍ ഊതുന്നവനാകട്ടെ; ഒന്നുകില്‍ നിന്‍റെ വസ്ത്രം (ആ തീപ്പൊരികള്‍ കൊണ്ട്) കരിച്ചുകളയും. അല്ലെങ്കില്‍ (അഴുക്കിന്‍റേയും വിയര്‍പ്പിന്‍റേയും) ദുര്‍ഗന്ധമായിരിക്കും അവനില്‍ നിന്ന് നിനക്ക് ലഭിക്കുക." (ബുഖാരി, മുസ്ലിം)

സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്‍റെ ഇഷ്ടാനിഷ്ടങ്ങളെ പരിഗണിച്ചുകൊണ്ടായിരിക്കണം സൃഷ്ടികളോടുള്ള അടുപ്പവും അകല്‍ച്ചയുമൊക്കെ നിലകൊള്ളേണ്ടത്. സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ഒരു സൃഷ്ടിയേയും അനുസരിക്കുകയോ പ്രീതിപ്പെടുത്തുകയോ ചെയ്തുകൂടാ എന്നാണ് ഇസ്ലാമിക അധ്യാപനം. അല്ലാഹുവിന്‍റെ പേരിലുള്ള ബന്ധങ്ങള്‍ക്കും സ്നേഹാദരവുകള്‍ക്കും പാരത്രികജീവിതത്തില്‍ പ്രത്യേക പരിഗണനയും പ്രതിഫലവുമുണ്ടെന്ന് നബി(ﷺ) അറിയിച്ചിട്ടുണ്ട്. നബി(ﷺ)പറയുന്നു. "ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ അല്ലാഹു പറയും: എന്‍റെ പേരില്‍ പരസ്പരം സ്നേഹബന്ധം പുലര്‍ത്തിയിരുന്നവരെവിടെ? ഞാന്‍ നല്‍കുന്ന പ്രത്യേക തണലല്ലാതെ മറ്റ് തണലൊന്നുമില്ലാത്ത ഇന്ന് ഞാനവര്‍ക്ക് തണല്‍ നല്‍കി സംരക്ഷിക്കുന്നതാണ്." (മുസ്ലിം)

സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഭദ്രമാക്കുവാനും അവ തകര്‍ന്നുപോകാതെ സൂക്ഷിക്കുവാനും നബി(ﷺ) ചില നിര്‍ദേശങ്ങളും ഉപദേശങ്ങളും പ്രത്യേകം നല്‍കിയിട്ടുണ്ട്. പരസ്പരം കണ്ടുമുട്ടുമ്പോള്‍ ദൈവരക്ഷക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ഥനകള്‍ അടങ്ങുന്ന അഭിവാദനരീതിയും (സലാം പറയല്‍) തുമ്മിയ ശേഷം അല്ലാഹുവിനെ സ്തുതിക്കുന്നതു കേള്‍ക്കുമ്പോള്‍ അയാള്‍ക്കുവേണ്ടി ദൈവികാനുഗ്രഹത്തിനു വേണ്ടി പ്രാര്‍ഥിക്കലും തിരിച്ച് ഇങ്ങോട്ടും നന്മക്കായുള്ള പരസ്പര പ്രാര്‍ഥനകളും രോഗിയായാല്‍ സന്ദര്‍ശിക്കലും വേണ്ട സഹായങ്ങള്‍ എത്തിക്കലും ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കലും ഗുണകാംക്ഷയോടെ വര്‍ത്തിക്കലുമെല്ലാം വിശ്വാസികള്‍ പരസ്പരം പാലിക്കേണ്ട ബാധ്യതകളായിട്ടാണ് നബി(ﷺ) പഠിപ്പിച്ചത്. സാഹോദര്യത്തിന് കോട്ടം തട്ടുന്ന ചെറിയ സംഗതികള്‍ പോലും നബി(ﷺ) ഗൗരവത്തോടെ ഉണര്‍ത്തുകയും പരസ്പരം കെട്ടുറപ്പുള്ള ഒരു സൗഹൃദാന്തരീക്ഷത്തിന് വേണ്ട എല്ലാ ഉപദേശനിര്‍ദേശങ്ങളും അവിടുന്ന് നല്‍കുകയും ചെയ്തിട്ടുണ്ട്. നിത്യേനയുള്ള അഞ്ചുനേരത്തെ നിര്‍ബന്ധമായ നമസ്കാരങ്ങള്‍ക്ക് പരമാവധി പള്ളികളില്‍ ഒരുമിച്ചുകൂടാനും തോളോടുതോള്‍ ചേര്‍ന്ന് പരസ്പരം അടുത്തുനിന്ന് അണിയണിയായി നമസ്കരിക്കാനുമൊക്കെ നിരന്തരം നബി(ﷺ) ഉണര്‍ത്തുമായിരുന്നു.

പകയും ശത്രുതയും വളര്‍ത്താനിടയാക്കുന്ന ഏതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാതിരിക്കാനും അവിടുന്ന് ഉണര്‍ത്തുമായിരുന്നു. നബി(ﷺ) പറഞ്ഞു. "നിങ്ങളിലൊരാളും തന്‍റെ സഹോദരന്‍ വിവാഹാലോചന നടത്തിയതിനുമേല്‍ വിവാഹാലോചന നടത്തരുത്. ഒരാള്‍ നടത്തിയ കച്ചവടത്തിനു മേലെ കച്ചവടം നടത്തുകയും ചെയ്യരുത്." (ബുഖാരി, മുസ്ലിം). ഊഹാപോഹങ്ങള്‍ വെടിയുവാനും ശത്രുതയും അസൂയയും ചതിയുമെല്ലാം ഉപേക്ഷിക്കുവാനും രക്തവും ധനവും അഭിമാനവുമൊക്കെ പരസ്പരം സംരക്ഷിക്കുവാനും അവയുടെ പവിത്രതകള്‍ കാത്തുസൂക്ഷിക്കുവാനും നബി(ﷺ) ഉണര്‍ത്താറുണ്ടായിരുന്നു. സ്വന്തത്തിനു നന്മ ആഗ്രഹിക്കുന്നതുപോലെ സ്വന്തം സഹോദരങ്ങള്‍ക്കും നന്മയാഗ്രഹിക്കുന്നതുവരേക്കും യഥാര്‍ഥ വിശ്വാസികളാവാന്‍ സാധിക്കുകയില്ലെന്നാണ് നബി(ﷺ) പഠിപ്പിച്ചത്.

ബന്ധങ്ങള്‍ ശിഥിലമാകുന്ന വിധത്തില്‍ പരസ്പരം കുത്തുവാക്കുകളുപയോഗിക്കുകയും പരിഹസിക്കലുമെല്ലാം വലിയ പാപമായിട്ടാണ് ഇസ്ലാം കാണുന്നത്. അല്ലാഹു പറയുന്നു. "സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍. സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു." (49:11,12)

അപ്രകാരം തന്നെ പരസ്പരമുള്ള ബാധ്യതകളെ കുറിച്ചും നബി(ﷺ) പലപ്പോഴായി ഉണര്‍ത്തിയിട്ടുണ്ട്. സഹായങ്ങളാവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ സഹായിക്കുക. ഭൗതികമായ സഹായങ്ങള്‍ മാത്രമല്ല അതുകൊണ്ട് അര്‍ഥമാക്കപ്പെടുന്നത്. തന്‍റെ സുഹൃത്തില്‍ കാണുന്ന ന്യൂനതകള്‍ മാന്യമായ രീതിയില്‍ ഉണര്‍ത്തി അവ തിരുത്താനാവശ്യപ്പെടുന്നതും അക്രമങ്ങളില്‍ നിന്ന് അയാളെ പിന്തിരിപ്പിക്കുന്നതും അയാള്‍ക്കുചെയ്യുന്ന സഹായം തന്നെയാണ്. നബി(ﷺ) പറഞ്ഞു: "നിന്‍റെ സഹോദരന്‍ മര്‍ദകനായാലും മര്‍ദിതനായിരുന്നാലും നീ അവനെ സഹായിക്കുക." അപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു "പ്രവാചകരേ, മര്‍ദിതനാണെങ്കില്‍ അവനെ സഹായിക്കണമെന്നത് മനസ്സിലായി. എന്നാല്‍ അക്രമിയായിരിക്കെ ഞാന്‍ എങ്ങനെയാണ് അവനെ സഹായിക്കേണ്ടത്?" നബി(ﷺ) പറഞ്ഞു: "നീ അവനെ ആ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കലാണ് അവനുള്ള സഹായം." (ബുഖാരി)

നീതിയും ന്യായവുമൊന്നും നോക്കാതെ സ്വന്തം സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ അക്രമത്തിലും അനീതിയിലും അന്ധമായി പിന്തുണക്കുന്ന രീതി നീചവും വിഭാഗീയത വളര്‍ത്തുന്നതുമാണ്. യഥാര്‍ഥ വിശ്വാസികള്‍ക്ക് അത്തരം അനീതികളില്‍ പങ്കാളികളാവാന്‍ സാധിക്കുകയില്ല. അല്ലാഹു പറയുന്നു. "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു."(4:135)

സുഹൃത്തുക്കളിലെ നന്മകള്‍ കണ്ടറിയുവാനും അവക്കു പ്രോത്സാഹനവും പ്രചോദനവുമേകാനും സാധിക്കേണ്ടതുപോലെതന്നെ ഏറ്റക്കുറച്ചിലുകളില്ലാതെ അവരുടെ തെറ്റുകള്‍ ചൂണ്ടികാണിച്ച് തിരുത്താനും സാധിക്കുമ്പോള്‍ മാത്രമാണ് സുഹൃദ്ബന്ധത്തിലെ കടമകള്‍ നിറവേറ്റുന്ന ശരിയായ സുഹൃത്തുക്കളായി മാറാന്‍ സാധിക്കുക. സുഹൃത്തുക്കള്‍ പരസ്പരം കണ്ണാടികളാകണമെന്ന തത്ത്വോപദേശത്തിലെ പൊരുളും അപ്പോഴാണ് അന്വര്‍ഥമാകുന്നത്. സഹായവും പിന്തുണയുമാവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ സുഹൃത്തിനെ കയ്യൊഴിക്കുകയെന്നത് യഥാര്‍ഥ വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ലാഭ-നഷ്ടങ്ങളെ കുറിച്ച് കൂട്ടിക്കിഴിക്കലുകള്‍ നടത്താതെ നിസ്വാര്‍ഥ സഹകരണവുമായി മുന്നിട്ടുവരുന്നവനാണ് യഥാര്‍ഥ സുഹൃത്ത്. നബി(ﷺ) പറയുന്നു. "വിശ്വാസി വിശ്വാസിയുടെ സഹോദരനാണ്. അവന്‍ അവനെ ഉപദ്രവിക്കുകയോ കീഴ്പ്പെടുത്തുകയോ ഇല്ല. ആര്‍ തന്‍റെ സഹോദരന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ സന്നദ്ധനാകുന്നുവോ അല്ലാഹു അയാളുടെ ആവശ്യങ്ങളും നിര്‍വഹിച്ചുകൊടുക്കും." (ബുഖാരി, മുസ്ലിം)

സഹോദരങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിക്കലും അവരെ സന്ദര്‍ശിക്കലുമൊക്കെ സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും പ്രതിഫലങ്ങള്‍ നേടിയെടുക്കുവാനും സഹായകമാണ്. നബി(ﷺ) പറയുന്നു. "ഒരാള്‍ തന്‍റെ മറ്റൊരു നാട്ടുകാരനായ സഹോദരനെ സന്ദര്‍ശിക്കാനായി പുറപ്പെട്ടാല്‍ അല്ലാഹു ഒരു മലക്കിനെ അയാളുടെ വഴിയില്‍ നിര്‍ത്തും. എന്നിട്ട് ആ മലക്ക് വിളിച്ചു പറയും: " നിശ്ചയം, നീ ഇയാളെ സ്നേഹിക്കുന്നതുപോലെ അല്ലാഹു നിന്നെയും സ്നേഹിക്കുന്നുണ്ട്." (മുസ്ലിം)

എത്ര തന്നെ സ്നേഹത്തിലും സൗഹൃദത്തിലും കഴിഞ്ഞിരുന്നവരാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ സുഹൃത്തുക്കളുടെ സംസാരവും പെരുമാറ്റങ്ങളും നമ്മെ വേദനിപ്പിക്കുന്ന വിധത്തിലായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ സമചിത്തതയോടെ സഹിക്കാനും പൊറുക്കാനും സാധിക്കുമ്പോഴാണ് ഒരാള്‍ കൂടുതല്‍ ഉല്‍കൃഷ്ടനാവുന്നത്. ഊഹാപോഹങ്ങള്‍ക്ക് ചിറക് വെപ്പിക്കാതെ വിട്ടുവീഴ്ചയുടെയും നന്മയുടെയും വഴികള്‍ തേടിയാല്‍ ഏത് ശത്രുവിനെയും ഉറ്റമിത്രമാക്കി മാറ്റുവാന്‍ കഴിയുമെന്നാണ് ഖുര്‍ആന്‍ അറിയിക്കുന്നത്. പക്ഷെ, അതിന് എല്ലാവര്‍ക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. മാതൃകാപരമായ ഇത്തരം നിരവധി സംഭവങ്ങള്‍ നബി(ﷺ)യുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.

അല്ലാഹു പറയുന്നു: "നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല." (41:34-35). ഇനി വല്ല കാരണത്താലും വഴക്കിടുകയോ പിണങ്ങുകയോ ചെയ്താല്‍ തന്നെ മൂന്ന് ദിവസത്തിലധികം അത് ദീര്‍ഘിച്ചുപോകരുതെന്ന് നബി(ﷺ) പ്രത്യേകം ഉണര്‍ത്തി. പിണക്കമവസാനിപ്പിക്കാന്‍ ഉള്ളുതുറന്ന സംസാരവും ചര്‍ച്ചയുമാണ് വേണ്ടത്. അതിനുള്ള സാഹചര്യമൊരുക്കുകയും അനുരജ്ഞന ശ്രമങ്ങള്‍ നടത്തലും മൂന്നാം കക്ഷിയുടെ ബാധ്യത കൂടിയായിട്ടാണ് അല്ലാഹു ഉണര്‍ത്തിയത്.

"സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതുവരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം." (49:9,10)

എന്നാല്‍ അത്തരം അനുരജ്ഞന ശ്രമങ്ങളോട് സഹകരിക്കാതിരിക്കലും എതിര്‍ വിഭാഗത്തെ ഉപദ്രവിച്ചുകൊണ്ടിരിക്കലും അവര്‍ക്ക് നല്‍കികൊണ്ടിരുന്ന സഹായങ്ങള്‍ നിര്‍ത്തിവെക്കലുമൊക്കെ നന്മകള്‍ നഷ്ടപ്പെടുത്തലും റബ്ബിന്‍റെ അനുഗ്രഹം തടയുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്. അല്ലാഹു പറയുന്നു: "എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ" (107:4-7) അത്തരക്കാരുടെ സല്‍കര്‍മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കാതെ മാറ്റിവെക്കുമെന്നും അവര്‍ പിണക്കം മാറ്റിവരട്ടെ എന്ന് അവന്‍ മലക്കുകളോട് പറയുമെന്നും ഹദീഥുകളില്‍ കാണാം.

അല്ലാഹുവിന്‍റെ കാരുണ്യവും വിട്ടുവീഴ്ചയും ആഗ്രഹിക്കുന്നവര്‍ തന്‍റെ സഹജീവികളോടും കാരുണ്യത്തോടും വിട്ടുവീഴ്ചയോടും വര്‍ത്തിക്കണമെന്നാണ് അല്ലാഹു നിര്‍ദ്ദേശിക്കുന്നത്. അബൂബക്കറി(റ)ന്‍റെ ചെലവില്‍ കഴിയുന്ന ആളായിരുന്നു മിസ്ത്വഹ്ല(റ). കപടവിശ്വാസികളുടെ കുപ്രചരണങ്ങളുടെ നിചസ്ഥിതിയറിയാതെ മിസ്ത്വഹ്ല(റ) അബൂബക്കര്‍(റ)ന്‍റെ മകളും പ്രവാചക പത്നിയുമായ ആഇശ(റ)യെ കുറിച്ചുള്ള അപവാദപ്രചരണത്തില്‍ പങ്കാളിയായിപ്പോയി. ഇതറിഞ്ഞ അബൂബക്കര്‍ (റ) മിസ്ത്വഹി(റ)നുള്ള സഹായം നിര്‍ത്തിവെക്കുകയാണെന്ന് അറിയിച്ചു. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു ഇപ്രകാരം ആയത്തിറക്കിയത്.

"നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ." (24:22) അങ്ങനെ അബൂബക്കര്‍(റ) മിസ്ത്വഹി(റ)ന് നല്‍കി വന്നിരുന്ന സഹായങ്ങള്‍ പൂര്‍വോപരി നല്ല നിലയില്‍ പുനരാരംഭിച്ചു. അങ്ങനെ അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മനസ്സും ശരീരവും പാകപ്പെടുത്താന്‍ സാധിച്ച അബൂബക്കര്‍(റ)ന്‍റെ മാതൃകയാണ് നാം പിന്‍പറ്റേണ്ടത്. സര്‍വശക്തനായ അല്ലാഹു അതിന് നമ്മെ അനുഗ്രഹിക്കട്ടെ! (ആമീന്‍)

0
0
0
s2sdefault

തർബിയ : മറ്റു ലേഖനങ്ങൾ