തൗറാത്ത് ആദ്യമായി കൈകൊണ്ട് എഴുതി നല്‍കിയത് ആര്?
അന്‍വര്‍ അബൂബക്കര്‍
Last Update 7 January 2026, 18 Rajab, 1447 AH
ചോദ്യം: മൂസാ നബി(അലൈഹിസ്സലാം)ക്ക് തൌറാത്തിന്‍റെ ഏടുകള്‍ കൈകൊണ്ട് എഴുതിക്കൊടുത്തത് ആരാണ്?
ഉത്തരം: അല്ലാഹു
മൂസാ നബി(അലൈഹിസ്സലാം)ക്ക് തൌറാത്തിന്‍റെ ഏടുകള്‍ അല്ലാഹുവാണ് കൈകൊണ്ട് എഴുതിക്കൊടുത്തത്. ആദം നബി (അലൈഹിസ്സാലം)യും മൂസാ നബി (അലൈഹിസ്സലാം) യും തമ്മില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ നടന്ന സംവാദം വിവരിക്കുന്ന ഹദീഥാണ് അതിനുളള തെളിവ്. അല്ലാഹുവിന്‍റെ പ്രവാചകന്‍ ﷺ പറഞ്ഞു: “ആദമും മൂസയും (അലൈഹിമാസ്സലാം) അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ച് സംവാദത്തിലേര്‍പ്പെട്ടു. ആദം മൂസയോട് തര്‍ക്കിച്ചു. മൂസ പറഞ്ഞു: ‘തങ്കള്‍ അല്ലാഹു തന്റെ സ്വന്തം കരങ്ങള്‍കൊണ്ട് സൃഷ്ടിച്ച ആദമാണ്. താങ്കളില്‍ അവന്റെ ആത്മാവ് ഊതുകയും ചെയ്തു. മലക്കുകളെ താങ്കള്‍ക്ക് വേണ്ടി (ആദരവിന്റെ) സുജൂദ് ചെയ്യിക്കുകയും ചെയ്തു. താങ്കളെ അവന്റെ സ്വര്‍ഗത്തില്‍ വസിപ്പിക്കുകയും ചെയ്തു. പിന്നീട് താങ്കളുടെ തെറ്റ് കാരണം ജനങ്ങളെ ഭൂമിയിലേക്ക് ഇറക്കുകയും ചെയ്തില്ലേ?.’ അപ്പോള്‍ ആദം പറഞ്ഞു: ‘താങ്കള്‍ അല്ലാഹു അവന്റെ വചനത്തിനും ദൌത്യത്തിനും തെരഞ്ഞെടുത്ത മൂസയാണ്. അല്ലാഹു അവന്റെ കൈകൊണ്ട് തൌറാത്ത് താങ്കള്‍ക്ക് എഴുതി തന്നിട്ടുണ്ട്. താങ്കളെ രഹസ്യ സംസാരത്തിന് വേണ്ടി അടുപ്പിക്കുകയും ചെയ്തു. ഞാന്‍ സൃഷ്ടിക്കപ്പെടുന്നതിന് എത്ര വര്‍ഷം മുമ്പ് തൌറാത്ത് എഴുതപ്പെട്ടതായിട്ടാണ് താങ്കള്‍ കാണുന്നത്?.’ മൂസ പറഞ്ഞു: ‘നല്‍പത് വര്‍ഷം.’ ആദം ചോദിച്ചു: ‘താങ്കള്‍ അതില്‍ (ആദം തന്റെ രക്ഷിതാവിനെ ധിക്കരിച്ചു പിഴച്ചുപോയി) എന്ന വചനം കണ്ടില്ലേ?.’ മൂസ പറഞ്ഞു: ‘അതെ.’ ആദം പറഞ്ഞു: ‘എന്നെ സൃഷ്ടിക്കുന്നതിന് നാല്‍പത് വര്‍ഷം മുമ്പ് അല്ലാഹു എന്റെ മേല്‍ ഞാന്‍ ചെയ്യാന്‍ വിധിച്ച ഒരു കാര്യം ഞാന്‍ ചെയ്തതിന് താങ്കള്‍ എന്നെ ആക്ഷേപിക്കുകയാണോ.”’ നബിﷺ പറഞ്ഞു: ‘അങ്ങനെ ആദം മൂസയുടെ മേല്‍ തെളിവ്കൊണ്ട് അതിജയിച്ചു.’” (മുസ്‍ലിം)
അല്ലാഹു തനിക്കു പഠിപ്പിക്കുകയും അറിയിക്കുകയും ചെയ്ത അദൃശ്യകാര്യങ്ങളില്‍ (ഗ്വൈബ്) പെട്ട അനേകം കാര്യങ്ങള്‍ നബിﷺ നമ്മെ അറിയിച്ചു. വിശ്വാസികളുടെ ഹൃദയങ്ങളില്‍ ശരിയായ അക്വീദ (വിശ്വാസം) ഉറപ്പിക്കുകയും അതിനെ ദൃഢമായി സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അത്തരത്തിലുള്ള ഹദീഥുകളില്‍ ഒന്നാണ് മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന ഈ ഹദീഥ്.
ആദം നബി (അലൈഹിസ്സലാം)യും മൂസാ നബി (അലൈഹിസ്സലാം)യും തമ്മില്‍ ഒരിക്കല്‍ സംവാദം നടന്നുവെന്നും ഇരുവരും തങ്ങളുടേതായ നിലപാടുകള്‍ക്ക് തെളിവുകള്‍ അവതരിപ്പിച്ചു. ഇത് സംഭവിച്ചത് അവരുടെ ആത്മാക്കള്‍ ആകാശത്തില്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആയിരുന്നുവെന്നും, മൂസാ നബി (അലൈഹിസ്സലാം)യുടെ ജീവിതകാലത്തുതന്നെ അല്ലാഹുവിനോട് ആദം നബി (അലൈഹിസ്സലാം)യെ കാണിച്ചു തരണമെന്നാവശ്യപ്പെട്ടപ്പോള്‍ ഇത് നടന്നിരിക്കാമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എങ്ങനെ, എപ്പോള്‍ എന്ന വിശദാംശങ്ങള്‍ അല്ലാഹുവിന്റെ അറിവിലേക്കു തന്നെ ഏല്‍പ്പിക്കുന്നതാണ് (തഫ്‍വീദ്) ശരിയായ സമീപനം. കാരണം, ക്വുര്‍ആനിലോ സ്വഹീഹായ മറ്റു രേഖകളിലോ അതിനെകുറിച്ചുളള വിവരം നമുക്ക് ലഭ്യമല്ല.
അല്ലാഹു ആദം നബി (അലൈഹിസ്സലാം)യെ പാര്‍പ്പിച്ചിരുന്ന സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ കാരണം അദ്ദേഹമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മൂസാ നബി (അലൈഹിസ്സലാം) അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ടത് ഇതാണ്: ഈ കുറ്റപ്പെടുത്തല്‍ പാപത്തെ (വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചത്) ലക്ഷ്യമാക്കിയുള്ളതല്ല. മറിച്ച്, ആ സംഭവത്തിന്റെ ഫലമായി ഉണ്ടായ വിപത്തിനെ; അതായത് ആദം നബി (അലൈഹിസ്സലാം)യും അദ്ദേഹത്തിന്റെ സന്തതികളും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടേണ്ടിവന്ന ദുരിതത്തെയാണ് മൂസാ നബി (അലൈഹിസ്സലാം) പരാമര്‍ശിക്കുന്നത്.
അല്ലാഹു മനുഷ്യരില്‍ നിന്ന് മൂസാ നബി(അലൈഹിസ്സലാം) പ്രത്യേകം തിരഞ്ഞെടുത്തും ഉയര്‍ന്ന പദവി നല്‍കിയതും, തൌറാത്തിന്‍റെ ഏടുകള്‍ അല്ലാഹുവിന്റെ കൈകൊണ്ട് എഴുതിക്കൊടുത്തതില്‍ ആദം നബി(അലൈഹിസ്സലാം)യുടെ ചരിത്രസംഭവങ്ങളുമെല്ലാം വ്യക്തമായി ഉള്‍പ്പെടുന്നതാണ്. അങ്ങനെ ഇരിക്കെ, ആദം നബി(അലൈഹിസ്സലാം) സൃഷ്ടിക്കപ്പെടുന്നതിന് മുമ്പുതന്നെ അല്ലാഹു നിര്‍ണ്ണയിച്ചിരുന്ന, തീര്‍ച്ചയായും സംഭവിക്കേണ്ടിയിരുന്ന ഒരു കാര്യത്തെ കുറിച്ച് എങ്ങനെ മൂസാ നബി(അലൈഹിസ്സലാം)ക്ക് ആദം നബി(അലൈഹിസ്സലാം)യെ കുറ്റപ്പെടുത്താന്‍ സാധിക്കും. അല്ലാഹുവിന്റെ മുന്‍കൂട്ടിയ അറിവും വിധിയും പ്രകാരം സംഭവിച്ച ഈ കാര്യത്തില്‍, അവന്റെ അറിവിന് വിരുദ്ധമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നോ? അല്ലാഹുവിന്റെ മുന്‍കൂട്ടിയ അറിവെന്ന (ഖദര്‍) അടിസ്ഥാന കാര്യം മറന്ന്, കേവലം കാരണമായി തോന്നുന്ന മനുഷ്യന്റെ പ്രവര്‍ത്തനം മാത്രം ഓര്‍മ്മിപ്പിക്കുകയും, യഥാര്‍ത്ഥമായ മൂലകാരണമാകുന്ന ഖദറിനെ മറക്കുന്നത് എങ്ങനെ ശരിയാകും? അതും അല്ലാഹുവാല്‍ തിരഞ്ഞെടുത്ത ഉത്തമരില്‍ ഒരാളായിരിക്കെ! ഇത് പറഞ്ഞതിന് ശേഷം, നബിﷺ പറഞ്ഞു: ഈ വാദത്തില്‍, തന്നെ കുറ്റപ്പെടുത്തുന്നതില്‍ നിന്ന് ഒഴിവാക്കുന്ന തെളിവിലൂടെ ആദം നബി (അലൈഹിസ്സലാം) മൂസാ നബി (അലൈഹിസ്സലാം)യെ അതിജയിച്ചു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്: ആദം നബി (അലൈഹിസ്സലാം) താന്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്തത് വിധിയെ ചൂണ്ടിക്കാട്ടി ന്യായീകരിച്ചിട്ടില്ല. മറിച്ച്, തന്റെ പ്രവൃത്തിയുടെ ഫലമായി ഉണ്ടായ ദുരന്തത്തെ (അതായത് സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ) കുറിച്ചാണ് വിധിയെ ഉദ്ധരിച്ചത്. അതിനാല്‍, ഖദര്‍ ഉദ്ധരിക്കപ്പെടേണ്ടത് ദുരന്തങ്ങളിലേക്ക് ചേര്‍ത്തുകൊണ്ടാണ്, പാപങ്ങളിലേക്കോ തെറ്റു കുറ്റങ്ങളിലേക്കോ ചേര്‍ത്തുകൊണ്ടല്ല. പാപങ്ങളും കുറ്റകൃത്യങ്ങളും ചെയ്യുന്നതിന് ഖദര്‍ ഒരു ന്യായീകരണമായി ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍, മനുഷ്യരെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നവരും, സമ്പത്ത് കവര്‍ന്നെടുക്കുന്നവരും, ഭൂമിയില്‍ അഴിമതികള്‍ ചെയ്യുന്നവരുമെല്ലാം “ഇത് ഖദറാണ്” എന്ന് പറഞ്ഞ് ന്യായീകരിച്ചേനേ. അതിനാല്‍ ഇസ്‌ലാം അത്തരം വാദം അംഗീകരിക്കുന്നില്ല.
ഈ ഹദീസില്‍ നിന്ന് മറ്റൊരു പാഠവും നമുക്ക് ലഭിക്കുന്നു:
മതത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ (അക്വീദ) ചര്‍ച്ചയും വാദപ്രതിവാദവും നടത്താം, ശരിയായ നിലപാടിനെ തെളിവുകള്‍ കൊണ്ട് സ്ഥാപിക്കാനും അനുമതിയുണ്ട്. അതുപോലെ തന്നെ, അല്ലാഹു സംസാരിക്കുന്നവനാണെന്നതും, അല്ലാഹുവിന്റെ കൈ എന്നിവ പോലുളള ഗുണവിശേഷണങ്ങളും (സിഫാത്തുകളും) ഈ ഹദീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം, അല്ലാഹുവിന്റെ മഹത്വത്തിനും പൂര്‍ണതക്കും യോജിച്ച രീതിയിലാണ് നാം മനസ്സിലാക്കേണ്ടത്. സൃഷ്ടികളുടെ വിശേഷണങ്ങളുമായി ഒരിക്കലും സ്രഷ്ടാവിന്റെ വിശേഷണങ്ങള്‍ ഉപമിക്കാനാകാത്ത വിധത്തിലായിരിക്കണം അത് ഗ്രഹിക്കേണ്ടത്.
അല്ലാഹുവിന് കൈ, മുഖം, കണ്ണ് എന്നിങ്ങനെ ക്വുര്‍ആനും സുന്നത്തും പരാമര്‍ശിക്കുന്ന നിരവധി ഗുണവിശേഷണങ്ങള്‍ ഉദ്ധരിച്ച ശേഷം, ഇമാം ബഗ്വവി (റഹിമഹുല്ലാഹ്) ഇങ്ങനെ പഠിപ്പിക്കുന്നു: “ഇവയും ഇതിന് സമാനമായ മറ്റെല്ലാ ഗുണവിശേഷണങ്ങളും അല്ലാഹുവിന്റെ സ്വഭാവഗുണങ്ങളാണ്. അവ ഇപ്രകാരം തന്നെയാണ് പ്രാമാണിക ഗ്രന്ഥങ്ങളില്‍ വന്നിരിക്കുന്നത്. അതിനാല്‍, അവയില്‍ നിര്‍ബന്ധമായും വിശ്വസിക്കേണ്ടതാണ്. ഈ ഗുണങ്ങളെ അവയുടെ ബാഹ്യാര്‍ത്ഥത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ സ്വീകരിക്കണം; അവയെ വേറിട്ട അര്‍ത്ഥങ്ങളിലേക്ക് തിരിച്ച് വ്യാഖ്യാനിക്കാന്‍ പാടില്ല. അതോടൊപ്പം തന്നെ, അവയെ സൃഷ്ടികളുടെ ഗുണങ്ങളോട് ഉപമിക്കുകയോ സാദൃശ്യമാക്കുകയോ ചെയ്യാനും പാടില്ല. അല്ലാഹുവിന്റെ യാതൊരു ഗുണവും സൃഷ്ടികളുടെ ഗുണങ്ങളുമായി ഒരിക്കലും സാദൃശ്യമുള്ളതല്ലെന്ന് ദൃഢമായി വിശ്വസിക്കണം. അല്ലാഹു തന്നെയാണ് പറയുന്നത്: “അവനെപ്പോലെ യാതൊരു വസ്തുവും ഇല്ല. അവന്‍ (എല്ലാം) കേള്‍ക്കുന്നവനാണ്, കാണുന്നവനാണ്.” (ശൂറാ 11). ഇതുതന്നെയാണ് സലഫ് (പൂര്‍വസൂരികള്‍) സ്വീകരിച്ച നിലപാടും, സുന്നത്തിന്റെ പണ്ഡിതന്മാര്‍ പിന്തുടര്‍ന്ന വഴിയും.” (ഇമാം ബഗ്വവിയുടെ ശര്‍ഹു സ്സുന്നഃ (1/171))
