അല്ലാഹു അവന്‍റെ കൈകൊണ്ട് ചെയ്ത കാര്യങ്ങള്‍
നെല്ലിക്കുഴി ഇബ്‍റാഹിം ഫൈസി
Last Update 2023 June 15, 26 Dhuʻl-Qiʻdah, 1444 AH
അല്ലാഹു ചില പ്രത്യേക കാര്യങ്ങള്‍ അവന്‍റെ കൈകൊണ്ട് നേരിട്ട് തന്നെ ചെയ്തിട്ടുണ്ട്. അതാണ് താഴെ വിവരിക്കുന്നത്:
ഒന്ന്: ആദം നബി(അലൈഹിസ്സലാം)യുടെ സൃഷ്ടിപ്പ്. അതിനുളള തെളിവ് അല്ലാഹുവിന്‍റെ വാക്കുകള്‍ തന്നെയാണ്.
“അവന്‍ (അല്ലാഹു) പറഞ്ഞു, 'ഹേ,ഇബ്‌ലീസ്! എന്‍റെ കൈകളാല്‍ ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ സുജൂദ് ചെയ്യുവാന്‍ നിന്നെ മുടക്കിയത് എന്താണ്? നീ അഹങ്കാരം നടിച്ചുവോ, അതല്ല നീ ഉന്നതന്മാരില്‍ പെട്ടവനാണോ?!'” (അസ്സ്വാദ് 75)
രണ്ട്: സ്വര്‍ഗത്തിലെ തോട്ടങ്ങളില്‍ ഉന്നതമായ തോട്ടം (جنة عدن) അല്ലാഹുവിന്‍റെ കൈകളാല്‍ സൃഷ്ടിച്ചു. സ്വര്‍ഗത്തിന്‍റെ പദവികള്‍ വിവരിക്കുന്ന ഹദീഥില്‍ സ്ഥാനംകൊണ്ട് ഉന്നതിയില്‍ എത്തിയവരെ കുറിച്ച് പറഞ്ഞപ്പോള്‍, അവര്‍ക്കുളള ആദരവെന്നോണം ആ തോട്ടത്തിന്‍റെ സൃഷ്ടിപ്പിനെ കുറിച്ച് നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) അറിയിച്ചു തന്നത്:
“അക്കൂട്ടരെ ഞാന്‍ (അല്ലാഹു) ഉദ്ദേശിച്ചുകൊണ്ട്, ഞാന്‍ അവര്‍ക്കുളള ആദരവിനെ (കാത്തുസൂക്ഷിച്ച്) എന്‍റെ കൈകൊണ്ട് (സ്വര്‍ഗത്തില്‍) നട്ടുവളര്‍ത്തി, എന്നിട്ട് അതിനെ നാം മുദ്രവെച്ചു. ഒരു കണ്ണും അതിനെ കണ്ടിട്ടില്ല, ഒരു കാതും അതിനെ കുറിച്ച് കേട്ടിട്ടില്ല, ഒരു മനുഷ്യഹൃദയത്തിലും അതിനെ കുറിച്ച് വിഭാവനം ചെയ്യാന്‍ സാധിച്ചിട്ടില്ല.” (മുസ്‍ലിം 312)
മൂന്ന്: മൂസാ നബി(അലൈഹിസ്സലാം)ക്ക് തൌറാത്തിന്‍റെ ഏടുകള്‍ അല്ലാഹു കൈകൊണ്ട് എഴുതിക്കൊടുത്തു. ഇതിനുളള തെളിവ് അബൂഹുറൈറ(റളിയല്ലാഹു അന്‍ഹു) നിവേദനം ചെയ്ത സ്വഹീഹ് മുസ്‍ലിമിലെ (2652) ഹദീഥാണ്. അല്ലാഹുവിന്‍റെ പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു:
“ആദം നബിക്കും മൂസാനബിക്കും ഇടയില്‍ ഒരു തര്‍ക്കം നടന്നു. അന്നേരം മൂസാ നബി പറഞ്ഞു, അല്ലയോ ആദം, താങ്കള്‍ ഞങ്ങളുടെ പിതാവാണ്. എന്നാല്‍ താങ്കള്‍ ഞങ്ങളെ നിരാശനാക്കുകയും സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ആദം നബി പറഞ്ഞു, അല്ലാഹു (നേരില്‍ സംസാരിച്ച്) അവന്‍റെ വചനങ്ങള്‍കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ആളാണ് താങ്കള്‍. അല്ലാഹു അവന്‍റെ കൈകള്‍കൊണ്ട് താങ്കള്‍ക്ക് എഴുതി തരുകയും ചെയ്തിട്ടുണ്ട്. എന്നെ സൃഷ്ടിക്കുന്നതിനും നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്ലാഹു തീരുമാനിച്ച ഒരു കാര്യത്തിന്‍റെ മേല്‍ താങ്കള്‍ എന്നെ ആക്ഷേപിക്കുകയാണോ...”
സ്വഹീഹ് മുസ്‍ലിമില്‍ ഉദ്ധരിക്കപ്പെട്ടിട്ടുളള മറ്റൊരു രിവായത്തില്‍ ഉളളത് كَتَبَ لَكَ التَّوْرَاةَ بِيَدِهِ ‘അല്ലാഹു അവന്‍റെ കൈകൊണ്ട് തൌറാത്ത് താങ്കള്‍ക്ക് എഴുതി തന്നിട്ടുണ്ട്’ എന്നാണ്.
നാല്: പേന അല്ലാഹു അവന്‍റെ കൈകൊണ്ട് സൃഷ്ടിച്ചു. ഇബ്നു ഉമറി(റളിയല്ലാഹു അന്‍ഹു)ല്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുളള മൌഖൂഫായ ഒരു അഥറാണ് ഇതിനുളള തെളിവ്. ഇബ്നു ഉമര്‍(റളിയല്ലാഹു അന്‍ഹു) പറഞ്ഞു:
“അല്ലാഹു നാല് കാര്യങ്ങളെ അവന്‍റെ കൈകൊണ്ട് സൃഷ്ടിച്ചു; സിംഹാസനം (العرش), പേന (القلم), ആദം നബി (آدم), സ്വര്‍ഗത്തിലെ തോട്ടങ്ങളില്‍ ഉന്നതമായ തോട്ടം (جنة عدن). ഇവയൊഴികെയുളള മുഴുവന്‍ സൃഷ്ടിജാലങ്ങളോടും അല്ലാഹു ‘ഉണ്ടാവുക (كن)’ എന്ന് പറഞ്ഞപ്പോള്‍ അതുണ്ടായി.” (ത്വബ്‍രിയുടെ ജാമിഉല്‍ ബയാന്‍ (20/145), അദ്ദാരിമിയുടെ നഖ്ദുന്‍ അലല്‍ മുറൈസി (പേജ് 261), അബൂ ശൈഖ് അല്‍അസ്ഫഹാനിയുടെ അല്‍അദ്വമത്ത് (2/579), അല്‍അജരിയുടെ അശ്ശരീഅ (നമ്പര്‍ 750), ഹാകിമിന്‍റെ അല്‍മുസ്തദ്റക് (2/349), ബൈഹഖിയുടെ അസ്മാഉ വസ്വഫാത്ത് (2/126)) ഈ അഥറ് സ്വീകാര്യയോഗ്യമായതുകൊണ്ടാണ് അഹ്‍ലുസ്സുന്നയുടെ ഉലമാക്കള്‍ അവരുടെ രചനകളില്‍ അത് കൊണ്ടുവന്നിട്ടുളളതും, അല്ലാഹുവിന്‍റെ കൈ (اليد) എന്ന വിശേഷണത്തെ നിഷേധിക്കുന്ന ജഹ്‍മിയാക്കള്‍ക്ക് ഇത് വെച്ചുകൊണ്ട് മറുപടി പറഞ്ഞിട്ടുളളതും.
ഇമാം ഉഥ്‍മാന്‍ ഇബ്നു സഈദ് അദ്ദാരിമി (റഹിമഹുല്ലാഹ്) ഈ അഥര്‍ ഉദ്ധരിച്ചതിന് ശേഷം ജഹ്‍മിയ്യത്തിന്‍റെ പ്രചാരകനായ ബിശ്റ് മുറൈസിയോട് ഇപ്രകാരം പറഞ്ഞു:
“അല്ലയോ മുറൈസി, ആദമിനെ കൈകൊണ്ടും ബാക്കി മുഴുവന്‍ പടപ്പുകളെ അല്ലാതെയും സൃഷ്ടിച്ചതിലുളള വേര്‍തിരിവ് ഇബ്നു ഉമര്‍ കൊണ്ടുവന്നത് എങ്ങനെയാണെന്ന് താങ്കള്‍ കാണുന്നില്ലേ. ക്വുര്‍ആനിനെ വ്യാഖ്യാനിക്കുന്നതില്‍ ഇബ്നു ഉമറിനേക്കാള്‍ അറിവുളള ആളാണോ താങ്കള്‍. തീര്‍ച്ചയായും അദ്ദേഹം ക്വുര്‍ആനിന്‍റെ അവതരണത്തിന് സാക്ഷിയായ വ്യക്തിയാണ്. ക്വുര്‍ആന്‍ വ്യാഖ്യാനത്തില്‍ അഗ്രഗണ്യനുമായിരുന്നു. അദ്ദേഹം അറബി ഭാഷയില്‍ അജ്ഞനുമല്ലായിരുന്നു.” (നക്വദുദ്ദാരിമി അലാ ബിശ്റു മുറൈസി, പേജ് 35)
ശൈഖുല്‍ ഇസ്‍ലാം ഇബ്നു തൈമിയ്യ (റഹിമഹുല്ലാഹ്) പറഞ്ഞു:
“തീര്‍ച്ചയായും പരിശുദ്ധനായ അല്ലാഹു അവന്‍റെ കൈകൊണ്ട് സൃഷ്ടിച്ചതിനെ സൃഷ്ടിക്കാന്‍ കഴിവുളളവനാണ്. കൈകൊണ്ടല്ലാതെ സൃഷ്ടിച്ചതിനെ സൃഷ്ടിക്കാനുളള കഴിവും അവനുണ്ട്. തീര്‍ച്ചയായും അവന്‍ ചിലതിനെ കൈകൊണ്ട് സൃഷ്ടിച്ചതായും ചിലതിനെ കൈകൊണ്ട് അല്ലാതെ സൃഷ്ടിച്ചതായും അഥറുകളില്‍ വന്നിട്ടുണ്ട്..., പിന്നീട് ശൈഖുല്‍ ഇസ്‍ലാം അദ്ദാരിമിയുടെ അഥറുദ്ധരിച്ചു.” (ബയാനു തല്‍ബീസില്‍ ജഹ്‍മിയ്യ,” 1/513)
ഇവിടെ പ്രത്യേകം എടുത്തുപറയേണ്ട രണ്ട് കാര്യങ്ങളുണ്ട്:
ഒന്ന്: അല്ലാഹു കൈകൊണ്ട് സൃഷ്ടിച്ച കാര്യങ്ങളെ വിശദീകരിക്കുന്ന ഒരേ സ്രോതസ്സില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന കുറേ ഹദീഥുകളുണ്ട്. പക്ഷെ, അതെല്ലാം ദുര്‍ബലമാണ്, ആയതിനാല്‍ അതൊന്നും ഇവിടെ ഉദ്ധരിക്കുന്നില്ല.
രണ്ട്: അല്ലാഹു അവന്‍റെ കൈകൊണ്ട് സൃഷ്ടിപ്പില്‍ കാണിച്ച ഈ പ്രത്യേകത അവക്കുളള സ്ഥാനവും മഹത്വവും ആദരവും കൂടുതലുളളതുകൊണ്ടാണ് എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ട്. മറ്റു സൃഷ്ടികളെ كن (ഉണ്ടാകൂ) എന്ന കലിമത്തുകൊണ്ട് സൃഷ്ടിക്കുകയും മേല്‍പറഞ്ഞ കാര്യങ്ങളെ കൈകൊണ്ട് സൃഷ്ടിക്കുയും ചെയ്തത് അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു യുക്തി തദ്‍വിഷയത്തിലുളളതുകൊണ്ടാണ്. അതിനാല്‍ ഈ വിഷയത്തിന്‍റെ ഉളളറകളിലേക്ക് ആഴ്ന്ന് ഇറങ്ങി അതിന്‍റെ രൂപം അന്വേഷിക്കല്‍ അനുവദനീയമല്ല. എല്ലാ ന്യൂനതകളില്‍ നിന്നും സാദൃശ്യപ്പെടുത്തലുകളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധനാക്കികൊണ്ട് ഇത് അംഗീകരിക്കല്‍ നമുക്ക് നിര്‍ബന്ധവുമാണ്.
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.
അവലംബം: islamqa