സ്വപ്നദർശനം: സൂഫിസത്തിൽ മറ്റൊരടിസ്ഥാന പ്രമാണം

കെ. പി. മുഹമ്മദ് ബിൻ അഹ്മദ് (رحمه الله)

Last Update November 12, 2026, 1 Jumada al-Thani 1448 AH

സൂഫിസത്തിൽ അടിസ്ഥാന പ്രമാണങ്ങളായി അവലംബിക്കപ്പെടുന്ന രണ്ടെണ്ണത്തെക്കുറിച്ച് -വിളിയാളവും വെളിപാടും- കഴിഞ്ഞ അദ്ധ്യായത്തിൽ നാം വിവരിക്കുകയുണ്ടായി. അവരുടെ മറ്റൊരു പ്രമാണമാണ് സ്വപ്നദർശനം. പ്രവാചകന്മാരുടെ സ്വപ്നം ഇസ്ലാമിൽ ഒരു തെളിവാണ് എന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. ഇബ്രാഹീം (അ), യൂസുഫ് (അ) തുടങ്ങിയ പ്രവാചകന്മാരുടെയും അന്ത്യപ്രവാചകനായ മുഹമ്മദ് ﷺ ന്‍റെയും സ്വപ്നദർശനങ്ങളെക്കുറിച്ച് പരിശുദ്ധ ഖുർആനിൽതന്നെ പ്രസ്താവിച്ചിട്ടുള്ളതാണല്ലോ. കഴിഞ്ഞുപോയതോ വരാനിരിക്കുന്നതോ ആയ സംഭവങ്ങളെ കുറിക്കുന്ന മുന്നറിയിപ്പുകളാണ് സ്വപ്നങ്ങൾ. സന്ദേശങ്ങളും സന്തോഷവാർത്തകളും അതുൾക്കൊള്ളാറുണ്ട് എന്ന് പ്രബലങ്ങളായ ഹദീഥുകളിൽ വന്നിട്ടുണ്ട്.

എന്നാൽ, സ്വപ്നങ്ങളിൽ ചിലത് അല്ലാഹുവിൽ നിന്നുള്ളതാണെങ്കിൽ, ചിലത് പിശാചുക്കളിൽനിന്നുള്ളതാണെന്നും ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീഥുകളിൽ പ്രസ്താവിച്ചിട്ടുണ്ട്. അപ്പോൾ, പ്രവാചകന്മാരല്ലാത്തവരുടെ സ്വപ്നങ്ങൾ രണ്ടു വിധമായിത്തീരുന്നു- അല്ലാഹുവിൽ നിന്നുണ്ടാകുന്ന സത്യങ്ങളും പിശാചുക്കളിൽ നിന്നുണ്ടാകുന്ന മിഥ്യകളും. അതുകൊണ്ട്, പ്രവാചകന്മാരല്ലാത്തവർക്കുണ്ടാകുന്ന സ്വപ്നങ്ങളിൽ ഏതാണ് ദൈവീകം, ഏതാണ് പൈശാചികം എന്നു മനസ്സിലാക്കാൻ ആർക്കും കഴിയുകയില്ല. തെറ്റുപ്പറ്റാത്തവർ (معصوم) ആരുമില്ലല്ലോ. ആരുടെ സ്വപ്നവും ശരിയായതായിരിക്കാനും തെറ്റായതായിരിക്കാനും സാധ്യതയുള്ളതുകൊണ്ട് ആരുടെ സ്വപ്നവും സത്യമാണെന്ന് ഉറപ്പിച്ചുപറയുവാൻ പറ്റുകയില്ല. അതുകൊണ്ടാണ്, പ്രവാചകന്മാരല്ലാത്തവരുടെ സ്വപ്നങ്ങൾ ഇസ്ലാമിൽ തെളിവോ പ്രമാണങ്ങളോ അല്ലെന്ന് മുസ്ലിം പണ്ഡിതന്മാർ തീരുമാനിച്ചിട്ടുള്ളത്. അൽ ഹാഫിദ്, ഇബ്നു ഹജറിൽ അസ്കലാനി (റ) തന്‍റെ 'ഫത്ഹുൽബാരി' യിൽ രേഖപ്പെടുത്തുന്നു.

ورؤيا الأنبياء وحي بخلاف غيرهم فالوحي لا يدخله خلل لانه محروس بخلاف غير الانبياء فانها قد يحضرها الشيطان. (فتح الباري ۱۱/۳۰٤)

സാരം: നബിമാരുടെ സ്വപ്നം ദൈവസന്ദേശമാണ്. മറ്റുള്ളവരുടേത് അങ്ങനെയല്ല; കാരണം, ദൈവസന്ദേശം സംരക്ഷിക്കപ്പെടുന്നതുകൊണ്ട് അതിൽ കലർപ്പ് സംഭവിക്കുകയില്ല. എന്നാൽ, പ്രവാചകന്മാരല്ലാത്തവരുടെ സ്വപ്നങ്ങൾ ആ നിലക്കാകുകയില്ല. അതിൽ പിശാചിന്‍റെ സാന്നിധ്യം ഉണ്ടായേക്കാം. പ്രവാചകന്മാരല്ലാത്തവരുടെ സ്വപ്നങ്ങൾ ഒരിക്കലും തെളിവാകുകയില്ലെന്നു മുസ്ലിം മതപണ്ഡിതന്മാർ ഏകോപിച്ചഭിപ്രായപ്പെടുന്നു.

എന്നാൽ, സൂഫികൾ, അവരുടെ ശൈഖന്മാരുടെ സ്വപ്നങ്ങൾ പ്രവാചകന്മാരുടെ സ്വപ്നംപോലെതന്നെ, തെളിവും പ്രമാണവുമായി അംഗീകരിക്കുന്നു. പ്രവാചകന്മാരെപ്പോലെ തന്നെ സൂഫീ ശൈഖന്മാർക്കും തെറ്റു പറ്റുകയില്ലെന്നാണ് ഇവർ സാധാരണക്കാരെ ധരിപ്പിക്കുന്നത്. പ്രവാചകന്മാരെ, ദോഷബാധകളിൽനിന്ന് അല്ലാഹു കാത്തുരക്ഷിക്കുന്നു. തെറ്റുകളിൽ നിന്നുള്ള സുരക്ഷിതത്വം (العصمة) പ്രവാചകന്മാരുടെ വിശേഷണവുമാണ്. എന്നാൽ, പ്രവാചകന്മാരുടെ ഈ വിശേഷണത്തിന് തുല്യമായ ഒരു വിശേഷണം സൂഫികൾ അവരുടെ ശൈഖ്മാർക്കും സങ്കൽപിക്കുന്നു. الحفظ (സംരക്ഷണം) എന്നാണ് അതിന് അവർ നൽകുന്ന സാങ്കേതികപദം. അക്ഷരങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും അർത്ഥത്തിൽ അവ രണ്ടും (ഇസ്മത്തും ഹിഫ്ദും) ഒന്നുതന്നെയാണ്. പ്രവാചകന്മാരെ 'മഅ്സൂം' (المعصوم) എന്നു വിളിക്കുന്നതുപോലെ സൂഫീശൈഖുമാരെ 'മഹ്ഫൂദ്' (المحفوظ) എന്നും വിളിക്കുന്നു. 'ദോഷബാധകളിൽനിന്നു സുരക്ഷിതർ' എന്ന അർത്ഥത്തിൽ തന്നെയാണ് രണ്ടു പ്രയോഗങ്ങളും. 'അസ്സമതുൽ മജീദ്' (السمط المجيد) എന്ന ഗ്രന്ഥത്തിൽ 150-ാം പേജിൽ ഇങ്ങനെ കാണാം:

فالحفظ يتولى الولى كما ان النبى يتولى العصمة.

'പ്രവാചകന്മാർക്ക് ഇസ്മത്ത് ലഭിക്കുന്നതുപോലെ ഔലിയാക്കൾക്ക് 'ഹിഫ്ദും' ലഭിക്കുന്നു. അതായത്, പ്രവാചകന്മാരെപോലെതന്നെ, ഔലിയാക്കളും ദോഷബാധയിൽനിന്നു സംരക്ഷിതരായിത്തീരുന്നു. രണ്ടു വിഭാഗത്തെയും തെറ്റുകുറ്റങ്ങൾ ബാധിക്കുകയില്ലെന്നു സാരം.

ഔലിയാക്കളിൽ തെറ്റുവരികയില്ലെങ്കിൽ അവർക്കുണ്ടാകുന്ന സ്വപ്നദർശനങ്ങളും വെളിപാടുകളും തോന്നലുകളുമെല്ലാം മതത്തിൽ തെളിവും പ്രമാണവുമായിത്തീരുന്നു. അങ്ങനെ ആയിത്തീരാനുദ്ദേശിച്ചുകൊണ്ടുതന്നെയാണ് ഔലിയാക്കളുടെ ഈ 'ഹിഫ്ദ്' വാദം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇമാം ഗസ്സാലി(റ)നെ പോലെയുള്ള اهل السنة والجماعة ന്‍റെ പ്രശസ്ത പണ്ഡിതന്മാർപോലും ഈ ധാരണക്ക് വശംഗതരായി എന്നത് എത്രയും അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ 'ഇഹ്'യാ' അതിന്നു തെളിവാണ്. ' ഇഹ്'യാ'യുടെ 3/364ന്‍റെ മാർജ്ജിനിൽ ചേർത്തിട്ടുള്ള عوارف المعارف എന്ന പ്രശസ്ത സൂഫീ ഗ്രന്ഥത്തിൽ 'ശിഹാബുദ്ദീൻ അബൂഹിഫ്ദിസ്സുഹ്റവർ ദി' (1190 ക്രി) (شهاب الدين ابو حفظ السهروردي) യുടെ വാചകങ്ങൾ ഇങ്ങനെ വായിക്കാം.

واذا طهرت النفس عن الرذائل انجلت مرآة القلب وقابل اللوح المحفوظ في النوم وانتقشت فيه عجائب الانباء ففى الصديقين من يكون منامه مكالمة ومحادثة فيأمره الله وينهاه في المنام ويفهمه في المنام ويعرفه ويكن موضع ما يفتح له في نومه من الامر والنهى الظاهر يعصى الله تعالى ان اخل بهما. (عوارف المعارف للسهروردي. هامش الاحياء ٣ - ٣٦٤)

സാരം: “നീചമായ പ്രവർത്തനങ്ങളിൽനിന്ന് മനസ്സ് ശുദ്ധമായാൽ ഹൃദയത്തിന്‍റെ കണ്ണാടി സ്വച്ഛമാകുകയും, നിദ്രാവേളയിൽ അതു ലൗഹുൽ മഹ്ഫൂദിനെ (സുരക്ഷിതഫലകത്തെ) അഭിമുഖീകരിക്കുകയും അങ്ങനെ അദൃശ്യങ്ങളായ അത്ഭുതങ്ങളും, ആശ്ചര്യജനകമായ വാർത്തകളും ആ ഹൃദയത്തിൽ പതിയുകയും ചെയ്യുന്നതാണ്. അപ്പോൾ, സത്യസന്ധന്മാരുടെ നിദ്രാവേളകളിൽ അല്ലാഹു അവരെ കാര്യങ്ങൾ ഗ്രഹിപ്പിക്കുകയും, പലതും ആജ്ഞാപിക്കുകയും വിരോധിക്കുകയും ചെയ്തുകൊണ്ട് നേരിട്ടു അഭിമുഖീകരിക്കപ്പെടുന്നവരായിത്തീരുകയും ചെയ്യും. അപ്പോൾ, ഉറക്കത്തിൽ അല്ലാഹു അവർക്ക് മനസ്സിലാക്കിക്കൊടുത്തതിന്‍റെ സ്ഥാനം പ്രത്യക്ഷത്തിലുള്ള കൽപ്പനയുടേയും നിരോധത്തിന്‍റെയും സ്ഥാനം തന്നെയായിത്തീരുന്നു. ഉറക്കത്തിൽ ലഭിച്ച കൽപ്പനയിലും വിരോധത്തിലും വീഴ്ച വരുത്തുകയാണെങ്കിൽ അവൻ തെറ്റുകാരനായിത്തീരുന്നതുമാണ്.”

ചിന്തിക്കുക, എത്ര അപായകരമായ ഒരു പ്രസ്താവനയാണിത്! സത്യസന്ധനും ഹൃദയശുദ്ധനുമായ ഒരു സൂഫിയോട്, ഉറക്കത്തിൽ (സ്വപ്നത്തിൽ) അല്ലാഹു നേരിട്ടുതന്നെ സംസാരിക്കുകയും പലതും കൽപിക്കുകയും പലതും വിരോധിക്കുകയും ചെയ്യുമത്രെ. ആ ആജ്ഞാ വിരോധങ്ങളിൽ വീഴ്ചവരുത്തുന്നത് പാപവും ശിക്ഷാർഹവുമാണത്രെ. എന്നാൽ, സ്വപ്നദർശനങ്ങളിലൂടെ അല്ലാഹു സൂഫികളോട് പലതും കൽപിക്കുകയും വിരോധിക്കുകയും അവ പ്രവർത്തനപഥത്തിൽ കൊണ്ടുവരാൻ അവർ ബാധ്യസ്ഥരാകുകയുമാണെങ്കിൽ, ഇസ്ലാം മതം പൂർണ്ണമാണ് അതിൽ പുതുതായി വല്ലതും കൂട്ടിച്ചേർക്കാനോ, വെട്ടിച്ചുരുക്കാനോ പാടില്ലാത്തതുമാണ് എന്ന ഇസ്ലാമിന്‍റെ അനിഷേധ്യമായ തീരുമാനത്തിനും സിദ്ധാന്തത്തിനും എന്തർത്ഥമാണുള്ളത്? ഓരോ സൂഫിയും, തന്‍റെ സ്വപ്നത്തിൽ കാണുന്ന കൽപനകളും നിരോധങ്ങളും ഇസ്ലാമിന്‍റെ പേരിൽ കണക്കെഴുതാൻ തുടങ്ങിയാൽ പിന്നെ, അല്ലാഹു നബിﷺയുടെ മേൽ അവതരിപ്പിക്കുകയും പൂർത്തീകരിക്കുകയും ചെയ്ത ഇസ്ലാം എങ്ങനെ അവശേഷിക്കും? അന്ത്യദിനത്തോടെ മാത്രമേ ഇസ്ലാമിന്‍റെ പൂർണ്ണതയുണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് സൂഫിസം ഇസ്ലാമിനെ വികൃതമാക്കുകയും ബിദ്അത്തു (അനാചാരങ്ങൾ) കൊണ്ട് അലങ്കോലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ചെയ്യുമെന്നും മതപണ്ഡിതന്മാർ പറയാൻ കാരണവും!

മേൽ പറഞ്ഞവിധം സ്വപ്നദർശനങ്ങളുടെ അടിസ്ഥാനത്തിൽ ബിദ്അത്തുകൾ ഉടലെടുത്തതിന്നു ചില ഉദാഹരണങ്ങൾ കാണുക:

'ഖബർസന്ദർശനം' (زيارة القبور) എന്ന അധ്യായത്തിൽ സൈനുദ്ദീൻ മഖ്ദൂം എഴുതിയ 'ഇർഷാദുൽ ഇബാദ്' (ارشاد العباد) ൽ രേഖപ്പെടുത്തുന്നു:

“ഒരിക്കൽ, മരണപ്പെട്ടവർ അവരുടെ ഖബറുകളിൽനിന്നു എഴുന്നേറ്റുവന്നു എന്തോ സാധനങ്ങൾ പെറുക്കിക്കൂട്ടുന്നതായി ഒരാൾ സ്വപ്നം കണ്ടു. കൂട്ടത്തിൽ ഒരാൾ അതിലൊന്നും പങ്കെടുക്കാതെ സ്വസ്ഥമായി ഇരിക്കുകയും ചെയ്യുന്നു. അയാളെ സമീപിച്ചു സ്വപ്നദർശകൻ അന്വേഷിച്ചു: ഇവരൊക്കെ എന്താണ് പെറുക്കിക്കൂട്ടുന്നത്? 'മരിച്ചുപോയവർക്കു വേണ്ടി അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കൾ 'ഹദ്‌യയായി ഓതിയയച്ച ക്വുർആനും ദാനധർമ്മങ്ങളും പ്രാർത്ഥനകളു'മൊക്കെയൊണെന്ന് അയാൾ വിവരിച്ചുകൊടുത്തു. സ്വപ്നദർശി വീണ്ടും അന്വേഷിച്ചു: എങ്കിൽ നിങ്ങളെന്താണ് ഒന്നും പെറുക്കിയെടുക്കാത്തത്? 'മറ്റൊന്നുമല്ല, എനിക്കുവേണ്ടി എന്‍റെ മകൻ ഓരോ ദിവസവും ഓരോ 'ഖത്തം' ഓതി ഹദ്‌യയായി അയച്ചുതരുന്നുണ്ട്. അതുകൊണ്ട്, എനിക്കിങ്ങനെ പെറുക്കിയെടുക്കേണ്ട ആവശ്യമൊന്നുമില്ല.' അയാൾ പറഞ്ഞു. അദ്ദേഹം തുടർന്നു: 'എന്‍റെ ആ മകൻ ഇന്ന് അങ്ങാടിയിൽ മധുരപലഹാരക്കച്ചവടം നടത്തുകയാണ്' തുടർന്നു, നേരം പുലർന്നപ്പോൾ സ്വപ്നദർശി പ്രസ്തുത അങ്ങാടിയിൽ ചെല്ലുകയും പ്രസ്തുത യുവാവിനെ കാണുകയും ചെയ്തു. കച്ചവടത്തിനിടയിലും അയാൾ ചുണ്ടുകൾ സദാ ചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് താൻ ഉരുവിട്ടുകൊണ്ടിരിക്കുന്നതെന്നന്വേഷിച്ചപ്പോൾ യുവാവ് പറഞ്ഞു: പിതാവിന് ഹദ്‌യ ചെയ്യാൻവേണ്ടി ഞാൻ ഖത്തം ഓതിക്കൊണ്ടിരിക്കുകയാണ്.

“കുറേ കൊല്ലങ്ങൾക്കുശേഷം വീണ്ടും അതേ സ്വപ്നംതന്നെ അദ്ദേഹം കണ്ടു. പക്ഷേ, ഇക്കുറി ആദ്യസ്വപ്നത്തിൽ സ്വസ്ഥമായിരിക്കുകയായിരുന്ന ആളും പെറുക്കിക്കൂട്ടുന്നതിൽ വ്യാപൃതനായിരിക്കുന്നതായി കണ്ടു. ഏതായാലും നേരം പുലർന്നപ്പോൾ, നമ്മുടെ സ്വപ്നദർശി വീണ്ടും പ്രസ്തുത അങ്ങാടിയിൽ പോയി അന്വേഷിച്ചപ്പോൾ പ്രസ്തുത യുവാവ് മരിച്ചുപോയെന്ന വിവരമറിഞ്ഞു. അതുകൊണ്ടാണ് യുവാവിന്‍റെ പിതാവിന്നും പെറുക്കിക്കൂട്ടേണ്ട ഗതികേടുണ്ടായതെന്നും മനസ്സിലായി.”

പ്രസ്തുത ഗ്രന്ഥത്തിൽ തന്നെ ഉദ്ധരിച്ച മറ്റൊരു കഥ ഇങ്ങനെയാണ്:

“ഒരു സ്ത്രീ മരിച്ചു. അവരുടെ പരിചയക്കാരി അവരെ സ്വപ്നത്തിൽ കണ്ടു. അവരിരിക്കുന്ന കട്ടിലിന്‍റെ അരികെ പ്രകാശത്തിന്‍റെ, മൂടപ്പെട്ട ഒരു പാത്രമിരിക്കുന്നു. അതിനെക്കുറിച്ചന്വേഷിച്ചപ്പോൾ മരിച്ച സ്ത്രീ പറഞ്ഞു: എന്‍റെ മകളുടെ വാപ്പ ഇന്നലെ എനിക്കയച്ചുതന്ന ഹദ്‌യയാണ്. നേരം പുലർന്നപ്പോൾ, ഭർത്താവിനെ കണ്ടു സ്വപ്നകഥ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു: ഞാൻ ഇന്നലെ രാത്രി ക്വുർആനിന്‍റെ അഞ്ചിലൊരു ഭാഗം ഓതി എന്‍റെ ഭാര്യക്ക് ഹദ്‌യയായി അയച്ചുകൊടുത്തിരുന്നു. അതായിരിക്കാം ആ പ്രകാശത്തിന്‍റെ പാത്രം'.

'ഇർഷാദുൽ ഇബാദ്' എന്ന പ്രസ്തുത ഗ്രന്ഥത്തിലെ ചില കഥകൾ, മനുഷ്യനെ തെറ്റിലേക്ക് നയിക്കാൻകൂടി പോരുന്നതാണ്. ഉദാഹരണത്തിന് ഒരു കഥ മാത്രം ഇവിടെ ഉദ്ധരിക്കാം:

“മുഹമ്മദ് എന്നുപേരുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹം തീരെ നമസ്കരിക്കുമായിരുന്നില്ല. പക്ഷേ, റമദാൻ മാസം വന്നാൽ നല്ല വസ്ത്രങ്ങൾ ധരിച്ചു സുഗന്ധംപൂശി നോമ്പനുഷ്ഠിച്ചു നമസ്കാരമാരംഭിക്കും. പഴയ നമസ്കാരങ്ങൾ 'ഖദാ' വീട്ടുകയും ചെയ്യും. പതിനൊന്നു മാസങ്ങളിൽ ഒരു നേരംപോലും നമസ്കരിക്കാതെ, റമദാനിൽ മാത്രം ഇങ്ങനെ കൃത്യമായി നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നതിനെക്കുറിച്ചന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു: ഈ മാസം കാരുണ്യത്തിന്‍റെയും ഗുണവർദ്ധനവിന്‍റെയും മാസമാണ്. ഇതിന്‍റെ ശ്രേഷ്ഠതകൊണ്ട് എനിക്കെല്ലാം അല്ലാഹു വീട്ടുവീഴ്ച ചെയ്യും'. അങ്ങനെ അയാൾ മരിച്ചു. കുറേ കഴിഞ്ഞു അദ്ദേഹത്തെ ആരോ സ്വപ്നത്തിൽ കണ്ടു. സ്ഥിതി അന്വേഷിച്ചപ്പോൾ, റമദാനിന്‍റെ മഹത്വംകൊണ്ട് എനിക്കല്ലാഹു എല്ലാം വിട്ടുതന്നു എന്നും സുഖമാണെന്നും മറുപടി പറഞ്ഞു.”

ഈ മൂന്നു കഥകളുടെയും അടിസ്ഥാനം സ്വപ്നദർശനങ്ങളാണ്. ഒന്നും രണ്ടും കഥകൾ ക്വുർആൻ, ദിക്ർ, ദുആ എന്നിവയുടെ പ്രതിഫലം ഹദ്‌യ ചെയ്താൽ അത് മരിച്ചവർക്ക് കിട്ടുമെന്ന് സ്ഥാപിക്കുന്നു. ഇത് ക്വുർആൻകൊണ്ടോ, ഇസ്ലാം മതം പഠിപ്പിക്കാൻ നിയുക്തനായ മുഹമ്മദ് നബി(സ്വ)യുടെ ചര്യകൊണ്ടോ സ്ഥിരപ്പെട്ടതല്ല. ഇസ്ലാമിൽ ആ നിലക്കൊരു സമ്പ്രദായം അംഗീകരിക്കപ്പെട്ടിട്ടുമില്ല. സ്വപ്നദർശനം മതപ്രമാണമായി അംഗീകരിക്കുന്ന സൂഫിസം, അനിസ്ലാമികമായ ആചാരങ്ങൾക്കും ബിദ്അത്തുകൾക്കും ഇസ്ലാമിൽ കടന്നുവരാൻ വാതിൽ തുറന്നുകൊടുത്തതിനു ഉദാഹരണങ്ങളാണ് സ്വപ്നദർശനത്തിന്‍റെ ഈ കഥകൾ.

പതിനൊന്നു മാസക്കാലം പൂർണ്ണമായും ദൈവകൽപനകൾ ധിക്കരിച്ചു ജീവിക്കുന്നവർക്കുപോലും, റമദാൻ മാസത്തിൽ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയുമൊക്കെ ചെയ്തു നല്ലപിള്ള ചമഞ്ഞാൽ രക്ഷകിട്ടുമെന്ന് സ്ഥിരപ്പെടുത്തുകയാണ് മൂന്നാമത്തെ കഥ. റമദാനിനു ശ്രേഷ്ഠതയും മഹത്വവുമുണ്ടെന്നത് വളരെ പരമാർത്ഥംതന്നെ. ക്വുർആനും ഹദീഥും അത് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ബാക്കി മാസങ്ങളിൽ ധിക്കാരിയായി ജീവിക്കാൻ പ്രസ്തുത ശ്രേഷ്ഠതയും മഹത്വവും ആരെയും അനുവദിക്കുന്നില്ല. എന്നാൽ, ഈ സ്വപ്നകഥയിൽനിന്നു മനസ്സിലാകുന്നത് റമദാനിലെ നല്ല നടപ്പുകൊണ്ടുതന്നെ ആർക്കും രക്ഷപ്പെടാമെന്നാണ്.

സൂഫിസം: മറ്റു ലേഖനങ്ങൾ