സൂഫി മൂലപ്രമാണങ്ങൾ

കെ. പി. മുഹമ്മദ് ബിൻ അഹ്മദ് (رحمه الله)

Last Update November 10, 2026, 29 Jumada al-Ula 1448 AH

മുസ്‌ലിം ലോകത്ത് മുഴുവൻ അറിയപ്പെടുകയും പൊതുവിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങൾ നാലെണ്ണമാണ്: പരിശുദ്ധ ഖുർആനും, നബിചര്യയും, സ്ഥിരപ്പെട്ട ‘ഇജ്മാഉം’ സുവ്യക്തമായ ‘ഖിയാസും’. പക്ഷേ, സൂഫിസത്തിൽ അംഗീകരിക്കപ്പെടുന്ന മൂലപ്രമാണങ്ങൾ ഇതിലുമെത്രയോ അധികമാണ്. സ്വപ്നങ്ങൾ, ആത്മീയ വെളിപാടുകൾ, മലക്കുകളുമായുള്ള സംസാരങ്ങൾ, അല്ലാഹുവുമായി നേരിട്ടുള്ള സംഭാഷണങ്ങൾ, പ്രവാചകന്മാരുമായുള്ള കൂടിക്കാഴ്ചകൾ, അശരീരിയുടെ സംസാരങ്ങൾ, ഖിള്ർ നബി നേരിട്ടു നൽകുന്ന ഉപദേശങ്ങൾ, ‘ലൗഹുൽ മഹ്ഫൂദിൽ’ അപ്പപ്പോൾ കുറിക്കപ്പെടുന്ന നിർദ്ദേശങ്ങൾ, ആത്മാവുകളുടെ ആകാശാരോഹണങ്ങൾ.... എല്ലാം അവർ മൂലപ്രമാണങ്ങളായി അംഗീകരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ കർമ്മങ്ങൾ വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്നു.

സൂഫിസത്തിന്റെ ഒന്നാമത്തെ ആചാര്യനും ആത്മീയ നേതാവുമായി അറിയപ്പെടുന്ന ഇബ്രാഹീമുബ്നു അദ്ഹം, രാജ്യഭരണം കയ്യൊഴിച്ച് ‘ഫക്വീറായി’ അലഞ്ഞുതിരിഞ്ഞത്, ഖുർആനിൽ നിന്നും തിരുസുന്നത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ടോ പ്രോത്സാഹനം ലഭിച്ചതുകൊണ്ടോ ആയിരുന്നില്ല. ‘ഇതിനാണോ നിന്നെ സൃഷ്ടിച്ചത്, ഇതിനു വേണ്ടിയാണോ നിന്നോട് കൽപ്പിച്ചത്’ എന്ന ചോദ്യം ‘ഒരശരീരി’യിൽ നിന്നായിരുന്നു. (അതറിയാന്‍ വായിക്കുക https://salafivoice.com/ibrraaheemubnu-adham.html). പരിശുദ്ധ ഖുർആനും തിരുസുന്നത്തുമായിരുന്നു മൂലപ്രമാണങ്ങളായി അംഗീകരിച്ചിരുന്നതെങ്കിൽ, അദ്ദേഹം ‘ബൽഖ’യുടെ രാജാധികാരം കയ്യൊഴിക്കുകയോ കരിമ്പടം ധരിക്കുകയോ ചെയ്യേണ്ടിയിരുന്നില്ല. ഭാര്യയെ വിധവയും മക്കളെ അനാഥകളും ആക്കേണ്ടിയിരുന്നില്ല. എന്തുകൊണ്ടെന്നാൽ രാജ്യഭരണവും കുടുംബ ബന്ധവും ജീവിത സുഖസൗകര്യങ്ങളുമൊന്നും ഇസ്‌ലാമിൽ വിലക്കപ്പെട്ട കനികളല്ല; പ്രവാചകന്മാരുടെ കൂടി ജീവിതചര്യകളാണ്. പക്ഷേ, സൂഫിസത്തിൽ അശരീരിയും വെളിപാടുകളുമൊക്കെയാണല്ലോ മുഖ്യാധാരങ്ങൾ! ‘ത്വബഖാത്തു സൂഫിയ്യാ’ (طبقات الصوفية), ‘ഇർശാദുൽ യാഫിഈ’ (ارشاد اليافعي) തുടങ്ങിയ സൂഫി ഗ്രന്ഥങ്ങളിൽ ഇതിനുപോൽബലകമായ ധാരാളം കഥകളും സംഭവങ്ങളും വിവരിച്ചിരിക്കുന്നു.

കുറ്റങ്ങളിൽനിന്നു സുരക്ഷിതർ പ്രവാചകന്മാർ മാത്രമാണ്. ‘സുരക്ഷിതത്വം’ (العصمة) പ്രവാചകന്മാരുടെ മാത്രം വിശേഷണവുമാണ്. മുഹമ്മദ്നബി(സ്വ)ക്കുശേഷം ഒരു പ്രവാചകനുമുണ്ടായിട്ടില്ല; ഉണ്ടാവുകയുമില്ല. അതുകൊണ്ടുതന്നെ തെറ്റുപ്പറ്റാൻ സാധ്യതയുള്ളവർക്കുണ്ടാകുന്ന തോന്നലുകളും വെളിപാടുകളും സ്വപ്നദർശനങ്ങളുമൊന്നും ഇസ്‌ലാമിൽ ഒരു തെളിവോ അവലംബമോ മറ്റോ ആയി പരിഗണിക്കപ്പെടുന്നുമില്ല. മുസ്‌ലിംകളിൽ ആർക്കിടയിലും അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യങ്ങളാണ് ഇതെല്ലാം. എന്നാൽ സൂഫിസമാകട്ടെ; അതിന്റെ ഉൽഭവവും വളർച്ചയും, അതിലെ ആരാധനകളും, ധ്യാനങ്ങളും, മന്ത്രങ്ങളുമെല്ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ചിലരുടെയൊക്കെ തോന്നലുകളിലും (الالهام), വെളിപാടുകളിലും (الكشف) ആണെന്നു കാണാം. ഇസ്‌ലാമിൽ യാതൊരടിസ്ഥാനമോ അംഗീകാരമോ ഇല്ലാത്ത ഒരുപാട് ആരാധനാരീതികളും, ജപങ്ങളും, ധ്യാനമുറകളും മേൽപറഞ്ഞ തോന്നലുകളുടെയും വെളിപാടുകളുടെയും മാത്രം അടിസ്ഥാനത്തിൽ സൂഫിസത്തിൽ സ്ഥലംപിടിച്ചതായി കാണാം.

ദാനധർമ്മങ്ങളും ഖുർആൻ പാരായണവും ദിക്‌റുകളുമൊക്കെ നടത്തി, അതിന്റെ പ്രതിഫലം മരിച്ചവർക്ക് ‘ഹദ്‌യ’ ചെയ്യുകയും അങ്ങനെ പരലോകത്ത് പരേതാത്മാക്കളെ നരകശിക്ഷയിൽനിന്നൊഴിവാക്കുകയും ചെയ്യുന്ന ‘യജ്ഞ’ങ്ങൾ ഇന്ന് പൊതുവിൽ കാണപ്പെടുന്നു. ഇതിനു പ്രമാണ യോഗ്യമായ ഒരു തെളിവും ഇസ്‌ലാമിലില്ലെങ്കിലും, അതുകൊണ്ടു പല നേട്ടങ്ങളും അനുഭവിക്കുന്നവർ വളരെ വാശിയോടെയാണ് അതൊക്കെ ആചരിക്കുന്നതും നിലനിർത്തിപ്പോരുന്നതും. സൂഫിസത്തിൽ നിന്നാണ് ഇത് മുസ്‌ലിംകൾക്കിടയിൽ നുഴഞ്ഞുകയറിയത്. ഏതോ ഒരു യുവാവിനുണ്ടായ ‘വെളിപാട്’ ആധാരമാക്കി സൂഫിസത്തിൽ ഇതിനംഗീകാരം നൽകുകയും ചെയ്തു.

ഈ വെളിപാടിന്റെ കഥ, സൂഫിസത്തിലെ പ്രസിദ്ധ ഗ്രന്ഥമായ ഇർശാദുൽ യാഫിഈ (ارشاد اليافعي) ൽ ഇങ്ങനെ ഉദ്ധരിക്കുന്നു: അശ്ശൈഖ് അബൂ സൈദിൽ ഖുർത്വുബീ (الشيخ ابوزيد القرطبي) വിവരിക്കുന്നു: “ഒരാൾ എഴുപതിനായിരം പ്രാവശ്യം ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന ദിക്‌ർ ചൊല്ലിയാൽ അവൻ നരകശിക്ഷയിൽനിന്നു രക്ഷപ്പെടുവാൻ കഴിയുമെന്നു ഒരു ഹികായത്തിൽ (റിപ്പോർട്ട്) എനിക്കറിയാൻ കഴിഞ്ഞു. അതനുസരിച്ച് എഴുപതിനായിരം, എന്റെ രക്ഷക്ക് വേണ്ടിയും മറ്റൊരു എഴുപതിനായിരം എന്റെ കുടുംബത്തിനുവേണ്ടിയും ഞാൻ ചൊല്ലിത്തീർത്തു. അതിനും പുറമെ, എനിക്ക് സ്വന്തമായി സൂക്ഷിച്ചു വെക്കാൻ വേണ്ടി മൂന്നാമതും ഒരു എഴുപതിനായിരം ദിക്റും ഞാൻ ചൊല്ലിത്തീർത്തു (അതിന്റെ പ്രതിഫലം ആർക്കും ദാനം ചെയ്തില്ല).

“ഈ കാലഘട്ടത്തിൽ, ഞങ്ങളുടെ കൂട്ടത്തിൽ ഒരു യുവാവുണ്ടായിരുന്നു. തന്റെ വെളിപാടു സമയങ്ങളിൽ സ്വർഗ്ഗവും നരകവുമൊക്കെ അദ്ദേഹം നേരിട്ടു കാണാറുണ്ടായിരുന്നുവത്രെ. ചെറുപ്പക്കാരനായിട്ടും സന്യാസജീവിതം നയിക്കുന്ന ആ യുവാവിനെക്കുറിച്ച് ജനങ്ങൾക്കെല്ലാം വളരെ മതിപ്പും ബഹുമാനവുമുണ്ടായിരുന്നു. എനിക്കാണെങ്കിൽ, അദ്ദേഹത്തെക്കുറിച്ച് പല സംശയങ്ങളുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം ഞങ്ങളുടെ ഒരു സ്നേഹിതൻ ഞങ്ങളെ വിരുന്നിനു ക്ഷണിച്ചു. ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, പ്രസ്തുത യുവാവ് ഭയങ്കരമായി നിലവിളിച്ചുകൊണ്ട് ചാടി എഴുന്നേൽക്കുകയും ‘എന്റെ ഉമ്മ നരകത്തിലാണ്, എന്റെ ഉപ്പ നരകത്തിലാണ്’ എന്നു പറഞ്ഞുകൊണ്ട് സ്വന്തം ശരീരത്തിൽ പിടിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. യുവാവിന്റെ ബേജാറും വെപ്രാളവും കണ്ടു, അയാൾ പറയുന്നത് ശരിയാണോ, നരകത്തിൽ ഉമ്മയെ കണ്ടതുകൊണ്ട് തന്നെയാണോ ഇങ്ങനെ വിഷമിക്കുന്നത് എന്നൊക്കെ പരീക്ഷിച്ചറിയാൻ വേണ്ടി, ഞാൻ സ്റ്റോക്ക് ചെയ്തുവെച്ച എഴുപതിനായിരം ദിക്‌റിന്റെ പ്രതിഫലം യുവാവിന്റെ മാതാവിനു ഹദ്‌യാ ചെയ്തു. അങ്ങനെ ചെയ്യാൻ അല്ലാഹു എനിക്ക് തോന്നിച്ചു. എന്റെ മനസ്സിൽ മാത്രം നടന്ന ഈ കാര്യം ആരും അറിയുകയില്ല.

ഏതായാലും, ദിക്‌റിന്റെ പ്രതിഫലം ഞാൻ ഹദ്‌യാ ചെയ്തതോടുകൂടി പ്രസ്തുത യുവാവ് സന്തോഷാധിക്യത്താൽ ചാടിക്കളിക്കാൻ തുടങ്ങി. ‘ഹാവൂ, എന്റെ ഉമ്മ രക്ഷപ്പെട്ടു; നരകത്തിൽനിന്ന് അവർ ഒഴിവാക്കപ്പെട്ടു’ എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു. എഴുപതിനായിരം ദിക്ർ ചൊല്ലി, അതിന്റെ പ്രതിഫലം ഹദ്‌യാ ചെയ്യുകയാണെങ്കിൽ നരകാവകാശികളായ പാപികളെ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ഞാൻ കേട്ട ‘ഹികായത്ത്’ ശരിയാണെന്നും, സ്വർഗ്ഗവും നരകവും, വെളിപാടു സമയങ്ങളിൽ ഞാൻ നേരിൽ കാണുന്നുണ്ടെന്ന യുവാവിന്റെ വാദവും സത്യമാണെന്നു ഈ സംഭവം മുഖേന എനിക്ക് ബോധ്യമായി.’ (ഇർശാദുൽയാഫീ പേജ്: 223).

മരിച്ചവർക്കുവേണ്ടി, ദിക്റും ദുആയും ഖുർആൻ പാരായണവുമൊക്കെ മാത്രം പോരാ, അതെല്ലാം വിഭവസമൃദ്ധമായ സദ്യക്ക് ശേഷമായിരിക്കണമെന്നു കൂടി ഈ സംഭവത്തിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണല്ലോ യുവാവിന്നു വെളിപാടുണ്ടായത്. ദിക്റിന്റെ പ്രതിഫലം ഹദ്‌യാ ചെയ്തതും ഭക്ഷണ ശേഷമാണ്. ആകപ്പാടെ നല്ലൊരു സദ്യയും കൈമടക്കും ഇത്തരം ഹദ്‌യകളുടെ അനുബന്ധങ്ങളായിത്തീർന്നു.

ഈ കഥ വിശകലനം ചെയ്യുമ്പോൾ, പ്രധാനപ്പെട്ട ചില കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്നു കാണാവുന്നതാണ്:

1. എഴുപതിനായിരം പ്രാവശ്യം ‘ലാഇലാഹ ഇല്ലല്ലാഹു’ എന്നു ചൊല്ലിയാൽ, അല്ലെങ്കിൽ, ചൊല്ലിയവരിൽ നിന്നു അതിന്റെ പ്രതിഫലം ഹദ്‌യയായി കിട്ടിയാൽ, നരകത്തിൽ നിന്നു മോചനം കിട്ടുമെന്നു ശൈഖ് അബൂ സൈദ് മനസ്സിലാക്കുന്നത് എവിടെ നിന്നാണ് എന്ന് വ്യക്തമാക്കപ്പെടുന്നില്ല. മുസ്‌ലിംകൾ പൊതുവിൽ അംഗീകരിക്കുന്ന, ഇസ്‌ലാമിന്റെ നാലു മൂലപ്രമാണങ്ങളിലും ആ നിലക്കൊരു പരാമർശമേ ഇല്ല. ഉണ്ടെന്ന് ശൈഖ് അബൂസൈദും അവകാശപ്പെടുന്നില്ല. അങ്ങനെ ഒരു റിപ്പോർട്ട് താൻ കേട്ടു എന്നു മാത്രമാണ് അദ്ദേഹം പറയുന്നത്.

2. താൻ കേട്ട റിപ്പോർട്ട് സത്യമാണെന്ന് ബോധ്യപ്പെടുന്നത് ഒരു യുവാവിനുണ്ടായ വെളിപാടിലൂടെയാണ്. യുവാവിനെക്കുറിച്ച് യാതൊരു വിവരവും അയാൾക്കില്ല. മാത്രമല്ല; നരകവും സ്വർഗ്ഗവും ഞാൻ നേരിൽ കാണുന്നുണ്ടെന്നു വാദിക്കുന്ന ആളുമാണ് യുവാവ്. ഇത്-നരക സ്വർഗ്ഗങ്ങൾ കാണാൻ കഴിഞ്ഞത്, അന്ത്യപ്രവാചകനായ മുഹമ്മദ്നബി(സ്വ)ക്ക് ശേഷം ആർക്കുണ്ടായാലും അത് അംഗീകരിക്കപ്പെടുന്ന കാര്യമല്ല.

3. നരകശിക്ഷയിൽ നിന്നുള്ള മോചനത്തിനും സ്വർഗ്ഗപ്രാപ്തിക്കും യോഗ്യമാക്കുന്ന വിശ്വാസ പ്രമാണങ്ങളും കർമ്മ പരിപാടിയും പരിശുദ്ധ ഖുർആനും തിരുസുന്നത്തും മനുഷ്യരുടെ മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും ഈ യുവാവിന്റെ വെളിപാടും ഉറഞ്ഞുതുള്ളലും തെളിവായെടുത്താൽ ഇസ്‌ലാമിന്റെ അടിത്തറ തന്നെ ഇതുകൊണ്ട് ഇളകിപ്പോകുന്നു. ശരീഅത്ത് അപ്രസക്തവും അനാവശ്യവുമായിത്തീരുന്നു. എഴുപതിനായിരം ദിക്‌ർ സ്വയം ചൊല്ലിയോ കൂലി കൊടുത്ത് ചൊല്ലിച്ചോ ആർക്കു വേണമെങ്കിലും നരകത്തിൽനിന്നു രക്ഷപ്പെടാം.

4. എഴുപതിനായിരം ദിക്ർ സ്വയം ചൊല്ലുന്നവർക്ക് നരകമോചനമുണ്ടെന്നാണ് ശൈഖ് അബൂ സൈദ് കേട്ട റിപ്പോർട്ട്. എങ്കിൽ, താൻ കേട്ടതിനപ്പുറത്തായി, അതുകൊണ്ട് മറ്റുള്ളവരെയും രക്ഷിക്കാൻ കഴിയുമോ എന്നു പരീക്ഷണം നടത്താൻ അബൂസൈദിന് എങ്ങനെ പ്രചോദനം ലഭിച്ചു; അയാൾ കേട്ട റിപ്പോർട്ടിന്റെ ഉത്ഭവം എവിടെയാണ്; റിപ്പോർട്ടർമാർ സത്യസന്ധരാണോ..... തുടങ്ങിയ പല പ്രധാന കാര്യങ്ങളും ഇവിടെ അവ്യക്തമായി നിൽക്കുന്നു.

തങ്ങൾക്കുണ്ടാകുന്ന വെളിപാടുകളിലൂടെ നരക-സ്വർഗ്ഗങ്ങൾ നേരിൽ കാണാൻ കഴിയുമെന്ന് മാത്രമല്ല; ആകാശഭൂമികളിലെ എല്ലാ അദൃശ്യകാര്യങ്ങളും വെളിപ്പെടുമെന്നുകൂടി സൂഫികൾ വാദിക്കുന്നു. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള എല്ലാ കാര്യങ്ങളും അവർക്ക് വ്യക്തമായി തന്നെ അറിയാൻ കഴിയുമത്രെ. അതുകൊണ്ട് വെളിപാടിന്റെ അടിസ്ഥാനത്തിൽ, അവർ പരിശുദ്ധ ഖുർആൻ വ്യാഖ്യാനിക്കുന്നു. ഇസ്‌ലാമിക ശരീഅത്തിൽ മാറ്റത്തിരുത്തലുകൾ നടത്തുന്നു; വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേർക്കലുകളും നടത്തുന്നു. അബ്ദുൽ കരീമിൽ ജീലി (عبد الكريم الجيلي) എന്ന ഒരു സൂഫി വര്യൻ ‘പൂർണ്ണമനുഷ്യൻ’ (الانسان الكامل) എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. തനിക്കുണ്ടാകുന്ന ദിവ്യവെളിപാടുകളാണ് ഗ്രന്ഥത്തിനാധാരമെന്ന് അദ്ദേഹം വ്യക്തമായി തന്നെ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു.

സൂഫികൾക്ക് മലക്കുകൾ ‘വഹ്‌യുമായി’ വരുമെന്ന വാദം (نزول الملئكة بالوحى) ഇമാം ഗസ്സാലി(റ) നിഷേധിക്കുന്നുണ്ടെങ്കിലും അവർക്ക് വെളിപാടുണ്ടാകാമെന്ന് അദ്ദേഹം പോലും സമ്മതിക്കുന്നു:

الانبياء والاولياء انكشف لهم الامر - احیاء ۲/۱۸. സൂഫിസത്തിനു മുസ്‌ലിംകൾക്കിടയിലുണ്ടായ അതിപ്രസരമത്രേ ഇത് കാണിക്കുന്നത്.

അൽഫുതൂഹാത്തുൽ മക്കിയ്യ: (الفتوحات المكية) തുടങ്ങിയ ഗ്രന്ഥങ്ങൾ രചിക്കുന്നതിനാധാരം തനിക്കുണ്ടായ വെളിപാടുകളാണെന്ന് ‘മുഹയിദ്ദീനിൽ അറബി’ (1125-1240 ക്രി) എന്ന സൂഫി പണ്ഡിതൻ അഭിമാനംകൊള്ളുന്നു. ഫറോവഖുഫു (خوخو) ഈജിപ്തിൽ നിർമ്മിച്ച ‘അൽ അഹ്റാം’ ശവകുടീരത്തിന്റെ നിർമ്മാണകാലം കണ്ടുപിടിക്കുന്നതിനു ഇബ്നുൽ അറബിയെ സഹായിച്ചത് ഈ വെളിപാടായിരുന്നുവത്രെ. അതുപോലെ, അക്ഷരജ്ഞാനം പോലുമില്ലാതിരുന്ന അബ്ദുൽ അസീസ്സിദ്ദബാഗ് (عبد العزيز الدباغ) എന്ന സൂഫിവര്യൻ, തന്റെ വെളിപാടിലൂടെ ഹൂബുദ് (هوبد) എന്ന ഒരു പ്രവാചകനെയും കണ്ടെത്തിയത്രെ. പ്രവാചകനെ മാത്രമല്ല, ഖുർആനിലും ഹദീഥിലും പരാമർശിക്കപ്പെടാത്ത പല രഹസ്യങ്ങളും ദുബാഗ് എന്ന സൂ ഫീവര്യൻ വെളിപാടിലൂടെ കണ്ടുപിടിച്ചതായി അദ്ദേഹത്തിന്റെ ശിഷ്യൻ അഹ്‌മദുബ്നു മുബാറക് അവകാശപ്പെടുന്നു. ചുരുക്കത്തിൽ സൂഫിസത്തിന്റെ പ്രധാന ആധാരവും അവലംബവും സൂഫികൾക്ക് അപ്പപ്പോഴുണ്ടാകുന്ന തോന്നലുകളും വെളിപാടുകളുമാണ്. അവയുടെ വെളിച്ചത്തിൽ, അല്ലാഹുവുമായും മലക്കുകളുമായും പ്രവാചകന്മാരുമായുമൊക്കെ സംസാരിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ടെന്നും അവർ വാദിക്കുന്നു. ഇസ്‌ലാമിനും, ഇസ്‌ലാമിക ശരീഅത്തിനും യോജിക്കാത്ത, പലപ്പോഴും അത് രണ്ടിനെയും നിഷേധിക്കുന്ന ഈ തോന്നലുകളും വെളിപാടുകളും പൈശാചികമാണെന്നതിൽ സംശയമില്ല.

സൂഫിസം: മറ്റു ലേഖനങ്ങൾ