ശൈഖ് അബ്ദുര്‍റഹ്‌മാന്‍ ബിന്‍ നാസ്വിര്‍ അസ്സഅ്ദി (رحمه الله)

അന്‍വര്‍ അബൂബക്കര്‍

Last Update 16 July 2025, 21 Muharram, 1447 AH

‘തയ്സീറുല്‍ കരീമിര്‍റഹ്‍മാന്‍ ഫീ തഫ്‍സീരി കലാമില്‍മന്നാന്‍’ (تيسير الكريم الرحمن في تفسير كلام المنان) എന്ന പ്രസിദ്ധ തഫ്‍സീര്‍ ഗ്രന്ഥം രചിച്ചത് ശൈഖ് അബ്ദുറ്‌റഹ്‌മാന്‍ ബിന്‍ നാസ്വിര്‍ അസ്സഅദി (رحمه الله) ആണ്. അബൂ അബ്ദില്ലാഹ് അബ്ദുറഹ്മാന്‍ ബിന്‍ നാസ്വിര്‍ ബിന്‍ അബ്ദില്ലാഹ് ബിന്‍ നാസ്വിര്‍ അസ്സഅ്ദി എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ്ണനാമം. അദ്ദേഹം സൗദി അറേബ്യയിലെ ഉനൈസയില്‍ നിന്നുള്ള പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ക്വുര്‍ആന്‍ വ്യാഖ്യാതാവുമായിരുന്നു. വൈജ്ഞാനിക ആഴം ഉറപ്പുവരുത്തിക്കൊണ്ടു തന്നെ, വളരെ ലളിതവും ഹൃദ്യവുമായ ഭാഷയില്‍ ഒരുക്കിയ ഗ്രന്ഥം എന്നതാണ് ഈ തഫ്സീറിന്റെ പ്രധാന സവിശേഷത. സാധാരണ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ സുഗമമായി ഗ്രഹിക്കാവുന്ന രീതിയിലാണ് ഈ ഗ്രന്ഥം തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ഹിജ്റ 1307 മുഹറം 12-ന്, തമീം ഗോത്രത്തില്‍പെട്ട, സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ ആയിരുന്നു ശൈഖ് അബ്ദുര്‍റഹ്‌മാന്‍ ബിന്‍ നാസ്വിര്‍ അസ്സഅ്ദി رحمه الله യുടെ ജനനം. അദ്ദേഹത്തിന് നാലു വയസ്സുള്ളപ്പോള്‍ മാതാവും, ഏഴ് വയസ്സുള്ളപ്പോള്‍ പിതാവും ഈ ലോകത്തോട് വിടപറഞ്ഞു. എങ്കിലും അനാഥനായി വളര്‍ന്ന അദ്ദേഹം ഇസ്‍ലാമിക പരിപാലനത്തിലും സംരക്ഷണത്തിലും തന്നെ വളര്‍ന്നു. ചെറുപ്പത്തില്‍തന്നെ ബുദ്ധിശക്തിയും വിജ്ഞാനസമ്പാദനത്തിലേക്കുള്ള വലിയ ആകാംക്ഷയും കൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം ക്വുര്‍ആന്‍ പഠനത്തിന് ശ്രദ്ധ നല്‍കുകയും, പതിനൊന്ന് വയസ്സാകുമ്പോഴേയ്ക്ക് അതു പൂര്‍ണ്ണമായി മനഃപാഠമാക്കി.. തുടര്‍ന്ന്, നാട്ടിലെയും അവിടെ സന്ദര്‍ശിക്കുന്ന ഉലമാകളില്‍ നിന്നും ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വിവിധ ശാഖകളിലുളള പഠനം ആരംഭിച്ചു. കഠിനാധ്വാനത്തിലൂടെ ഇല്‍മിന്റെ (വിജ്ഞാനത്തിന്റെ) ഒട്ടുമിക്ക മേഖലകളിലും വ്യുല്‍പത്തി നേടി. ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ അദ്ദേഹം അധ്യാപനത്തില്‍ പ്രവേശിച്ചു. പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതില്‍ ആയിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ നിക്ഷിപ്തമായത്. ഹി. 1350-തോടെ, ഉനൈസയിലെ ഇല്‍മിന്റെ സിരാകേന്ദ്രമായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ അറിവിന്റെയും ധാര്‍മികതയുടെയും മികവില്‍ ആകര്‍ഷിക്കപ്പെട്ടവര്‍, ഇല്‍മിന്റെ വെളിച്ചം തേടി അദ്ദേഹത്തിന്റെ അടുക്കലേക്ക് ഒഴുകിയെത്തുകയായിരുന്നു.

ശൈഖ് സഅ്ദിയുടെ ആദ്യഗുരുനാഥന്‍ ശൈഖ് ഇബ്രാഹിം ബിന്‍ ഹമദ് ബിന്‍ ജാസിര്‍ رحمه الله ആയിരുന്നു. ഗുരുനാഥന്റെ ഹദീഥ് സംബന്ധമായ മനഃപാഠം, മതനിഷ്ഠ, സാധുക്കളോടുള്ള മാന്യമായ സമീപനം തുടങ്ങിയവയെക്കുറിച്ച് ശൈഖ് സഅ്ദി رحمه الله അനുസ്മരിക്കാറുണ്ട്. ശൈഖ് സഅ്ദി رحمه الله യുടെ ജീവിതത്തില്‍ ഗൗരവപ്പെട്ട സ്ഥാനം പുലര്‍ത്തിയ മറ്റൊരു ഉസ്താദ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍കരീം അശ്ശിബില്‍ رحمه الله ആയിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ഫിഖ്ഹ്, അറബി ഭാഷാശാസ്ത്രം, മറ്റ് ഇസ്‌ലാമിക ശാഖകളിലേക്കുള്ള കൃതികള്‍ എന്നിവ ശൈഖ് പഠിച്ചു. ഇതിനോടൊപ്പം, ഉനൈസയിലെ ഖാളിയായിരുന്ന ശൈഖ് സ്വാലിഹ് ബിന്‍ ഉഥ്‍മാന്‍ رحمه الله ആയിരുന്നു ശൈഖ് സഅ്ദി رحمه الله യുടെ ഏറ്റവും പ്രധാനപ്പെട്ട ഗുരുനാഥന്‍. അദ്ദേഹം മരണപ്പെടുന്നതു വരെ സഅ്ദി رحمه الله, അദ്ദേഹത്തെ പിന്തുടര്‍ന്നു. അദ്ദേഹത്തില്‍നിന്ന് തൌഹീദ്, തഫ്സീര്‍, ഫിഖ്ഹ്, ഫിഖ്ഹിന്റെ ഉസ്വൂല്‍, ഫുറൂഅ്, മറ്റ് അറബി വിജ്ഞാനങ്ങള്‍ എന്നിവ പഠിച്ചെടുത്തു. ശൈഖ് സഅ്ദി رحمه الله അധികകാലം സമയമെടുത്ത് പഠിക്കാന്‍ ചിലവഴിച്ചത് ഇതേ ഉസ്താദിന്റെ കീഴിലായിരുന്നു.

ശൈഖ് സഅ്ദി رحمه الله യുടെ പഠനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മറ്റു പ്രധാന ഉസ്താദുമാരാണ് ശൈഖ് അബ്ദുല്ലാഹ് ബിന്‍ ആയില്‍ رحمه الله, ശൈഖ് സ്വഅ്ബ് അല്‍ഖുവൈജിരീ رحمه الله, ശൈഖ് അലി അസ്സിനാനി رحمه الله, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ അസീസുല്‍ മുഹമ്മദ് അല്‍മാനിഅ് رحمه الله എന്നിവര്‍. ഓരോ ഉസ്താദില്‍നിന്നും ലഭിച്ച വിജ്ഞാനവും മര്യാദകളും ശൈഖ് സഅ്ദി رحمه الله യുടെ ശൈഷവ ജീവിതത്തേയും ഭാവി സേവനത്തേയും രൂപപ്പെടുത്തിയതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ഹദീഥ് പഠനത്തില്‍ ശൈഖ് സഅ്ദി رحمه الله യുടെ പ്രധാനഗുരുനാഥന്‍ ആയിരുന്നു ശൈഖ് അലി അന്നാസ്വിര്‍ അബൂവാദായി رحمه الله . ഹദീഥിന്റെ പ്രശസ്തമായ ആറ് പ്രഥമ ഗ്രന്ഥങ്ങള്‍ (അല്‍കുതുബുസ്സിത്ത) മുഴുവന്‍ ശൈഖ് സഅ്ദി رحمه الله അദ്ദേഹത്തിന്റെ കീഴില്‍ ആഴമായി പഠിച്ചു. ഈ പഠനത്തിനുശേഷം, ആ ഗ്രന്ഥങ്ങളിലേക്കും ഹദീഥ് പരമ്പരകളിലേക്കും ശൈഖ് സഅ്ദി رحمه الله ക്ക് അദ്ദേഹം ഇജാസ നല്‍കിയിരുന്നു. ശൈഖ് മുഹമ്മദ് അല്‍മുഖ്താര്‍ അശ്‌ശന്‍ഖീത്വി حمه الله, ഉനൈസയില്‍ എത്തിയിരുന്ന സമയത്ത് ശൈഖ് സഅ്ദി رحمه الله അദ്ദേഹത്തില്‍ നിന്നും നിരവധി ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ ശേഖരിച്ചു. തഫ്സീര്‍, ഹദീഥ്, മുസ്തലഹുല്‍ ഹദീഥ് (ഹദീഥ് ശാസ്ത്രങ്ങളിലെ സങ്കേതികത്വങ്ങള്‍), നഹ്‌വ്, സ്വര്‍ഫ് തുടങ്ങിയ അറബി ഭാഷാ-ഇസ്‌ലാമിക ശാസ്ത്രങ്ങളിലുളള അറിവ് അതില്‍ ഉള്‍പ്പെടുന്നു.

ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന മഹത്തായ ഗുണങ്ങളില്‍ നിന്ന് ഒരു ഉജ്ജ്വല ഭാഗം ശൈഖ് സഅ്ദി رحمه الله ക്ക് ഉണ്ടായിരുന്നുവെന്ന് പറയേണ്ടിയിരിക്കും. അഹങ്കാരം, വിദ്വേഷം, അസഹിഷ്ണുത, സ്വാര്‍ത്ഥത എന്നീ ദുര്‍ഗുണങ്ങള്‍ക്കു പകരം ഇസ്ലാം അതിപ്രധാനമാക്കുന്ന വിനയം, സഹനശീലം, കരുണ, നിസ്വാര്‍ത്ഥത, ദയാപൂര്‍ണവും ഉചിതവുമായ പെരുമാറ്റം തുടങ്ങിയ മഹത്തായ ഗുണങ്ങള്‍ ശൈഖിന്റെ ജീവിതത്തില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നതായി അദ്ദേഹത്തെ അടുത്തറിയുന്നവര്‍ സൂചിപ്പിക്കുന്നു. ചെറിയവരോടും വലിയവരോടും സമ്പന്നരോടും ദരിദ്രരോടും അതീവ വിനയത്തോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. തനിക്കൊപ്പമിരിക്കാനും സംശയങ്ങള്‍ ചോദിക്കാനും താല്‍പര്യപ്പെടുന്നവര്‍ക്കായി അദ്ദേഹം തന്റെ സമയത്തില്‍ നിന്ന് ഒരു നിശ്ചിത ഭാഗം മാറ്റിവെച്ചിരുന്നതിനാല്‍, ആ സമയത്തില്‍ അദ്ദേഹം അറിവിന്റെ മജ്‍ലിസുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. അവിടെ, വിജ്ഞാനപ്രദവും സാമൂഹിക മൂല്യമുള്ളതുമായ ചര്‍ച്ചകള്‍ നടന്നു. അത് ഒരുപക്ഷെ ഒരു സാധാരണ സദസ്സായി തുടങ്ങി, പിന്നീട് ഇബാദത്തിന്റെയും ഇല്‍മിന്റെയും അനുഗ്രഹീത മജ്‍ലിസായി മാറുകയായിരുന്നു. ശൈഖ് സംസാരിക്കുമ്പോള്‍, ഓരോയാളുടെയും നിലവാരവും ഗ്രാഹ്യതയും കണക്കിലെടുത്തായിരിക്കും അവരോടുള്ള സമീപനം.

ദുനിയാവിലും ആഖിറത്തിലും ഉപകാരപ്പെടുന്ന വിഷയങ്ങളായിരുന്നു അവിടുത്തെ ചര്‍ച്ചകള്‍.

പല തര്‍ക്കപ്രശ്നങ്ങളിലും ശൈഖ് സഅ്ദി رحمه الله, ഇരുകൂട്ടര്‍ക്കും തൃപ്തിയേകുന്ന രീതിയില്‍ നീതിപൂര്‍വം പരിഹാരമാര്‍ഗം കണ്ടെത്തുന്നതില്‍ അതിമനോഹരമായ കഴിവ് കാട്ടിയിരുന്നു. വിവേകത്തോടെ, വ്യക്തിഹത്യക്കോ പക്ഷപാതത്തിനോ വഴിവെക്കാതെ അദ്ദേഹം പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു എന്നതാണ് സര്‍വ്വസമ്മതമായ സാക്ഷ്യം. ഫഖീറുമാരോടും മിസ്കീന്മാരോടും പരദേശികളോടും അദ്ദേഹത്തിന് അതീവ കരുണയും ദയയും ഉണ്ടായിരുന്നു.

തന്റെ കഴിവിനനുസരിച്ച്, അവര്‍ക്കു വേണ്ടിയുള്ള സഹായഹസ്തം അദ്ദേഹം നീട്ടിയിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍, അദ്ദേഹത്തിന് പരിചയമുള്ള ഉദാരശീലരായ നല്ല മനസ്സുള്ള വ്യക്തികളെ ഈ പ്രയാസബാധിതരുമായി പരിചയപ്പെടുത്തുകയും അവരുടെ സഹായം ലഭ്യമാക്കുന്നതിന്ന് ശുപാര്‍ശകനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

മര്യാദ, പാതിവ്രത്യം, ആത്മപരിശുദ്ധി, നിശ്ചയദാര്‍ഢ്യം തുടങ്ങിയ നിരവധി മഹത്തായ ഗുണങ്ങള്‍ ശൈഖ് സഅ്ദി رحمه الله യില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നു. അദ്ദേഹം ഒരു മികവുറ്റ അധ്യാപകന്‍ മാത്രമല്ല, അതിന്റെ പ്രായോഗിക അര്‍ത്ഥത്തില്‍ ജീവിച്ച ഒരു മാതൃകയും ആയിരുന്നു. അധ്യാപനത്തിന് ഒരു നിശ്ചിത സമയക്രമം അദ്ദേഹം പിന്തുടരുകയുണ്ടായി. ഓരോ പാഠപുസ്തകവും പഠിപ്പിക്കാന്‍ പോകുന്നതിന് മുമ്പ്, അത് വിദ്യാര്‍ത്ഥികള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടും എന്ന് അവരുമായിതന്നെ ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദിഷ്ടമായ രീതിയില്‍ അത് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പാഠം കേള്‍ക്കാന്‍ എത്തുന്നവര്‍ക്ക് സമയം നീളുന്നത് പോലും അറിയാതെ പോകുംവിധം ആകര്‍ഷകമായ രീതിയിലാണ് പഠനം നടത്തിയിരുന്നത്. അതിനാലാണ് നിരവധി ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് ഒഴുകിയെത്തിയത്. ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ഉഥൈമീന്‍ رحمه الله, ശൈഖ് സഅ്ദിയുടെ ഏറ്റവും പ്രശസ്തനായ ശിഷ്യനാണ്.

ഫിഖ്‌ഹിന്റെ വ്യുല്പത്തി, അതിന്റെ ഉസൂല്‍, ഫുറൂഅ് എന്നീ മേഖലകളില്‍ ശൈഖ് സഅ്ദി رحمه الله ഒരു പ്രഗത്ഭ പണ്ഡിതനായിരുന്നു. ആദ്യഘട്ടത്തില്‍, തന്റെ ഉസ്താദുമാരില്‍ നിന്നു കിട്ടിയ ദീനി പാരമ്പര്യം അനുസരിച്ച്, അദ്ദേഹം ഹമ്പലി മദ്ഹബിനെ ആധികാരികമായി പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന്, ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله, ഇബ്നുല്‍ ഖയ്യിം رحمه الله തുടങ്ങിയവരുടെ കൃതികളിലൂടെ കൂടുതല്‍ വിജ്ഞാനത്തിനായി സഞ്ചരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ഫിഖ്‌ഹ് സമീപനത്തില്‍ നിര്‍ണ്ണായകമായ മാറ്റം വന്നു. അദ്ദേഹം മദ്ഹബിന്റെ അഭിപ്രായങ്ങള്‍ക്കപ്പുറം ശരീഅത്തിന്റെ തെളിവുകള്‍ക്കനുസരിച്ച് ഫത്‍വകളും അഭിപ്രായങ്ങളും സ്വീകരിക്കാന്‍ തയ്യാറായി. എന്നാല്‍, മദ്ഹബിന്റെ ഉലമാക്കളെ അദ്ദേഹം ഒരിക്കലും ആക്ഷേപിച്ചില്ല, മറിച്ച് അദ്ദേഹത്തിന് അവരോടുള്ള ആദരവും പരിഗണനയും നിലനിര്‍ത്തിയിരുന്നു.

ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ നാസിര്‍ അസ്സഅദി رحمه الله ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വിവിധ ശാഖകളിലായി അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. ക്വുര്‍ആന്‍ തഫ്‍സീര്‍, അക്വീദ, ഫിഖ്‌ഹ്, തൗഹീദ്, ഹദീഥ് തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ രചനകള്‍ കാണാന്‍ സാധിക്കും. താഴെ, അദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍ ചിലത്:

1. തയ്സീറുല്‍ കരീമിര്‍റഹ്‍മാന്‍ ഫീ തഫ്‍സീരി കലാമില്‍മന്നാന്‍ (തഫ്സീര്‍ ഗ്രന്ഥം).

2. ഇര്‍ശാദു ഉലില്‍ ബസ്വാഇര്‍ വല്‍അല്‍ബാബ് ലി മഅ്‍രിഫതില്‍ ഫിഖ്ഹി (ചോദ്യോത്തര രൂപത്തിലുളള ഫിഖ്ഹിന്റെ ഗ്രന്ഥം)

3. അദ്ദുര്‍റതുല്‍ മുഖ്തസ്വറ ഫീ മഹാസിനില്‍ ഇസ്‍ലാം

4. അല്‍ഖുത്വബുല്‍ അസ്‍രിയ്യതുല്‍ ഖയ്യിമഃ (ജുമുഅ ഖുതുബ സമാഹാരം)

5. അല്‍ഖവാഇദുല്‍ ഹിസാന്‍ ലിതഫ്‍സീരില്‍ ക്വുര്‍ആന്‍

6. തന്‍സീഹുദ്ദീന്‍ വഹമലതിഹി വരിജാലിഹി

7. അല്‍ഹഖുല്‍ വാളിഹുല്‍മുബീന്‍

8. തൌളീഹുല്‍ കാഫിയതുശ്ശാഫിയ

9. വുജൂബുത്തആവുന്‍ ബൈനല്‍ മുസ്‍ലിമീന്‍

10. അല്‍ഖൌലുസ്സദീദ് ഫീ മഖാസ്വിദിത്തൌഹീദ് (കിതാബു തൌഹീദിന്റെ വിവരണം)

11. മുഖ്തസ്വറുന്‍ ഫീ ഉസ്വൂലില്‍ ഫിഖ്ഹി

12. തൈസീറില്‍ ലത്വീഫില്‍ മന്നാന്‍ ഫീ ഖുലാസ്വതി തഫ്‍സീരില്‍ ക്വുര്‍ആന്‍

13. അര്‍രിയാളുന്നാളിറ വല്‍ഹദാഇഖുന്നയ്യിറതുസ്സാഹിറ

രാജ്യത്തിനകത്തെയും രാജ്യത്തിന് പുറത്തെയും മതപരമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കി ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവിസ്മരണീയമായ സേവനങ്ങള്‍ ശൈഖ് സഅ്ദി رحمه الله അര്‍പ്പിച്ചിട്ടുണ്ട്. അറിവ് പകര്‍ന്നു നല്‍കുക, സത്യമാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഗ്രന്ഥരചനാ ദൗത്യത്തിന്റെ കേന്ദ്രലക്ഷ്യം. വിജ്ഞാനത്തിന്റെ വെളളിവെളിച്ചം ജനങ്ങളിലേക്ക് എത്തിക്കുവാനാണ് ഈ രചനാപരമായ ത്യാഗം അദ്ദേഹം ഏറ്റെടുത്തത്. ഇത് ശൈഖ് സഅ്ദി رحمه الله യുടെ ദൗത്യചിന്തയെയും ഗ്രന്ഥങ്ങളുടെ ലക്ഷ്യബോധത്തെയും അടയാളപ്പെടുത്തുന്നുണ്ട്. വൈജ്ഞാനിക സേവനത്തില്‍, നീണ്ട അറുപത്തൊമ്പത് വര്‍ഷത്തെ ജീവിതത്തിന് ശേഷം ജന്മനാടായ ഉനൈസയില്‍ ഹി. 1376ല്‍ അദ്ദേഹത്തിന്റെ ഇഹലോക വാസത്തിന് അന്ത്യംകുറിച്ചു. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹിറാജിഊന്‍...

(അവലംബം: www.dusunnah.com)

തര്‍ജമത്തുരിജാല്‍ : മറ്റു ലേഖനങ്ങൾ