സ്വര്‍ഗത്തിനും നരകത്തിനും ഇടയിലുളള സ്ഥലം
അന്‍വര്‍ അബൂബക്കര്‍
Last Update 15 May 2025, 17 Dhuʻl-Qiʻdah, 1446 AH
ചോദ്യം: ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ, സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള സ്ഥലത്തിന്റെ പേര് എന്താണ്?
ഉത്തരം: അഅ്റാഫ്
ക്വുര്‍ആനിലെ ഏഴാമത്തെ അധ്യായത്തിന്റെ പേരാണ് അല്‍അഅ്റാഫ്. ഉന്നത സ്ഥലങ്ങള്‍ എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. ഇത് സ്വര്‍ഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള ഉയര്‍ന്ന സ്ഥലമാണ്. മക്കായില്‍ അവതരിച്ച, 206 സൂക്തങ്ങളടങ്ങിയ അല്‍അഅ്റാഫ് എന്ന അധ്യായത്തിലെ 46-49-ാംമത്തെ സൂക്തങ്ങളില്‍, അഅ്റാഫിലുള്ള ആളുകളെക്കുറിച്ച് അല്ലാഹു സംസാരിക്കുന്നുണ്ട്.
അല്ലാഹു സ്വര്‍ഗക്കാരെ കുറിച്ചും നരകക്കാരെ കുറിച്ചും അറിയിച്ചുതന്നതിന് ശേഷം പറയുന്നു: “അതു രണ്ടിനുമിടയില്‍ ഒരു മറയുണ്ട്: "അഅ്റാഫി"ന്‍മേല്‍ ചില പുരുഷന്‍മാരുമുണ്ട്. എല്ലാവരെയും അവരുടെ അടയാളങ്ങള്‍ കൊണ്ട് അവര്‍ അറിയുന്നതാണ്. അവര്‍ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: 'നിങ്ങള്‍ക്കു സലാം [സമാധാനശാന്തി] ഉണ്ടാവട്ടെ' എന്നു. അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല - അവരാകട്ടെ (അതിനു) മോഹിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ദൃഷ്ടികള്‍ നരകത്തിലെ ആള്‍ക്കാരുടെ നേരെ തിരിക്കപ്പെട്ടാല്‍, അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളെ (ഈ) അക്രമികളായ ജനങ്ങളുടെകൂടെ ആക്കരുതേ!". (അഅ്റാഫ് 46-47)
അല്ലാഹു സ്വര്‍ഗ്ഗക്കാരെയും നരകക്കാരെയും അതിനിടയിലുളളവരെയും (അഅ്റാഫിലുളളവര്‍) പരാമര്‍ശിക്കുന്നതില്‍നിന്നും ഇതെല്ലാം ഒരു യാഥാര്‍ത്ഥ്യമാണെന്ന വിശ്വാസം ഇമാനികമായി നമ്മള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അഅ്റാഫിലെ ആളുകള്‍ സ്വര്‍ഗ്ഗത്തിലും പ്രവേശിച്ചിട്ടില്ല, എന്നാല്‍ അതിനായി അവര്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ദുനിയാവിലെ ജീവിതത്തില്‍ സ്വര്‍ഗപ്രവേശനത്തിനായി പുണ്യക്കര്‍മങ്ങള്‍ കുറഞ്ഞുപോയവര്‍, എന്നാല്‍ നരകത്തിലുമല്ല. അല്ലാഹുവിന്റെ അന്തിമവിധിക്കായി കാത്തിരിക്കുന്നവരാണ് അവര്‍.
അഅ്റാഫിലുളളവര്‍ സ്വര്‍ക്കാരെ നോക്കി നിങ്ങള്‍ക്ക് സമാധാനശാന്തി (സലാം) ഉണ്ടാകട്ടെ എന്ന് പറയുമ്പോള്‍, സ്വര്‍ഗം സമാധാനത്തിന്‍റെ ഗേഹമാണെന്ന് ഉറപ്പിക്കാം. അവിടെയുളളവര്‍ക്ക് ഭീതി, ദു:ഖം, അശാന്തി ഒന്നുമില്ല, അവരുടെ അന്തിമഗതി സുഖപ്രദവും നിത്യാനന്ദമേറുന്നതുമാണ്. അഅ്റാഫിലുളളവര്‍ നരകക്കാരെ നോക്കി ഞങ്ങളെ അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ ആക്കരുതേ എന്ന് പറയുമ്പോള്‍, അവിടെയുളളവര്‍ ആകെ പ്രയാസത്തിലാണെന്ന് മനസ്സിലാക്കാം. അവര്‍ മുമ്പ് ചെയ്തുപോയ കുറ്റകൃത്യങ്ങളുടെ ദുരന്തഫലമാണ് അനുഭവിക്കുന്നത്, അവര്‍ മറ്റുള്ളവരെ തിന്മകളാല്‍ അധീനപ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് ശിക്ഷിക്കപ്പെടുന്നത്.
നരകത്തില്‍ നിന്നും അഅ്റാഫില്‍ നിന്നും രക്ഷപ്രാപിക്കണമെന്ന് മോഹിച്ചാല്‍ മാത്രം മതിയാകില്ല, അതിനായി ആവശ്യമായ നല്ല പ്രവൃത്തികള്‍ നിര്‍ബന്ധമാണ്. കൂടാതെ, മനുഷ്യന്‍ അല്ലാഹുവിന്റെ രക്ഷ തേടിക്കൊണ്ടിരിക്കാന്‍ തയ്യാറാകണം. ശരിയായ വിശ്വാസം, പരലോകബോധം, അതിനനുസൃതമായ സല്‍പ്രവര്‍ത്തികള്‍ എന്നിവ പാലിച്ചാല്‍ മാത്രമേ നമ്മുടെ അന്തിമ ഗതി സുരക്ഷിതമാകൂ. ഈ പുണ്യമാസം സ്വയം ആത്മപരിശോധന നടത്താനും, തെറ്റുകള്‍ തിരുത്താനും, സല്‍പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കാനും നമ്മെ തയ്യാറാക്കേണ്ട സമയമാണ്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീന്‍!