പരസ്പര സ്‌നേഹം വര്‍ധിപ്പിക്കുന്ന ഒരു പ്രവൃത്തി
അന്‍വര്‍ അബൂബക്കര്‍
Last Update 13 May 2025, 15 Dhuʻl-Qiʻdah, 1446 AH
ചോദ്യം: പരസ്പര സ്‌നേഹം വര്‍ധിപ്പിക്കുന്ന ഒരു പ്രവൃത്തിയായി പ്രവാചകന്‍ ﷺ നിര്‍ദേശിച്ചത് എന്താണ്?
ഉത്തരം: സലാം പ്രചരിപ്പിക്കല്‍
അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ പറഞ്ഞു: “നിങ്ങള്‍ സത്യവിശ്വാസികളാകുന്നതുവരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങള്‍ സത്യവിശ്വാസികളാവുകയുമില്ല. ഒരു കാര്യം ഞാന്‍ അറിയിച്ചു തരട്ടയോ! അത് നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് പരസ്പരം സ്നേഹമുണ്ടാകും. (അതായത്) നിങ്ങള്‍ പരസ്പരം സലാം പറയുക.” (സ്വഹീഹ് മുസ്‍ലിം)
പരസ്‍പരം സ്നേഹിക്കല്‍ ഈമാനിന്റെ ഭാഗവും, സലാം പറയല്‍ പരസ്പരം സ്നേഹമുണ്ടാക്കാനുളള മാര്‍ഗ്ഗവുമാണ്. സലാം എന്നത് വെറും ഒരു അഭിവാദ്യമല്ല, സമാധാനത്തിന്റെ സന്ദേശം കൂടിയാണത്. ആദം (അലൈഹിസ്സലാാം) മുതല്‍ സ്വര്‍ഗ്ഗത്തിലെ അഭിവാദ്യമായി നിലകൊണ്ട ഈ വാക്കുകള്‍, മനുഷ്യരെ തമ്മില്‍ അടുത്തുവരുത്തുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്നു.
സമാധാനവും സ്‌നേഹവും പരത്താനുള്ള ഈ സുന്ദരമായ സംസ്കാരത്തെ കുറിച്ചുള്ള ഈ കാവ്യരചന ഒന്ന് വായിച്ചുനോക്കൂ:
ആദമിന്‍ കുലത്തോളം പഴക്കമുളള ഈ സലാം
വെളിച്ചമേന്തി വന്ന ദീനിന്‍ ചര്യയാണ് ഈ സലാം
ഇണങ്ങാനും അടുക്കാനും ആശിസ്സേകും ഈ സലാം
സ്വര്‍ഗത്തില്‍ അഭിവാദ്യ വചനമാണ് ഈ സലാം
കറുപ്പെന്നോ വെളുപ്പെന്നോ കരുതാതെ മാനവന്
സമാധാനം നേരുവാനായ് ഉരുവിടുന്നു ഈ സലാം
അടിമയെന്നോ ഉടമയെന്നോ നിനക്കാതെ ഒരുമയാല്‍
മുത്തഖീനിന്‍ മുദ്രയായി ഉയര്‍ത്തിയതും ഈ സലാം
അസ്സലാമു അലൈകും... വ അലൈക്കും അസ്സലാം
കിബ്റുകാട്ടി മഞ്ചലില്‍ ഇരിക്കാതെ മൊഞ്ചുമായ്
കീഴെവന്നു വിനയമായി ഉണര്‍ത്തുന്നു ഈ സലാം
നാട്ടുകാരോ വീട്ടുകാരോ കൂടെയുളള കൂട്ടുകാരോ
സന്നിധിയില്‍ ആഗതനാല്‍ രക്ഷനേരും ഈ സലാം
അസ്സലാമു അലൈകും... വ അലൈക്കും അസ്സലാം