ക്വുര്‍ആനിലുളളതെല്ലാം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതാണോ?

അന്‍വര്‍ അബൂബക്കര്‍

Last Update 14 May 2025, 14 Dhuʻl-Qiʻdah, 1446 AH

ചോദ്യം: ക്വുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നതെല്ലാം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതാണെന്നും സ്ത്രീകള്‍ക്ക് ഒന്നും ഉള്ളതായി പരാമര്‍ശിക്കപ്പെടുന്നില്ല എന്ന സങ്കടം പ്രവാചകന്‍റെ ﷺ അടുക്കല്‍ പോയി പറഞ്ഞ സ്വാഹാബി വനിതയുടെ പേര് എന്ത്?

ഉത്തരം: ഉമ്മു ഉമാറ അല്‍അന്‍സാരിയ്യ(റളിയല്ലാഹു അന്‍ഹ)

തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഹദീഥ്, ഉമ്മു ഉമാറ അല്‍അന്‍സാരിയ്യ(റളിയല്ലാഹു അന്‍ഹ) നിവേദനം: അവര്‍ നബി(സ)യുടെ അടുത്ത് ചെന്ന് പറഞ്ഞു: "എല്ലാം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് എനിക്ക് തോന്നുന്നു. സ്ത്രീകള്‍ക്ക് ഒന്നും ഉള്ളതായി പരാമര്‍ശിക്കപ്പെടുന്നില്ല.” തുടര്‍ന്ന് ക്വുര്‍ആനിലെ ഈ സൂക്തം അവതരിച്ചു: “നിശ്ചയമായും, 'മുസ്‌ലിം'കളായ പുരുഷന്‍മാരും സ്ത്രീകളും, 'മുഅ്മിനു'കളായ പുരുഷന്‍മാരും സ്ത്രീകളും, ഭക്തന്മാരായ പുരുഷന്‍മാരും സ്ത്രീകളും, സത്യവാന്‍മാരായ പുരുഷന്‍മാരും സ്ത്രീകളും, ക്ഷമാശീലരായ പുരുഷന്‍മാരും സ്ത്രീകളും, ഭയപ്പാടുള്ള പുരുഷന്‍മാരും സ്ത്രീകളും, ദാനധര്‍മ്മം ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും, നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, ഇവര്‍ക്കു എല്ലാവര്‍ക്കും അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.” (അഹ്‍സാബ്.35)

തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീഥില്‍ കാണാം, ഉമ്മുസലമഃ (റളിയല്ലാഹു അന്‍ഹ) ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, സ്ത്രീകളുടെ ഹിജ്റ പ്രവാചകനോടൊപ്പം ചെയ്തതിനെ കുറിച്ച് ക്വുര്‍ആനില്‍ ഒരു സൂക്തവും ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍, അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരം നല്‍കുകയായി: ആണോ, പെണ്ണോ ആകട്ടെ, നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവൃത്തി ഞാന്‍ പാഴാക്കിക്കളയുകയില്ല:- നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുള്ളവരാകുന്നു [എല്ലാവരും ഒരുപോലെത്തന്നെയാണ്]:- എന്നാല്‍, (സ്വരാജ്യം വിട്ട്) ഹിജ്‌റഃ പോകുകയും, തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്റെ മാര്‍ഗത്തില്‍ ഉപദ്രവിക്കപ്പെടുകയും, യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവര്‍. തീര്‍ച്ചയായും അവര്‍ക്ക് അവരുടെ തിന്മകളെ ഞാന്‍ മൂടിവെച്ച് (മാപ്പാക്കി) കൊടുക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. (അതെ) അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള പ്രതിഫലം. അല്ലാഹുവാകട്ടെ, അവന്റെ പക്കല്‍ നല്ല പ്രതിഫലം ഉണ്ടുതാനും” (ആലുഇംറാന്‍ 195)

അല്ലാഹു പറഞ്ഞു: “ആണായോ, പെണ്ണായോ ഉള്ള ആരെങ്കിലും താന്‍ സത്യവിശ്വാസിയായും കൊണ്ട് സല്‍ക്കര്‍മങ്ങളില്‍ നിന്ന് (വല്ലതും) ചെയ്യുന്ന പക്ഷം, അക്കൂട്ടര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്, അവരോട് ഒട്ടും അനീതി ചെയ്യപ്പെടുകയുമില്ല.” (നിസാഅ് 124)

അല്ലാഹു മറ്റൊരിടത്ത് പറഞ്ഞു: "നിശ്ചയമായും അല്ലാഹു, അണുവിന്റെ തൂക്കം അക്രമം ചെയ്യുകയില്ല. അതൊരു നന്മയായിരുന്നാല്‍ അവന്‍ അതിനെ ഇരട്ടിപ്പിക്കുന്നതാണ്; അവന്റെ അടുക്കല്‍ നിന്ന് വമ്പിച്ചതായ പ്രതിഫലം അവന്‍ കൊടുക്കുകയും ചെയ്യും." (അന്നിസാഅ് 40)

സത്യവിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു ഒരു മൗലിക തത്ത്വം വ്യക്തമാക്കുന്നു – വിജയവും മോക്ഷവും, അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങളും പ്രവാചകന്‍മാരുടെ അദ്ധ്യാപനങ്ങളും അനുസരിച്ചുള്ള സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളും കൊണ്ടുമാത്രമേ സാദ്ധ്യമാകൂ. അതില്‍ ആണും പെണ്ണുമെന്ന വ്യത്യാസമൊന്നുമില്ല. ഇസ്‌ലാമിലെ ശരീഅത്ത് നിയമങ്ങള്‍ പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകമായതായി അല്ലാഹു നിശ്ചയിച്ചിട്ടുള്ളതാണ്. രണ്ടിനും വ്യത്യാസം സൂചിപ്പിച്ച് പ്രത്യേകം പറഞ്ഞിടത്തൊഴിച്ചാല്‍, പുരുഷനോട് പറയുന്ന എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്കും ബാധകമാണ്. അതിനുളള തെളിവായി പണ്ഡിതന്‍മാര്‍ പറയുന്ന ഹദീഥാണിത്: ആയിശ (റളിയല്ലാഹു അന്‍ഹ) നിവേദനം, “(ഉറക്കമുണര്‍ന്ന ശേഷം) വസ്‍ത്രത്തില്‍ നനവ് കാണാറുളള ഒരാളെക്കുറിച്ച് പ്രവാചകന്‍ﷺയോട് ചോദിക്കപ്പെട്ടു. അയാളാകട്ടെ, അതുമായി ബന്ധപ്പെട്ട് വല്ല സ്വപ്‍നവും കണ്ടതായി ഓര്‍ക്കുന്നുമില്ല. പ്രവാചകന്‍ﷺ പറഞ്ഞു, അവന്‍ കുളിക്കേണ്ടതാണ്. ശേഷം സ്വപ്‍നം കണ്ടതായി ഓര്‍ക്കുകയും, എന്നാല്‍ (ശുക്ളത്തിന്റെ) നനവൊന്നും കാണാതിരിക്കുകയും ചെയ്ത ഒരാളെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു, അവന്‍ കുളിക്കേണ്ടതില്ല. പിന്നീട് ഉമ്മുസലമ(റളിയല്ലാഹു അന്‍ഹ) ചോദിച്ചു, പ്രവാചകരേ, ഇത് ഒരു സ്ത്രീക്കാണ് സംഭവിക്കുന്നതെങ്കിലോ, അവള്‍ കുളിക്കേണ്ടതുണ്ടോ? അവിടുന്ന് പറഞ്ഞു, അതെ. കാരണം, സ്‍ത്രീകള്‍ പുരുഷന്‍മാരുടെ ഉടപ്പിറപ്പുകളാണ്.” (തിര്‍മിദി, അബൂദാവൂദ്)

ഇസ്‌ലാം സ്ത്രീസമത്വം എന്ന തലതിരിഞ്ഞ ആശയം പഠിപ്പിക്കുന്നില്ല; പ്രത്യുത പ്രകൃതിയാവശ്യപ്പെടുന്നതാണ് പ്രബോധിപ്പിക്കുന്നത്. അതിനാല്‍, നമ്മുടെ കുട്ടികളെ പ്രകൃതിയനുസൃതമായി വളര്‍ത്താന്‍ ഉത്സാഹിക്കണം – പെണ്ണിനെ പെണ്ണായും, ആണിനെ ആണായും. ആരെങ്കിലും പ്രകൃതിയോട് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍, അതിന്റെ ദുരന്തം തീര്‍ച്ചയായും സമൂഹം അനുഭവിക്കേണ്ടതായി വരും.

അല്ലാഹു പറഞ്ഞു: “അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്, നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്കു ഇണകളെ അവന്‍ സൃഷ്ടിച്ചു തന്നിട്ടുള്ളതും - നിങ്ങള്‍ അവരുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്നേഹബന്ധവും, കാരുണ്യവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്.” (റൂം 21)

കശ്ഫുശ്ശുബുഹാത് : മറ്റു ലേഖനങ്ങൾ