ശഹീദിനെക്കാള്‍ മുമ്പായി സ്വര്‍ഗത്തില്‍ പ്രവേശിച്ചവന്‍

അന്‍വര്‍ അബൂബക്കര്‍

Last Update 2025 April 13, 15 Shawwal, 1446 AH

ചോദ്യം: ബലിയ്യ് പ്രദേശത്ത് നിന്നും രണ്ടു ആളുകള്‍ വന്നു കൊണ്ട് നബി ﷺ യോട് സലാം പറഞ്ഞു: അവര്‍ രണ്ടു പേരും ഒന്നിച്ചു ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. എന്നാല്‍ അതില്‍ ഒരു വ്യക്തി തന്റെ സഹോദരനെക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയായിരുന്നു. അങ്ങനെ അദ്ദേഹം യുദ്ധം ചെയ്യുകയും ശഹീദാവുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം രണ്ടാമത്തെ വ്യക്തിയും മരണപ്പെട്ടു. സ്വഹാബി പറയുന്നു: ഞാന്‍ സ്വര്‍ഗത്തിന്റെ വാതിലിങ്കല്‍ നില്‍ക്കുന്നതായി സ്വപ്നം കണ്ടപ്പോള്‍ അവരെ രണ്ട് പേരെയും ഞാന്‍ അവിടെ കണ്ടു. സ്വര്‍ഗത്തില്‍ നിന്നും ഒരാള്‍ പുറത്ത് വന്നുകൊണ്ട് അവസാനം മരിച്ച വ്യക്തിക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. ശേഷം അദ്ദേഹം വീണ്ടും വരികയും ആദ്യം മരിച്ച വ്യക്തിക്കും (ശഹീദായ വ്യക്തി) സ്വര്‍ത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. ശേഷം എന്റെ അടുക്കലേക്ക് മടങ്ങി വന്നു കൊണ്ട് പറഞ്ഞു: നിങ്ങള്‍ മടങ്ങി പോകണം. നിങ്ങള്‍ക്ക് ഇനിയും സമയം ആയിട്ടില്ല. ഇപ്രകാരം സ്വപ്നം കണ്ട ആ സ്വഹാബിയുടെ പേര് എന്ത്?

ഉത്തരം: ത്വല്‍ഹതുബ്നു ഉബൈദില്ല (റ)

ത്വല്‍ഹ തുബ്നു ഉബൈദില്ല (റ) വില്‍ നിന്നും നിവേദനം; ബലിയ്യ് പ്രദേശത്ത് നിന്നും രണ്ടു ആളുകള്‍ വന്നു കൊണ്ട് നബി ﷺ യോട് സലാം പറഞ്ഞു: അവര്‍ രണ്ടു പേരും ഒന്നിച്ചു ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. എന്നാല്‍ അതില്‍ ഒരു വ്യക്തി തന്റെ സഹോദരനെക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയായിരുന്നു. അങ്ങനെ അദ്ദേഹം യുദ്ധം ചെയ്യുകയും ശഹീദാവുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം രണ്ടാമത്തെ വ്യക്തിയും മരണപ്പെട്ടു. ത്വല്‍ഹ (റ) പറയുന്നു: ഞാന്‍ സ്വര്‍ഗത്തിന്റെ വാതിലിങ്കല്‍ നില്‍ക്കുന്നതായി സ്വപ്നം കണ്ടപ്പോള്‍ അവരെ രണ്ട് പേരെയും ഞാന്‍ അവിടെ കണ്ടു. സ്വര്‍ഗത്തില്‍ നിന്നും ഒരാള്‍ പുറത്ത് വന്നുകൊണ്ട് അവസാനം മരിച്ച വ്യക്തിക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. ശേഷം അദ്ദേഹം വീണ്ടും വരികയും ആദ്യം മരിച്ച വ്യക്തിക്കും (ശഹീദായ വ്യക്തി) സ്വര്‍ത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. ശേഷം എന്റെ അടുക്കലേക്ക് മടങ്ങി വന്നു കൊണ്ട് പറഞ്ഞു: നിങ്ങള്‍ മടങ്ങി പോകണം. നിങ്ങള്‍ക്ക് ഇനിയും സമയം ആയിട്ടില്ല. ത്വല്‍ഹ (റ) രാവിലെ ഈ സംഭവം ജനങ്ങളോട് പറഞ്ഞു. ഈ സംഭവത്തില്‍ അവര്‍ അത്ഭുതം കൂറി. നബി ﷺ യുടെ അടുക്കല്‍ ഈ വാര്‍ത്ത എത്തുകയും നബി ﷺ യോട് അവര്‍ കാര്യം വിവരിച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍ നബി ﷺ ചോദിച്ചു; എന്ത് കാര്യത്തിലാണ് നിങ്ങള്‍ അത്ഭുതപ്പെടുന്നത്?. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഇതിലെ ആദ്യത്തെ വ്യക്തിയായിരുന്നു കൂടുതല്‍ കഠിനാധ്വാനം ചെയ്തത്. പിന്നെ അദ്ദേഹം ശഹീദാവുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ വ്യക്തി ആദ്യം സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്തു. അപ്പോള്‍ നബി ﷺ ചോദിച്ചു: ഒന്നാമത്തെ വ്യക്തിയുടെ മരണ ശേഷം രണ്ടാമത്തെ വ്യക്തി ഒരു വര്‍ഷം കൂടി ജീവിച്ചില്ലേ? അവര്‍ പറഞ്ഞു: അതെ. നബി ﷺ ചോദിച്ചു; ഒരു റമദാന്‍ (അധികം) ലഭിക്കുകയും നോമ്പനുഷ്ഠിക്കുകയും, ആ വര്‍ഷത്തില്‍ ഇത്രയിത്ര നമസ്കാരം നിര്‍വഹിക്കുകയും ചെയ്തില്ലേ? അവര്‍ പറഞ്ഞു അതെ. അന്നേരം നബി ﷺ പറഞ്ഞു, അപ്പോള്‍ അവര്‍ക്ക് രണ്ട് പേര്‍ക്കുമിടയില്‍ ആകാശ ഭൂമികളുടെ ദൂരമുണ്ട്. (ഇബ്നുമാജ: 3925)

ഈ ഹദീഥ് നമ്മുക്ക് നിരവധി മഹത്തായ പാഠങ്ങള്‍ നല്‍കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലതിങ്ങനെ:

1. റമദാന്റെ മഹത്വം:

• ഒരു റമദാന്‍ കൂടി ലഭിക്കുക എന്നത് ഒരു വലിയ അനുഗ്രഹമാണ്.

• റമദാനില്‍ നോമ്പും, ആരാധനകളും അനുഷ്ഠിച്ചതിന്റെ പ്രതിഫലം അത്യന്തം വലുതാണ്.

2. ദീര്‍ഘായുസ്സ് സ്വര്‍ഗ്ഗത്തിലേക്ക് എത്താനുള്ള അവസരമാണ്:

• ചിലര്‍ ചെറുപ്രായത്തില്‍ തന്നെ മരിക്കുകയും, ചിലര്‍ ദീര്‍ഘകാലം ജീവിക്കുകയും ചെയ്യുന്നു.

• കൂടുതല്‍ കാലം ജീവിക്കുന്നവര്‍ അല്ലാഹുവിനെ കൂടുതല്‍ ആരാധിക്കാനും, പാപങ്ങള്‍ക്കു മാപ്പ് തേടാനും, നല്ല പ്രവൃത്തികള്‍ ചെയ്യാനും അവസരം ലഭിക്കുന്നു.

• ദീര്‍ഘായുസ് കൂടുതല്‍ ഇബാദത്ത് ചെയ്യാനുള്ള അവസരമാണ്, മാത്രമല്ല, അതു കൊണ്ട് ഒരു മനുഷ്യന്‍ സ്വര്‍ഗത്തില്‍ മുന്‍ഗണന നേടുകയും ചെയ്യും.

3. ആരാധനയുടെ മൂല്യം ശഹാദത്തിന് (രക്തസാക്ഷിത്വത്തിന്) സമാനമാണ്:

• ആദ്യത്തെ വ്യക്തി ശഹീദായി മരിച്ചതിനാലും, രണ്ടാമത്തെ വ്യക്തി റമദാനിലും മറ്റ് ആരാധനകളിലും മുന്നിട്ടു നിന്നതിനാലും അദ്ദേഹത്തിന് കൂടുതല്‍ പുണ്യം ലഭിച്ചു.

• ഇബാദത്തില്‍ ശ്രദ്ധയുള്ള ജീവിതം നയിക്കുന്നവര്‍ക്ക്, ശഹീദായവര്‍ക്കു പോലും ലഭിക്കാത്ത വിശേഷ സ്ഥാനങ്ങള്‍ ലഭിക്കാം.

4. സ്വര്‍ഗ്ഗത്തില്‍ പ്രവേശനത്തിനുള്ള ക്രമം:

• കഠിനാധ്വാനം മാത്രം മതിയാകില്ല, അതിന് ദീര്‍ഘകാലം സത്പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്.

• ഒരാള്‍ക്ക് അധികമായി ലഭിച്ച ഒരു റമദാന്‍, അതിലെ ആരാധനകള്‍, മറ്റൊരാളേക്കാള്‍ മുന്നില്‍ നിര്‍ത്താന്‍ സാധിച്ചു.

• അതായത്, കൂടുതല്‍ നാളുകള്‍ ജീവിക്കുകയും, അതില്‍ ആരാധനയില്‍ മികവു പുലര്‍ത്തുകയും ചെയ്താല്‍, സ്വര്‍ഗ്ഗത്തില്‍ മുന്‍ഗണന ലഭിക്കും.

5. അനുഗ്രഹങ്ങളെ തിരിച്ചറിയുക:

• നാം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കില്‍, അത് നമ്മുടെ അറിവിനും, ആരാധനകള്‍ക്കും അല്ലാഹു നല്‍കിയ അവസരമാണ്.

• നല്ല പ്രവൃത്തികള്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുന്ന ഓരോ നിമിഷവും സ്വര്‍ഗ്ഗത്തിലേക്ക് മുന്നോട്ടുള്ള ഒരു അടി ആയിരിക്കണം.

ഈ ഹദീഥ് നമ്മെ പഠിപ്പിക്കുന്നത് "രക്ഷാ നേടാനുള്ള സാധ്യതകള്‍ ഇപ്പോഴും നമ്മുടെ കൈവശമുണ്ടെന്നാണ്". ഒരു റമദാന്‍ കൂടി ലഭിച്ച നമ്മള്‍, അതില്‍ സത്യസന്ധമായി ആരാധന ചെയ്യേണ്ടത് അത്യാവശ്യമാണ്! അല്ലാഹു നമ്മെ ഈ റമദാന്‍ കൂടുതല്‍ ആരാധനയിലൂടെ മുന്നോട്ടു നയിക്കട്ടെ!


ധാരാളം ഹദീസുകളിലൂടെ നോമ്പിന്റെ മഹത്വങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ചില ഉദാഹരണങ്ങള്‍ കാണുക:

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബിﷺയോട് ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ അടുക്കല്‍ എനിക്ക് പ്രയോജനകരമായ ഒരു കാര്യത്തെ കുറിച്ച് എന്നോട് കല്‍പ്പിച്ചാലും. നബി ﷺ പറഞ്ഞു:

عَلَيْكَ بِالصِّيَامِ فَإِنَّهُ لاَ مِثْلَ لَهُ

നീ നോമ്പ് അനുഷ്ടിക്കുക. അതുപോലെ മറ്റൊന്നില്ല. (നസാഇ:2221)

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:

كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِ مِائَةِ ضِعْفٍ

മനുഷ്യരുടെ എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുന്നതാണ്.

قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ

അല്ലാഹു പറയുന്നു, നോമ്പിന് ഒഴികെ, അതിന് ഞാന്‍ (കണക്കല്ലാത്ത) പ്രതിഫലം നല്‍കുന്നതാണ്. (മുസ്ലിം:1151)

തസ്‌കിയ : മറ്റു ലേഖനങ്ങൾ