ദീര്‍ഘമായ നോമ്പ് ആചരിച്ച പ്രവാചകന്‍

അന്‍വര്‍ അബൂബക്കര്‍

Last Update 2025 April 27, 29 Shawwal, 1446 AH

ചോദ്യം: ക്വുര്‍ആനിക ചരിത്രത്തില്‍ അല്ലാഹുവിന്റെ കല്പനപ്രകാരം ഏറ്റവും ദീര്‍ഘമായ നോമ്പ് ആചരിച്ച പ്രവാചകന്‍ ആര്? എത്ര ദിവസം?

ഉത്തരം: മൂസാ നബി(അലൈഹിസ്സലാം), 40 ദിവസം

ക്വുര്‍ആന്‍ വ്യക്തമാക്കിയതനുസരിച്ച്, മൂസാ (അലൈഹിസ്സലാം) ആയിരുന്നു അല്ലാഹുവിന്റെ കല്പനപ്രകാരം ഏറ്റവും ദീര്‍ഘമായ ദിവസം നോമ്പും ധ്യാനവും ആചരിച്ച പ്രവാചകന്‍. അല്ലാഹു അദ്ദേഹത്തെ തൗറാത്ത് നല്‍കുന്നതിനായി 40 ദിവസത്തേക്ക് സീനാമലയില്‍ നോമ്പും ധ്യാനവും ആചരിച്ച് കഴിച്ചു കൂട്ടണമെന്ന് അറിയിച്ചു. ക്വുര്‍ആന്‍ അതിനെ കുറിച്ച് സൂറത്തുല്‍ അഅ്റാഫ് – 142ല്‍ ഇപ്രകാരം വ്യക്തമാക്കി: “മൂസായുമായി മുപ്പത് രാവ് നാം പറഞ്ഞു നിശ്ചയിച്ചു. അതിനെ പത്ത് ചേര്‍ത്തുകൊണ്ട് നാം പൂര്‍ത്തിയാക്കി. അങ്ങനെ മൂസായുടെ റബ്ബിന്റെ നിശ്ചയകാലം നാല്‍പത് രാവ് പൂര്‍ത്തിയായി.” (അഅ്റാഫ്: 142)

മുജാഹിദ് (റഹിമഹുല്ലാഹ്), മസ്റൂഖ് (റഹിമഹുല്ലാഹ്), ഇബ്നു ജുറൈജ് (റഹിമഹുല്ലാഹ്) എന്നിവരും, ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്‍ഹു) വും റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, മൂസാ (അലൈഹിസ്സലം) ആചരിച്ച 40 ദിവസത്തെ നോമ്പില്‍ ആദ്യത്തെ 30 ദിവസം ദുല്‍കഅ്ദഃ മാസത്തിലെയും, ശേഷിച്ച 10 ദിവസം ദുല്‍ഹജ്ജ് മാസത്തിന്റെ ആദ്യ പത്ത് ദിവസങ്ങളിലെയും ആയിരുന്നു.

നോമ്പ് അല്ലാഹുവിന്റെ സാമിപ്യം നേടിയെടുക്കാനുളള ഒരു മാര്‍ഗമാണ്.

തികഞ്ഞ സമര്‍പ്പണത്തിലൂടെ മൂസാ (അലൈഹിസ്സലം) തന്റെ സ്രഷ്ടാവിന്റെ കല്പന അനുസരിച്ച് 40 ദിവസം നോമ്പോടെയും ദുആയോടെയും ചെലവഴിക്കുകയായിരുന്നു. വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി ആത്മീയമായ ഒരുക്കം അത്യാവശ്യമാണല്ലോ. തൗറാത്ത് സ്വീകരിക്കാനുളള മുന്നൊരുക്കമായി ഈ ദിവസങ്ങള്‍ അദ്ദേഹം ചെലവഴിച്ചതില്‍ നമുക്ക് മാതൃകയുണ്ട്. റമദാനിലെ നോമ്പും ഒരു ആത്മീയ തയ്യാറെടുപ്പാണ് – അതിന്റെ അവസാനഘട്ടത്തില്‍ ലൈലത്തുല്‍ ഖദ്റിന്റെ പ്രത്യേക അനുഗ്രഹങ്ങളും, നമ്മെ സമ്പൂര്‍ണ്ണമായും മാറ്റിമറിക്കുന്ന വിശുദ്ധതയും, നമ്മെ തക്ക രീതിയില്‍ എല്ലാ നിലക്കുമുളള വിജയത്തിനും അല്ലാഹുവിന്റെ നിക്ഷിപ്ത അനുഗ്രഹങ്ങള്‍ക്കും അര്‍ഹരാക്കുന്നതാണ്. അല്ലാഹു നമ്മെ ഇതിന്റെ പൂര്‍ണ്ണ ഫലങ്ങള്‍ അനുഭവിക്കുവാന്‍ തക്കവിധം യോഗ്യരാക്കട്ടെ. ആമീന്‍.

തസ്‌കിയ : മറ്റു ലേഖനങ്ങൾ