യഹൂദികളുടെ ഭാഷ പഠിച്ച സ്വഹാബി
അന്‍വര്‍ അബൂബക്കര്‍
Last Update 15 May 2025, 17 Dhuʻl-Qiʻdah, 1446 AH
ചോദ്യം: പ്രവാചകന്‍ ﷺ ഒരു സ്വഹാബിയെ യഹൂദികളുടെ ഭാഷ പഠിക്കാന്‍ ചുമതലപ്പെടുത്തി. ആ സാഹാബി ആരായിരുന്നു?
ഉത്തരം: സൈദ് ബിന്‍ സാബിത് (റളിയല്ലാഹു അന്‍ഹു)
സൈദ് ബിന്‍ സാബിത് (റളിയല്ലാഹു അന്‍ഹു) നിവേദനം, അദ്ദേഹം പറഞ്ഞു: “ഒരു ദിവസം അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ എന്നോട് പറഞ്ഞു: 'സഈദ്, യഹൂദികളുടെ ഭാഷ (ഹിബ്രു) പഠിക്കൂ, കാരണം, എനിക്കുളള എഴുത്തില്‍ ഞാന്‍ അവരെ വിശ്വസിക്കുന്നില്ല.' അതിനുശേഷം, പകുതി മാസം പൂര്‍ത്തിയാകും മുമ്പേ ഞാന്‍ ആ ഭാഷ പഠിച്ചു. അതിനുശേഷം, പ്രവാചകന്‍ ﷺ യഹൂദികള്‍ക്ക് കത്തുകളയയ്ക്കുമ്പോള്‍ ഞാനത് എഴുതുകയും, അവരില്‍നിന്നും കത്തുകള്‍ ലഭിക്കുമ്പോള്‍ ഞാനത് വായിച്ചു തര്‍ജ്ജമ ചെയ്തു കൊടുക്കുകയും ചെയ്യുമായിരുന്നു." (അബൂദാവൂദ്, തിര്‍മിദി, അല്‍ബാനി(റഹി) ഹസനു സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)
പ്രവാചകന്‍ ﷺ തന്റെ അനുചരനായ സഈദ് ഇബ്ന് സാബിത് (റളിയല്ലാഹു അന്‍ഹു)വിനെ ഹിബ്രു ഭാഷ പഠിക്കാന്‍ നിയോഗിച്ചത് ആശയവിനിമയത്തില്‍ ഭാഷാപരിജ്ഞാനത്തിന് വലിയ സ്ഥാനമുണ്ടെന്നുളളതിന്റെ തെളിവാണ്. ഇസ്‌ലാമിക പ്രബോധനം, ധാര്‍മ്മിക സംവാദങ്ങള്‍, രാഷ്ട്രീയ നയതന്ത്രം എന്നിവയ്ക്കെല്ലാം ഭാഷകള്‍ ഏറെ പ്രാധാന്യമുളളതാണ്. അവിടെയെല്ലാം കൃത്യമായ സൂക്ഷ്മതയും മുന്‍കരുതലും അനിവാര്യമാണ്. "എനിക്കുളള എഴുത്തില്‍ ഞാന്‍ അവരെ വിശ്വസിക്കുന്നില്ല" എന്ന് പ്രവാചകന്‍ ﷺ പറഞ്ഞതില്‍തന്നെ ഉത്തമ നേതാവിന്റെ ദൗത്യബോധത്തോടൊപ്പം ഇടപാടുകളില്‍ സൂക്ഷ്മത പാലിക്കണമെന്ന മുന്‍കരുതല്‍ മുന്നോട്ടുവെക്കുന്നുണ്ട്.
ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സൈദ് ഇബ്നു സാബിത് (റളിയല്ലാഹു അന്‍ഹു) ഹിബ്രു ഭാഷ പഠിച്ചത് മുസ്ലിംകള്‍ വിജ്ഞാന സമ്പാദനത്തിന് അര്‍പ്പിക്കേണ്ട മനസ്സും ഉത്സാഹവും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഏതൊരു വിഷയത്തിലും ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍, പിന്നീട് ഇഷ്ടാനിഷ്ടങ്ങളെല്ലാം മറന്ന് അതിലേയ്ക്കായുളള മികച്ച പരിശ്രമം തന്നെ ഉണ്ടാകണം. അത് അല്ലാഹുവിന്റെ മാര്‍ഗത്തിലാണെങ്കിലോ? അതിലുളള ഈമാനികമായ അനുഭവത്തെക്കാള്‍ രുചികരവും ആസ്വാദ്യവുമായ മറ്റൊന്നുമില്ല, തീര്‍ച്ച.
സൈദ് ഇബ്നു സൈബിത്(റളിയല്ലാഹു അന്‍ഹു) പ്രവാചകന്‍ﷺയുടെ ഔദ്യോഗിക എഴുത്തുകാരിലൊരാളായിരുന്നു. മുസ്ലിംകള്‍ക്ക് രാഷ്ട്രമീമാംസയുടെ വിഷയത്തില്‍ സ്വന്തമായ രേഖകള്‍ സംരക്ഷിക്കുകയും അതിന്റെ നിയന്ത്രണം കൈവശം വയ്ക്കുകയും ചെയ്യാനുള്ള ദൗത്യബോധം ഉണ്ടായിരിക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഭാഷകള്‍ പഠിക്കാന്‍, സൂക്ഷ്മത പാലിക്കാന്‍, വിജ്ഞാനം നേടാന്‍, നേതൃഗുണം വളര്‍ത്താന്‍ ആവശ്യമായ ഒരു മികച്ച പ്രേരണ ഈ ഹദീഥ് അറിയിക്കുന്നുണ്ട്!