മുഅ്മിനീങ്ങളുടെ മരണപ്പെട്ട കുട്ടികള്‍

അന്‍വര്‍ അബൂബക്കര്‍

Last Update 15 May 2025, 17 Dhuʻl-Qiʻdah, 1446 AH

ചോദ്യം: മുഅ്മിനീങ്ങളുടെ മരണപ്പെട്ട കുട്ടികള്‍ സ്വര്‍ഗ്ഗത്തില്‍ ഒരു പര്‍വ്വതത്തിലാണുളളത്. അന്ത്യനാളില്‍ അവരെ തങ്ങളുടെ മാതാപിതാക്കളിലേക്ക് ഏല്‍പ്പിക്കുന്നതുവരെ അവരുടെ സംരക്ഷണം രണ്ടാളുകള്‍ക്കാണ് അല്ലാഹു നല്‍കിയിട്ടുളളത്. അതിലൊരാള്‍ ഇബ്റാഹീം നബി(അലൈഹിസ്സലാം)യാണ്. ആരാണ് രണ്ടാമത്തേത്?

ഉത്തരം: സാറാ (റളിയല്ലാഹു അന്‍ഹ)

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണമടയുന്ന മുഅ്മിനീങ്ങളുടെ കുട്ടികളെ, അല്ലാഹു തന്റെ അതുല്യമായ കാരുണ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കും. വിശ്വാസികളുടെമേല്‍ അവന്‍ കാണിക്കുന്ന അതിമനോഹരമായ കരുണയുടെ പ്രതിഫലനമാണ് ഇതെല്ലാം. കാരണം, ആര്‍ക്കും സ്വര്‍ഗ്ഗത്തിലെ ഏതൊരു സ്ഥാനവും ലഭിക്കുന്നത് അല്ലാഹുവിന്റെ അതിമഹത്തരമായ കാരുണ്യംകൊണ്ടും ഉദ്ദേശ്യംകൊണ്ടും മാത്രമാണ്. പ്രവാചകന്‍ﷺ പറഞ്ഞു: “മുഅ്മിനീങ്ങളുടെ കുട്ടികള്‍ സ്വര്‍ഗ്ഗത്തില്‍ ഒരു പര്‍വ്വതത്തിലാണ്. അന്ത്യദിനത്തില്‍ തങ്ങളുടെ മാതാപിതാക്കളുടെ കൂടെ ചേരുന്നതുവരെ അവരുടെ സംരക്ഷണം ഇബ്രാഹീം നബിയുടെയും (അലൈഹിസ്സലാം) ഭാര്യയായ സാറയുടെയും അടുക്കലായിരിക്കും” (അബൂനുഐം, ദയ്‌ലമി, ഇബ്നു അസാകിര്‍. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്). മറ്റൊരു റിപ്പോര്‍ട്ടില്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ പറഞ്ഞതായി കാണാം: “മുസ്ലിംകളുടെ കുട്ടികള്‍ സ്വര്‍ഗ്ഗത്തിലാണ്. അവരുടെ സംരക്ഷണം ഇബ്റാഹീമിനാണ്.” (മുസ്നദ് അഹ്‌മദ്‌. സ്വഹീഹുഇബ്നിഹിബ്ബാന്‍. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ച ഹദീഥ്)

ഉപരിലേഖിതമായ ഹദീഥുകളില്‍ നിന്നും നമുക്ക് ലഭിക്കുന്ന പ്രധാന പാഠം അതീവ ഗൗരവമുള്ളതും, കുട്ടികള്‍ നഷ്ടപ്പെട്ട വിശ്വാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതുമാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുന്ന സത്യവിശ്വാസികളുടെ കുട്ടികള്‍ സ്വര്‍ഗ്ഗവാസികളാണെന്ന വിശ്വാസം, മരണവേദനയിലായ മാതാപിതാക്കള്‍ക്ക് ഉറച്ച ധൈര്യവും തളരാത്ത ആശ്വാസവും നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ കുഞ്ഞുങ്ങള്‍ മരണത്തോടെ ഈ ലോകം വിട്ടുപോകുമ്പോള്‍, അല്ലാഹു അവരെ തന്‍റെ ഖലീലായ ഇബ്രാഹീം നബി(അലൈഹിസ്സലാം)യുടെയും അദ്ദേഹത്തിന്റെ വിശ്വസ്തയായ ഭാര്യ സാറ(റളിയല്ലാഹു അന്‍ഹ)യുടെയും സംരക്ഷണത്തിലേക്ക് ഏല്‍പ്പിക്കുന്നു എന്നത്, ഈ കുട്ടികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നതിന്റെ തെളിവാണ്. ഇതിലൂടെ അല്ലാഹുവിന്റെ അതുല്യമായ കരുണയും ദയയുമാണ് നാം കാണുന്നത്. നിര്‍ദോഷരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിലും, വിശ്വാസികളോടുള്ള അനന്തരമായ സ്നേഹം പ്രകടിപ്പിക്കുന്നതിലും ഈ സന്ദേശം ഏറെ വ്യക്തമാണ്. കൂടാതെ, സ്വര്‍ഗ്ഗത്തിലെ സ്ഥാനങ്ങള്‍ ആര്‍ക്കും സ്വന്തം യോഗ്യതകൊണ്ട് മാത്രമല്ല, അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്താലും ഉദ്ദേശ്യത്താലുമാണ് നല്കപ്പെടുന്നതെന്ന് ഈ ഹദീഥുകള്‍ ബോധ്യപ്പെടുത്തുന്നു.

പരലോകത്ത് ഈ കുഞ്ഞുങ്ങള്‍ വിശ്വാസികളായ അവരുടെ മാതാപിതാക്കളെ വീണ്ടും കണ്ടുമുട്ടുന്നതാണ്. ആ സന്ദര്‍ഭം എങ്ങനെയാകും എന്നത് വിശദീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ പറഞ്ഞു: “അവരുടെ കുഞ്ഞുങ്ങള്‍ സ്വര്‍ഗ്ഗത്തിലെ സ്വീകരണക്കാരായി, അതിലെ ഇടങ്ങളിലുടനീളം യഥേഷ്ടം കയറിയിറങ്ങുന്നവരായി ഉണ്ടാകും. അവരിലൊരാള്‍ തന്‍റെ പിതാവിനെയോ അല്ലെങ്കില്‍ മാതാപിതാക്കളേയോ പരലോകത്ത് കണ്ടാല്‍ അവരുടെ വസ്ത്രത്തില്‍ പിടിച്ചുപറ്റും. അല്ലെങ്കില്‍ അവരുടെ കൈയില്‍ പിടിക്കും (ഞാന്‍ താങ്കളുടെ വസ്ത്രത്തിന്‍റെ അറ്റം പിടിക്കുന്നതുപോലെ). അല്ലാഹു അവനേയും അവരേയും സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കാതെ ഈ കുഞ്ഞ് പിന്മാറുകയില്ല അല്ലെങ്കില്‍ വിരമിക്കുകയില്ല.” (മുസ്‍ലിം)

ഈ ഹദീഥുകളില്‍ നിന്നെല്ലാം നമ്മള്‍ ഗ്രഹിക്കേണ്ട ഏറ്റവും ഗൗരവമേറിയ പാഠം, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെട്ട വിശ്വാസികളുടെ കുഞ്ഞുങ്ങള്‍ സ്വര്‍ഗ്ഗവാസികളാണെന്ന ഉറച്ച വിശ്വാസം തന്നെയാണ്. അവരുടെ കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ സമാധാനമായി വസിക്കാനുളള സ്ഥാനം അല്ലാഹു നല്‍കിയിരിക്കുന്നു. അന്ത്യദിനത്തില്‍, അവരുടെ മാതാപിതാക്കളെ കണ്ടുചേരുമ്പോള്‍ കാണിക്കുന്ന സ്നേഹവും, അവരെ സ്വര്‍ഗ്ഗത്തിലേക്ക് എത്തിക്കുവാനായി അല്ലാഹുവിനോട് ചെയ്യുന്ന അഭ്യര്‍ത്ഥനയും, കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ആഴത്തിലുള്ള ആത്മശാന്തിയും പ്രതീക്ഷയും പകരുന്നു. ഇവയെല്ലാം ഒരു സത്യവിശ്വാസിക്ക് അല്ലാഹു നല്ക്കുന്ന അതുല്യമായ ആദരവിന്റെ തെളിവുകളാണ്.

എല്ലാ കുട്ടികളും ശുദ്ധപ്രകൃതിയായ ഇസ്‍ലാമിലാണ് ജനിച്ചു വീഴുന്നത്. മുഹമ്മദ് നബിﷺ പറഞ്ഞു: “എല്ലാ കുട്ടികളും ഫിത്റത്തിലാണ് (ശുദ്ധ പ്രകൃതിയിലാണ്) ജനിക്കുന്നത്. അതില്‍പ്പിന്നെ അവന്‍റെ മാതാപിതാക്കള്‍ അവനെ ജൂതനാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ ക്രിസ്ത്യാനിയാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ അഗ്നിയാരാധകനാക്കുന്നു.” (ബുഖാരി). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കൂടിയുണ്ട്: “അതില്‍പ്പിന്നെ അവന്‍റെ മാതാപിതാക്കള്‍ അവനെ ജൂതനോ ക്രിസ്ത്യാനിയോ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവനോ ആക്കുന്നു. ” (മുസ്‍ലിം)

ഇസ്‌ലാം സ്വീകരിക്കാത്തവരില്‍ ജന്മം എടുക്കുന്ന കുട്ടികള്‍ കുഞ്ഞുങ്ങളായിരിക്കെ മരണപ്പെടുന്ന സാഹചര്യത്തില്‍, അവര്‍ മരണാനന്തരം എവിടെയായിരിക്കുമെന്നതിനെക്കുറിച്ചും പ്രവാചകന്റെ അധ്യാപനങ്ങളില്‍ വ്യക്തമായ വിശദീകരണമുണ്ട്. അനസ് (റളിയല്ലാഹു അന്‍ഹു) നിവേദനം, അല്ലാഹുവിന്‍റെ റസൂല്‍ﷺ പറഞ്ഞു: “ഞാന്‍ എന്‍റെ രക്ഷിതാവിനോട് മനുഷ്യരുടെ സന്തതികളെ ശിക്ഷിക്കാതിരിക്കുവാന്‍ തേടി. അപ്പോള്‍ അല്ലാഹു അവരെ എനിക്ക് നല്‍കിയിരിക്കുന്നു. ” (അബൂയഅ്‍ലാ, അല്‍ബാനി(റഹി) ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.)

ഇബ്നു അബ്ബാസി(റളിയല്ലാഹു അന്‍ഹു) നിവേദനം: “ബഹുദൈവാരാധകരുടെ കുട്ടികളെ കുറിച്ച് അല്ലാഹുവിന്‍റെ റസൂല്‍ﷺയോട് ചോദിക്കപ്പെട്ടു. അന്നേരം നബിﷺ മറുപടി കൊടുത്തു: അല്ലാഹു അവരെ സൃഷ്ടിച്ചപ്പോള്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് കൂടുതല്‍ അറിയുന്നവനാകുന്നു.” (ബുഖാരി)

മുഹമ്മദ് നബിﷺ താന്‍ കണ്ടതായ സ്വപ്‌നത്തില്‍ സ്വര്‍ഗ്ഗം കണ്ടതും, അവിടെ ഇബ്റാഹീം നബിയെ (അലൈഹിസ്സലാം) കണ്ടതും വിവരിച്ച സന്ദര്‍ഭത്തിലാണ്, അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള വിവരണം വരുന്നത്. അതിലൊരു റിപ്പോര്‍ട്ടില്‍, ആ കുട്ടികള്‍ ജനങ്ങളിലെ കുഞ്ഞുങ്ങളാണ് എന്നാണ് നബി ﷺ വ്യക്തമാക്കുന്നത് (ബുഖാരി). ഇനി നബിﷺ പറഞ്ഞതായ രണ്ടാമത്തെ റിപ്പോര്‍ട്ടിലുളളത്: “അദ്ദേഹത്തിന് ചുറ്റമുള്ള കുട്ടികള്‍, അവര്‍ ഫിത്‍റത്തില്‍ ജനിച്ച് മരണപ്പെട്ട എല്ലാ കുട്ടികളുമാണ്. അപ്പോള്‍ ഏതാനും മുസ്‍ലിംകള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരേ, ബഹുദൈവാരാധകരുടെ കുട്ടികളും? അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ﷺ പറഞ്ഞു: അതെ, അവരുടെ കുട്ടികളും.” (ബുഖാരി)

അനസ് (റളിയല്ലാഹു അന്‍ഹു) നിവേദനം, അല്ലാഹുവിന്‍റെ പ്രവാചകന്‍ ﷺ പറഞ്ഞു: “സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ ആളുകളെ ഞാന്‍ അറിയിച്ചു തരട്ടയോ. ഞങ്ങള്‍ പറഞ്ഞു: അതെ, അറിയിച്ചു തന്നാലും പ്രവാചകരെ. അന്നേരം നബിﷺ പറഞ്ഞു: നബി സ്വര്‍ഗ്ഗത്തിലാണ്. സ്വിദ്ദീക്വ് സ്വര്‍ഗ്ഗത്തിലാണ്. ശഹീദ് സ്വര്‍ഗ്ഗത്തിലാണ്. പ്രസവിക്കപ്പെട്ട ശേഷം മരണംവരിച്ച കുഞ്ഞുങ്ങളും സ്വര്‍ഗ്ഗത്തിലാണ്. പട്ടണത്തിന്‍റെ അറ്റത്തുള്ള സഹോദരനെ അല്ലാഹുവിന്‍റെ പ്രീതിക്കു മാത്രമായി സന്ദര്‍ശനം ചെയ്യുന്ന വ്യക്തിയും സ്വര്‍ഗ്ഗത്തിലാണ്.” (ത്വബറാനി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ച ഹദീഥ്)

ഖന്‍സാഅ് ബിന്‍ത് മുആവിയ(റളിയല്ലാഹു അന്‍ഹു) തന്‍റെ പിതൃവ്യനില്‍ നിന്നും നിവേദനം, അവര്‍ പറഞ്ഞു: ഞാന്‍ ചോദിച്ചു: അല്ലാഹവിന്‍റെ പ്രവാചകരെ, ആരാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത്? നബിﷺ പറഞ്ഞു: നബി സ്വര്‍ഗ്ഗത്തിലാണ്. ശഹീദ് സ്വര്‍ഗ്ഗത്തിലാണ്. മരണപ്പെട്ട കുഞ്ഞുങ്ങളും സ്വര്‍ഗ്ഗത്തിലാണ്, ജീവനോടെ കുഴിച്ചുമൂടപ്പെട്ട കുഞ്ഞുങ്ങളും സ്വര്‍ഗ്ഗത്തിലാണ്.)) (അഹ്‍മദ്, അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)

അനസ് (റളിയല്ലാഹു അന്‍ഹു) നിവേദനം. അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ പറഞ്ഞു: “ബഹുദൈവാരാധകരുടെ കുട്ടികള്‍ സ്വര്‍ഗ്ഗവാസികളുടെ ഖാദിമുകളാണ്.” (ത്വബറാനി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)

മേല്‍പ്പറഞ്ഞ പ്രവാചകവചനങ്ങളും വിവരണങ്ങളും അടിസ്ഥാനമാക്കിയാല്‍, എല്ലാ കുഞ്ഞുങ്ങളും ഫിത്റയില്‍ (ശുദ്ധ പ്രകൃതിയില്‍) ജനിക്കുന്നവരാണെന്ന് ഇസ്‍ലാം വ്യക്തമാക്കുന്നു. അവര്‍ ചെറുപ്രായത്തില്‍ മരണമടഞ്ഞാല്‍, വിശ്വാസികളായ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു സ്ഥാനം ഉറപ്പാണെന്നും അവരില്‍ അല്ലാഹുവിന്റെ കരുണയും ദയയും നിറഞ്ഞുനില്‍ക്കുമെന്നും നമുക്ക് മനസ്സിലാക്കാം. ബഹുദൈവാരാധകരുടെ കുഞ്ഞുങ്ങളെക്കുറിച്ചും പ്രവാചകന്‍ﷺ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരം, ഫിത്റയില്‍ തന്നെയാണ് അവരും മരണപ്പെട്ടത് എന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കും സ്വര്‍ഗ്ഗത്തില്‍ ഒരു സ്ഥാനമുണ്ടാവും. ഇതെല്ലാം അല്ലാഹുവിന്റെ അപാരമായ നീതിയുടെയും അതുല്യമായ കരുണയുടെയും തെളിവുകളാണ് അറിയിക്കുന്നത്.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ