ബനൂ തമീം ഗോത്രത്തിന്‍റെ മഹത്വം
അന്‍വര്‍ അബൂബക്കര്‍
Last Update 8 May 2025, 10 Dhuʻl-Qiʻdah, 1446 AH
ചോദ്യം 32: ലോകവസാനത്തിന്‍റെ വലിയ അടയാളങ്ങളായി നബി ﷺ മുന്നറിയിപ്പ് നല്‍കിയതില്‍ പെട്ടതാണ് ദജ്ജാലിന്‍റെ ഫിത്നകള്‍. അവന്‍ പ്രത്യക്ഷപ്പെട്ടാല്‍ അറബികളില്‍പെട്ട ഒരു ഗോത്രം ദജ്ജാലിനോട് ഏറ്റവും കാഠിന്യമുളളവരായും അവനെതിരില്‍ ഏറ്റവും നീളമേറിയ കുന്തങ്ങള്‍ ഏന്തുന്നവരായും കാണാന്‍ സാധിക്കും എന്ന് നബി ﷺ പ്രവചിച്ചിട്ടുണ്ട്. ഏതാണ് ആ അറബ് ഗോത്രം?
ഉത്തരം: ബനൂ തമീം
അബൂ ഹുറൈറ(റളിയല്ലാഹു അന്‍ഹു) നിവേദനം: “ബനൂ തമീമികളെക്കുറിച്ച് മൂന്ന് കാര്യങ്ങള്‍ നബിﷺയില്‍ നിന്ന് കേട്ടതില്‍പിന്നെ ഞാന്‍ അവരെ ഇഷ്ടപ്പെട്ടു. അല്ലാഹുവിന്‍റെ പ്രവാചകന്‍ﷺ പറഞ്ഞു: ‘അവര്‍ ദജ്ജാലിനോട് ഏറ്റവും കാഠിന്യമുളളവരായിരിക്കും.’ അവരുടെ സകാത്തുമുതല്‍ വന്നപ്പോള്‍ നബിﷺ പറഞ്ഞു: ‘ഇത് നമ്മുടെ ആളുകളുടെ സകാത്താകുന്നു.’ ബനൂ തമീമില്‍പെട്ട ഒരു അടിമപ്പെണ്ണ് ആഇശ(റളിയല്ലാഹു അന്‍ഹ)യുടെ അടുക്കല്‍ ഉണ്ടായിരുന്നു. പ്രവാചകന്‍ﷺ പറഞ്ഞു: ‘അവരെ നിങ്ങള്‍ മോചിപ്പിക്കുക, നിശ്ചയം അവര്‍ ഇസ്മാഈലിന്‍റെ സന്താന പരമ്പരകളില്‍ പെട്ടവരാണ്.’” (ബുഖാരി, മുസ്‍ലിം)
ഈ ഹദീസില്‍ നിന്ന് നിരവധി പ്രധാനപ്പെട്ട പാഠങ്ങളുണ്ട്. ഒന്നാമതായി, മുഹമ്മദ് നബിﷺക്ക് ഒരു ജനതയെ കുറിച്ചും അവരുടെ ഗുണങ്ങളെയും സ്വഭാവങ്ങളെയും കുറിച്ചും വിലയിരുത്താനുള്ള ജ്ഞാനവും സൂക്ഷ്മമായ നിരീക്ഷണശേഷിയും അല്ലാഹു നല്‍കിയിരുന്നു എന്നതാണ്. ബനൂ തമീം ഗോത്രത്തെക്കുറിച്ച് നബിﷺ വ്യക്തമാക്കിയ മൂന്ന് പ്രത്യേകതകള്‍ അതിന്റെ വ്യക്തമായ തെളിവുകളാണ്. ദജ്ജാല്‍ എന്ന മഹാവഞ്ചകന്റെ മുമ്പില്‍ അവര്‍ കാഴ്ചവെക്കുന്ന കടുത്ത പ്രതിരോധം അവരുടെ ഇമാനിന്റെ ദൃഢതയെയും ആത്മവിശ്വാസപരമായ നിലപാടിനെയും സൂചിപ്പിക്കുന്നു. രണ്ടാമതായി, സകാത്ത് എന്ന ഇസ്ലാമിക അനുഷ്ഠാനത്തിന് പ്രവാചകന്‍ﷺ നല്‍കിയ പ്രാധാന്യവും അതിന്റെ ആത്മാര്‍ത്ഥ തലങ്ങളും നമുക്ക് മനസ്സിലാക്കിതരുന്നു. "ഇത് നമ്മുടെ ആളുകളുടെ സകാത്താകുന്നു" എന്ന നബിﷺയുടെ വാക്കുകള്‍, മുസ്ലിം സമൂഹത്തിന്റെ പരസ്പര സഹോദരബന്ധവും സാമൂഹിക ഐക്യവും എത്രത്തോളം പാലിക്കപ്പെടേണ്ടതാണെന്നും അതിന്റെ പ്രായോഗികതയും വ്യക്തമാക്കുന്നുണ്ട്. മൂന്നാമതായി, ബനൂ തമീം ഗോത്രത്തില്‍പ്പെട്ട ഒരു അടിമപ്പെണ്ണിനെ സംബന്ധിച്ചുളള നബിﷺയുടെ ആഹ്വാനം, ഇസ്‌ലാം അടിമത്തത്തില്‍ നിന്നുളള മോചനത്തെ എത്രമാത്രം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ്. കൂടാതെ, അവര്‍ ഇസ്മാഈല്‍(അലൈഹിസ്സലാം)യുടെ സന്താന പരമ്പരയില്‍പ്പെട്ടവരാണെന്ന് നബിﷺ പ്രത്യേകം ചൂണ്ടിക്കാട്ടിയതിലൂടെ, വംശപരമ്പരയുടെ പ്രസക്തിയും അതുമായി ബന്ധപ്പെട്ട അറിവുകളുടെ പ്രാധാന്യവും മനസ്സിലാക്കിത്തരുന്നു. നബിﷺയുടെ പ്രപിതാക്കന്മാരിലൊരാളായ ഇല്‍യാസ് ഇബ്നു മുദ്വറിന്‍റെ മകന്‍ ത്വാബിഖഃ ഇബ്നു ഉദ്ദ് ഇബ്നുമുര്‍റ് ഇബ്നുതമീമിലേക്കാണ് ബനൂ തമീം ഗോത്രത്തിന്‍റെ പരമ്പര ചേര്‍ക്കപ്പെടുന്നത്.
ഇക്‍രിമഃ ഇബ്നുഖാലിദ്(റളിയല്ലാഹു അന്‍ഹു) ഒരു സ്വഹാബി പറഞ്ഞതായി ഉദ്ധരിക്കുന്നു: “നബിﷺയുടെ അടുക്കല്‍ ഒരു ദിവസം ഒരാള്‍ ബനൂ തമീം ഗോത്രത്തെക്കുറിച്ച് വളരെ മോശമായി സംസാരിച്ചു. അപ്പോള്‍ നബിﷺ അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കള്‍ ബനൂ തമീമിനെക്കുറിച്ച് നല്ലതല്ലാതെ പറയരുത്. കാരണം അവര്‍ ദജ്ജാലിനെതിരില്‍ ഏറ്റവും നീളമേറിയ കുന്തങ്ങള്‍ ഏന്തുന്നവരായിരിക്കും.’” (മുസ്‍നദ് അഹ്‍മദ്, അര്‍നാഊത്‍ സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്).
ബനൂ തമീം ഗോത്രത്തെ കുറിച്ച് ഒരാള്‍ തെറ്റായ വിമര്‍ശനം ഉന്നയിച്ചപ്പോള്‍, നബിﷺ അത് അവഗണിക്കാതെ ഉടന്‍ തന്നെ ഗുണകാംക്ഷയോടെ തിരുത്തിയതിലൂടെ, ഒരാളെയോ ഒരു സമൂഹത്തെയോ അന്ധമായി കുറ്റപ്പെടുത്തുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് ഈ ഹദീസ് വ്യക്തമായി കാണിക്കുന്നു. മുഹമ്മദു ഇബ്നു അബ്ദുല്‍വഹാബ് (റഹിമഹുല്ലാഹ്)യുടെ പരമ്പര, ഈ ഗോത്രത്തിന്റേതാണ് എന്നത് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അവരെ കുറിച്ച് ബിദഈ കക്ഷികള്‍ പ്രചരിപ്പിക്കുന്ന ആക്ഷേപ വാക്കുകള്‍ എന്തുമാത്രം നീചമാണെന്ന് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു.
മുഹമ്മദ് നബിﷺ ബനൂ തമീം ഗോത്രത്തിന്റെ സവിശേഷ ഗുണങ്ങള്‍ എടുത്തുപറഞ്ഞു, ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ദജ്ജാലിനെതിരായ പോരാട്ടത്തില്‍ അവര്‍ അവതരിപ്പിക്കുന്ന പ്രത്യക്ഷ പങ്കും പ്രത്യേകം പ്രശംസിച്ചു. ഇതുവഴി, പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും ഉറച്ച നിലപാടോടെ നിലകൊള്ളുന്ന ഒരു വിശ്വാസിസമൂഹം രൂപപ്പെടേണ്ടതിന്റെ ആവശ്യം നബിﷺ മുസ്‍ലിംകളെ ഓര്‍മിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. വ്യക്തികളെയോ സമൂഹങ്ങളെയോ വിമര്‍ശിക്കുമ്പോള്‍ അത് പരസ്യപ്പെടുത്തുന്നതിന് മുമ്പ് ശരിയായ അറിവും സമത്വം നിറഞ്ഞ നീതിയോടുകൂടിയ സമീപനവുമാണ് ആവശ്യമെന്ന മഹത്തായ പാഠം ഈ ഹദീസ് വിശ്വാസികള്‍ക്ക് നല്കുന്നുണ്ട്. ഇതെല്ലാം നബിﷺയുടെ ഉജ്ജ്വല നൈതികതയുടെ ഉദാഹരണങ്ങളില്‍ ചിലത് മാത്രം.
ലോകാവസാനത്തിന് മുമ്പ് മനുഷ്യചരിത്രത്തില്‍ സംഭവിക്കാനിരിക്കുന്ന ഏറ്റവും ഭീകരമായ പരീക്ഷണമാണ്, ചുവന്ന നിറമുള്ള, പൊക്കം കുറഞ്ഞ ഒരു യുവാവായ ദജ്ജാല്‍ ഭൂമിയില്‍ ഉണ്ടാക്കുന്ന ഫിത്ന. നബിﷺ പറഞ്ഞു: “നിശ്ചയം, ആദമിന്‍റെ സന്തതികളെ അല്ലാഹു സൃഷ്ടിച്ചതുമുതല്‍ ദജ്ജാലിന്‍റെ ഫിത്‍നയോളം വലിയ ഫിത്‍ന ഉണ്ടായിട്ടില്ല. നിശ്ചയം തന്‍റെ ഉമ്മത്തികള്‍ക്ക് ദജ്ജാലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കാതെ ഒരു നബിയെയും അല്ലാഹു നിയോഗിച്ചിട്ടില്ല. ഞാന്‍ അന്ത്യപ്രവാചകനാണ്. നിങ്ങളാകട്ടെ അവസാനത്തെ സമുദായവുമാണ്. നിസ്സംശയം, അവന്‍ നിങ്ങളില്‍ പുറപ്പെടുന്നവനാണ്.” (സുനനു ഇബ്നുമാജഃ)
ലോകത്തിലേക്ക് നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്‍മാരും ദജ്ജാലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ മറന്നിട്ടില്ലെന്നത്, ഈ പരീക്ഷണം എല്ലാ കാലഘട്ടങ്ങളിലെയും വിശ്വാസികള്‍ക്ക് ലഭിച്ച അത്യന്താപേക്ഷിതമായ വിവരമാണെന്ന് വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ അന്തിമ സന്ദേശം സ്വീകരിച്ച ഉമ്മത്തിനെ ഈ ഫിത്‍നക്കെതിരെ ഒരുക്കിയിരിക്കേണ്ടത് എത്രമാത്രം ഗൗരവമുള്ള ചുമതലയാണെന്നും ഈ ഹദീസ് ഓര്‍മപ്പെടുത്തുന്നുണ്ട്. അത്രമാത്രം ദുഷ്ടത പ്രകടിപ്പിക്കുന്ന ദജ്ജാലിനെതിരെ അതിശക്തമായി പോരാടുന്നവരായിരിക്കും ബനൂ തമീമി ഗോത്രത്തിലെ വിശ്വാസികള്‍ എന്നാണ് മുഹമ്മദ് നബിﷺ പഠിപ്പിച്ചത്. ഇസ്‍മാഈല്‍ നബി(അ)യുടെ സന്താനപരമ്പരയില്‍പെട്ട ഈ ഗോത്രം, അറേബ്യന്‍ ഗോത്രങ്ങളില്‍ പ്രാധാന്യമുള്ള ആറ് പ്രധാന ഗോത്രങ്ങളില്‍ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. നബിﷺയുടെ ജനതയില്‍പെട്ട ഈ ഗോത്രത്തിന്റെ മറ്റൊരു സവിശേഷത എന്തെന്നാല്‍ അവരുടെ ആള്‍ബലം വളരെ കൂടുതലായിരുന്നു. അവരുടെ ശക്തിയുടെയും ധീരതയുടെയും കാരണത്താല്‍, അറബ് സമൂഹത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനം അവര്‍ വഹിച്ചിരുന്നു. അറബികള്‍ക്ക് പ്രതിസന്ധികളില്‍ ആശ്രയമായ മുദ്വറു ഗോത്രത്തിന് പോലും അവലംബമായി ബനൂ തമീം ഗോത്രം നിലകൊണ്ടു. ഇവര്‍ ദജ്ജാലിനോട് ഏറ്റവും ശക്തമായ പ്രതിരോധം കാണിക്കുന്നവരായിരിക്കും എന്ന് നബിﷺ വിശേഷിപ്പിക്കുകയും, അവരുടെ ധീരതയും സ്ഥിരതയും എടുത്തുപറയുകയും ചെയ്തു. ഈ ഗോത്രത്തില്‍ പെട്ട വിശ്വാസികളെ ആദരിക്കകുയം ബഹുമാനിക്കുകയും ചെയ്ത പ്രവാചകന്‍റെയും സ്വഹാബത്തിന്റെ നിലപാടില്‍ നമുക്ക് ഏറെ മാതൃകയുണ്ട്.