അറബി വ്യാകരണത്തിന് നഹ്‍വ് എന്ന പേരുണ്ടായത്
അന്‍വര്‍ അബൂബക്കര്‍
Last Update 7 May 2025, 9 Dhuʻl-Qiʻdah, 1446 AH
ചോദ്യം 4: അറബി വ്യാകരണത്തിന് നഹ്‍വ് എന്ന പേരുണ്ടായത് ഏത് സ്വഹാബിയുടെ പ്രസ്‍താവനയില്‍ നിന്നാണ്?
ഉത്തരം: അലിയ്യുബ്‍നു അബീത്വാലിബ് رضى الله عنه
അറബി ലിപികളിലെ അലിഫ് മുതല്‍ യാ വരെയുളള എല്ലാ അക്ഷരങ്ങളും പ്രകൃതിയിലെ മനോഹരമായ കാഴ്ചകളിലൊന്നായ ചന്ദ്രക്കലയും അതിനെ നോക്കിനല്‍ക്കുന്ന ഒരാളുടെയും രൂപഭാവത്തില്‍ നിന്നും ഉണ്ടാക്കിയതത്രെ. അഥവാ, ബാ എന്ന അക്ഷരത്തിലുളള പുളളി ഒഴിവാക്കിയാല്‍ ലഭിക്കുന്ന ചന്ദ്രക്കലയുടെ രൂപവും നിവര്‍ന്നു നില്‍ക്കുന്ന ഒരു വരയും ചേര്‍ന്നാണ് 28 അറബി അക്ഷരങ്ങള്‍ക്കും രൂപം നല്‍കിയിട്ടുളളത്. ഈ അക്ഷരങ്ങള്‍ക്ക് ആദ്യകാലത്ത് ഹര്‍കത്തോ പുള്ളികളോ ഉണ്ടായിരുന്നില്ല. അതിനാല്‍ അറബി വായിക്കാനുള്ള ശ്രമത്തില്‍ പലരും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ഈ മനഃശ്രമം കണക്കിലെടുത്താല്‍, ആ കാലഘട്ടത്തിലെ ഭൂരിഭാഗം അറബികള്‍ക്ക് പൂര്‍ണ്ണമായ വായനാ-എഴുത്ത് പ്രാവീണ്യം ഉണ്ടായിരുന്നില്ല എന്നതില്‍ അത്ഭുതമില്ല.
ഉമര്‍(റളിയല്ലാഹു അന്‍ഹു)വിന്റെയും ഉഥ്മാന്‍ (റളിയല്ലാഹു അന്‍ഹു)വിന്റെയും കാലഘട്ടങ്ങളില്‍ ഇസ്ലാമിക പ്രവിശ്യ വ്യാപിച്ചതോടെ, അറബികളല്ലാത്തവര്‍ ക്വുര്‍ആന്‍ പാരായണത്തില്‍ പിശകുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇത് സ്വഹാബികളുടെ ശ്രദ്ധയില്‍പെട്ടു. ഇക്കാര്യം ഖലീഫയായ അലി (റളിയല്ലാഹു അന്‍ഹു)വിനെ അവര്‍ അറിയിക്കുകയും ചെയ്തു. അങ്ങനെ അലി (റളിയല്ലാഹു അന്‍ഹു)വാണ് അബുല്‍ അസ്‍വദ് അദ്ദുഅലി(റഹിമഹുല്ലാഹ്)യെ (أبو الأسود الدؤلي) ക്വുര്‍ആന്‍ പാരായണത്തിന്റെ വ്യാകരണനിയമങ്ങള്‍ രൂപപ്പെടുത്താനായി ഏല്‍പ്പിച്ചത്. തദടിസ്ഥാനത്തില്‍ അദ്ദേഹം അത് തയ്യാറാക്കുകയും, ശേഷം അലി(റളിയല്ലാഹു അന്‍ഹു)വിനെ ഏല്‍പിക്കുകയും ചെയ്തു. പ്രസ്തുത വ്യാകരണനിയമങ്ങള്‍ വായിച്ച ശേഷം അലി(റളിയല്ലാഹു അന്‍ഹു)പറഞ്ഞു,
مَا أَحْسَنَ هَذَا النَّحْوَ الّذِي نَحَوْتَ
“നിങ്ങള്‍ രൂപപ്പെടുത്തിയ ഇത് എത്ര നല്ല രൂപമാണ്.”
അലി(റളിയല്ലാഹു അന്‍ഹു)വിന്റെ ഈ പ്രയോഗമാണ് അറബി വ്യാകരണത്തിന് പില്‍കാലത്ത് നഹ്‍വ് എന്ന പേര് വരാന്‍ കാരണം. അതോടൊപ്പം, അബുല്‍ അസ്‍വദ് അദ്ദുഅലി(റഹിമഹുല്ലാഹ്)യെയാണ് ചരിത്രം "Father of Arabic Grammar" എന്ന പേരില്‍ വിശേഷിപ്പിക്കുന്നത്.
ആദ്യകാല ക്വുര്‍ആന്‍ പകര്‍പ്പില്‍, ഇന്നത്തുതുപോലെ പുള്ളികളും ഹരകത്തുകളും ഉണ്ടായിരുന്നില്ല. എന്നാല്‍, വായനയുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ അബുല്‍ അസ്‍വദ് അദ്ദുഅലി(റഹിമഹുല്ലാഹ്) വ്യാകരണനിയമത്തിലൂടെ താഴെ പറയുന്ന രീതിയിലുളള ആദ്യ പരിഷ്കാരവും കൊണ്ടുവന്നു:
അവസാന അക്ഷരങ്ങളില്‍ പുള്ളിയുടെ ഉപയോഗം:
o മുകളില്‍ പുള്ളി ഇട്ടാല്‍ അകാരം
o താഴെ പുള്ളി ഇട്ടാല്‍ ഇകാരം
o പുള്ളി ഇരട്ടിപ്പിച്ച് ഇട്ടാല്‍ തനവീന്‍ എന്നിങ്ങനെ വായിക്കാം
ഇതിനു ശേഷം, ഇസ്‍ലാമിക സാമ്രാജ്യത്തിന്റെ ഭരണാധികാരിയായ അബ്ദുല്‍ മാലിക് ബിനു മര്‍വാനിന്റെ കാലഘട്ടത്തില്‍ ഇറാഖിലെ ഗവണറായിരുന്ന ഹജ്ജാജ് ബിന്‍ യൂസുഫിന്റെ ഇടപെടലിലൂടെയാണ്, അബുല്‍ അസ്‍വദ് അദ്ദുഅലിയുടെ ശിഷ്യന്മാരായ നസ്‍റു ഇബ്നു ആസ്വിം(റഹിമഹുല്ലാഹ്)യും യഹ്‍യ ബിനു യഅ്‍മുറും(റഹിമഹുല്ലാഹ്) ചേര്‍ന്ന് ലിപി പരിഷ്കാരത്തില്‍ തുടര്‍ന്നുളള സംഭാവനകള്‍ നല്‍കിയത്. ഇതിലൂടെ, ഓരോ അക്ഷരത്തിനും പുള്ളികളുടെ ക്രമീകരണം കൊണ്ടുവന്നു; ഫാഇന് താഴെ ഒരു പുളളി, ഖാഫിന് മുകളില്‍ ഒരു പുള്ളി എന്നിങ്ങനെയുളള പരിഷ്കാരങ്ങള്‍.
ഇന്നത്തെ ആധുനിക അറബി ലിപിയുടെ രൂപത്തിലേക്കുള്ള പരിഷ്കാരങ്ങള്‍ ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ ഖലീല്‍ അല്‍ഫറാഹീദി രൂപ കല്‍പന ചെയ്തതാണ്. അതുവഴി, പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവരുന്നവര്‍ക്ക് എളുപ്പം പരിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യാനും പഠിപ്പിക്കാനും കഴിയുന്ന അവസ്ഥയുണ്ടായി. ഇന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ആളുകള്‍ ക്വുര്‍ആന്‍ പഠിക്കുകയും, പാരായണം ചെയ്യുകയും, പഠിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു ചെയ്തു തന്ന ഈ അതുല്യമായ അനുഗ്രഹത്തെ എന്നിട്ടും കയ്യെത്താത്ത ദൂരത്തേക്ക് മാറ്റി വെക്കുന്നത് എന്തുമാത്രം നഷ്ടം നല്‍കുന്നതാണ്. ഇല്ല, ആ നഷ്ടക്കാരില്‍ ഞാനുണ്ടാകില്ല എന്ന ദൃഢനിശ്ചയം നമുക്ക് കരുത്ത് നല്‍കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍!