അന്ത്യദിനത്തില്‍ ആദ്യമായി വസ്ത്രം ധരിപ്പിക്കപ്പെടുന്ന പ്രവാചകന്‍

അന്‍വര്‍ അബൂബക്കര്‍

Last Update 13 May 2025, 15 Dhuʻl-Qiʻdah, 1446 AH

ചോദ്യം: അന്ത്യദിനത്തില്‍ നഗ്നരായും നഗ്നപാദരായും ചെലകാര്‍മം ചെയ്യപ്പെടാത്തവരായും മനുഷ്യര്‍ ഒരുമിച്ചു കൂട്ടിച്ചേര്‍ക്കപ്പെടും. അന്നാളില്‍ ആദ്യമായി വസ്ത്രം ധരിപ്പിക്കപ്പെടുന്നത് ആരായിരിക്കും എന്നാണ് നബി ﷺ പറഞ്ഞത്?

ഉത്തരം: ഇബ്രാഹിം നബി (അലൈഹിസ്സലാം)

ഇബ്നു അബ്ബാസ്(റളിയല്ലാഹു അന്‍ഹു) നിവേദനം, നബിﷺ പറഞ്ഞു: “അന്ത്യനാളില്‍ ആദ്യമായി വസ്ത്രം ധരിപ്പിക്കപ്പെടുന്നത് ഇബ്റാഹീം നബി(അലൈഹിസ്സലാം) ആയിരിക്കും. അന്നേരം എന്‍റെ അനുയായികളില്‍ ഒരു വിഭാഗത്തെ ഇടതുഭാഗത്തേക്ക് എടുക്കപ്പെടും. അപ്പോള്‍ ഞാന്‍ പറയും: അവര്‍ എന്‍റെ ആളുകളാണ്, എന്‍റെ ആളുകളാണ്. അതിന് മറുപടിയായി പറയപ്പെടും: താങ്കള്‍ അവരെ വിട്ടുപിരിഞ്ഞത് മുതല്‍ അവര്‍ മതപരിത്യാഗികളായി കൊണ്ടേയിരുന്നു. അപ്പോള്‍ ഞാന്‍ ഈസാ(അലൈഹിസ്സലാം) പറഞ്ഞതുപോലെ പറയും:

إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ

നീ അവരെ ശിക്ഷിക്കുന്ന പക്ഷം, അവര്‍ നിന്‍റെ അടിയാന്മാരാകുന്നു [നിനക്കതിന് അര്‍ഹതയുണ്ട്]. നീ അവര്‍ക്ക് പൊറുത്തു കൊടുക്കുകയാണെങ്കില്‍, നീ തന്നെയാണല്ലോ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവന്‍. (മാഇദഃ: 118)”. (ബുഖാരി, മുസ്ലിം)

അന്ത്യനാളില്‍ ആദ്യം വസ്ത്രം ധരിപ്പിക്കപ്പെടുന്ന പ്രവാചകനായി ഇബ്റാഹീം നബി (അലൈഹിസ്സലാം) തെരഞ്ഞെടുക്കപ്പെടുന്നത് അല്ലാഹുവിന്റെ അടുക്കല്‍ അദ്ദേഹത്തിന്റെ മഹത്വവും സ്ഥാനമാനവും അറിയിക്കുന്നതാണ്. അതോടൊപ്പം, സ്വന്തം ഉമ്മത്തിനെ രക്ഷിക്കാനുള്ള നബിﷺയുടെ ഉത്സാഹവും വേദനയും നിറഞ്ഞ സന്ദേശം ഈ ഹദീസില്‍ തെളിഞ്ഞു നില്‍ക്കുന്നു. അന്ത്യദിനത്തില്‍ ശിക്ഷിക്കുകയും പൊറുത്തു കൂടുകയും ചെയ്യുന്നത് മുഴുവന്‍ അല്ലാഹുവിന്റെ അധികാരത്തിലാണെന്നും, അവന്റെ നീതിയിലും കരുണയിലും മനുഷ്യര്‍ ആശ്രയിക്കേണ്ടതുണ്ടെന്നും പഠിപ്പിക്കുകയാണ് പ്രവാചകന്‍. അതുകൊണ്ട് തന്നെ, വിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ദൃഢതയോടെ നിലകൊള്ളേണ്ടതിന്റെ അത്യാവശ്യവും, മതത്തില്‍ നിന്ന് വ്യതിചലിക്കുന്നത് എത്ര വലിയ അപകടമാണ് എന്നതും നബിﷺ അതീവ പ്രാധാന്യത്തോടെ ഉദ്ബോധിപ്പിക്കുന്നു.

മുഹമ്മദ് നബിﷺ പറഞ്ഞു: “നിശ്ചയം, നിങ്ങള്‍ നഗ്നരും നഗ്നപാദരും ചേലാകര്‍മ്മം ചെയ്യപ്പെടാത്തവരുമായി ഒരുമിച്ച് കൂട്ടപ്പെടുന്നവരാണ്. ശേഷം നബിﷺ ഓതി:

كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ ۚ وَعْدًا عَلَيْنَا ۚ إِنَّا كُنَّا فَاعِلِينَ

ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്. (അമ്പിയാഅ്: 104)’”. (ബുഖാരി, മുസ്ലിം)

ഈ ഹദീസില്‍ നിന്നും മനുഷ്യരുടെ പുനരുദ്ധാനത്തെക്കുറിച്ചുള്ള അക്ഷതവും സത്യസന്ധവുമായ സാക്ഷ്യം നമ്മുക്ക് കാണാന്‍ കഴിയുന്നു. എല്ലാ മനുഷ്യരും നഗ്നരായും നഗ്നപാദരായും, ചേലാകര്‍മ്മം ചെയ്യപ്പെടാത്ത അവസ്ഥയിലും, ആദിയിലെ സൃഷ്ടിനിലയില്‍ തന്നെയാണ് അന്ത്യദിനത്തില്‍ ഒന്നിച്ചുകൂട്ടപ്പെടുക എന്നത് അതിന്റെ ഗൗരവവും യാഥാര്‍ഥ്യവുമാണ് അറിയിക്കുന്നത്. അല്ലാഹുവിന്റെ വാഗ്ദാനം തീര്‍ച്ചയായും സാക്ഷാത്കരിക്കപ്പെടുമെന്ന കാര്യത്തില്‍ വിശ്വാസികളുടെ ഇമാന്‍ ബലപ്പെടുത്തുന്നതാണ് ഈ ഹദീഥ്. ആദ്യം സൃഷ്ടിച്ചവരെ പോലെ തന്നെ വീണ്ടും അവരെ സൃഷ്ടിക്കാന്‍ അല്ലാഹുവിന് എളുപ്പമാണ് എന്ന വസ്തുതയാണ് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്. അതിനാല്‍, ആ ദിനം സത്യമാണ്, അതിന്റെ ഘട്ടങ്ങള്‍ മനുഷ്യനെ സംബന്ധിച്ച് നിര്‍ബന്ധിതവും അപരിഹാര്യവുമാണ്, അതിനെ മറന്ന് ജീവിക്കരുത് എന്ന ശക്തമായ സന്ദേശമാണ് ഈ ഹദീസ് വിശ്വാസി സമൂഹത്തിന് നല്‍കുന്നത്.

ഒരിക്കല്‍ നബിﷺ ഇപ്രകാരം പറഞ്ഞു: “ജനങ്ങള്‍ നഗ്നരും നഗ്നപാദരും ചേലാകര്‍മ്മം ചെയ്യപ്പെടാത്തവരുമായി ഒരുമിച്ച് കൂട്ടപ്പെടും. ഇത് ആഇശാ(റളിയല്ലാഹു അന്‍ഹ) കേട്ടപ്പോള്‍ അവര്‍ ചോദിച്ചു: "പ്രവാചകരേ, പുരുഷന്മാരും സ്ത്രീകളും ഒന്നിച്ചായാല്‍ അവര്‍ അന്യോന്യം നോക്കുകയില്ലേ.’ നബിﷺ മറുപടി പറഞ്ഞു: അത് അന്യോന്യം നോക്കുന്നതിന് അതിലധികം ഭയാനകമാണ് അവിടെയുള്ള കാര്യങ്ങള്‍.” (ബുഖാരി, മുസ്ലിം)

ഈ ഹദീസിലൂടെ മനുഷ്യര്‍ അന്ത്യദിനത്തില്‍ അനുഭവിക്കുന്ന അതീവ ഗുരുതരമായ അവസ്ഥകള്‍ വ്യക്തമാകുന്നു. ആ ദിനത്തിലെ അത്യന്തം ഭയാനകവും ആകുലത നിറഞ്ഞതുമായ സാഹചര്യത്തില്‍ ആരും മറ്റൊരാളുടെ നഗ്നതയിലേക്കു നോക്കാന്‍ പോലും സമയമോ ശ്രദ്ധയോ കാണില്ലെന്ന് നബിﷺ അറിയിക്കുമ്പോള്‍, ആ ദിവസത്തിന്റെ ഭയാനകതയും അതിലെ കാര്യങ്ങളുടെ ഗുരുതരതയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍, അന്ത്യദിനത്തിന്റെ പ്രയാസങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ ലോകത്ത് ഓരോ വിശ്വാസിയും ആത്മീയമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് പരിഹാരമായി ഇസ്‍ലാം നിര്‍ദ്ദേശിക്കുുന്നത്.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ