അല്‍അസ്മാഉല്‍മുക്വ‍്‍തരിനഃ
തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
Last Update 2023 September 21, 6 Rabiʻ I, 1445 AH
അല്ലാഹുവിന്‍റെ നാമങ്ങളില്‍ തനിച്ചു പറയപ്പെടാവുന്ന നാമങ്ങാണ് കൂടുതല്‍. തനിച്ചു പറഞ്ഞാല്‍ തന്നെ അവ പൂര്‍ണമായ വിശേഷണത്തെ അറിയിക്കുന്നതാണ്. ഇത്തരം നാമങ്ങളെ തനിച്ചോ മറ്റൊന്നിനോടു ചേര്‍ത്തോ പറയാവുന്നതാണ്. വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും ഇത്തരം നാമങ്ങളെ ചേര്‍ത്തു പറഞ്ഞതു ധാരാളമായി കാണാം. ഇവക്കാണ് അല്‍അസ്മാഉല്‍മുക്‍തരിനഃ എന്നു പറയുന്നത്.
ഉദാ:
അല്ലാഹുവിന്‍റെ ഓരോ നാമങ്ങളും അവന്‍റെ സമ്പൂര്‍ണതയുടെ വിശഷണത്തെയാണ് അറിയിക്കുന്നത്. അപ്പോള്‍ അവന്‍റെ ഒരു നാമത്തോടു മറ്റൊരു നാമം ചേര്‍ന്നുവരുമ്പോള്‍ സമ്പൂര്‍ണതയുടെ വിശഷണത്തിലേക്ക് മറ്റൊരു സമ്പൂര്‍ണതയുടെ വിശേഷണം ചേരുകയാണ്. അതോടെ രണ്ടു നാമവും ചേര്‍ന്നതില്‍നിന്ന് മറ്റൊരു സമ്പൂര്‍ണതയുടെ വിശേഷണം ഉരുത്തിരിയുന്നു.
ഉദാഹരണത്തിന്, അല്‍അസീസ് എന്ന തിരുനാമം അല്‍ഹകീം എന്ന തിരുനാമത്തോടു ചേര്‍ന്ന് വിശുദ്ധ ക്വുര്‍ആനില്‍ വളരെ കൂടുതലായി വന്നിട്ടുണ്ട്. ഒരോ നാമവും പ്രത്യേകമായ വിശേഷണത്തിന്‍റെ പൂര്‍ണതയെ അറിയിക്കുന്നു. അല്‍അസീസ് എന്നത് ഇസ്സത്തിനേയും അല്‍ഹകീം എന്നത് ഹിക്മത്തിനേയും ഹുകുമിനേയും അറിയിക്കുന്നതുപോലെ. എന്നാല്‍ ഈ രണ്ടു നാമങ്ങളും ചേരുമ്പോള്‍ അത് മഹത്വത്തിന്‍റെ മറ്റൊരു വിശേഷണത്തെ കൂടി അറിയിക്കുന്നു. അഥവാ, അല്ലാഹു ശക്തനും മേലധികാരിയുമാണെങ്കിലും ഹിക്മതിന് നിരക്കാത്ത യാതൊന്നും അവനില്‍നിന്ന് സംഭവിക്കുകയില്ല. അവന്‍റെ ഹിക്മത്തും ഹുക്മും (ഭരണവും) സമ്പൂര്‍ണ പ്രതാപത്തോടെയാണ് എന്നതും ഈ ചേര്‍ത്തു പറയല്‍ അറിയിക്കുന്നു.