മൂന്ന് നേരം വയറു നിറച്ച് ഭക്ഷണം കഴിക്കല്‍ അമിതവ്യയത്തില്‍ ഉള്‍പ്പെടുമോ?
നെല്ലിക്കുഴി ഇബ്‍റാഹിം ഫൈസി
Last Update 2023 June 27, 9 Dhuʻl-Hijjah, 1444 AH
ഒന്നാമതായി: ഭക്ഷണത്തിലായാലും മറ്റുകാര്യങ്ങളിലായാലും അമിതവ്യയം ആക്ഷേപാര്‍ഹമായ കാര്യമാണ്.
അല്ലാഹു പറഞ്ഞു:
“നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുവിന്‍, അമിതമാക്കുകയും അരുത്. നിശ്ചയമായും, അമിതമാക്കുന്നവരെ അവന്‍ ഇഷ്ടപ്പെടുകയില്ല.” (അഅ്റാഫ് 31) وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ - الأنعام/141
“നിങ്ങള്‍ അമിതമാക്കുകയും അരുത്, നിശ്ചയമായും അവന്‍, അമിതം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല.” (അന്‍ആം 141)
“നിന്റെ കൈ നിന്റെ പിരടിയിലേക്ക് കൂട്ടി ബന്ധിക്കപ്പെട്ടതാക്കുകയും (പിശുക്ക്) ചെയ്യരുത്; അതിനെ നീ മുഴുവന്‍ (അങ്ങ്) നീട്ടിവിടുകയും (അമിതവ്യയം) അരുത്; എന്നാല്‍, നീ കുറ്റപ്പെടുത്തപ്പെട്ടവനായും, (വലഞ്ഞ്) ഖേദപ്പെട്ടവനായും ഇരിക്കേണ്ടിവരും.” (ഇസ്റാഅ് 29))
“അടുത്ത (കുടുംബ) ബന്ധമുള്ളവനു അവന്റെ അവകാശം നീ നല്‍കുകയും ചെയ്യുക; സാധുവിനും, വഴിപോക്കനും (അവരുടെ അവകാശവും), (ദുര്‍വ്യയമായി) വിതറിക്കളയുകയും ചെയ്യരുത്. നിശ്ചയമായും (ദുര്‍വ്യയമായി) വിതറുന്നവര്‍ പിശാചുക്കളുടെ സഹോദരന്‍മാരായിരിക്കുന്നതാണ്. പിശാച് അവന്റെ റബ്ബിനോട് വളരെ നന്ദികെട്ടവനാകുന്നുതാനും.” (ഇസ്റാഅ് 26, 27)
അമിതവ്യയവും (الإسراف) പാഴ്‍ച്ചെലവും (التبذير) തമ്മിലുള്ള വ്യത്യാസം:
“അമിതവ്യയം എന്നത് ആവശ്യമായ ഒരു കാര്യത്തെ ആവശ്യമുളളതിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കലാണ്. അതേസമയം പാഴ്‍ച്ചെലവ് എന്നാല്‍ ആവശ്യമില്ലാത്ത കാര്യങ്ങളിലുളള ചിലവഴിക്കലാണ്.” (ഫൈദുല്‍ ഖദീര്‍ 1/50ല്‍ അല്‍മനാവി പ്രസ്താവിച്ചതാണിത്)
രണ്ടാമതായി: അമിതവ്യയം എന്നാല്‍ അതിരുകടക്കലാണ്. വയറുനിറഞ്ഞതിനും അപ്പുറം ഭക്ഷണം കഴിക്കുന്നതുകൊണ്ടും ഇത് സംഭവിക്കാം. ഒരു വ്യക്തി ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം കഴിക്കുകയും അതിലൂടെ അമിതവ്യയം സംഭവിക്കുകയും ചെയ്തേക്കാം. അതേസമയം മറ്റൊരു വ്യക്തി ഒരു ദിവസം മൂന്ന് നേരം ഭക്ഷണം കഴിക്കുകയും എന്നിട്ടും അതില്‍ അമിതവ്യയം സംഭവിക്കാതിരിക്കുകയും ചെയ്തേക്കാം. ആയതിനാല്‍ ഒന്നോ രണ്ടോ മൂന്നോ നേരത്തെ ഭക്ഷണം എന്ന രീതിയില്‍ ഇതിനെ നിര്‍ണ്ണയിക്കാന്‍ ഒരിക്കലും കഴിയുകയില്ല.
മനുഷ്യന്‍ നിറക്കുന്നതില്‍ വെച്ച് ഏറ്റവും മോശമായ പാത്രം അവന്‍റെ വയറാണെന്നും, ആയതിനാല്‍ ഒരു വിശ്വാസി ഭക്ഷണം കുറക്കണമെന്നും മുതുക് നിവര്‍ത്താന്‍ ആവശ്യമായത് മാത്രം കഴിക്കണമെന്നും പ്രേരിപ്പിക്കുന്ന മിഖ്ദാം ബിന്‍ മഅ്ദീകരിബ (റളിയല്ലാഹു അന്‍ഹു)യില്‍ നിന്നും ഉദ്ധരിക്കുന്ന ഇമാം നസാഇയും തിര്‍മുദിയും രേഖപ്പെടുത്തിയ ഹദീഥ് ശ്രദ്ധ്യേയമാണ്. ഒരു ദിവസത്തില്‍ ഒരാള്‍ ഇത്ര പ്രാവശ്യമേ ഭക്ഷണം കഴിക്കാവു എന്ന് പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിര്‍ദ്ദേശിച്ചിട്ടില്ല. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ ഒരു വ്യക്തി മൂന്ന് നേരം ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍റെ ഭക്ഷണത്തില്‍ അവന്‍റെ വയറിന്‍റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും മൂന്നിലൊന്ന് ശ്വാസോച്ഛ്വാസത്തിനും ഉപേക്ഷിക്കണമെന്നാണ് പ്രവാചകാധ്യാപനം. അമിതമായി ഭക്ഷണം കഴിച്ചോ തീരെ കഴിക്കാതെ പട്ടിണി കിടന്നോ ശരീരത്തിന് ഒരു ദോഷവും വരുത്താതിരിക്കുക എന്നതാണ് പ്രധാനം. നല്ല രൂപത്തില്‍ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കണമെങ്കില്‍ മിതമായ രൂപത്തിലുളള ഭക്ഷണക്രമം അനിവാര്യമാണ്. അമിതമായി വയറു നിറക്കുന്നതിലൂടെയും പട്ടിണികിടന്ന് പ്രയാസമനുഭവിക്കുന്നതിലൂടെയും ഈ ഒരു ലക്ഷ്യം സാധിക്കാതെ പോകും.
وَكُلُوا وَاشْرَبُوا وَلا تُسْرِفُوا (നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക, അമിതവ്യതം അരുത്) എന്ന ആയത്ത് വിശദീകരിക്കവെ ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്‍ഹു) പറഞ്ഞതായി ഇമാം ഖുര്‍തുബി (റഹിമഹുല്ലാഹ്) രേഖപ്പെടുത്തി: അമിതവ്യയമോ അഹങ്കാരമോ ഇല്ലാതെ തിന്നുന്നതും കുടിക്കുന്നതും ഈ ആയത്തിലൂടെ അല്ലാഹു അനുവദനീയമാക്കിയിരിക്കുന്നു. എന്നാല്‍ വിശപ്പിനെയും ദാഹത്തിനെയും അടക്കി നിര്‍ത്തുന്ന രീതിയില്‍ ആവശ്യത്തിനുളളവ ഉപയോഗിക്കുന്നത് ബുദ്ധിക്കും മതത്തിനും (ശരീഅത്തിനും) യോജിച്ചതും പ്രോത്സാഹിപ്പിക്കപ്പെട്ടതുമായ കാര്യമാണ്. അങ്ങനെ ആത്മരക്ഷയും ആന്തരികാവയവങ്ങളുടെ സംരക്ഷണവും ഇതിലൂടെ സാധിക്കുന്നു. ഇക്കാരണത്താലാണ് മുറിക്കാതെ തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കുന്നതിനെ (الوصال) ശറഅ് എതിര്‍ത്തത്. കാരണം, അത് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും മനസ്സിനെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, ആരാധനകള്‍ നിര്‍വ്വഹിക്കുന്നതില്‍ ബലഹീനതകള്‍ സൃഷ്ടിക്കും. നിസ്സംശയം, ഇങ്ങനെയുളള കാര്യങ്ങള്‍ ശറഅ് തടയുന്നതും ബുദ്ധി പ്രതിരോധിക്കുന്നതുമായ കാര്യങ്ങളാണ്...
ആവശ്യമുളളതിനേക്കാള്‍ കൂടുതല്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ രണ്ട് ഭിന്നാഭിപ്രായങ്ങളുണ്ട്. അത് നിഷിദ്ധമാണെന്ന് (ഹറാം) പറഞ്ഞവരും വെറുക്കപ്പെട്ടതാണെന്ന് (കറാഅത്ത്) പറഞ്ഞവരും ഉണ്ട്. ഇബ്നു അറബി(റഹിമഹുല്ലാഹ്) പറഞ്ഞു :ശരിയായ അഭിപ്രായം, തീര്‍ച്ചയായും വയറു നിറക്കുന്നതിന്‍റെ അളവ് അയാള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ നാട്, സമയം, പല്ലുകള്‍, രുചി എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നതാണ്. ശേഷം പറയപ്പെട്ടു: ഭക്ഷണത്തിന്‍റെ അളവ് കുറക്കുന്നതില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അതില്‍പെട്ടതാണ് മനുഷ്യന് ഏറ്റവും ആരോഗ്യമുള്ള ശരീരം, മികച്ച ഓര്‍മ്മശക്തി, ഏറ്റവും മികച്ച ബുദ്ധി, കുറഞ്ഞ ഉറക്കം, ലഘുവായ ശ്വാസം എന്നിവ. അമിതമായി ഭക്ഷണം കഴിക്കുന്നത് ആമാശയത്തെ ഞെരുക്കുന്നതും പലതരം രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമാണ്. അയാള്‍ക്ക് കുറഞ്ഞ ഭക്ഷണത്തിന് ആവശ്യമായിവരുന്ന ചിലവിനേക്കാള്‍ കൂടുതല്‍ ചികിത്സയിലേക്ക് ആവശ്യക്കാരനായി വരും. ചില പണ്ഡിതന്‍മാര്‍ പറഞ്ഞു:
‘ഭക്ഷണത്തെ നിയന്ത്രിക്കലാണ് ഏറ്റവും മുന്തിയ മരുന്ന്.’ (തഫ്സീര്‍ അല്‍ഖുര്‍തുബി, (7/191))
കുവൈത്തിലെ മതകാര്യവകുപ്പ് പ്രസിദ്ധീകരിച്ച വിശ്രുത ഗ്രന്ഥമായ അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യയില്‍ (25/332) ഇപ്രകാരം പറയുന്നു:
ഭക്ഷണ മര്യാദയില്‍ പെട്ടതാണ് ഭക്ഷണത്തില്‍ മിതത്വം സ്വീകരിക്കലും വയറു നിറക്കാതിരിക്കലും. അഥവാ ഒരു മുസ്‍ലിം തന്‍റെ വയറിനെ മൂന്നായി ഭാഗിക്കണം. മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും മൂന്നിലൊന്ന് ശ്വാസോച്ഛ്വാസത്തിനും. ഹദീഥില്‍ ഇപ്രകാരം വന്നിട്ടുണ്ട്: “മനുഷ്യന്‍ നിറക്കുന്നതില്‍ വെച്ച് ഏറ്റവും മോശമായ പാത്രം അവന്‍റെ വയറാണ്. ഒരാള്‍ക്ക് തന്‍റെ മുതുക് നേരെ നിറുത്താന്‍ അനിവാര്യമായ ഏതാനും പിടി ഭക്ഷണമാണ് ആവശ്യമായിട്ടുളളത്. ഇനി അത് മതിയാകുന്നില്ലെങ്കില്‍ മൂന്നിലൊന്ന് ഭക്ഷണവും മൂന്നിലൊന്ന് പാനീയവും മൂന്നിലൊന്ന് ശ്വാസോച്ഛ്വാസത്തിനുമായി (ക്രമീകരിക്കേണ്ടതാണ്).” ഈ രീതി സ്വീകരിക്കുന്നത് മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ശരീര പ്രകൃതി ഉണ്ടാകാന്‍ കാരണമാക്കും. കാരണം, ഒരാളുടെ അമിതമായ ഭക്ഷണരീതി ശരീര ഭാരം വര്‍ദ്ധിപ്പിക്കുകയും, ആരാധനയുടെയും അധ്വാനത്തിന്‍റെയും കാര്യത്തില്‍ മടി ഉളളവനാക്കി തീര്‍ക്കുകയും ചെയ്യും. ഈ മൂന്നിലൊന്ന് എന്ന് പറയുമ്പോള്‍, ഒരാളുടെ വയറ് നിറയാന്‍ ആവശ്യമായ ഭക്ഷണത്തിന്‍റെ മൂന്നിലൊരു ഭാഗത്തിലേക്ക് പരിമിതപ്പെടുക എന്നാണത് അര്‍ത്ഥമാക്കുന്നത്. ഇത് ഒരു മുദ്ദിന്‍റെ പകുതിയാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ജനങ്ങള്‍ വ്യത്യസ്ഥത പുലര്‍ത്തുന്നതു കാരണം ശൈഖ് അന്നഫ്രാവി ആദ്യത്തെ വീക്ഷണത്തെയാണ് അനുകൂലിച്ചത്. കുറഞ്ഞ ഭക്ഷണം കഴിച്ചതിന്‍റെ ഫലമായി അയാളുടെ ശരീരത്തെ ദുര്‍ബലപ്പെടുത്താത്ത ഒരാളുടെ കാര്യത്തിലാണ് ഇതെല്ലാം ബാധകമാകുന്നത്. അല്ലാത്തപക്ഷം ഒരാള്‍ക്ക് ഉത്തമമായത് അയാളുടെ ശരീരം നേരെ ചൊവ്വെ നിലനില്‍ക്കാനും ആരാധനകള്‍ ഉന്‍മേഷത്തോടെ നിര്‍വ്വഹിക്കാനും ആവശ്യമായ ഭക്ഷണം കഴിക്കുക എന്നതാണ്. (അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യ (25/332))
ഫതാവല്‍ ഹിന്ദിയ്യയില്‍ പറയുന്നത്, ഭക്ഷണം കഴിക്കുന്നതിന് വ്യത്യസ്ഥ തലങ്ങളുണ്ട്. അവയാണ്:
നിര്‍ബന്ധം (فرض): ശരീരത്തെ നശിപ്പിക്കുന്ന കാര്യങ്ങളെ തടഞ്ഞു നിറുത്തുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കല്‍ നിര്‍ബന്ധമാണ്. അങ്ങനെയുളള ഭക്ഷണവും പാനീയവും ഒരാള്‍ ഒഴിവാക്കുകയും ശരീരം നാശമടയുകയും ചെയ്താല്‍ അവന്‍ കുറ്റക്കാരനായി തീരുന്നതാണ്.
പ്രതിഫലാര്‍ഹമായത് (مأجور عليه): പ്രയാസരഹിതമായി നോമ്പനുഷ്ഠിക്കാനും സൌകര്യപ്രദമായി നിന്നു നമസ്കരിക്കാനും സഹായിക്കുന്ന തരത്തില്‍ ഭക്ഷണം കഴിക്കല്‍ പ്രതിഫലാര്‍ഹമായ കാര്യത്തില്‍ പെടുന്നു.
അനുവദനീയം (مباح): ശരീരത്തിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കല്‍ അനുവദനീയമാണ്. ഇതിന് പ്രതിഫലമോ കുറ്റമോ ഇല്ല. ഹലാലായ സമ്പാദ്യത്തിലൂടെയുളള ഭക്ഷണമാണ് അവന്‍ കഴിക്കുന്നത് എങ്കില്‍ ലഘു വിചാരണ അവന് നേരിടേണ്ടി വന്നേക്കാം.
നിഷിദ്ധമായത് (حرام): ഒരു വ്യക്തിക്ക് നാളെ നോമ്പ് നോക്കുന്നതിന് ശക്തി ലഭിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടോ, അതല്ലെങ്കില്‍ അതിഥിയുടെ മുമ്പില്‍ ലജ്ജ തോന്നാതിരിക്കാന്‍ വേണ്ടിയോ അല്ലാതെ അമിതമായി ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമായ കാര്യത്തില്‍ പെട്ടതാണ്.
ഭക്ഷണം കഴിക്കുന്നതിന്‍റെ വിവിധ തലങ്ങള്‍ ഒന്നുകൂടി വ്യക്തിമാക്കികൊണ്ട് ഇബ്നുല്‍ ഹാജ്(റഹിമഹുല്ലാഹ്) പറഞ്ഞു: ഇവകള്‍ നിര്‍ബന്ധം (واجب), സുന്നത്ത് (مندوب), അനുവദനീയം (مندوب), വെറുക്കപ്പെട്ടത് (مكروه), നിഷിദ്ധമായത് (محرم) എന്നിങ്ങനെയാണ്.
നിര്‍ബന്ധം (واجب): തന്‍റെ റബ്ബിനുളള ആരാധനകള്‍ പൂര്‍ത്തീകരിക്കാന്‍ ഒരാളുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കല്‍ നിര്‍ബന്ധമാണ്. കാരണം, നിര്‍ബന്ധമായ ഒരു കാര്യം ചെയ്യാന്‍ അത്യന്താപേക്ഷിതമായി വരുന്ന മറ്റു കാര്യങ്ങളും നിര്‍ബന്ധത്തില്‍ ഉള്‍പ്പെടുന്നു (ما لا يتوصل إلى الواجب إلا به فهو واجب) എന്നത് പൊതു തത്വമാണ്.
സുന്നത്ത് (المندوب): ഐച്ഛികമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും അറിവ് നേടുന്നതിനും അതുപോലെ മറ്റു പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനും ഒരാള്‍ക്ക് ശേഷി നല്‍കുന്ന ഭക്ഷണം കഴിക്കല്‍ സുന്നത്തിന്‍റെ പരിധിയില്‍ പെടുന്നു.
അനുവദിക്കപ്പെട്ടത് (المباح): ശരീഅത്തില്‍ അനുവദിച്ചിരിക്കുന്ന രീതിയില്‍ വയറു നിറയ്ക്കുന്ന അവസ്ഥ അനുവദനീയമാണ്.
വെറുക്കപ്പെട്ടത് (المكروه): വയറു നിറഞ്ഞിട്ടും ശരീരത്തിന് ദോഷകരമാകാത്ത വിധത്തില്‍ അല്‍പം കൂടി കഴിക്കുന്നത് വെറുക്കപ്പെട്ട ഭക്ഷണരീതിയാണ്.
നിഷിദ്ധം (المحرم): ശരീരത്തിന് ദോഷകരമാകുന്ന രീതിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമായ ഗണത്തില്‍ പെടുന്നു.
മൂന്നാമതായി:
ഒരു ദിവസം ഒന്നിലധികം പ്രാവശ്യം ഭക്ഷണം കഴിക്കുന്നത് വിരോധമുളളതല്ലെന്ന് മേല്‍വിവരണങ്ങളില്‍ നിന്ന് വ്യക്തമാണ്. കഴിക്കുന്ന നേരത്തിന്‍റെ എണ്ണം പരഗണിച്ചുകൊണ്ടല്ല അമിതവ്യയം കണക്കാക്കപ്പെടുന്നത്, മറിച്ച് കഴിക്കുന്നത് ഒരു പ്രാവശ്യമാണെങ്കില്‍ പോലും വയറു നിറഞ്ഞതിലും അപ്പുറം കഴിച്ചാല്‍ അതിനെ അമിതവ്യയമായി പരിഗണക്കും.
വയറുനിറയുന്ന പരിധിവരെ ഒരാള്‍ ഭക്ഷണം കഴിക്കുന്നത് മുബാഹും (അനുവദനീയം) അതിനപ്പുറം കഴിക്കുന്നത് മക്റൂഹ് (വെറുക്കപ്പെട്ടത്) അല്ലെങ്കില്‍ ഹറാം (നിഷിദ്ധം) എന്ന പരിധില്‍ വരും. അനസ് ഇബ്നു മാലിക് (റളിയല്ലാഹു അന്‍ഹു) നിവേദനം ചെയ്ത ഹദീഥില്‍ അബൂ ത്വല്‍ഹ (റളിയല്ലാഹു അന്‍ഹു) ഉമ്മു സുലെയ്മ്(റളിയല്ലാഹു അന്‍ഹ)യോട് പറയുന്നുണ്ട്: നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ ശബ്ദം വളരെ നേരിയതായി ഞാന്‍ കേട്ടു, അതില്‍ വിശപ്പുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിന്‍റെ അടുക്കല്‍ എന്തെങ്കിലും (ഭക്ഷണമായിട്ട്) ഉണ്ടോ തുടര്‍ന്ന് നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ പ്രാര്‍ത്ഥനാ ഫലമായി ഭക്ഷണം അധികരിച്ച സംഭവം ഈ ഹദീഥിലാണുളളത് (ബുഖാരി 5381, മുസ്‍ലിം 2040). അബൂ ത്വല്‍ഹ (റളിയല്ലാഹു അന്‍ഹു) കൊണ്ടു വന്ന കുറഞ്ഞ ഭക്ഷണം മുന്നില്‍ വെച്ച് നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) പ്രാര്‍ത്ഥിക്കുകയും അവിടെ ഉളള ആളുകളില്‍ നിന്നും പത്ത് പേര്‍ വീതമുളള സംഘങ്ങളായി ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുകയും അവരെല്ലാവരും വയറു നിറയെ ഭക്ഷണം കഴിക്കുകയും ചെയ്തു. അവര്‍ ആകെ എണ്‍പതാളുകള്‍ ഉണ്ടായിരുന്നു. ഈ ഹദീഥ് ഉദ്ധരിച്ച അധ്യായത്തിന് ഇമാം ബുഖാരി (റഹിമഹുല്ലാഹ്) നല്‍കിയ തലക്കെട്ട് باب من أكل حتى شبع (വയറു നിറയെ ഭക്ഷണം കഴിച്ച ആളുകളെ കുറിച്ച് പറയുന്ന അധ്യായം) എന്നാകുന്നു.
ഇമാം ഖുര്‍ത്വുബി(റഹിമഹുല്ലാഹ്) അല്‍മുഫ്ഹിമില്‍ പറഞ്ഞതായി ഇബ്നു ഹജറുല്‍ അസ്ഖലാനി (റഹിമഹുല്ലാഹ്) ഫത്ഹുല്‍ ബാരിയില്‍ ഉദ്ധരിക്കുന്നു
നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) തിരുമേനിക്കും അദ്ദേഹത്തിന്‍റെ രണ്ട് കൂട്ടുകാര്‍ക്കും (അബൂബക്കര്‍, ഉമര്‍ റളിയല്ലാഹു അന്‍ഹും) ആടിനെ അറുത്ത് ഭക്ഷണം നല്‍കിയപ്പോള്‍ അവര്‍ വയറുനിറയെ ഭക്ഷിച്ച സംഭവംഇതില് വയറുനിറയെ ഭക്ഷിക്കല്‍ അനുവദനീയമാണെന്ന് തെളിവുണ്ട്. എന്നാല്‍ ഇത് അനുവദനീയമല്ലെന്ന് പറയുന്ന റിപ്പോര്‍ട്ടുകളെ പരിഗണിക്കേണ്ടത് ഒരു വ്യക്തിയുടെ ആമാശയത്തെ ബുദ്ധിമുട്ടിക്കുന്ന (ഭക്ഷണരീതി) അമിത രൂപത്തിലുളളതും, ആരാധനകള്‍ ചെയ്യാന്‍ മന്ദഗതിയിലാക്കുന്നതും, ഉറക്കവും അലസതയും അനുഭവപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുളള ഭക്ഷണം കഴിക്കലാകുന്നു. അയാള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ വര്‍ദ്ധനവ് അനുസരിച്ച് കറാഹത്താകുന്ന ഇതിന്‍റെ വിധി ഹറാമിലേക്ക് എത്തിച്ചേരുന്നതായിരിക്കും. (ഫത്ഹുല്‍ ബാരി)
അവലംബം: islamqa