മനുഷ്യന്മാർ മാറ്റപ്പെട്ടതാണോ കുരങ്ങന്മാർ?

ഫ‍ദ്‍ലുൽ ഹഖ് ഉമരി ആമയൂർ

Last Update 2023 March 03, 11 Shaʻban, 1444 AH

അവലംബം: islamqa

ചോദ്യം: കുരങ്ങൻമാരെ പറ്റി പറഞ്ഞു തരുമോ? അല്ലാഹുവിനോട് കാണിച്ച ധിക്കാരത്തിന്‍റെ ഭാഗമായി മനുഷ്യന്മാർ മാറ്റപ്പെട്ടതാണോ കുരങ്ങന്മാർ. അങ്ങനെയാണെങ്കിൽ ആരാണ് ആ മാറ്റപ്പെട്ട സമൂഹം.?

ഉത്തരം: മനുഷ്യന്‍റെ പ്രത്യക്ഷമായ രൂപത്തെ മാറ്റം ചെയ്യുന്നതിനാണ് مسخ എന്ന് പറയുക. ബനൂ ഇസ്രാഈല്യരിൽ ചില ആളുകൾ അല്ലാഹുവോട് കാണിച്ച അനുസരണക്കേടിന്‍റെ ഭാഗമായി ശിക്ഷ എന്ന നിലക്ക് അവരെ രൂപം മാറ്റിയതായി ഖുർആനിൽ പല സ്ഥലങ്ങളിൽ പറയുന്നുണ്ട്.

ഉദാഹരണമായി:

وَلَقَدْ عَلِمْتُمْ الَّذِينَ اعْتَدَوْا مِنْكُمْ فِي السَّبْتِ فَقُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ (65) فَجَعَلْنَاهَا نَكَالا لِمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِلْمُتَّقِينَ (البقرة/65-66)

"നിങ്ങളില്‍ നിന്ന് സബ്ത്ത് (ശബ്ബത്ത്‌) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക. അങ്ങനെ നാം അതിനെ (ആ ശിക്ഷയെ) അക്കാലത്തും പില്‍ക്കാലത്തുമുള്ളവര്‍ക്ക് ഒരു ഗുണപാഠവും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു തത്വോപദേശവുമാക്കി." (ബഖറ 65, 66)

ഒന്നുകൂടി വിശദമായി അല്ലാഹു മറ്റൊരു സ്ഥലത്ത് പറയുന്നത് കാണുക:

وَاسْأَلْهُمْ عَنْ الْقَرْيَةِ الَّتِي كَانَتْ حَاضِرَةَ الْبَحْرِ إِذْ يَعْدُونَ فِي السَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لا يَسْبِتُونَ لا تَأْتِيهِمْ كَذَلِكَ نَبْلُوهُمْ بِمَا كَانُوا يَفْسُقُونَ (163) وَإِذْ قَالَتْ أُمَّةٌ مِنْهُمْ لِمَ تَعِظُونَ قَوْمًا اللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا قَالُوا مَعْذِرَةً إِلَى رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ (164) فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنْجَيْنَا الَّذِينَ يَنْهَوْنَ عَنْ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ (165) فَلَمَّا عَتَوْا عَنْ مَا نُهُوا عَنْهُ قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ ) (الأعراف/163-166)

"കടല്‍ത്തീരത്ത് സ്ഥിതി ചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ച് നോക്കൂ. (അതായത്‌) ശബ്ബത്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. അവരുടെ ശബ്ബത്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട് അവരുടെ അടുത്ത് വരുകയും അവര്‍ക്ക് ശബ്ബത്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്‍റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു. അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നതെന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്‌. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ. എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു. അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക." (അഅ്‌റാഫ്: 163-166)

സൂറതുൽ മാഇദയിൽ അല്ലാഹു പറയുന്നു:

قُلْ يَا أَهْلَ الْكِتَابِ هَلْ تَنقِمُونَ مِنَّا إِلا أَنْ آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنْزِلَ مِنْ قَبْلُ وَأَنَّ أَكْثَرَكُمْ فَاسِقُونَ (59) قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللَّهِ مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمْ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ أُوْلَئِكَ شَرٌّ مَكَانًا وَأَضَلُّ عَنْ سَوَاءِ السَّبِيل)(المائدة : 59-60)

"(നബിയേ), പറയുക: വേദക്കാരേ, അല്ലാഹുവിലും (അവങ്കല്‍ നിന്ന്‌) ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, മുമ്പ് അവതരിപ്പിക്കപ്പെട്ട വേദത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നത് കൊണ്ടും, നിങ്ങളില്‍ അധികപേരും ധിക്കാരികളാണ് എന്നത് കൊണ്ടും മാത്രമല്ലേ നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നത്‌?. പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത് വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന് ഏറെ പിഴച്ച് പോയവരും." (മാഇദ: 59 60)

അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ ചെയ്തതിന്‍റെ പേരിലുളള ശിക്ഷയാണ് രൂപം മാറ്റൽ. ഇത് ബനു ഇസ്രാഈല്യരിൽ മാത്രമുള്ള ഒരു കാര്യമല്ല. മറിച്ച് ഈ ഉമ്മത്തിൽ രൂപം മാറ്റലുകൾ ഉണ്ടാകുന്നതു വരെ അന്ത്യദിനം സംഭവിക്കുകയില്ല എന്ന് നബി(ﷺ) പഠിപ്പിച്ചിട്ടുണ്ട്. ഖ്ദറിനെ നിഷേധിക്കുകയും മദ്യപിക്കുകയും സംഗീതോപകരണങ്ങള്‍ കേൾക്കുകയും ചെയ്യുന്ന ആളുകളിൽ രൂപം മാറ്റലുകൾ ഉണ്ടാകും എന്നുള്ള മുന്നറിയിപ്പ് നബി(ﷺ) നൽകിയിട്ടുണ്ട്.

മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാൻ സാധിക്കും:

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : (بَيْنَ يَدَيْ السَّاعَةِ مَسْخٌ وَخَسْفٌ وَقَذْفٌ) . صحيح ابن ماجه (3280).

"അബ്ദുല്ലാഹിബിന് മസ്ഊദ് നിവേദനം: നബി(ﷺ) പറഞ്ഞിരിക്കുന്നു: അന്ത്യ ദിനത്തിന് മുന്നോടിയായി രൂപം മാറ്റലുകളും ആഴ്തിക്കളയലുകളും ചരൽമഴ വർഷിക്കലും ഉണ്ടാകും". (സ്വഹീഹ് ഇബ്നുമാജ 3280)

ഭൂമി പിളർന്ന് വ്യക്തിയെയോ വീടുകളെയോ ഒരു രാജ്യത്തെയോ വിഴുങ്ങുന്നതിനാണ് خذف എന്നു പറയുന്നത്. ഖാറൂനിനെയും അവന്‍റെ കൊട്ടാരത്തെയും അല്ലാഹു അങ്ങനെയാണ് ചെയ്തത്.

(فَخَسَفۡنَا بِهِۦ وَبِدَارِهِ ٱلۡأَرۡضَ فَمَا كَانَ لَهُۥ مِن فِئَةࣲ یَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلۡمُنتَصِرِینَ)[القصص: 81].

"അങ്ങനെ അവനെയും അവന്‍റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല." (ഖസ്വസ്: 81)

മുകള്‍ ഭാഗത്തുനിന്നും കല്ലു കൊണ്ടുള്ള ഏറിനാണ് قذف എന്നു പറയുന്നത്. ലൂത്ത് നബി(അലൈഹിസ്സലാം)യുടെ സമൂഹത്തെ അല്ലാഹു അപ്രകാരം ചെയ്തിട്ടുണ്ട്.

(فَلَمَّا جَاۤءَ أَمۡرُنَا جَعَلۡنَا عَالِیَهَا سَافِلَهَا وَأَمۡطَرۡنَا عَلَیۡهَا حِجَارَةࣰ مِّن سِجِّیلࣲ مَّنضُودࣲ)

"അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു". (ഹൂദ്: 82).

നബി(ﷺ) പറയുന്നു:

عن ابْنِ عُمَرَ قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( يَكُونُ فِي هَذِهِ الأُمَّةِ خَسْفٌ أَوْ مَسْخٌ أَوْ قَذْفٌ فِي أَهْلِ الْقَدَرِ- يعني المكذبين به -) . [صحيح الترمذي:1748]

"ഇബ്നു ഉമർ(رضي الله عنه)വിൽ നിന്ന് നിവേദനം; അല്ലാഹുവിന്‍റെ പ്രവാചകൻ(ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്; ഈ സമുദായത്തിൽ ഖദ്റിനെ നിഷേധിക്കുന്ന ആളുകളിൽ ആഴ്ത്തലുകളും രൂപം മാറ്റലും ചരൽമഴ വാർഷിക്കലും ഉണ്ടാകും."

عَنْ عِمْرَانَ بْنِ حُصَيْنٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( فِي هَذِهِ الْأُمَّةِ خَسْفٌ وَمَسْخٌ وَقَذْفٌ . فَقَالَ رَجُلٌ مِنْ الْمُسْلِمِينَ : يَا رَسُولَ اللَّهِ ، وَمَتَى ذَاكَ ؟ قَالَ إِذَا ظَهَرَتْ الْقَيْنَاتُ وَالْمَعَازِفُ وَشُرِبَتْ الْخُمُورُ ) . صحيح الترمذي (1801) .

"ഇമ്രാനീബ്നു ഹുസ്വൈൻ(رضي الله عنه)ൽ നിന്ന് നിവേദനം അല്ലാഹുവിന്‍റെ പ്രവാചകൻ(ﷺ) പറഞ്ഞിരിക്കുന്നു: ഈ സമുദായത്തിൽ ആഴ്ത്തലുകളും രൂപം മാറ്റലും ചരൽമഴ വർഷിക്കലും ഉണ്ടാകും. അപ്പോൾ മുസ്‌ലിംകളിൽ പെട്ട ഒരാൾ ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരെ, എപ്പോഴാണ് അത് സംഭവിക്കുക? നബി(ﷺ) പറഞ്ഞു: പാട്ടുകാരികളും വാദ്യോപകരണങ്ങളും വ്യാപകമാവുകയും മദ്യം വ്യാപകമായി കുടിക്കപ്പെടുകയും ചെയ്യുമ്പോൾ." (സ്വഹീഹുത്തിർമിദി: 1801)

അപ്പോൾ ചില തിന്മമകളുടെ ഭാഗമായി ഈ സമുദായത്തിൽ രൂപമാറ്റം ഉണ്ടാകുമെന്നാണ് പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിലേക്ക് മുന്നിട്ടിറങ്ങുന്നതിനെ സത്യവിശ്വാസി ഭയപ്പെടേണ്ടതുണ്ട്. അല്ലാഹുവിന്‍റെ കോപവും വെറുപ്പും പ്രതികാര നടപടികളും ഇളക്കി വിടുന്ന ആളുകൾക്ക് നാശം. ശിക്ഷക്ക് കാരണമാകുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.

എന്നാൽ ഇന്ന് നിലവിലുള്ള പന്നികളും കുരങ്ങുകളും മുൻ സമുദായം മാറ്റപ്പെട്ടതിൽ നിന്നുള്ളതല്ല. കാരണം മാറ്റപ്പെട്ട അവർക്ക് അല്ലാഹു പരമ്പരകളെ (സന്താനങ്ങൾ) നിശ്ചയിച്ചിട്ടില്ല. മറിച്ച് സന്താനങ്ങൾ ഉണ്ടാകാതെ തന്നെ അവർ നാശമടയുകയാണ് ചെയ്യുന്നത്.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ : قَالَ رَجُلٌ : يَا رَسُولَ اللَّهِ ، الْقِرَدَةُ وَالْخَنَازِيرُ هِيَ مِمَّا مُسِخَ ؟ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ اللَّهَ عَزَّ وَجَلَّ لَمْ يَجْعَلْ لِمَسْخٍ نَسْلًا وَلَا عَقِبًا، وَإِنَّ الْقِرَدَةَ وَالْخَنَازِيرَ كَانُوا قَبْلَ ذَلِكَ ) (مسلم:2663)

"അബ്ദുല്ലാഹിബ്നു മസ്ഊദ്(رضي الله عنه)വിൽ നിന്നും നിവേദനം; ഒരു വ്യക്തി ഇപ്രകാരം ചോദിച്ചു അല്ലാഹുവിന്‍റെ പ്രവാചകരെ, (ഇന്ന് നിലവിലുള്ള പന്നികളും കുരങ്ങുകളും) രൂപമാറ്റം വന്ന മനുഷ്യരുടെ ബാക്കി ആണോ? അപ്പോൾ നബി(ﷺ) പറഞ്ഞു: രൂപമാറ്റം ചെയ്യപ്പെട്ടവർക്ക് അല്ലാഹു സന്തതികളെയൊ പിൻഗാമികളെയൊ നിശ്ചയിച്ചിട്ടില്ല. കുരങ്ങുകളും പന്നികളും അവർക്ക് മുമ്പും ഉണ്ടായിരുന്നു." (മുസ്‌ലിം: 2663)

ഇമാം നവവി(റഹിമഹുല്ലാഹ്) പറയുന്നു:

وَإِنَّ الْقِرَدَة وَالْخَنَازِير كَانُوا قَبْل ذَلِكَ ) أَيْ : قَبْل مَسْخ بَنِي إِسْرَائِيل , فَدَلَّ عَلَى أَنَّهَا لَيْسَتْ مِنْ الْمَسْخ.

"കുരങ്ങുകളും പന്നികളും മുമ്പുതന്നെ ഉണ്ടായിരുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബനൂഇസ്രാഈല്യർക്ക് മുമ്പ് തന്നെ അവ ഉണ്ടായിരുന്നു എന്നാണ്. അതുകൊണ്ടു തന്നെ ഇന്ന് നിലവിലുള്ളവ രൂപമാറ്റം സംഭവിച്ചതിൽ പെട്ടതല്ല അവയെന്ന് മനസ്സിലാക്കാം.".

അല്ലാഹു ആഅ്‌ലം

0
0
0
s2sdefault

കശ്ഫുശ്ശുബുഹാത് : മറ്റു ലേഖനങ്ങൾ