ക്രോഡീകരണ കാലവും മുജ്തഹിദുകളുടെ കാലവും
ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله
Last Update 2023 May 19, 29 Shawwal, 1444 AH
ഈ കാലത്ത് വിജ്ഞാനത്തിന്‍റെ സ്ഥിതിയും അതിൽ ഫിഖ്ഹിന്‍റെ സ്ഥാനവും:
ബനൂ ഉമയ്യ ഖിലാഫത്ത് അസ്തമിക്കാൻ തുടങ്ങവേയാണ് ഈ കാലം ആരംഭിക്കുന്നത്. ഇസ്‍ലാമിക സമൂഹത്തിൽ അബ്ബാസിയ ഖിലാഫത്തിന്‍റെ അർക്കൻ തിളങ്ങിക്കൊണ്ടിരിക്കുമ്പോൾ ഈ കാലം പൂർണമാവുകയും പ്രശോഭിക്കുകയും ചെയ്തു. നാലാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ അബ്ബാസിയ ഖിലാഫത്ത് ഛിന്നഭിന്നമാകുന്നതോടെ ഈ കാലം അവസാനിക്കുന്നു. ഈ കാലഘട്ടത്തിലെ പണ്ഡിതന്മാർ സ്വഹാബത്തും താബിഉകളും അവർക്കെത്തിച്ചു കൊടുത്ത വഹ്‍യിന്‍റെ വിജ്ഞാനം അനന്തരമെടുത്തതുപോലെ സ്വഹാബത്തിന്‍റെയും താബിഉകളുടെയും ഫിഖ്ഹും ഏറ്റെടുത്തു.
വിശുദ്ധ ക്വുർആൻ രേഖപ്പെടുത്തപ്പെട്ട സ്ഥിതിയിൽ അവർ സ്വീകരിച്ചു. എന്നാൽ സുന്നത്ത് വിവിധ ദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയിലായിരുന്നു. പണ്ഡിതന്മാർ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് നബിചര്യ ക്രോഡീകരിച്ചു തുടങ്ങി. ഈ കാലം അവസാനിച്ചപ്പോഴേക്കും സുന്നത്തും ക്രോഡീകരിക്കപ്പെട്ടു കഴിഞ്ഞു. ജർഹ്, തഅ്ദീൽ പരിശോധിക്കാനുള്ള മാനദണ്ഡങ്ങളും ഹദീസിന്‍റെ സാങ്കേതിക പേരുകളും ലക്ഷണങ്ങളും എല്ലാം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. പക്ഷേ ഹദീഥ് സ്വഹീഹും ദഈഫും സമ്മിശ്രമായ അവസ്ഥയിലായിരുന്നു. പണ്ഡിതന്മാരിൽ ചിലർ ഇത്തരം ഹദീഥുകളിൽ നിന്ന് ദഈഫിനെ വേർതിരിക്കാൻ ശ്രമം നടത്തി. സ്വഹീഹിനെ വേർതിരിച്ചെടുത്തു. പണ്ഡിതന്മാർ ശേഖരിച്ച് ജനങ്ങൾക്ക് എത്തിക്കുന്ന ഹദീഥിന്‍റെ സ്ഥിതിയെന്തെന്ന് അവർ വിശദീകരിച്ചു. പക്ഷേ അതുകൊണ്ടൊന്നും ദഈഫായ ഹദീസുകളുടെ ലഭ്യത അവസാനിച്ചില്ല.
ഈ കാലഘട്ടത്തിലെ പണ്ഡിതന്മാർ പ്രവാചകൻ നിശ്ചയിച്ചതും സ്വഹാബത്തും താബിഉകളും പിന്തുടർന്നതുമായ സരണി(മൻഹജ്)യെത്തന്നെ പിന്തുടർന്നു. ആ മൻഹജ് കർമശാസ്ത്ര പണ്ഡിതന്മാർ ഗ്രഹിക്കുകയും അവരുടെ കാലത്തുണ്ടായ പ്രശ്നങ്ങളുടെ വിധികൾ കണ്ടെത്താൻ ആ മാർഗത്തിലൂടെ ശ്രമിക്കുകയും ചെയ്തു.
നബിയുടെ സുന്നത്ത് മനപ്പാഠമാക്കിയതിലും സ്വഹാബത്തിന്‍റെയും താബിഉകളുടെയും ഫിഖ്ഹ് ഗ്രഹിക്കുന്നതിലും പണ്ഡിതന്മാരിൽ ഏറ്റക്കുറച്ചിലുണ്ടായിരുന്നതിനാൽ സ്വഹാബത്തിന്‍റെ മൻഹജ് പിന്തുടരുന്നതിലും ഏറ്റക്കുറവുണ്ടായി. ചില ഉസൂലുകളിലും, വിധികൾ കണ്ടെത്തുന്നതിലും അതു നിമിത്തം ഭിന്നതകളുണ്ടാവുകയും ചെയ്തു. ഈ മൻഹജുകൾ ഓരോ മദ്ഹബിലെയും ഉസൂലിലും ഫുറൂഇലും അതിന്‍റെ പണ്ഡിതന്മാരിലും അനുയായികളിലും അതിർത്തികൾ നിശ്ചയിച്ചു. ഈ മദ്ഹബിലെ പണ്ഡിതന്മാർ ചില ഉസൂലുകളെ സംബന്ധിച്ച് ഭിന്നിച്ചു. മദീനക്കാരുടെ പ്രവർത്തനം തെളിവായി എടുക്കാമോ എന്നതും ഖിയാസും ഇസ്തിഹ്സാനും അതിനുദാഹരണങ്ങളാണ്. ഉസൂലിലെ ഭിന്നിപ്പ് സ്വാഭാവികമായും ഫുറൂഇലെ ഭിന്നിപ്പിനും കാരണമായി. ഈ പണ്ഡിതന്മാർക്കിടയിൽ ദീർഘമായ സംവാദങ്ങളും തർക്ക വിതർക്കങ്ങളുമുണ്ടായി. ഖുലഫാഉകൾ ഈ സംവാദങ്ങളെ പ്രോല്‍സാഹിപ്പിച്ചു. പ്രത്യേകിച്ചും കർമശാസ്ത്ര വിഷയത്തിൽ അതോടൊപ്പം സാങ്കല്പിക പ്രശ്നങ്ങളെ കുറിച്ച് വിധിപ്രസ്താവനകൾ ഈ ഭിന്നിപ്പിന് ആക്കം കൂട്ടി.
പക്ഷേ എല്ലാ ഭിന്നിപ്പുകളിലും തെളിവിന്‍റെ അടിസ്ഥാനത്തിൽ വിധി പറയുന്ന വിധത്തിലായിരുന്നു. ഈ കാലഘട്ടത്തിലെ പണ്ഡിതന്മാർ തഖ്‍ലീദിനെ അന്ധമായ (അനുകരണത്തെ) തിരസ്കരിക്കുന്നവരായിരുന്നു. തെളിവുകൾ സ്വീകരിക്കുന്നവരും പക്ഷപാതിത്വം വർജിക്കുന്നവരുമായിരുന്നു. സത്യം ആരു കൊണ്ടുവന്നാലും അതു സ്വീകരിക്കും.
എല്ലാ വിജ്ഞാന ശാഖ വിഷയങ്ങളും ഈ കാലഘട്ടത്തിൽ ക്രോഡീകരിക്കപ്പെട്ടു. മുഖ്യമായവ സുന്നത്ത്, ഫിഖ്ഹ് ഫിഖ്ഹുല്‍ കിതാബി വസുന്നത്ത്, ഫിഖ്ഹു സ്സ്വഹാബതി വത്താബിഊന്‍ എന്നിവയും വ്യത്യസ്ത മദ്ഹബുകളിലെ മുജ്തഹിദുകളായ പണ്ഡിതന്മാരുടെ ഫിഖ്ഹുമായിരുന്നു.
ഈ കാലത്തെ പ്രധാന കാര്യങ്ങൾ:
1. നബിചര്യയുടെ ക്രോഡീകരണം
2. ഫിഖ്ഹു മസ്അലകളുടെ ക്രോഡീകരണം
3. ഫിഖ്ഹിന്‍റെ വിദ്യാ പീഠങ്ങൾ
4. ഫിഖ്ഹീ ചിന്താസരണികൾ
5. ഭിന്നിപ്പിന്‍റെ വൈപുല്യം.
അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി
വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله