ഇമാം ഇബ്‌നുറജബ് അല്‍ഹന്‍ബലി (رحمه الله)

തയ്യാറാക്കിയത്: അബൂ ബിലാല്‍

Last Update 01 December 2018, 23 Rabiʻ I, 1440 AH

ഹിജ്റ എട്ടാം നൂറ്റാണ്ടിലെ പ്രഗല്‍ഭനായ പണ്ഡിതനായിരുന്നു 736ല്‍ ഇറാഖിലെ ബാഗ്ദാദില്‍ ജനിച്ച ഇബ്നുറജബ് അല്‍ഹമ്പലി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുറഹ്മാന്‍ ഇബ്നു അഹ്മദ്(റഹി). ബഗ്ദാദ് പട്ടണം താര്‍ത്താരികള്‍ക്ക് കീഴടങ്ങി എണ്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഭൂജാതനാകുന്നത്. മതപരമായ അറിവ് നേടുന്നതില്‍ താല്‍പര്യമുളള കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. വലിയ പണ്ഡിതനായിരുന്ന പിതാമഹന്‍ അബ്ദുറഹ്മാന്‍ ജനിച്ചത് റജബ് മാസത്തിലാണ് എന്ന കാരണത്താല്‍ അദ്ദേഹത്തെ ഇബ്നു റജബ് എന്ന് വിളിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിലേക്ക് ചേര്‍ത്താണ് അബ്ദുറഹ്മാന്‍ ഇബ്നു അഹ്മദ്(റഹി)യും ഇബ്നു റജബ് എന്ന് വിളിക്കപ്പെടുന്നത്. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം പിതാമഹന്‍റെ ദര്‍സിലെ ഹല്‍ക്കയില്‍ പങ്കെടുത്തിരുന്നു. പിതാവ് ഹസനും അറിയപ്പെട്ട പണ്ഡിതനായിരുന്നു. ഹിജ്റ 744ല്‍ പിതാവ് ഇറാഖിനോട് വിടവാങ്ങുകയും കുടുംബ സമേതം ഡമാസ്ക്കസിലേക്ക് പോവുകയും ചെയ്യതു.

അറിവും തേടി

പ്രഗല്‍ഭരായ പണ്ഡിതന്മര്‍ക്ക് കീഴില്‍ തന്‍റെ മകന്‍ ഹദീഥ് പഠിക്കണമെന്ന ആഗ്രഹം പിതാവിനുണ്ടായിരുന്നു. അതിനായി ബാഗ്ദാദ്, ഡമാസ്കസ്, ഈജിപ്ത് എന്നീ ഇസ്ലാമിക ലോകത്തിലെ പ്രധാന പഠന സിരാകേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും നിരവധി ശൈഖന്മാര്‍ക്ക് കീഴില്‍ പഠിക്കുകയും ചെയ്തു. ഹിജ്റ 748ല്‍ വീണ്ടും പഠനത്തിനായി ബാഗ്ദാദിലേക്ക് മടങ്ങി. ജമാലുദ്ധീന്‍ അബുല്‍ അബ്ബാസ്(റഹി), സ്വഫിയുദ്ധീന്‍ അബൂ അബ്ദില്ല(റഹി), അബൂല്‍ അബ്ബാസ് അഹ്മദ് ഇബ്നു മുഹമ്മദ്(റഹി) എന്നിവരില്‍നിന്ന് അറിവ് നുകര്‍ന്ന് ഹിജ്റ 749ല്‍ പിതാവിനോടൊപ്പം ഹജ്ജിന് യാത്രയായി. തുടര്‍ന്ന് നിരന്തരം യാത്ര തന്നെയായിരുന്നു. ഖുദുസ്, നാബല്‍സ്, മക്കാ മദീന, മിസ്വ്ര്‍ എന്നിവിടങ്ങളിലെല്ലാം പഠനത്തിനായി പോകുമ്പോഴും താമസ കേന്ദ്രമായി ഡമാസ്കസിനെ അദ്ദേഹം തെരഞ്ഞെടുത്തു.

ഹിജ്റ 774ല്‍ പിതാവ് മരണപ്പെട്ടശേഷം പണ്ഡിതന്മരിലേക്കുളള പഠനയാത്രകള്‍ അവസാനിപ്പിക്കുകയും ഗ്രന്ഥരചന, അദ്ധ്യാപനം, ഫതാവ കൊടുക്കല്‍ തുടങ്ങിയ ദീനീ വിഷയങ്ങളില്‍ വ്യാപൃതനാവുകയും അത് 791ല്‍ അദ്ദേഹം മരണപ്പെടുന്നത് വരെ തുടരുകയും ചെയ്തു.

അറിവിനൊപ്പംതന്നെ ശ്രോദ്ധാവിനെ തൊട്ടുണര്‍ത്താന്‍ കഴിയുന്ന അപാരമായ വാക് വൈഭവവും വശ്യമായ ശൈലി സത്യസന്ധമായ നിയ്യത്ത് തുടങ്ങിയവ അദ്ദേഹത്തില്‍ സമ്മേളിച്ചപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിലേക്ക് ചാഞ്ഞു. വിദൂരമായ വിവിധ നാടുകളില്‍നിന്ന് അദ്ദേഹത്തെ ലക്ഷ്യമാക്കി വിദ്യര്‍ഥികള്‍ ഒഴുകി തുടങ്ങി. പില്‍കാലത്ത് ഖാളിമാരും മഹാപണ്ഡിതന്മാരുമായവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യഗണങ്ങളിലുണ്ടായി.

ഖാളി ശിഹാബുദ്ധീന്‍ അബുല്‍ അബ്ബാസ് അഹ്മദ് ഇബ്നു അബീബക്കര്‍(റഹി), ദാവൂദ് ഇബ്നു സുലൈമാന്‍ ഇബ്നി അബ്ദില്ല(റഹി), മക്കയിലെ ഖാളിയായിരുന്ന ശംസുദ്ധീന്‍ മുഹമ്മദ് ഇബ്നു അഹ്മദ്(റഹി). ഇങ്ങനെ വിവിധ രാജ്യങ്ങളിലായി അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ നിരവധിയാണ്.

ഗ്രന്ഥങ്ങള്‍

അവഗാഹമായ പാണ്ഡിത്യത്തിന്‍റെ ഉടമയായിരുന്ന ഇബ്നു റജബ്(റഹി). തഫ്സീര്‍, ഹദീഥ്, ഫിഖ്ഹ്, താരീഖ്, തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ അദ്ദേഹത്തെപോലെ ഗ്രന്ഥങ്ങള്‍ രചിച്ച മറ്റാരുമില്ല. അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ ചിലത് ഇപ്രകാരമാണ്.

استنشاق نسيم الانس من نفحات رياض القدس
شرح صحيح الترمذي
تقرير القواعد وتحرير الفوائد في الفقة
شرح علل الترمذي
شرح حديث لبيك اللهم لبيك
شرح حديث بعثت بالسيف بين يدي الساعة
شرح حديث عمار بن ياسر اللهم بعلمك الغيب
شرح حديث إن أغبط أوليائي عندي
التخويف من النار
الاستخراج لأحكام الخراج
الاستغناء بالقرآن
استنشاق نسيم الأنس من نفحات رياض القدس
أهوال القبور
التخويف من النار والتعريف بحال دار البوار
تقرير القواعد وتحرير الفوائد
جامع العلوم والحكم في شرح أربعين حديثا من جوامع الكلم والحكم
الإلمام في فضائل بيت الله الحرام
فتح الباري شرح صحيح البخاري
ذيل طبقات الحنابلة

ഇതില്‍ പ്രത്യേകം എടുത്തുപറയേണ്ട മഹത് ഗ്രന്ഥമാണ് ഇമാം ബുഖാരി(റഹി)യുടെ സ്വഹീഹുല്‍ ജാമിഇന്‍റെ വിവരണമായ ഫത്ഹുല്‍ ബാരി. ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി(റഹി)ക് ഇതേ വിഷയത്തില്‍ ഇതേ നാമത്തിലുളള ഒരു ഗ്രന്ഥം ഉണ്ടെങ്കിലും ആദ്യമായി ഇപ്രകാരം നാമധേയം നടത്തിയത് ഇബ്നു റജബ്(റഹി) ആണ്. ഗ്രന്ഥം പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി അദ്ദേഹം മരണമടയുകയാണുണ്ടായത്. എഴുതിയത് തന്നെയും സമ്പൂര്‍ണമായി നമ്മിലേക്ക് എത്തിചേര്‍ന്നിട്ടുമില്ല. ഇബ്നു ഹജറി(റഹി)ന്‍റെ പ്രസ്തുത ഗ്രന്ഥത്തേക്കാള്‍ പലതുകൊണ്ടും ഇബ്നു റജബി(റഹി)ന്‍റെ ഫത്ഹുല്‍ബാരി മികച്ച് നില്‍ക്കുന്നതായി കാണാം.

പണ്ഡിതന്മാരുടെ അഭിപ്രായം

സമകാലികരും പില്‍കാലക്കാരുമായ പണ്ഡിതന്മാര്‍ ഒരാളെ കുറിച്ച് രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ക്ക് വലിയ പ്രസക്തിയാണുളളത്. ഇമാം ഇബ്നു റജബി(റഹി)ന്‍റെ വിനയവും വിവരവും കഴിവും പുകഴ്ത്തിയ ധാരാളം പണ്ഡിതന്മാരെ നമുക്ക് കാണാം. ഇബ്നു ഹജര്‍ അല്‍അസ്ഖലാനി(റഹി), ഇബ്നു നാസറുദ്ധീന്‍ അദ്ദിമശ്ഖി(റഹി), ഇബ്നു മുഫ്ലിഹ്(റഹി), യൂസ്ഫ് ഇബ്നു അബ്ദില്‍ ഹാദി(റഹി), അസ്സുയൂത്തി(റഹി), അന്നുഐമി(റഹി), അല്‍അലീമി(റഹി), ഇബ്നുല്‍ ഇമാദ്(റഹി) തുടങ്ങിയ മഹാന്‍മാരെല്ലാം ഇബ്നു റജബിനെ പുകഴ്ത്തി പറഞ്ഞവരാണ്.

മരണം

ഹിജ്റ 795 റമളാന്‍ മാസത്തിലോ അല്ലെങ്കില്‍ റജബിലോ ഡമാസ്കസില്‍ വെച്ച് അദ്ദേഹം മരണമടഞ്ഞു. ഹിജ്റ 486ല്‍ മരണമടഞ്ഞ ശൈഖ് അബുല്‍ ഫറജ് അബ്ദുല്‍ വാഹിദ് അശീറാസി(റഹി)യുടെ ക്വബ്റിനരികിലാണ് അദ്ദേഹത്തെ മറമാടിയത്. ഇബ്നു നാസറുദ്ധീന്‍(റഹി) പറയുന്നു: ഇബ്നു റജബി(റഹി)ന്‍റെ ക്വബര്‍ കുഴിച്ച ഒരാള്‍ ഇപ്രകാരം എന്നോട് പറഞ്ഞു: ഇബ്നു റജബ്(റഹി) മരണത്തിന്‍റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്‍റെയടുക്കല്‍ വന്നു. അദ്ദേഹത്തെ മറമാടപ്പെട്ട സ്ഥലേത്തക്ക് ചുണ്ടി കൊണ്ട് ഇപ്രകാരം പറഞ്ഞു: എനിക്ക് ഇവിടെ ഒരു ക്വബര്‍ കുഴിക്കുക, ഞാന്‍ അവിടെ ഒരു ക്വബര്‍ കുഴിച്ചു. ശേഷം അദ്ദേഹം അതില്‍ ഇറങ്ങി ചെരിഞ്ഞ് കിടക്കുകയും അത് അദ്ദേഹത്തിന് നന്നായി തോന്നുകയും നന്നായി എന്ന് പറയുകയും ചെയ്തു. ശേഷം അവിടെ നിന്നും പോയി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ മയ്യിത്ത് കട്ടിലില്‍ വഹിച്ചുകൊണ്ട് വരപ്പെടുകയും അതേ ക്വബ്റില്‍ തന്നെ മറമാടുകയും ചെയ്തു.

رحمه الله رحمة واسعة
0
0
0
s2sdefault

തര്‍ജമത്തുരിജാല്‍ : മറ്റു ലേഖനങ്ങൾ