ഖുർആനിന്‍റെ പ്രമേയമെന്താണ്?

തയ്യാറാക്കിയത്: എം.എം അക്ബര്‍

Last Update: 10 October 2019

മനുഷ്യന്‍റെ വിജയമാണ് ഖുർആനിന്‍റെ പ്രമേയം. സ്വതന്ത്രമായ കൈകാര്യകർതൃത്വത്തിന് സാധിക്കുന്ന ഏകജീവിയെന്ന നിലക്ക് മനുഷ്യന്‍റെ നിലനില്പിനും പുരോഗതിക്കും അവൻ ചില നിയമങ്ങൾ അനുസരിക്കേണ്ടതുണ്ട്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും സ്വമേധയാ ദൈവിക നിയമങ്ങൾ അനുസരിച്ചുകൊണ്ടിരിക്കുന്നു. പ്രസ്തുത അനുസരണത്തിൽ നിന്ന് വ്യതിചലിക്കുവാൻ അവയ്ക്ക് കഴിയില്ല. മനുഷ്യശരീരത്തിലെ വ്യവസ്ഥകളും നിർബന്ധപൂർവം ദൈവിക നിയമങ്ങളനുസരിക്കുന്നു. എന്നാൽ, പരിമിതമായ ചില മേഖലകളിൽ മനുഷ്യന് സ്വതന്ത്രമായ കൈകാര്യകർതൃത്വം നൽകിയിട്ടുണ്ട്. അവിടെയും ദൈവികമായ വിധിവിലക്കുകൾ അനുസരിക്കുന്നതിലൂടെ മാത്രമേ അവന് വിജയം വരിക്കാനാവൂ.

മനുഷ്യരോടാണ് ഖുർആൻ സംസാരിക്കുന്നത്. അവന്‍റെ വിജയത്തിലേക്കാണ് അത് മനുഷ്യരെ ക്ഷണിക്കുന്നത്. പടച്ചതമ്പുരാന്‍റെ അസ്തിത്വത്തെക്കുറിച്ച് പ്രകൃതിയിലെ വ്യത്യസ്തങ്ങളായ പ്രതിഭാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അത് അവനെ തെര്യപ്പെടുത്തുന്നു. ഇഹലോകജീവിതത്തിന്‍റെ നശ്വരതയെയും ഇവിടത്തെ സുഖഭോഗങ്ങൾക്കു പിന്നിൽ ഓടി ജീവിതം തുലയ്ക്കുന്നതിന്‍റെ അർത്ഥമില്ലായ്മയെയും കുറിച്ച് അത് അവനോട് സംസാരിക്കുന്നു. മരണാനന്തരമുള്ള അനശ്വരജീവിതത്തിൽ സ്വർഗ്ഗപ്രവേശനത്തിന് അർഹരാവുകയും നരകയാതനകളിൽ നിന്ന് രക്ഷപ്രാപിക്കുകയും ചെയ്യുന്ന അനുഗ്രഹീതരിൽ ഉൾപ്പെടുവാൻ എന്ത് മാർഗ്ഗം സ്വീകരിക്കണമെന്ന് അവനു വ്യക്തമാക്കിക്കൊടുക്കുന്നു. ഭൗതികജീവിതത്തിലെ സുഖസൗകര്യങ്ങൾക്കുവേണ്ടി നരകം വിലയ്‌ക്കെടുത്തവരുടെ ചരിത്രത്തിലേക്ക് അവന്‍റെ ശ്രദ്ധ ക്ഷണിക്കുന്നു. വിശുദ്ധമായ ജീവിതം നയിച്ച് സ്വർഗ്ഗപ്രവേശനത്തിന് അനുമതി നൽകപ്പെട്ടവരെക്കുറിച്ച്‌ അവന് പറഞ്ഞുകൊടുക്കുന്നു.

ചുരുക്കത്തിൽ, ദൈവിക വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട് ഇഹപരവിജയം കരസ്ഥമാക്കുവാൻ മനുഷ്യരെ സജ്ജമാക്കുകയാണ് ഖുർആൻ ചെയ്യുന്നത്.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ