രാഷ്ട്രീയത്തില്‍ ഇസ്ലാം മാതൃക കാണിച്ചിട്ടില്ലേ?

തയ്യാറാക്കിയത്: ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി(رحمه الله)

Last Update 2019 August 08

ചോദ്യം: എല്ലാ കാര്യങ്ങളിലും വ്യക്തമായ രൂപരേഖകളും മാതൃകയുമുളള ഇസ്ലാമിന്ന് മനുഷ്യജീവിതത്തിലെ മര്‍മപ്രധാനമായ രാഷ്ട്ര സംവിധാനത്തില്‍ മാത്രം മാതൃകയോ വ്യക്തമായ രൂപരേഖയോ ഇല്ലാതെ പോയത് എന്തുകൊണ്ട്? മതത്തിന് ദോഷമല്ലെന്ന് തോന്നുന്ന ഏത് പാര്‍ട്ടികളിലും ചേരാനുളള സ്വാതന്ത്ര്യം ഇസ്ലാം നല്‍കിയത് ശരിയാണോ? വിദ്യാഭ്യാസ, സംസ്കാരിക, മത കാര്യങ്ങളിലെല്ലാം ഖുര്‍ആന്‍, ഹദീസ് പ്രമാണമായംഗീകരിക്കുന്ന പ്രസ്ഥാനപ്രവര്‍ത്തകര്‍ പോലും പര്സപരം ഏറ്റുമുട്ടാനും അഹിതം പ്രവര്‍ത്തിക്കാനും കാരണമാകുന്നത് മേല്‍ പറഞ്ഞ സ്വാതന്ത്ര്യം കൊണ്ടല്ലേ?ഇത് ഇസ്ലാമിന്‍റെ സമ്പൂര്‍ണതക്ക് എതിരല്ലേ?

ഉത്തരം: ഇസ്ലാം ലൌകികമായി എല്ലാ കാര്യവും എങ്ങനെ ചെയ്യണമെന്ന് വ്യക്തമാക്കുന്ന രൂപരേഖ വരച്ചുവെച്ചിട്ടുണ്ടെന്ന് അല്ലാഹുവോ റസൂലോ(ﷺ) പറഞ്ഞിട്ടില്ല. ആശുപത്രികള്‍ എവിടെ എങ്ങിനെ സ്ഥാപിക്കണമെന്ന് അല്ലാഹുവോ റസൂലോ(ﷺ) വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയത്തെക്കാള്‍ പ്രധാനമാണല്ലോ ആരോഗ്യത്തിന്‍റെ പ്രശ്നം. ശുദ്ധജല വിതരണം, ഭക്ഷ്യവിതരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ ഏതേത് വിധത്തിലൊക്കെ ഏര്‍പ്പെടുത്തണമെന്ന് ഖുര്‍ആനിലോ ഹദീസിലോ നിര്‍ണയിച്ചിട്ടില്ല. എല്ലാ കാര്യങ്ങളിലും ധര്‍മമേത്, അധര്‍മമേത് എന്ന് വേര്‍തിരിച്ചു പഠിപ്പിച്ചുകൊടുക്കാനാണ് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്.

രാഷ്ട്രീയത്തിലും ധര്‍മാധര്‍മങ്ങള്‍ ഏതൊക്കെയെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍നിന്നും വ്യക്തമായി ഗ്രഹിക്കാം. “വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തുവീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പ് കല്പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പ് കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു.” (വി.ഖു: 4:58) റസൂലി(ﷺ)നോട് അല്ലാഹു കല്പിക്കുന്നു: “നീ തീര്‍പ്പ് കല്പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പ് കല്‍പിക്കുക. നീതി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.” (5:42) “അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചതനുസരിച്ച് വിധി കല്പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെവിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപ്പോകരുത്. (5:48). ഖുര്‍ആന്‍ പറയുന്നു: “അവരുടെ കാര്യം തീരുമാനിക്കുന്നത് അവര്‍ തമ്മിലുളള കൂടിയാലോചനയിലൂടെ ആയിരിക്കും” (42:38). ഭരണാധികാരികളുടെയും ഭരണീയരുടെയും ബാധ്യതകള്‍ വ്യക്തമാക്കുന്ന അനേകം ഹദീസുകളുമുണ്ട്.

ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന രീതി ഏതാണെങ്കിലും ജനങ്ങളുടെ അഭിപ്രായം മാനിക്കണമെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഗ്രഹിക്കാം. വിശദാംശങ്ങള്‍ തീരുമാനിക്കേണ്ടത് ഓരോ കാലഘട്ടത്തിലും സമൂഹത്തിന് നേതൃത്വം നല്‍കുന്നവരാണ്. ഇസ്ലാമിക ഭരണാധികാരികള്‍ അല്ലാഹുവിന്‍റെയും റസൂലി(ﷺ)ന്‍റെയും വിധിക്ക് വിരുദ്ധമായി വിധികല്‍പിക്കാന്‍ പാടില്ല എന്ന കാര്യം ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും വ്യക്തമാണ്. കാലിക പ്രശ്നങ്ങളിലെ വിധി അടിസ്ഥാനപ്രമാണങ്ങളില്‍ നിന്ന് നിര്‍ധാരണം ചെയ്യുന്നതിനുളള തത്ത്വങ്ങള്‍ ഓരോ കാലഘട്ടത്തിലെയും പണ്ഡിതന്‍മാര്‍ ഗവേഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും രൂപപ്പെടുത്തേണ്ടതാണ്. മൌലികതത്ത്വങ്ങള്‍ വ്യക്തമാക്കുകയും പ്രയോഗവത്കരണം സംബന്ധിച്ച വിശദാംശങ്ങള്‍ മനുഷ്യരുടെ ചിന്തക്കും പഠനത്തിനും വിടുകയും ചെയ്യുന്ന ഇസ്ലാമിന്‍റെ നിലപാട് അപൂര്‍ണതയല്ല, പ്രായോഗികതയാണ്.

ഇസ്ലാം മനുഷ്യരോട് ആവശ്യപ്പെടുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാനോ ഭരണം പിടിച്ചെടുക്കാനോ അല്ല. അന്യൂനമായ വിശ്വാസത്താല്‍ പ്രചോദിതരായിക്കൊണ്ട് ജീവിതരംഗങ്ങളില്‍ മുഴുവന്‍ അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിക്കാനാണ്. ഓരോ വ്യക്തിയും കഴിവിന്‍റെ പരമാവധി ധര്‍മനിഷ്ഠ പാലിക്കണം. ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി ഭരണകാര്യങ്ങളിലൊക്കെ അല്ലാഹുവിന്‍റെയും റസൂലി(ﷺ)ന്‍റെയും വിധികള്‍ നടപ്പാക്കിക്കൊണ്ട് തന്‍റെ ധര്‍മം നിറവേറ്റണം. തൊഴിലാളിയായ വിശ്വാസി തന്‍റെ പരിമിതമായ ജീവിതമേഖലയില്‍ ഇസ്ലാമിക നിയമങ്ങള്‍ കഴിയുന്നത്ര പാലിക്കണം. വിശ്വാസികള്‍ക്ക് രാഷ്ട്രീയാധികാരമില്ലാത്ത നാട്ടില്‍ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ കഴിയുന്നത്ര ഇസ്ലാമിനും മുസ്ലിംകള്‍ക്കും അനുഗുണമാക്കിത്തീര്‍ക്കാനോ അതു സാധ്യമല്ലെങ്കില്‍ പ്രതികൂലമല്ലാതാക്കിത്തീര്‍ക്കാനോ ശ്രമിക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഇസ്ലാമിക മനസ്സാക്ഷിയനുസരിച്ച് ഈ ബാധ്യത നിര്‍വഹിക്കുന്ന വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ സാധാരണഗതിയില്‍ സാധ്യതയില്ല. എന്തെങ്കിലും തെറ്റിദ്ധാരണ നിമിത്തം വല്ല അനിഷ്ട സംഭവവും ഉണ്ടായാല്‍ തന്നെ അത് മാനുഷികമായ തെറ്റായി മാത്രമേ ഗണിക്കേണ്ടതുള്ളൂ. സ്വഹാബികളുടെ ജീവിതത്തിലും ഇത്തരം ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അത് ഇസ്ലാമിന്‍റെ അപൂര്‍ണത നിമിത്തമാണെന്ന് അവര്‍ക്കാര്‍ക്കും തോന്നിയിട്ടില്ല.

0
0
0
s2sdefault

ജമാഅത്തെ ഇസ്‌ലാമി : മറ്റു ലേഖനങ്ങൾ