ഇസ്ലാമില്‍ സാമൂഹ്യ-രാഷ്ട്രീയ നിയമങ്ങളുണ്ടോ?

തയ്യാറാക്കിയത്: ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി(رحمه الله)

Last Update 10 October 2019

ചോദ്യം: “കമ്യൂണിസം, സോഷ്യലിസം, കാപിറ്റലിസം, ജനാധിപത്യം എന്നൊക്കെ പറയുന്നത് പോലുളള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമോ ഭരണക്രമമോ അല്ല ഇസ്ലാം. മനുഷ്യന്‍റെ ഇഹപര സൌഭാഗ്യങ്ങള്‍ക്ക് നിദാനമായി പ്രപഞ്ചനാഥന്‍ നിര്‍ദേശിച്ച ജീവിതക്രമമാണത്. വ്യക്തിജീവിതവും കുടുംബജീവിതവും അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. സാമൂഹിക ജീവിതത്തിന്‍റെ എല്ലാ വശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ഘടനയില്‍ ഏറ്റവും വലിയ ഘടകമായ ഭരണം കൈവരുന്പോള്‍ അതിന്നാവശ്യമായ നിയമങ്ങളും നിര്‍ദേശങ്ങളും അതിലടങ്ങിയിട്ടുണ്ട്. ഭരണകര്‍ത്താവും ഭരണീയരും എങ്ങനെ ആയിരിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഇസ്ലാം ലോകത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്.” ഈ പരാമര്‍ശവുമായി നമുക്ക് യോജിക്കാമോ?

ഉത്തരം: ഇത് ശരിയായ ഇസ്ലാമിക കാഴ്ചപ്പാടാണ്. ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ് എന്ന് പറയുന്നത് തെറ്റായ നിലപാടും ഇസ്ലാമില്‍ രാഷ്ട്രീയ ഭരണ നിയമങ്ങളുണ്ടെന്ന് പറയുന്നത് ശരിയായ നിലപാടുമാണ്. ഇസ്ലാമില്‍ ഭരണവും രാഷ്ട്രീയവും സംബന്ധിച്ച നിയമനിര്‍ദേശങ്ങളൊന്നും ഇല്ലെന്ന് മുജാഹിദുകള്‍ വാദിക്കുന്നുണ്ടെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണ്.

ചോദ്യം: 99 ജനുവരി 8ലെ ശബാബില്‍ പറയുന്നു: “ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ് എന്ന് പറയുന്നത് തെറ്റായ നിലപാടും, ഇസ്ലാമില്‍ രാഷ്ട്രീയ ഭരണ നിയമങ്ങളുണ്ടെന്ന് പറയുന്നത് ശരിയായ നിലപാടുമാണ്. ” എന്നാല്‍, “ഭരണം ദുനിയാവിന്‍റെ കാര്യമാണ്. അതിനാല്‍ അതില്‍ പുതിയ രീതി കടത്തിക്കൂട്ടാം. മതകാര്യങ്ങളില്‍ പുതിയത് നിര്‍മിക്കാവതല്ലെന്നുമാത്രം” എന്ന് സല്‍സബീല്‍ (1986 ഡിസം. പേ. 16) അഭിപ്രായപ്പെടുന്നു. അപ്പോള്‍ ദീനില്‍ ഭരണം ഇല്ല എന്ന് പറയുന്നതും ഇസ്ലാമില്‍ ഭരണം ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന് പറയുന്നതും വൈരുധ്യമല്ലേ?

ഉത്തരം:ചോദ്യകര്‍ത്താവ് കാണുന്ന വൈരുധ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരു വിഷയം ദുനിയാവിന്‍റെ കാര്യമാണെന്ന് പറഞ്ഞാല്‍ അത് സംബന്ധമായി ദീനില്‍ നിയമമൊന്നും ഇല്ലെന്ന് അര്‍ത്ഥമില്ല. കച്ചവടം ദുനിയാവിന്‍റെ കാര്യമാണ്. എങ്കിലും അത് എങ്ങനെയാകണം, എങ്ങനെ ആയിക്കൂടാ എന്ന കാര്യത്തില്‍ ഇസ്ലാം നിയമങ്ങള്‍ വെച്ചിട്ടുണ്ട്. എന്നാലും കച്ചവടം നമസ്കാരം പോലെയുളള ഒരു മതകാര്യമല്ല. കാരണം, നമസ്കാരം അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച രൂപത്തില്‍ തന്നെ നിര്‍വഹിക്കണം. പുതിയ മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലോ പാടില്ല. എന്നാല്‍ നിശ്ചിത വിധിവിലക്കുകള്‍ക്ക് വിധേയമായിക്കൊണ്ടുതന്നെ കച്ചവടത്തില്‍ പുതിയ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുമൊക്കെ ആകാം. ഭരണത്തിന്‍റെ കാര്യവും ഇതില്‍ നിന്ന് ഏറെ വ്യത്യസ്ഥമല്ല. ഭരണ സംബന്ധമായി ഇസ്ലാം നിയമനിര്‍ദേശങ്ങള്‍ വെച്ചിട്ടുണ്ടെങ്കിലും ഭരണ നിര്‍വഹണരീതികളില്‍ നിയമവിരുദ്ധമല്ലാത്ത പരിഷ്കരണങ്ങളും മാറ്റങ്ങളും ആകാവുന്നതാണ്.

ചോദ്യം: ‘ഇന്ന സ്വലാത്തി.........’ എന്ന് തുടങ്ങുന്ന ഖുര്‍ആന്‍ വാക്യമനുസരിച്ച് ഒരു വിശ്വാസിയുടെ ആത്മീയ കാര്യങ്ങള്‍പോലെ തന്നെ ഭൌതിക ജീവിതത്തിലെ രാഷ്ട്രീയ മേഖലയും അല്ലാഹുവിന് മാത്രം സമര്‍പ്പിക്കേണ്ടതാണെന്ന് ജമാഅത്തുകാരനായ സുഹൃത്ത് പറയുന്നു. അതിന് അദ്ദേഹം പറയുന്ന ഉദാഹരണം: ഈ കാലഘട്ടത്തിലാണ് നബി(സ) വരുന്നതെന്ന് സങ്കല്‍പിക്കുക. എങ്കില്‍ നബിയുടെ കൂടെ നമ്മളെല്ലാം നമസ്കരിക്കുന്നു. നമസ്കാര ശേഷം മുസ്ലിം കോണ്‍ഗ്രസുകാരന്‍ കോണ്‍ഗ്രസ് ഓഫീസിലേക്കും മുസ്ലിംലീഗുകാരന്‍ ലീഗ് ഓഫീസിലേക്കും മുസ്ലിം മാര്‍ക്സിസ്റ്റുകാരന്‍ മാര്‍ക്സിസ്റ്റ് ഓഫീസിലേക്കും പോകുന്നു. എങ്കില്‍ നബിയുടെ കൂടെ ഇസ്ലാമിക സംസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് ആരാണ് അവശേഷിക്കുക? ഇതിന് എന്തുത്തരം നല്‍കും?

ഉത്തരം: നബി(സ)യുടെ കൂടെ നമസ്കരിച്ചവരില്‍ ചിലര്‍ അങ്ങായിടിലേക്ക് കച്ചവടത്തിനും ചിലര്‍ ഈന്തപ്പനത്തോട്ടങ്ങളിലേക്കും വയലുകളിലേക്കും കൃഷിപ്പണിക്കും ചിലര്‍ വീട്ടുജോലികള്‍ക്കും പോയിരുന്നു. ഇങ്ങനെ പിരിഞ്ഞുപോയാല്‍ ഇസ്ലാമിന്‍റെ സംസ്ഥാപനം അപകടത്തിലാകുമെന്ന് അവരാരും കരുതിയിരുന്നില്ല. മദീനയില്‍ വിവിധ മതക്കാര്‍ സമാധാനപരമായി സഹവര്‍ത്തിക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം നിലവില്‍വരുത്താന്‍ വേണ്ടി വിവിധ വിഭാഗങ്ങളുമായി നബി(സ) കരാറിലേര്‍പ്പെട്ടിരുന്നു. ഇസ്ലാമിന്‍റെ സംസ്ഥാപനത്തിന് അത് സഹായകമാകുമെന്നല്ലാതെ ദോഷകരമാകുമെന്ന് ആരും കരുതിയിരുന്നില്ല. അതുപോലെ ഇന്ത്യയില്‍ ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും നല്ല ഭാവിക്ക് അനുഗുണമാകുമെന്ന് ഓരോരുത്തര്‍ക്കും ഉത്തമബോധ്യമുളള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഖുര്‍ആനിനോ ഹദീസിനോ വിരുദ്ധമല്ല.

മുസ്ലിംലീഗുകാരും കോണ്‍ഗ്രസുകാരുമായ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കാന്‍ ഒരു കാലത്ത് ജമാഅത്തുകാര്‍ ആഹ്വാനം ചെയ്ടിട്ടുണ്ട്. അതിനുശേഷം മാര്‍ക്സിസ്റ്റുകാര്‍ ഉള്‍പ്പെടുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മൊത്തമായി വോട്ട് നല്‍കാനും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പോളിംഗ് ബൂത്തില്‍ പോയാല്‍ അത് ഇസ്ലാമിന്‍റെ സംസ്ഥാനപത്തിന് ഉതകുമെന്നും, പാര്‍ട്ടി ഓഫീസില്‍ പോയാല്‍ ഇസ്ലാം അപകടത്തിലാകുമെന്നും പറയുന്നത് ഒരുതരം വിതണ്ഡവാദമാകുന്നു. പ്രത്യക്ഷമായും പരോക്ഷമായും മതനിഷേധം പ്രചരിപ്പിക്കുന്ന കമ്യൂണിസ്റ്റുകളെ, അവരെക്കാള്‍ അപകടകാരികളായ രാഷ്ട്രീയ കക്ഷികളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിന് വേണ്ടിയല്ലാതെ സഹായിക്കാന്‍ പാടില്ല. ലൌകിക കാര്യങ്ങളില്‍ അല്ലാഹുവോടുളള ബാധ്യത അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങള്‍ വര്‍ജിക്കുക എന്നതാണ്. ഇത് രാഷ്ട്രീയത്തില്‍ മാത്രം പോര, സകല വിഷയങ്ങളിലും വേണം.

ചോദ്യം: മുകളിലെ ചോദ്യത്തിനുളള മറുപടി വായിച്ചപ്പോള്‍ ഉണ്ടായ ചില സംശയങ്ങള്‍: 1) പ്രവാചക(സ)ന്‍റെ കൂടെ നമസ്കരിച്ച ഓരോരുത്തരും സ്വന്തം പാര്‍ട്ടി ഓഫീസുകളിലേക്ക് പോയി എന്നതും സ്വഹാബത്ത് ഈന്തപ്പനത്തോട്ടങ്ങളില്‍ കൃഷി ചെയ്യാന്‍ പോയതും ഏതു മാനദണ്ഡപ്രകാരമാണ് ഒന്നാകുന്നത്? പാര്‍ട്ടി ഓഫീസ് എന്നതുകൊണ്ട് ഉദ്ദേശിക്കന്നത് ഭൌതിക പ്രത്യയശാസ്ത്രത്തിന്‍റെ പ്രചാരണാര്‍ത്ഥം സ്ഥാപിക്കപ്പെട്ട ഓഫീസ് എന്നാണല്ലോ. പ്രവാചക ശിഷ്യന്‍മാര്‍ ഇസ്ലാമിന്‍റെ കാര്യത്തില്‍ അബൂജഹലിന്‍റെ നേതൃത്വം അംഗീകരിച്ചിട്ടുണ്ടോ? 2) പരമാധികാരം ജനങ്ങള്‍ക്കാണ് എന്ന പോയന്‍റിലൂന്നുന്ന മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളാല്‍ നയിക്കപ്പെടുന്നവയാണല്ലോ എല്ല രാഷ്ട്രീയ പാര്‍ട്ടികളും. പരമാധികാരം അല്ലാഹുവിനാണെന്ന് പഠിപ്പിക്കുന്ന ഖുര്‍ആന്‍റെ വാഹകര്‍ അവയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് വ്യക്തമായ ഇരട്ടത്താപ്പല്ലേ? 3)തൌഹീദിന് രാഷ്ട്രീയ മേഖലയില്‍ യാതൊരു ദൌത്യവും നിര്‍വഹിക്കാനില്ലെന്ന് വാദമുണ്ടോ? എങ്കില്‍ ഒരാധുനിക രാഷ്ട്രനിര്‍മിതിക്കുളള രൂപരേഖ സമര്‍പ്പിക്കാന്‍ കെല്‍പില്ലാത്ത ഉണങ്ങിയ ദര്‍ശനമാണ് ഇസ്ലാമെന്ന ആത്യന്തിക മതേതര വക്താക്കളുടെ വാദം മുഖവിലക്കെടുക്കേണ്ടതില്ലേ? 4) മുസ്തഫ കമാലും യൂറോപ്പും വഴി കടന്നുവന്ന തെറ്റായ മതരാഷ്ട്ര വിഭജനത്തിന്‍റെ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ ഇസ്ലാഹി പ്രസ്ഥാനക്കാര്‍ പോലും വീണുപോയി എന്നും എന്നാല്‍ അതിന്‍റെ വന്പിച്ച പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞത് ഇഖവാനുല്‍ മുസ്ലിമൂന്‍, ജമാഅത്തെ ഇസ്ലാമി പോലുളള ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മാത്രമാണെന്നും ജമാഅത്തുകാര്‍ വാദിക്കുന്നു. 5) വിവിധ സന്ദര്‍ഭങ്ങളില്‍ ലീഗ്, കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജമാഅത്ത് വോട്ട് നല്‍കിയത് മൂല്യാധിഷ്ഠിതവും ഫാസിസ്റ്റ് വിരുദ്ധവുമായ ഒരു പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായിരുന്നില്ലേ? ഇസ്ലാമിന്‍റെ സമഗ്രത ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യവും ആ ലക്ഷ്യത്തിലേക്കുളള മാര്‍ഗങ്ങളിലെ നയങ്ങളും ഒരേ മാനദണ്ഡത്തില്‍ അളക്കുന്നതല്ലേ വിതണ്ഡവാദം?

ഉത്തരം: ഇസ്ലാഹീ പ്രസ്ഥാനം എക്കാലത്തും വ്യക്തമായി എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്; ഇസ്ലാമിനെയോ മുസ്ലിംകളെയോ എതിര്‍ക്കുന്ന സംഘടനകളില്‍ ചേരുകയോ അവയ്ക്ക് വോട്ട് നല്‍കുകയോ ചെയ്യാന്‍ പാടില്ലെന്ന്. അതിനാല്‍ അബൂജഹലിന്‍റെ കൂടെ പോകുന്നവരായി മുജാഹിദുകളെ ചിത്രീകരിക്കുന്നത് നെറികെട്ട തേജോവധ ശ്രമം മാത്രമാണ്. ഇന്ത്യയില്‍ എല്ലാ മതക്കാരും സമാധാനപരമായി സഹവര്‍ത്തിക്കുന്നതിന് അനുഗുണമായ തത്വങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നത് മദീനയില്‍ നബി(സ) മാതൃക കാണിച്ച ബഹുമത സഹവര്‍ത്തന രീതിയോട് സാമ്യമുളള കാര്യമാണ്. മുസ്ലിംകള്‍ക്ക് കൂടി മതപരമായ പൂര്‍ണ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്ന ഒരു സംവിധാനത്തിന് വേണ്ടി നിലകൊളളുന്ന സംഘടനകളുടെ കാര്യാലയങ്ങളെ അബൂജഹലിന്‍റെ ഓഫീസായി ചിത്രീകരിക്കുന്നത് ഈ നാട്ടിലെ മുസ്ലിംകള്‍ക്ക് അല്ലാഹു നല്‍കിയ അപാരമായ അനുഗ്രഹങ്ങളോടുളള നന്ദികേടായിട്ടാണ് യഥാര്‍ഥത്തില്‍ വിലയിരുത്തപ്പെടേണ്ടത്.

ഇസ്ലാം മതം വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനും ഇസ്ലാമിക ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു നടത്താനുമുളള അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയ്ക്ക് വിധേയമാണ് ഇവിടത്തെ രാഷ്ട്രീയ കക്ഷികളും ഭരണകൂടങ്ങളും. മറ്റു മതങ്ങള്‍ക്കും ഇതുപോലുളള മൌലികാവകാശങ്ങളുണ്ട്. അതിന് പുറമെ ഉറപ്പാക്കപ്പെട്ട മനുഷ്യാവകാശങ്ങളുമുണ്ട്. ഇതിന്‍റെയൊക്കെ പരിധിയിലൊതുങ്ങുന്ന രാഷ്ട്രഘടനയില്‍ പരമാധികാരമെന്നാല്‍ തോന്നിയതുപോലെയൊക്കെ നിയമം നിര്‍മിക്കാനുളള അധികാരമല്ല. ഇന്ത്യയിലെ കമൃൂണിസ്റ്റേതര മതനിരപേക്ഷ സംഘടനകള്‍ യാതൊരു മതവിരുദ്ധ പ്രത്യയശാസ്ത്രത്തിന്‍റെയും തടവറയിലല്ല. ഒരു ബഹുമതസമൂഹത്തെ പരമാവധി മെച്ചപ്പെട്ട ഭൌതിക സാഹചര്യങ്ങളിലേക്ക് നയിക്കുകയാണ് അവയുടെ അജണ്ട്. അല്ലാഹുവിന്‍റെ പരമാധികാരത്തിലുളള വിശ്വാസവുമായി ഏറ്റുമുട്ടാത്ത വിധത്തില്‍ ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും താല്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാനും കൂടിയാണ് വിശ്വാസികള്‍ ഈ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നത്.

അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല എന്ന് പറഞ്ഞാല്‍ അത് ഉണങ്ങിയ തൌഹീദേ ആവുകയുളളൂവെന്നും തൌഹീദ് പച്ചപിടിക്കണമെങ്കില്‍ അല്ലാഹുവല്ലാതെ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ഇല്ല എന്ന് പ്രഖ്യാപിക്കണമെന്നും തോന്നുന്നത് സയ്യിദ് മൌദൂദിയോട് അനുരാഗാത്മകമായ ഭ്രമമുളളതിനാലാണ്. ആധുനികമോ അത്യാധുനികമോ ആയ രാഷ്ട്രം ഉണ്ടായാലും ഇല്ലെങ്കിലും അല്ലാഹുവിന്‍റെ ദാസന്‍ അവന്ന് മാത്രം പരമമായ വണക്കം അര്‍പ്പിക്കുകയും അവനോട് മാത്രം പ്രാര്‍ത്ഥിക്കുകയും അവന്‍റെ വിധിവലക്കുകള്‍ കഴിവിന്‍റെ പരമാവധി പാലിക്കുകയും ചെയ്യണം. അതാണ് തൌഹീദിന്‍റെ താത്പര്യം. ഇസ്ലാമിക രാഷ്ട്രം നിലവില്‍വന്നെങ്കിലല്ലാതെ ഒരാള്‍ക്ക് ഏകദൈവവിശ്വാസിയായി ജീവിക്കാന്‍ കഴിയില്ല എന്ന് വരുത്തിത്തീര്‍ക്കുന്നതാണ് യഥാര്‍ഥത്തില്‍ തൌഹീദിന് വാട്ടവും ഉണക്കവും ഉണ്ടാക്കിത്തീര്‍ക്കുന്ന നടപടി.

മതത്തിന്‍റെ പേരില്‍ ഭരിച്ചവരുടെ തെറ്റായ നയനിലപാടുകളാണ് യൂറോപ്പിലെ അള്‍ട്രാ സെകൃുലരിസ്റ്റുകള്‍ക്കും മുസ്തഫാ കമാലിനും ബഹുജനപിന്തുണ ലഭിക്കാന്‍ പ്രധാന കാരണം. ഇസ്ലാമിന്‍റെ സമത്വ വിഭാവനയും സഹിഷ്ണുതയും വിട്ടുവീഴ്ചയും ഇസ്ലാമിക നിയമങ്ങളുടെ മൌലികതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ മുസ്ലിം ഭരണാധികാരികള്‍ പരാജയപ്പെട്ടത് എന്തുകൊണ്ട് എന്ന ചര്‍ച്ച മാറ്റിവെച്ചിട്ട്, ഹുകുമത്തെ ഇലാഹി അംഗീകരിക്കാത്തവന്‍ ഏകദൈവവിശ്വാസിയല്ലെന്ന് പ്രചരിപ്പിച്ചാല്‍ കമാലിസ്റ്റുകള്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയേ ഉള്ളൂ. ഈജിപ്തില്‍ ഹുസ്നിമുബാറകിനോടുളള വിരോധത്തിന്‍റെ പേരില്‍ വിദേശ ടൂറിസ്റ്റുകളെ കൊന്നവരും വാജ്പേയ് ലാഹോറില്‍ ചെന്ന ദിവസം വകതിരിവില്ലാതെ അഴിഞ്ഞാട്ടം നടത്തിയവരും മത-രാഷ്ട്ര വിഭജനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ട് എന്താണ് ഫലം? മതരാഷ്ട്രീയത്തിന്‍റെ പ്രതിഛായ കൂടുതല്‍ മോശമാക്കുകയല്ലേ അവര്‍ ചെയ്തത്?

ഒരു സന്ദര്‍ഭത്തില്‍ കുറെ മണ്ഡലങ്ങളില്‍ യു ഡി എഫിനും കുറച്ച് മണ്ഡലങ്ങളില്‍ എല്‍ ഡി എഫിനും വോട്ട് നല്‍കാനും ബാക്കി സ്ഥലങ്ങളില്‍ ആര്‍ക്കും വോട്ട് ചെയ്യാതിരിക്കാനും ജമാഅത്തുകാര്‍ തീരുമാനിച്ചല്ലോ. ഇതൊക്കെ മനുഷ്യന്‍റെ പരമാധികാരം അവസാനിപ്പിച്ച് അല്ലാഹുവിന്‍റെ പരമാധികാരം സ്ഥാപിക്കാനുളള നയപരിപാടികളുടെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ ഹുകുമത്തെ ഇലാഹി എന്ന അന്ധവിശ്വാസത്തിന്‍റെ സ്വാധീനത്തില്‍ അകപ്പെടാത്ത ആര്‍ക്കാണ് കഴിയുക? ഒരു കാലത്ത് അല്ലാഹുവിന്‍റെ പരമാധികാരം സ്ഥാപിക്കാന്‍ വേണ്ടി ആര്‍ എസ് എസ് നേതാക്കളെ മാലയിട്ട് സ്വീകരിച്ച ജമാഅത്തുകാര്‍ ഇപ്പോള്‍ തികഞ്ഞ ഫാസിസ്റ്റ് വിരുദ്ധരായതു തന്നെ അവരുടെ നയം മൂല്യാധിഷ്ഠിതമാണെന്നതിന് മതിയായ തെളിവാണല്ലോ!

0
0
0
s2sdefault

ജമാഅത്തെ ഇസ്‌ലാമി : മറ്റു ലേഖനങ്ങൾ