അടിയന്തരാവസ്ഥയും സലഫികളും

തയ്യാറാക്കിയത്: ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി(رحمه الله)

Last Update 10 October 2019

ചോദ്യം: പത്രസ്വാതന്ത്യ്രത്തിനും പൌരസ്വാതന്ത്യ്രത്തിനും മൂക്കുകയറിടുകയും വ്യക്തിയുടെ മൌലികാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുയും ചെയ്ത കിരാതമായ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ സലഫികളും അവരുടെ പ്രസിദ്ധീകരണങ്ങളും അതിന്നെതിരില്‍ ഒരക്ഷരമുരിയാടാതെ, ചില രാഷ്ര്ടീയ പാര്‍ട്ടികളുടെ ഓരം ചേര്‍ന്ന് ഭരണകൂട ഭീകരതയെ അനുകൂലിച്ചപ്പോള്‍, തങ്ങളായിരുന്നു ഏകാധിപത്യഭരണത്തിന്‍റെ ഭീകര നിമയങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് അന്ന് തടവറകളില്‍ കഴിയേണ്ടിവന്നതെന്ന ചിലരുടെ ആക്ഷേപങ്ങളെയും അവകാശവാദങ്ങളെയും പറ്റി എങ്ങനെ പ്രതികരിക്കുന്നു?

ഉത്തരം: സലഫീ സംഘടനകള്‍ നിലകൊള്ളുന്നത് വിശുദ്ധ ക്വുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും അടിസ്ഥാനത്തിലുളള കുറ്റമറ്റ വിശ്വാസത്തിലേക്കും കര്‍മമാര്‍ഗത്തിലേക്കും ജനങ്ങളെ ക്ഷണിക്കുന്നതിന് വേണ്ടിയാണ്. ഇസ്ലാമിക ജീവിതത്തിനും മതപ്രബോധനത്തിനും എതിരുനില്‍ക്കാത്ത രാഷ്ട്രീയ കക്ഷികളുടെയും ഭരണകൂടങ്ങളുടെയും നേരെ സലഫികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. പ്രസ്തുത കക്ഷികളുടെയും ഭരണകൂടങ്ങളുടെയും എല്ലാ നിലപാടുകളെയും അനുകൂലിക്കുന്നുവെന്ന് ഇതിന് അര്‍ത്ഥമില്ല. രാഷ്ട്രീയം മുഖ്യ അജണ്ടയല്ലാത്ത സലഫികളെ സംബന്ധിച്ചേടത്തോളം, ജനങ്ങളെ മതവിശ്വാസത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് നിരീശ്വര സിദ്ധാന്തങ്ങളിലേക്ക് ആകര്‍ഷിക്കുന്നവരും മുസ്ലിംകളെ ഒന്നടങ്കം ശത്രുതയോടെ വീക്ഷിക്കുന്നവരുമല്ലാത്ത ജനാധിപത്യ കക്ഷികള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ കവിഞ്ഞ് ഓരം ചേരുകയോ ഭീകരതയെ ന്യായീകരിക്കുകയോ ചെയ്യുന്ന പരിപാടിയൊന്നുമില്ല.

അടിയന്തരാവസ്ഥയെ പ്രധാനമായി എതിര്‍ത്തിരുന്നത്, ഇന്‍ഡ്യ ഒരു ഹിന്ദുരാഷ്ട്രമാകണമെന്ന് വാദിക്കുന്നവരും ഒരു നിര്‍മത രാഷ്ട്രമാകണമെന്ന് ആഗ്രഹിക്കുന്നവരുമായിരുന്നു. ഇന്ദിരാഗാന്ധി അധികാരത്തില്‍ നിന്ന് പുറത്തായാല്‍ പകരം വരുന്നത് ഹിന്ദുത്വ സാരഥികളായ വാജ്പേയിയും അദ്വാനിയും നേതൃത്വം നല്‍കുന്നതോ അവര്‍ക്ക് നിര്‍ണായക സ്വാധീനമുളളതോ ആയ രാഷ്ട്രീയസഖ്യമായിരിക്കും എന്ന് വ്യക്തമായിരിക്കെ ആത്മഹത്യാപരമായ രാഷ്ട്രീയ എടുത്തുചാട്ടങ്ങള്‍ക്കൊന്നും സലഫികള്‍ ഒരുന്പിടാതിരുന്നത് തെറ്റാണെന്ന് കരുതുന്നില്ല.

വാജ്പേയിയും അദ്വാനിയും ആദ്യമായി കേന്ദ്രമന്ത്രിമാരായി അധികാരമേറ്റ സന്ദര്‍ഭം വിജയമുഹൂര്‍ത്തമായി ആഘോഷിക്കുകയും ആര്‍ എസ് എസ് നേതാക്കളെ മാലയിട്ടു സ്വീകരിക്കുകയും ചെയ്യുന്ന പരിണതിയിലേക്കാണ് കോണ്‍ഗ്രസ് വിരോധം ഇവിടത്തെ‘രാഷ്ട്രീയ ഇസ്ലാമിക പ്രസ്ഥാനത്തെ’ എത്തിച്ചത്. ഇതുപോലെ ഇസ്ലാമിനും മുസ്ലിംകള്‍ക്കും അപമാനകരവും അപകടകരവുമായ രാഷ്ട്രീയ അബദ്ധം പ്രവര്‍ത്തിക്കാനുളള ദുര്യോഗം സലഫികള്‍ക്ക് ഉണ്ടായിട്ടില്ല.

0
0
0
s2sdefault

ജമാഅത്തെ ഇസ്‌ലാമി : മറ്റു ലേഖനങ്ങൾ